മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow


പിന്നെയും ഞാൻ ആ സ്വപ്ന വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ആൾക്കൂട്ടങ്ങൾക്കിടയിൽ മൂന്നായി തുണ്ടിക്കപ്പെട്ടു കിടക്കുന്ന രണ്ടു പെൺശരീരങ്ങൾ. ഒരാളുടെ ദേഹത്തു നിന്നു പച്ചയും, മറ്റൊരാളുടെ

ശരീരത്തിൽ നിന്നു വെള്ളയും രക്തം ഒഴുകുന്നു. റോഡിന്റെ മുക്കാൽ വീതിയോളം ആ രക്തം പടർന്നിട്ടിട്ടുണ്ട്. രക്തമില്ലാത്ത വശം ചേർന്ന് അപ്പുറം എത്തി. നടക്കുന്നതിനിടയിൽ ശവങ്ങളിലേക്ക് എത്തി നോക്കാൻ ഞാൻ മറന്നില്ല.

"സൗന്ദര്യം കൂട്ടാൻ സർജറി ചെയ്തു തുണ്ടിക്കപ്പെട്ടു മരിച്ച യുവതികൾ ആണിവർ " ആൾക്കൂട്ടത്തിൽ ആരോ പറഞ്ഞു.
"എന്തിനാണിവരെ പൊതു ദര്ശനത്തിനിങ്ങനെ ഇട്ടേക്കുന്നത്? എടുത്തു മാറ്റരുതോ? "
"പഠിക്കട്ടെ ഈ പെണ്ണുങ്ങൾ ഇനിയെങ്കിലും പഠിക്കട്ടെ സൗന്ദര്യം കൂട്ടാൻ നടക്കുന്നു " ആൾക്കൂട്ടത്തിൽ നിന്നും ആരോ എനിക്കുള്ള മറുപടി തന്നു.
"ഇനിയും ഒരുത്തി ചത്തിട്ടുണ്ടല്ലോ അങ്ങ് റൂട്ബീ തെരുവിൽ. അവളെയും ഇപ്പോഴും അടക്കിയിട്ടില്ല "

റൂട്ട്ബി തെരുവിലക്ക് എത്താൻ എന്റെ കാലുകൾ വേഗത കൂട്ടി. എതിരെ കറുത്ത വലിയ ആന നടന്നു വരുന്നു. എനിക്കു സമാന്തരമായി വലുപ്പമേറിയ ഒരു ലോറി പാഞ്ഞു വന്നു. റോഡ് തീരെ വീതി കുറഞ്ഞത്.
ആരാദ്യം പോകേണം?
മൂന്നു പേർക്കും ആദ്യം പോകേണം.
ആനയും ലോറിയും വല്ലാതെ വാശിയിലായി. രണ്ടു പേരും ഒരുമിച്ചു മുന്നോട്ട് പോകുന്നു. എനിക്ക് പോകാൻ അല്പം പോലും ഇടമില്ല. ആനയും ലോറിയും പരസ്പരം തട്ടാതെ മുട്ടാതെ മറികടക്കാൻ വളരെ ശ്രദ്ധിക്കു്ന്നു. അതു കൊണ്ട് അവരുടെ കടന്നു പോക്ക് വളരെ സവധാനതയിൽ ആണ്.

റൂട്ട് ബീ തെരുവിലെ തുണ്ടിക്കപ്പെട്ട പെണ്ണിനെ കാണേണം. മനസ് അസ്വസ്ഥമായി. വളരെ നേരമെടുത്തു ആനയും ലോറിയും കടന്ന് പോകാൻ.

"ആരാണ് ഈ വഴി " എൽസി ആന്റി
"ഞാൻ റൂട്ട്ബീ തെരുവിലേക്ക് ആണ് "
"ങ്ങാ - ഞാനും കേട്ടു വാർത്ത "
അവരോടു ചേർന്നു കുറേ ദൂരം നടന്നു.
"നീ ശോശാമ്മയുടെ വീട്ടിൽ കയറുന്നോ? "
"അതിവിടെ ആണോ? ഗൾഫീരുന്നു പണമുണ്ടാക്കി, വീട് അങ്ങെവിടെയോ അല്ലേ ? "
"അവൾക്ക് പ്രാന്തായിരുന്നു. അങ്ങ് പുനലൂർ. ഗൾഫീരുന്നു നോക്കുമ്പോൾ കേരളത്തിലെ ഏത് സ്ഥലവും ജനിച്ച വീടിനു തൊട്ടടുത്തെന്നു തോന്നുമത്രെ. പുനലൂർ, അവൾക്കാരെയും അറീല. ആ വീടു വിറ്റ്. ഇവിടെ കുറച്ചു സ്ഥലം വാങ്ങി. ദേ നോക്ക് "
10 സെന്റിൽ നീളത്തിൽ ഒരു വീട്.
"പെണ്ണുങ്ങൾക്കെന്ത് പ്ലാൻ അറിയാനാണ്. അവൾക്ക് ഒരേ നിർബന്ധം ഇങ്ങനെ നീളത്തിൽ ഉള്ള വീട് മതീന്ന്. വരുന്നോരും പോകുന്നോരും അവളുടെ വീട് നോക്കി ചിരിക്കും."
കോൺക്രീറ്റ് കെട്ടിടമെങ്കിലും ആ വീട് ഒരു 'നിരക്കട' പോലെ തോന്നിപ്പിക്കും.
റൂട്ട്ബി തെരുവിലെ ശവത്തെ കുറിച്ച് ഞാൻ പിന്നെയും അസ്വസ്ഥതമായി. ചിതറിയ ചുവന്ന രക്തങ്ങൾ അവളുടെ ശവത്തെ അലങ്കരിച്ചിരുന്നു.
"ഇവളുടേതു ചുവന്ന രക്തമാണ് ഇവളെ അടക്കാം. മറ്റവളുമാരുടേത് പച്ചയും വെള്ളയും രക്തമാണ്. അതു പൊതു വഴിയിൽ കിടക്കട്ടെ" നേതാവ് പറഞ്ഞു.

"അതു പറ്റില്ല എല്ലാവരെയും മറവു ചെയ്യേണം", ആൾക്കൂട്ടം ബഹളം വയ്ക്കാൻ തുടങ്ങി.
"ശരി. മൂന്നു പേരെയും മറവു ചെയ്യാം. ആരെ ആദ്യം സംസ്കരിക്കും? "
"ചുവപ്പ് രക്തമുള്ളവളെ", ചിലർ പറഞ്ഞു
"അല്ലല്ല... പച്ച രക്തമുള്ളവളെ" മറ്റു ചിലർ
"വെള്ള രക്തമുള്ളവളെ ആദ്യം അടക്കേണം" കുറേ പേർ അങ്ങനെ വാദിച്ചു.
വാദങ്ങളും, തർക്കങ്ങളും മുറുകി കൊണ്ടേയിരുന്നു. ഞാൻ ഉണരുകയും ചെയ്തു..

സൗന്ദര്യം കൂട്ടാൻ സർജറി ചെയ്യുന്നതിനിടയിൽ മൂന്നായി തുണ്ടിക്കപ്പെട്ടു പൊതു നിരത്തിൽ കിടന്ന, മൂന്നു രക്ത വർണ്ണങ്ങളുള്ള മൂന്നു പെണ്ണുങ്ങൾ ഇന്ന് പകൽ മുഴുവൻ എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ