മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇരുട്ടുനിറഞ്ഞ ദുര്‍ഗന്ധം പരത്തുന്ന മുറിയ്ക്കുള്ളില്‍  അയാള്‍ പരതി നടന്നു. തലേന്നു മുദ്രവയ്പിച്ച അയാളുടെ ഇടതു തള്ളവിരലില്‍ അപ്പോഴും മഷി കട്ടപിടിച്ചു കിടന്നിരുന്നു. ഇടതു തള്ളവിരലിന്‍റെ ആഗ്ര ഭാഗത്ത്  വേദന നീലിച്ചും

കിടന്നിരുന്നു. തലേന്നു കൊടുത്ത ഭക്ഷണം പൊട്ടിയ പ്ലേറ്റില്‍ തണുത്ത് ഉറുമ്പരിച്ചും ഈച്ചയാര്‍ത്തും തറയില്‍ ഇരുപ്പുണ്ടായിരുന്നു. അയാള്‍ അതൊന്നും തൊട്ടതുപോലുമില്ല. എപ്പോള്‍വേണമെങ്കിലും അടുത്തെത്താവുന്ന കാലൊച്ചയ്ക്കായി അയാള്‍ കാതോര്‍ത്തു. അത് ഏറ്റവും അടുത്തുതന്നെയുണ്ടാകുമെന്ന് അയാളുടെ മനസ്സു പറയുന്നുണ്ടായിരുന്നു .

കഴിഞ്ഞ ദിവസം നടന്ന രംഗം അയാളുടെ മനസ്സിലൂടെ കടന്നു പോയി. പുറത്ത് വരാന്തയില്‍ നാലഞ്ചുപേര്‍ വന്നിരിപ്പുണ്ടായിരുന്നു. മകന്‍ അയാളെ വന്നു വിളിച്ചു.
''എണീക്ക് ...
അയാള്‍ അനങ്ങിയില്ല. മകന്‍റെ ഭാര്യയും അയാളുടെ അടുത്തെത്തി അനുസരിപ്പിക്കാന്‍ നോക്കി പിന്‍വാങ്ങി.

''ഇനിയിപ്പോ ഇതേ വഴീള്ളൂ....മകന്‍ തന്‍റെ
കനത്ത കൈപ്പടം കൊണ്ട് അയാളെ താങ്ങിയുയര്‍ത്തി.അയാള്‍ വേദനകൊണ്ട് നിലവിളിച്ചു. മകന്‍റെ ഭാര്യ പിറുപിറുത്തു .
''നാശം ''

മേശയ്ക്കു ചുറ്റും കസേരയിട്ട്  നാലഞ്ചാളുകള്‍ ഇരിക്കുന്നു. മേശപ്പുറത്ത് കുറെ കടലാസ്സുകളും പ്രമാണങ്ങളും മുദവയ്ക്കാനുള്ള മഷിയും സ്ഥാനം പിടിച്ചിരുന്നു.

അയാളുടെ ഒരുകയ്യൊപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് അതെല്ലാം. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് കടന്നതും അയാളുടെ കണ്ണുകള്‍ക്കു പുളിപ്പ് അനുഭവപ്പെട്ടു.

‘’ വേഗമായിക്കോട്ടേ....ചെലപ്പോ..മൂപ്പര് കഴിഞ്ഞ പ്രാവശ്യം ചെയ്തതുപോലെ ഓടിക്കളയും’ കണ്ണട വെച്ച മധ്യവയസ്കന്‍ പറഞ്ഞു

‘’ ഞാന്‍ പിടിക്കാം..നിങ്ങള്.. ആ വിരലുപിടിച്ച്...മുദ്ര വയ്പ്പിക്കു.’ കട്ടിമീശ വച്ച ചെറുപ്പക്കാരന്‍ കസേരയില്‍ നിന്നെഴുന്നേറ്റു. തുറന്നു വച്ച പ്രമാണങ്ങളില്‍ ബലമായി അയാളുടെ ഇടതു തള്ളവിരല്‍ മഷിയില്‍ മുക്കി മകന്‍ തന്നെ ഒപ്പു ചാര്‍ത്തിക്കൊടുത്തു. ദുര്‍ബലമായ അയാളുടെ കൈകള്‍ ചേര്‍ത്തമര്‍ത്തുമ്പോള്‍ അയാള്‍ക്ക്‌ വേദനിക്കുന്നുണ്ടായിരുന്നു.

അയാള്‍ മകനെ വേദനയോടെ നോക്കി. ''വല്ല നിവൃത്തീം വേണ്ടെ .... എന്താചെയ്യാ...'' മരുമകള്‍ ന്യായം നിരത്തി .
''എന്താ ചെയ്യാ ....ഒരു കാലത്ത് ..നല്ല ഓര്‍മ്മേണ്ടായിരുന്ന ആളാണല്ലോ ....അല്ലേ ...
വന്നവരില്‍ കണ്ണടവച്ച മധ്യവയസ്ക്കന്‍ മകന്‍റെ മുഖത്തേയ്ക്കു നോക്കി. മധ്യവയസ്ക്കനായ അയാള്‍ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു.
“ അല്ലേല്ലും ഇത്ര വേഗം കഴീംന്ന് കരുതീല... ഒപ്പു കിട്ടിയെന്ന് ബോധ്യപ്പെട്ട ചെറുപ്പക്കാരന്‍ ചിരിച്ചു.

മകന്‍റെ ഭാര്യ ചായയും പ്ലേറ്റില്‍ പലഹാരവും മേശപ്പുറത്ത് നിരത്തി. ചായ കഴിഞ്ഞ് യാത്രപറഞ്ഞു പോകുമ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു.
‘’ വില്‍ക്കണംന്ന് വെച്ചാല്‍ ആളുണ്ട്ട്ടോ...എപ്പഴാച്ചാ..പറഞ്ഞാ മതി

‘’അടുത്ത വരവിലാവാം. ഇനി കൊറച്ച് കാര്യോം കൂടി ചെയ്യാനുണ്ട്.. ആദ്യംഅച്ഛനെ എവിടെയെങ്കിലും ആക്കണം.  അതു കഴിഞ്ഞ്‌ നാലു ദെവസോം കഴിഞ്ഞാ. ഞങ്ങളങ്ങ് പോവും.

വീണ്ടും ഇരുട്ടുമുറിയിലേയ്ക്കാനയിക്കപ്പെട്ട അയാള്‍ പലതും ഓര്‍മ്മയില്‍ തിരഞ്ഞു. ഇടയ്ക്കിടെ വന്നും പോയും കെട്ടുപിണഞ്ഞും കിടപ്പുള്ള അവ്യക്തമായ ഓര്‍മ്മകള്‍. ചെറുപ്പത്തില്‍ ഭാര്യ നഷ്ടപ്പെട്ടിട്ടും എത്രയോ കാലം ഒരേയൊരു മകനുവേണ്ടി മാത്രം ജീവിച്ചു. തന്‍റെ ജീവിതം അവനുവേണ്ടിയായിരുന്നു. വീടും പറമ്പും തന്‍റെ കാലശേഷം വരെയെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ തന്നെ സംരക്ഷിക്കാന്‍ അവനും അവന്‍റെ ഭാര്യയ്ക്കും വയ്യ.

ചുമരിനപ്പുറത്തു നിന്നുള്ള  സംസാരം അയാള്‍ പലപ്പോഴും അറിയുന്നുണ്ടായിരുന്നു. താനൊരു അധികപറ്റാണെന്നും തന്നെ ഏതോ വൃദ്ധസദനത്തിലേയ്ക്ക് ആക്കാന്‍ പോവുകയാണെന്നും അയാള്‍ അറിഞ്ഞു.
അതു യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്ന് അയാള്‍ മനസ്സിലാക്കി.
ഒരു കാറു വന്നുനിന്നതിന്‍റെ ശബ്ദം കേട്ടു.
ഇനി അധികം നേരമില്ല ....അയാള്‍ ഓര്‍ത്തു.
 വാഹനം പടിക്കല്‍ വന്നതിന്‍റെ ശബ്ദത്തെ തുടര്‍ന്ന് അടുത്തു വരുന്ന കാലൊച്ച അയാള്‍ കേട്ടു. മകനും മരുമകളും മുറിയിലേയ്ക്കു വരികയാണ്. അയാളെ പുറത്തെത്തിക്കാന്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തികൊണ്ട് അയാള്‍ പരസഹായമോ മടിയോ കൂടാതെ വേഗം തന്നെ പുറത്തേയ്ക്കിറങ്ങാന്‍ തിടുക്കം കാട്ടി. അവശനായിട്ടും അയാള്‍ വേച്ചുവേച്ച് കാറില്‍കയറി. ഈ തടവറയേക്കാള്‍ ഭേദം വൃദ്ധസദനം തന്നെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ