”കൈ നീട്ടടാ” പുതുതായി ആ സ്കൂളിൽ വന്ന ശ്രീദേവി ടീച്ചർ രാജീവിന്റെ നേർക്ക് ചൂരൽ ഓങ്ങി നിന്നു. രാജീവ് എഴുന്നേറ്റ് കൈ നീട്ടി
“ഇത് ചന്തയല്ല നിന്‍റെ ഇഷ്ടത്തിന് വരാനും പോകാനും, പത്ത് ദിവസമായി നീ ക്ലാസ്സിൽ കയറിയിട്ട്, അറിയോ നിനക്ക്. ഇങ്ങനെ ഉള്ള ഒരു കുട്ടി ഇനി എന്‍റെ ക്ലാസ്സിൽ ഇരിക്കണ്ട” കേവലം നാലാം ക്ലാസ്സുകാരനാണന്നുള്ള പരിഗണന പോലും
കിട്ടിയില്ല. രാജീവിന്റെ കുഞ്ഞു കൈയ്യിൽ ചൂരൽ പല പ്രാവശ്യം പതിച്ചു. രാജീവിന്റെ കവിളിൽ കണ്ണുനീർ തുള്ളികൾ ഭൂമിയിലേക്ക് പതിക്കാൻ മടിച്ചു നിന്നു . അടുത്ത ബഞ്ചിലെ സ്മിത വായ പൊത്തി പിടിച്ചു ശബ്ദം പുറത്തു കേൾക്കാതെ കുനിഞ്ഞിരുന്ന് കരയുന്നത് രാജീവ് കണ്ടു
“നീ അച്ഛനെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ ഇരുന്നാൽ മതി” ഇത്ര മാത്രം അടിച്ചിട്ടും ടീച്ചറുടെ കലി അടങ്ങാത്തതിൽ എല്ലാവരും നിരാശരായി.
“അത് നടക്കില്ല“ രാജീവ് തല ഉയർത്താതെ പറഞ്ഞു. ഇതും കൂടി കേട്ടപ്പോ ടീച്ചർ അവനെ ടീച്ചറുടെ മേശക്കരുകിലേക്ക് വലിച്ച് കൊണ്ടുപോയി. പിന്നിട് അവിടെ നടന്നത് അടിയുടെ പൊടിപൂരമായിരുന്നു. ഇപ്രാവശ്യം രാജീവ് ഉറക്കെ കരഞ്ഞുപോയി. അപ്പുറത്തെ നാല് എ ക്ലാസ്സിൽ ഉണ്ടായിരുന്ന ഗിരിജ ടീച്ചറുടെ തല മരം കൊണ്ടുള്ള മറയുടെ മുകളിൽ ഉയർന്നു.
“എന്താ ടീച്ചറെ പ്രശ്നം “ ഗിരിജ ടീച്ചർ ചോദിച്ചു
“ഇവൻ മുടങ്ങാതെ ക്ലാസ്സിലും വരില്ല , എന്നിട്ട് അച്ഛനെ കൊണ്ടുവരാൻ പറഞ്ഞപ്പോളോ, എന്നോട് തർക്കുത്തരം പറയുന്നു, ടീച്ചറെ “ വീണ്ടും അടിക്കാനുള്ള സ്ഥലം തിരയുന്നതിനിടക്ക് ശ്രീദേവി ടീച്ചർ പറഞ്ഞു
“അല്ല ഇത് രാജീവല്ലെ , ടീച്ചർ ഒന്ന് ഇങ്ങട് വന്നേ” ഗിരിജ ടീച്ചർ ശ്രീദേവി ടീച്ചറെ മറയുടെ അടുത്തേക്ക് വിളിച്ചു.
“ടീച്ചറെ അവന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല , അമ്മ അവനെ ഉപേക്ഷിച്ച് പോയി . ഇപ്പൊ ഇവനെ നോക്കുന്നത് വയസ്സായ അവന്റെ അമ്മമ്മ ആണ് . അവര് എന്‍റെ വീട്ടിലാണ് വിട്ടു പണിക്ക് വരാറ്. ഇതിനിടക്ക് ആ സ്ത്രീയ്ക്ക് വയറില് ഒരു ഓപ്പറേഷൻ കഴിഞ്ഞു .അതുകൊണ്ടാവും ചെക്കൻ ക്ലാസ്സിൽ വരാത്തത്” ഗിരിജ ടീച്ചറ് പറഞ്ഞു
“ആ അമ്മയ്ക്ക് വേറെ മക്കളൊന്നും ഇല്ല ..”
“മകൻ ഉണ്ടായിരുന്നു അവൻ വേറെ ആണ് താമസ്സം”
“ഞാൻ ഇപ്പൊ എന്താണ് ചെയ്യേണ്ടത്“
“ഇപ്രാവശ്യം വിട്ടേക്ക് ഞാൻ അവനോട് സംസാരിക്കാം”
ശ്രീദേവി ടീച്ചർ തൽക്കാലം അടങ്ങി. ക്ലാസ്സിൽ അക്കങ്ങളും ചിഹ്നങ്ങളും തമ്മിൽ അങ്കം വെട്ടു തുടങ്ങി . രാജീവിന്റെ കൈയ്യിൽ ചൂരൽ പാടുകൾ കെട്ടിപിടിച്ചു കിടന്നു.
സ്കൂൾ കുന്ന് കയറ്റത്തിനു താഴെ ഐസ്സ് കച്ചോടക്കാരൻ സൈതലവി രാജീവനേയും കാത്ത് നിൽപ്പുണ്ടായിരുന്നു .സൈക്കിളിൽ കെട്ടിവെച്ചിട്ടുള്ള ഐസ്സ് പെട്ടി തള്ളി കുന്ന് കയറ്റി കൊടുത്താൽ, ഒരു പൊട്ടിയ ഐസ്സ് കിട്ടും. കോലിന്റെ അറ്റത്ത് പേരിന് മാത്രം ഐസ്സുള്ള ഒരെണ്ണം സൈതലവി രാജീവന്റെ നേർക്കു നീട്ടി. അവൻ അതും വാങ്ങി ഇടവഴിയിലൂടെ നടന്നു. ഉമ്മറത്ത് അമ്മമ്മ അവനേയും കാത്ത് ഇരുപ്പുണ്ട്. ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ഇപ്പൊ പതിയെ നടക്കും. ചായവെക്കും ചോറിനുള്ള വെള്ളം അടുപ്പത്ത് വച്ചു കൊടുത്താൽ തീ കത്തിച്ച് വേവ് പറഞ്ഞു തരും, ചോറ് ഊറ്റുന്നതും കറി വെക്കുന്നതും എല്ലാം രാജീവാണ്. അമ്മമ്മയ്ക്ക് അധികം ഭാരം പൊക്കാൻ കഴിയില്ല.
“കുട്ടി വന്നോ? വീതനപ്പുറത്ത് ചായ ഉണ്ട് എടുത്ത് കുടിച്ചോളൂ ”അമ്മമ്മ പറഞ്ഞു. അവൻ പുസ്തക സഞ്ചി ഉമ്മറത്ത് വച്ചിട്ട് അമ്മമ്മയുടെ മടിയിൽ തല വെച്ച് കിടന്നു.
“ഉം ഇന്ന് എന്തുപറ്റി എന്റെ കുട്ടിക്ക്, ടീച്ചറ് തല്ലിയോ“ അമ്മമ്മ അവന്റെ കൈ പിടിച്ച് നോക്കി
“ഉവ്വ് ....” അമ്മമ്മ അവന്റെ കൈയ്യിലെ ചൂരൽ പാടുകൾ കണ്ടു.
“എന്തിനാ എന്റെ കുട്ടിയെ തല്ലിയത് “ അമ്മമ്മയുടെ കണ്ണ് നിറഞ്ഞു
“സ്കൂളിൽ പോകാത്തതിന്, അല്ലാതെന്തിനാ ..” അമ്മമ്മയുടെ കണ്ണ് നിറയുന്നത് അവന് സഹിക്കില്ല
“ഇന്ന് തുണി ഒന്നും കഴുകാനില്ലേ “ അവൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു
“ഇന്ന് കുട്ടി തുണി ഒന്നും കഴുകണ്ട , റേഷൻ കടയിൽ പോണം, നാളത്തേക്ക് ഒരു മണി അരിയില്ല , ഗിരിജ ടീച്ചറുടെ വീട്ടിൽ പോയാൽ റേഷൻ വാങ്ങാനുള്ള പൈസ തരും അതും വാങ്ങിച്ച്, അരിവാങ്ങിച്ച് വാ ”സഞ്ചിയും റേഷൻ കാർഡുമായി പാടവരബത്തു കൂടെ റേഷൻ കട ലഷ്യമാക്കി നടന്നു.
പുത്തൻ കുളത്തിൽ നിന്നും പെണ്ണുങ്ങൾ തുണി തല്ലിതിരുബുന്ന ശബ്ദം മുഴങ്ങി കേർക്കുന്നു പാടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സൂര്യൻ ഒരു രക്തപുഷ്പമായി. ടീച്ചറുടെ വീട്ടിൽ നിന്നും രണ്ട് ആരോറൂട്ട് ബിസ്ക്കറ്റും ഒരു ചായയും പതിവാണ്. ടീച്ചറുടെ മകൻ കൃഷ്ണകുമാർ രാജീവിന്റെ ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത് അവനും രാജീവിന്റെ ഒപ്പം ഇരുന്ന് ചായ കുടിക്കും. വലിയ ഗേറ്റ് കടന്ന് കുറച്ച് നടന്നാലാണ് ടീച്ചറുടെ വീടിന്റെ മുറ്റത്തേക്ക് എത്തുക. ആ വഴിയുടെ ഇരുവശവും ബുഷ് ചെടികൾ വെട്ടി ഒരുക്കി വച്ചിരിക്കുന്നു. അതു കഴിഞ്ഞാൽ മുറ്റം. മുറ്റത്ത് വെള്ളാരം കല്ലുകൾ വിരിച്ചിരിക്കുന്നു. മുറ്റത്തിന്റെ അതിരിൽ സപ്പോട്ട മരം അതിൽ പഴുത്ത് പാകമായ സപ്പോട്ടകൾ . കൃഷ്ണകുമാറിന്റെ സൈക്കിൾ ആ മരത്തിന്റെ ചുവട്ടിൽ, അവനേയും കാത്ത് നിൽപുണ്ടാവും. പൂമുഖം കഴിഞ്ഞാൽ ഹാൾ ആണ് അതിൽ ആണ് ടിവി അവിടം വരെയാണ് രാജീവിന് പ്രവേശനം ഉള്ളത് .ഈ കാഴ്ചകൾ എല്ലാം അവന് കൗതുകങ്ങൾ ആണ്, അവന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ ഇടയില്ല എന്ന് അവൻ കരുതുന്ന കാര്യങ്ങൾ.
“അമ്മമ്മ പൈസ തരാൻ പറഞ്ഞു, റേഷൻ വാങ്ങാനാ “ രാജീവ് ചായ കുടിച്ച് തീർത്ത് ഗ്ലാസ്സ് താഴെ വെച്ച് കൊണ്ട് പറഞ്ഞു
“നീ ഉമ്മറത്തേക്ക് വാ, ഞാൻ പൈസ എടുത്തിട്ട് വരാം” ടീച്ചർ അകത്തേക്ക് പോയി . രണ്ട് ബിസ്ക്കറ് പോക്കറ്റിലിട്ട് അവൻ ഉമ്മറത്തേക്ക് നടന്നു. പൈസയും വാങ്ങി ഗേറ്റിനടുത്തേക്ക് നടക്കുബോൾ പുറകിൽ നിന്നും കൃഷ്ണകുമാറിന്റെ ശബ്ദം അവൻ കേട്ടു.
“അമ്മേ .....ഞാൻ കുറച്ചുനേരം സൈക്കിൾ ഓടിക്കട്ടെ, എന്നിട്ട് കുളിച്ചാൽ പോരെ”
‘അമ്മ’ ആ വാക്ക് അവന് എന്നും ഒരു അത്ഭുതമാണ് അത് ആരെങ്കിലും വിളിക്കുന്നത് കേൾക്കുബോൾ അവന്റെ മനസ്സിൽ ഒരു വിങ്ങൽ ആണ്. വയസ്സിന് മൂത്ത സ്ത്രീകളെ ചേച്ചീന്ന് വിളിക്കാം, അമ്മായിയെന്ന് വിളിക്കാം , ചെറിയമ്മേന്ന് വിളിക്കാം പക്ഷെ ഒരിക്കലും അമ്മേന്ന് വിളിക്കാൻ കഴിയില്ലല്ലോ. അവൻ ജീവിതത്തിൽ ഒരിക്കൽ പോലും വിളിച്ചിട്ടില്ലാത്ത വാക്ക്’ അമ്മ’ ഇനി വിളിക്കാനും സാധ്യത ഇല്ലാത്തത്.
“അരി എത്തിയിട്ടില്ലല്ലോ മോനെ “ റേഷൻ കടക്കാരനെ അവൻ നിസ്സംഗതയോടെ കുറച്ചു നേരം നോക്കി നിന്നു . സഞ്ചിയും ചുരുട്ടി അവൻ തിരിച്ച് നടന്നു . കാലി സഞ്ചിയുമായി പടി കടന്ന് വരുന്ന രാജീവിനെ കണ്ട് അമ്മമ്മ അമ്പരന്നു.
“അരി എത്തിയിട്ടില്ല അമ്മമ്മ. നാഴി അരി ലക്ഷ്മി അമ്മയുടെ അടുത്തു നിന്ന് വാങ്ങാം” അവൻ സഞ്ചി ഉമ്മറത്ത് വച്ചിട്ട് ലക്ഷമി അമ്മയുടെ വീട് ലക്ഷ്യമാക്കി നടന്നു.
അമ്മമ്മയുടെ പുതപ്പിന്റെ ഉള്ളിൽ ചുരുണ്ടു കിടക്കുബോൾ അവന് ഒരു പ്രത്യേക സുഖമാണ് , ആ പുതപ്പിനും വിരിപ്പിനും ഒരു പ്രത്യേക മണമാണ് .
“അമ്മമ്മേ ... ഗിരിജ ടീച്ചർ തന്ന പത്ത് ഉറുപ്പികയിൽ നിന്നും ഞാൻ അബത് പൈസ എടുക്കട്ടെ” അവൻ പതുക്കെ ചോദിച്ചു
“എന്തിനാ മോനെ “ അവന്റെ മുടിയിൽ തലോടിക്കൊണ്ട് അമ്മമ്മ ചോദിച്ചു.
“പുളി മിഠായി വാങ്ങാനാ , എല്ലാവരും വാങ്ങി തിന്നുന്നത് കാണുബോൾ , ഒരു ആഗ്രഹം” അവൻ പതിയെ പറഞ്ഞു.
“അതിൽ നിന്നും എടുത്താൽ നാളെ റേഷൻ വാങ്ങാൻ എന്തു ചെയ്യും “ അമ്മമ്മയ്ക്കു വിഷമം ആയി
“എന്നാ വേണ്ട . ഞാൻ അത് ചിന്തിച്ചില്ല” അവൻ അമ്മമ്മടെ അടുത്തേക്ക് ഒന്നുകൂടി പറ്റി കിടന്നു
സ്കൂളിന്‍റെ മുൻപിൽ ചായക്കട നടത്തുന്ന സുലൈമാനിക്കാന്റെ മകൻ റഷീദ് അവന്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നത് . സ്കൂളിൽ ബെൽ അടിക്കുന്നതിന്‍റെ അരമണിക്കൂർ മുൻപ് സ്കൂളിൽ എത്താറുണ്ട് . ചായക്കടയുടെ പുറകിൽ ചെന്ന് റഷീദിനെ വിളിച്ചു.
“എടാ ... ഒന്നും കഴിച്ചിട്ടില്ല നല്ല വിശപ്പ് , രണ്ട് ദോശ തരോ.... പൈസ പിന്നെ തരാമെന്ന് വാപ്പയോട് പറയ്...” റഷീദ് ആത്മാർഥ സുഹൃത്ത് ആണ് എന്തും ചോദിക്കാം.
“നീ പൈസ ഒന്നും തരണ്ട , ആദ്യം വിശപ്പ് മാറ്റ്” അവൻ രണ്ട് ദോശയും ചമ്മന്തിയും കൊണ്ടുവന്ന് വച്ചു
“രാവിലെ ചോറ് വെച്ചതാണ്, ഞാൻ കഴിച്ചാൽ പിന്നെ അമ്മമ്മയ്ക്ക് ഉണ്ടാവില്ല “ ദോശയും ചമ്മന്തിയും തുടച്ച് തിന്ന് പാത്രം കഴുകിവച്ച് സ്കൂളിലേക്ക് നടന്നു.
ഉച്ചവരെയുള്ള പിരിയഡുകളിൽ ടീച്ചർമാർ കാര്യമയിട്ടുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല . ആ സ്കൂളിലെ കൊടും ഭീകരർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ കുട്ടി മാഷും, മൂസ കുട്ടി മാഷും ,ഇന്ന് പ്രശ്നം ഉണ്ടാക്കിയില്ല. ഉച്ച കഞ്ഞിക്ക് ബെൽ മുഴങ്ങി കാശുകാരുടെ മക്കൾ ചോറും മുട്ട പെരിച്ചതും , മീൻ വറത്തതും കൊണ്ടുവന്ന് ചോറ്റുപാത്രത്തിന്റെ മൂടി കൊണ്ട് മറച്ച് , കൊതി പെടാതെ നോക്കി ശ്രദ്ധിച്ച് കഴിക്കും . പാവങ്ങളുടെ മക്കൾ കഞ്ഞി പുരയുടെ മുന്നിൽ അക്ഷമയോടെ ഒരു തവി കത്തിക്കായി കാത്തു നിൽക്കും. ആ കഞ്ഞിക്കും ചെറുപയർ പുഴുക്കിനും ഒരു പ്രത്യേക മണവും രുചിയും ആണ് . രാജീവൻ ഏറ്റവും അവസാനം ആണ് കഞ്ഞി വാങ്ങാൻ പോകാറ് , ചിലപ്പോൾ കുറച്ച് കൂടുതൽ കിട്ടും . കഞ്ഞി കുടി കഴിഞ്ഞാൽ സ്കൂളിന്‍റെ മുന്നിൽ ഉള്ള അച്ചുവേട്ടന്റെ കട വരെ ഒന്നു പോകുക എന്നുള്ളത് ഒരു ചടങ്ങാണ് . കാശ് ഉള്ളവർ മിഠായി പേരക്ക തുടങ്ങിയ രുചികരമായ ഭക്ഷ്യവസ്തുക്കൾ വാങ്ങിച്ച് തിന്നും . കാശില്ലാത്തവർ അത് നോക്കി നിക്കുക എന്നതാണ് നാട്ടുനടപ്പ്. കുട്ടികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള മിഠായി പുളി മിഠായി ആണ് . അതിന് മധുരവും ചവർപ്പും പുളിയും ചേർന്ന ഒരു തരം രുചിയാണ് ഒരെണ്ണത്തിന് ഇരുപത്തിയഞ്ച് പൈസ. ഉച്ച ഭക്ഷണത്തിന് ശേഷം ഒരു പുളി മിഠായി എന്നതാണ് എല്ലാവരുടെയും ഒരു രീതി .രാജീവനുമാത്രം അത് നടക്കാറില്ല പൈസയുടെ ലഭ്യത കുറവ് അവനും പുളി മിഠായിയും തമ്മിലുള്ള അകലം കൂട്ടി. അവൻ ആരോടും ചോദിക്കാറുമില്ല ആരും അവന് കൊടുക്കാറും ഇല്ല .എങ്കിലും എന്നും ഉച്ചയ്ക്ക് അച്ചുവേട്ടന്റെ കട അവൻ സന്ദർശിക്കും. തുറന്ന് വച്ചിരിക്കുന്ന മരം കൊണ്ടുള്ള കടയുടെ വാതിലിൽ ആണി അടിച്ച് അതിൽ വരി വരിയായി പുളി മിഠായി തുങ്ങി കിടപ്പുണ്ട്. കുറച്ച് ദിവസ്സങ്ങളായിട്ട് അവന് ഒരു പുളി മിഠായി തിന്നണം എന്നുള്ള ആഗ്രഹം കലശലായിട്ട്. അതിനുള്ള പണം സംബാദിക്കാൻ പല തരത്തിലും ശ്രമിച്ചതാണ് പക്ഷെ ഒന്നും നടന്നില്ല. ഇന്നും ആ പുളി മിഠായിയുടെ മാല കണ്ടപ്പോൾ ഒരെണ്ണം തിന്നാനുള്ള ആഗ്രഹം അവന്റെ ഉള്ളിൽ പതഞ്ഞുപൊങ്ങി.
“ഒരെണ്ണം അച്ചുവേട്ടൻ കാണാതെ എടുത്താലോ ...?.”
“വേണ്ട വേണ്ട അത് മോഷ്ടിക്കലാണ് “
“ഒരു പുളി മിഠായി എടുക്കുന്നത് ഒക്കെ മോഷണമാകുമോ …?”
“ആകും ഒരു മൊട്ടുസൂചി ആണങ്കിൽ പോലും അവരുടെ സമ്മതം കൂടാതെ എടുക്കരുത് എന്നാണ് എന്നെ അമ്മമ്മ പഠിപ്പിച്ചിരിക്കുന്നത് .”
“എങ്കിൽ നീ മിഠായി തിന്നണ്ട “
“എങ്കിൽ ഒരെണ്ണം എടുക്കാം അല്ലെ , പൈസ കിട്ടു ബോൾ കൊടുത്താൽ പോരെ “
“മതി .... അതു മതി “
അവന്റെ ഉള്ളിലെ നന്മയും തിന്മയും തമ്മിലുള്ള ചർച്ചക്കൊടുവിൽ ഒരു പുളി മിഠായി എടുക്കുവാന്‍ തീരുമാനമായി. ആ കടയുടെ മുന്നിൽ ഭയങ്കര തിരക്കാണ് ആ സ്കൂളിലെ മുഴുവൻ കുട്ടികളും പുളി മിഠായി വാങ്ങാൻ എത്തിയിട്ട് ഉണ്ട് എന്ന് അവന് തോന്നി. ഈ തിരക്കിന്റെ ഇടയിൽ നിന്ന് ആ മിഠായി മാലയിൽ നിന്നും ഒരെണ്ണം എടുത്താൽ അച്ചുവേട്ടൻ അറിയാൻ വഴിയില്ല. അവൻ പതിയെ കുട്ടി കൂട്ടങ്ങളുടെ ഇടയിലേക്ക് ഒഴുകി ഇറങ്ങി മിഠായി തൂക്കിയിട്ട വാതിലിനോട് ചേർന്ന് നിന്നു. അച്ചുവേട്ടൻ അകത്ത് തിരക്കിലാണ് . കുറച്ചുനേരം അങ്ങനെ നിന്നതിന് ശേഷം അവൻ പതിയെ പുളി മിഠായി മാലയിൽ ഒന്ന് തൊട്ടു . ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി. ഒരു മിഠായി കവറിൽ പിടുത്തം ഉറപ്പിച്ചു . ഒരു വട്ടം കൂടി ചുറ്റുപാടും നിരീക്ഷിച്ച് അനുകൂലമാണന്ന് ഉറപ്പു വരുത്തി. അച്ചുവേട്ടൻ നോട്ടു ബുക്ക് എടുക്കാൻ തിരിഞ്ഞു, ഈ അവസരം പാഴാക്കരുത്. അവന്റെ മനസ്സ് പറഞ്ഞു. ആ മിഠായി കവർ അവൻ ആഞ്ഞു വലിച്ചു . മിഠായി അവന്റെ കുഞ്ഞുകൈയ്യിൽ ഭദ്രമായി ഇരുന്നു. പക്ഷെ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. അവൻ വലിച്ച വലിയുടെ ശക്തി കാരണം ആ മിഠായിയുടെ മാലയും അടുത്തു തൂക്കിയിരിക്കുന്ന മാലയും , പിന്നെ അടുത്ത് അടുത്തായി തൂക്കിയിരുന്ന എന്തൊക്കെയൊ സാധനങ്ങൾ വലിയ ശബ്ദത്തോടെ താഴെ വീണു. ഈ ശബ്ദം കേട്ടതോടെ മറ്റു ശബ്ദങ്ങൾ എല്ലാം നിലച്ചു. എല്ലാവരുടെയും ശ്രദ്ധ അവന്റെ നേർക്കായി . അച്ചുവേട്ടൻ ഒരു നിമിഷം കൊണ്ട് കടയ്ക്ക് പുറത്തെത്തി. രാജീവൻ കൈയ്യിൽ പുളി മിഠായി കവറുമായി ഭയന്ന് , ദയനീയമായി അച്ചുവേട്ടനെ നോക്കി നിന്നു.
“ചെറുപ്രായത്തിൽ തന്നെ നിന്റെ കൈയ്യിലിരുപ്പ് ഇതാണങ്കിൽ , വലുതായാൽ എന്താവും നിന്റെ സ്ഥിതി” അച്ചുവേട്ടൻ കോപാന്ധനായി നിന്നു വിറച്ചു .
“കള്ളാ ഇറങ്ങടാ എന്റെ കടയിൽ നിന്നും , ഇനി മേലാൽ ഇവിടെ കണ്ടു പോകരുത്” അത് പറയലും ചെവി അടച്ച് അടിയും കഴിഞ്ഞു. അവന്റെ കണ്ണിൽ ഇരുട്ടു കയറി. മങ്ങിയ കാഴ്ചയിൽ സ്മിത, രശ്മി തുടങ്ങിയ ക്ലാസ്സിലെ സുന്ദരികൾ അവനെ നോക്കി ചിരിക്കുന്നത് അവൻ കണ്ടു. പുളി മിഠായി കവർ, അവൻ അച്ചുവേട്ടന്റെ നേർക്കു നീട്ടി. അച്ചുവേട്ടൻ അത് ബലമായി പിടിച്ച് വാങ്ങിച്ച് അവന്റെ തലയിൽ പിടിച്ച് റോഡിലേക്ക് ഒരു തള്ളു കൊടുത്തു. അവൻ പതിയെ ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു. അവിടുന്ന് അവന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വന്നില്ല. അത് ഗ്രൗണ്ടിന്റെ ഒരു മൂലയിൽ പോയി ആരും കാണാതെ തല താഴ്ത്തി ഇരുന്ന് കരയാനായി മാറ്റി വെച്ചിരിക്കുകയായിരുന്നു.
“സാർ സ്ഥലം എത്തി “ ഡ്രൈവറുടെ ശബ്ദം കേട്ട് രാജീവ് തല ഉയർത്തി
എ. യൂ .പി . സ്കൂൾ കേരളശ്ശേരി . പറളി ഉപ ജില്ല . മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരത്തിൽ എഴുതിയ ബോർഡ് തെളിഞ്ഞു വന്നു. രാജീവ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. സ്കൂളിന്‍റെ കവാടത്തിനു കുറുകെ ഒരു ബാനർ വലിച്ചു കെട്ടിയിരിക്കുന്നു അതിൽ ,’പൂർവ്വ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട ജില്ലാ കലക്ടറുമായ രാജീവ് IAS ന് സ്വാഗതം ‘ എന്ന് സ്വർണ്ണ ലിപികളിൽ തിളങ്ങി നിന്നു. കവാടത്തിനു താഴെ ഹാരവും പൂച്ചെണ്ടുകളും കൊണ്ട് അദ്ധ്യാപകരും രക്ഷിതാക്കളും കാത്തുനിൽപ്പുണ്ടായിരുന്നു. രാജീവ് പുറകോട്ട് തിരിഞ്ഞു നോക്കി .അച്ചുവേട്ടന്റെ കടയ്ക്ക് വലിയ മാറ്റം ഒന്നും ഇല്ല . അവൻ അങ്ങോട്ട് നടന്നു. ഗൺമാൻ കൂടെ വരാൻ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു. കടയ്ക്കകത്ത് വയസ്സായ ഒരു രൂപം ഇരിക്കുന്നു.
“അച്ചുവേട്ടാ .....”അവൻ പതിയെ വിളിച്ചു. അയാൾ തല പൊക്കി നോക്കി
“സാറെന്താ ഇവിടെ .....” അയാൾക്ക് ആശ്ചര്യം അടക്കാൻ കഴിഞ്ഞില്ല
“ഒരു പുളി മിഠായി വേണം, മക്കൾക്ക് കൊടുക്കാനാണ് ....”
“ പുളിമിഠായിയോ അതൊന്നും നന്നല്ല സാറേ , വേറെ നല്ല ചോക്ലേറ്റ് തരാം”
“എന്റെ മക്കൾക്ക് പുളി മിഠായി മതി. അതിൽ അവരുടെ അച്ഛന്‍റെ കണ്ണുനീരിന്‍റെ പുളിപ്പുണ്ട് ...” രാജീവ് നൂറ് രൂപ എടുത്ത് അച്ചുവേട്ടന്റെ നേർക്ക് നീട്ടി
“ബാക്കി വച്ചോളൂ ... “ മിഠായി ഉള്ളം കൈയ്യിൽ മുറുകെ പിടിച്ചു. ഇനി ആരും അത് ബലമായി പിടിച്ചു വാങ്ങാതിരിക്കാന്‍,.എന്നിട്ട് സ്കൂൾ ലക്ഷ്യമാക്കി നടന്നു.