ആശുപത്രിയുടെ രജിസ്ട്രേഷൻ കൗണ്ടറിലെ ക്യൂവിൽ അയാൾ നിന്നു. ഓരോരുത്തരായി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
കൗണ്ടറിന് അടുത്തെത്തിയപ്പോൾ അഴിയിട്ട ജനലിലൂടെ ചോദ്യം വന്നു .
ഏത് ഡോക്ടറെ കാണാനാ?
അയാൾക്ക് ഏത് ഡോക്ടറെ കണ്ടാലും കുഴപ്പമില്ല, പക്ഷേ ഹൃദയത്തിന് ആണ് കുഴപ്പം .
പേര് ?
ടോണി ജോസഫ്
വയസ്സ് ?
55
ടോക്കൺ നമ്പർ 4.
കാത്തിരിപ്പ് ബെഞ്ചിൽ ഇരിക്കുമ്പോൾ ഹൃദയത്തിന്റെ സ്പന്ദനം അയാൾ കേട്ടു.
എതിർ ബെഞ്ചിൽ ഇരിക്കുന്ന സ്ത്രീയെ കണ്ടപ്പോൾ ടോണി ജോസഫ് തന്റെ ഹൃദയത്തെ മറന്നു.
മിനി എന്നല്ലേ പേര് ?
അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അതെ, എങ്ങനെ അറിയാം? എനിക്ക് മനസ്സിലായില്ലല്ലോ!
മിനിക്ക് എങ്ങനെ മനസ്സിലാവാൻ.
അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ഒരുമിച്ച് പഠിച്ചതാണ് .
അയാളുടെ ആദ്യ പ്രണയം.
കരിനീല കണ്ണുകളും, കാർമുകിലിൻ അഴകും, ശംഖ് വരയൻ കഴുത്തും ഉണ്ടായിരുന്ന മിനി.
എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അയാൾ ആലോചിച്ചു.
ഹൃദയത്തിന്റെ സ്പന്ദനം ചുമരിൽ തൂങ്ങുന്ന ക്ലോക്കിലെ ടിക്ടോക് നോടൊപ്പം മത്സരത്തിൽ ആയി.
ടോക്കൺ നമ്പർ 4.
വിളിവന്നു.
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ എന്ന് മിനിയുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.
വേഗം വാ, ഡോക്ടർ വിളിക്കുന്നു.
നഴ്സ് തിരക്കുകൂട്ടി.
പാതി തുറന്ന വാതിലിന് പുറകിലെ കർട്ടൺ വകഞ്ഞുമാറ്റി, ഡോക്ടറുടെ മുറിയിലേക്ക് കടക്കുമ്പോൾ അയാൾ വെറുതെ ആശിച്ചു.
തിരിച്ചിറങ്ങുമ്പോൾ മിനി ആ ബെഞ്ചിൽ തന്നെ കാണണെ.