അന്നവൻ്റെ വീട്ടിൽ അവൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. അമ്മ രാവിലെ കൂലിപ്പണിക്കു പോയി , അവനു ഇളയ രണ്ടു സഹോദരിമാർ കൂടി ഉണ്ട് .രണ്ടുപേരും സ്കൂളിൽ പോയിരുന്നു. അച്ഛൻ നാലുവർഷം മുമ്പേ അർബുദം വന്നുമരിച്ചു. അന്നവന് പതിനഞ്ചു വയസ്സായിരുന്നു പ്രായം.
അവൻ്റെ പേര് രാഹുൽ എന്നായിരുന്നു. പത്താം ക്ലാസ്സിൽ പഠിത്തം നിർത്തി. ഇപ്പോൾ ചില ദുശ്ശീലങ്ങളും തുടങ്ങിയിട്ടുണ്ട്. പുകവലിയും ഇടക്കിടക്ക് മദ്യപാനവും! കൂലിപ്പണിക്കു പോകും, ഇടക്കൊക്കെ ഓട്ടോ ഓടിക്കാനും പോകും.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. തലേദിവസം ഓട്ടോയിൽ നൈറ്റോട്ടം ആയിരുന്നു, ഓട്ടം കഴിഞ്ഞു രാവിലെയാണ് അവൻ വന്നത്. അപ്പോൾത്തന്നെ കേറിക്കിടന്ന് ഉറക്കം തുടങ്ങിയതാണ്.
ആഹാരമെല്ലാം ശരിയാക്കി വെച്ച് അമ്മ പണിക്കുപോയി സഹോദരിമാർ സ്കൂളിലും പോയി. അടുത്തവീട്ടിലെ കുട്ടിയാണ് നിത്യമോൾ. നിത്യമോൾ എപ്പോഴും ആ വീട്ടിൽ വരും. എല്ലാവർക്കും അവളെ വലിയ ഇഷ്ടമാണ്. അന്നും പതിവുപോലെ നിത്യമോൾ വന്നു.
രാഹുൽ നല്ല ഉറക്കം ആയിരുന്നു. നിത്യമോളു വന്നത് അവൻ അറിഞ്ഞില്ല.
വീട്ടിൽ അരും ഇല്ലാത്തതിനാൽ അൽപ്പം മദ്യം കഴിച്ചിട്ട് വീണ്ടും കിടന്നൂ. മദ്യലെഹരിയിൽ നല്ല ഉറക്കത്തിൽ ആയിരുന്നു രാഹുൽ.!
നിത്യമൊള് "ചേട്ടാ ചേട്ടാ…….എന്നു പലതവണ വിളിച്ചു" അവൻ വിളികേട്ടില്ല. പിന്നെ നിത്യമോളും അവൻ്റെ കൂടെ കട്ടിലിൽ കയറി കിടന്നുറങ്ങിപ്പോയി. കുറേ നേരംകഴിഞ്ഞിട്ടും മോളെ കാണാഞ്ഞ് അമ്മ തിരക്കാൻ തുടങ്ങി. വീടിനകത്തും പുറത്തും എല്ലാംതിരഞ്ഞു എങ്ങും കണ്ടില്ല. അടുത്ത വീടുകളിലെല്ലാം തിരക്കി എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നെ മോൾ ഇവിടെ പോകാനാണ്? അവർക്ക് വെപ്രാളം ആയിത്തുടങ്ങി.
"ദൈവമേ എന്റെമോൾഎവിടെപ്പോയി?" "അവൾക്കെന്തു പറ്റി?" .
മനസ്സ് അസ്വസ്ഥമായി.
ആളുകൾ കൂടി ത്തുടങ്ങി. കുട്ടിയെത്തിരഞ്ഞ് പലവഴിക്ക് ആളുകൾ പോയി. അപ്പോഴേക്കും അതൊരു ബഹളമായി തീർന്നു . എല്ലാവരുടേയും മനസ്സിൽ ആശങ്കയും വേദനയും നിറഞ്ഞു. ഇനിയും വല്ലതും സംഭവിച്ചു കാണുമോ? ആരെങ്കിലും പിടിച്ചു കൊണ്ടു പോയതാണോ?. മോളെ കാണാഞ്ഞ് അമ്മ കരഞ്ഞു നിലവിളിച്ചു പിന്നെയത് കൂട്ടക്കരച്ചിലായിമാറി.
ഇതൊന്നും അറിയാതെ രാഹുലും നിത്യയും നല്ല ഉറക്കത്തിൽ ആയിരുന്നു.
അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ അരോ തിരക്കിയെത്തിയത്. ചാരിയിട്ട വാതിൽ പതിയെ തള്ളിതുറന്നപ്പോൾ കണ്ടത്, രാഹുലിനൊപ്പംകിടക്കുന്ന നിത്യയെ ആണ്.
അയാൾ ബഹളം വെച്ച് ആളെക്കൂട്ടി. കുട്ടി ഇവിടെയുണ്ട്.
എന്നാൽ രാഹുലിനൊപ്പം കുട്ടിയെ കണ്ടയാൾ തെറ്റിധദ്ധരിച്ചു പറഞ്ഞു.
"രാഹുൽ കുട്ടിയെപ്പീഡിപ്പിച്ചൂ എന്ന്"
കുട്ടിയെ കാണാത്തവിഷമത്തിൽ നിന്നവർക്ക് ഈ വാർത്ത ഒരു ഞെട്ടലായി തീർന്നു.
പിന്നെ അവിടെ ഓടിയെത്തിയവർ ആ പാവത്തെ അടിച്ചും ഇടിച്ചും തൊഴിച്ചും അവശനാക്കി. അയാളുടെ വായിൽ നിന്നും മൂക്കിൽനിന്നും രെക്തം ഒഴുകി യിറങ്ങി. ഒരു കൊച്ചു കുട്ടിയെ പീഡിപ്പിച്ചെന്ന വാർത്ത പെട്ടന്ന് നാടുമുഴുവൻ പരന്നു. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. കഷ്ടം ഇവനെയൊക്കെ തല്ലികൊല്ലുകയാ വേണ്ടത്. ജനങ്ങൾ രോക്ഷം ക്കൊണ്ട് കലിതുള്ളി.
ഓരോ അടി കൊള്ളുമ്പോഴും "ഞാൻ കുട്ടിയെ ഒന്നും ചെയ്തിട്ടില്ല" എന്ന് അവൻ വാവിട്ടു കരഞ്ഞു പറഞ്ഞൂ .
അരും അവൻ്റെ വാക്കു കേട്ടില്ല!
ഒടുവിൽ ആരോ പോലീസിൽ വിവരം അറിയിച്ചു.
പോലീസ് വരുന്നതുവരെ അയാളുടെ വീടിന് ചുറ്റും ജനപ്രളയം ആയിമാറി. അവസാനം പോലീസ് എത്തി അവനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.കൊച്ചു കുഞ്ഞിനെ പീഡിപ്പിച്ചവനെ പോലീസുകാരും ശരിക്ക് കൈകാര്യം ചെയ്തു. നാലുമണി ആയപ്പോൾ കോടതിയിൽ ഹാജരാക്കി.
കോടതി അവനെ റിമാൻഡ് ചെയ്തു, സബ് ജയിലിലേക്ക് അയച്ചു.
വീട്ടിൽ കൂടിയവരാരും അവൻ്റെ പക്ഷം പറഞ്ഞില്ല. അരും നിത്യമോളോടു കാര്യങ്ങൾ തിരക്കിയതും ഇല്ല !
ആരോ അറിയിച്ചതനുസരിച്ച് പണിസ്ഥലത്തുനിന്നും അവൻ്റെ അമ്മ കരഞ്ഞു വിളിച്ചു എത്തി. വിവരങ്ങൾ അറിഞ്ഞു അവർ നെഞ്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു എൻ്റെ മോൻ അങ്ങിനെ ചെയ്യില്ല ! നിത്യെയെ അവനും ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. എപ്പോൾ മോൾ വീട്ടിൽ വന്നാലും അവൻ കുഞ്ഞിനു അഹരം വാരി ക്കൊടുക്കുകയും എടുത്തുകൊണ്ട് നടക്കുകയും ചെയ്യും!.
എൻ്റെമകൻ അങ്ങനെ ചെയ്യില്ല.! "അവൻ എന്റെ മോളോടു തെറ്റ് ചെയ്തു". നിത്യയുടെ അമ്മ പറഞ്ഞു.
എൻ്റെ മോളോടു ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല !
"എൻ്റെ പിഞ്ചു കുഞ്ഞിനെ നശിപ്പിച്ച അവനു ഒരിക്കലും ഗുണം പിടിക്കില്ല".
അവർ പ്രാകി അവനെ. അവൻ്റെ അമ്മ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു."ദൈവമേ എൻ്റെ കുഞ്ഞിനെ രക്ഷിക്കുവാൻ ആരുമില്ലേ, ഞാൻ ഇനിയും എന്ത് ചെയ്യും"?
അവസാനം അവർ കരഞ്ഞു കൊണ്ട് അവരുടെ ഒരു ബന്ധുവിൻ്റെ അടുത്തെത്തി. പലപ്പോഴും ആ ബന്ധുവാണ് അവരെ സഹായിക്കാറുള്ളത്. ചേട്ടാ എൻ്റെ മോനെ രക്ഷിക്കണം ! എനിക്ക് നിങ്ങളല്ലതെ മറ്റാരുമില്ല.
"നീ കരയാതെ കാര്യം പറ?"
ആ വീട്ടുകാരാരും ആ വാർത്ത അറിഞ്ഞിരുന്നില്ല. അവർ കരഞ്ഞുകൊണ്ട് വിവരങ്ങൾ പറഞ്ഞു.
"ഇപ്പം രാഹുൽ എവിടെ ആണ്?"
പോലീസ് സ്റ്റേഷനിൽ അവൾ പറഞ്ഞു. ഉടൻ തന്നെ നാരായണേട്ടൻ മകനേയും കൂട്ടി അയാളുടെ ഒരു പരിചയക്കാരനായ രവിയേയും വിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ തിരക്കി.
പോലീസുകാർ പറഞ്ഞു.
"രാവിലെ കൊണ്ടുവന്ന പ്രതിയാണ് , ഇതുവരേയും അവനെത്തിരക്കി അരും വന്നില്ല .മാത്രമല്ല ഒരു പ്രതിയെ പിടിച്ചാൽ അധികനേരം സ്റ്റേഷനിൽ നിർത്താനും പാടില്ല. സർക്കാരിന്റെ ഉത്തരവ് ആണ്. അതിനാൽ അവനെ പോലീസുകാർ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കി. മജിസ്ട്രേറ്റ് അവനെ റിമാൻഡ് ചെയ്തു. ദാ… ഇപ്പൊൾ സബ് ജയിലിലേക്ക് കൊണ്ടു പോയതേയുള്ളു."
നാട്ടുകാരും ബന്ധുക്കളും ചേർന്ന് തന്നപരാധിയാണ്, അതിൻ്റെ പേരിൽ കേസെടുത്തത്.
പിന്നെ ഒരുകാര്യം അവനോടുകാര്യങ്ങൾ തിരക്കിയപ്പോൾ മനസ്സിലായി അവൻ്റെ ഭാഗത്ത് തെറ്റില്ലെന്ന്. അതിൻ്റെഅടിസ്ഥാനത്തിൽ ജമ്യംകിട്ടാവുന്ന വകുപ്പുകൾ ചേർത്താണ് എഫ്ഐആർ ഇട്ടത്. അതുകൊണ്ട് നിങ്ങൽ പേടിക്കേണ്ട . നാളെയും മറ്റന്നാളും കോടതി അവധിയാണ് . തിങ്കളാഴ്ച ഒരു നല്ല വക്കീലുമായി കോടതിയിൽ ചെന്നാൽ ജാമ്യം കിട്ടാൻ സാധ്യതയുണ്ട്.
രണ്ടുദിവസം അവൻ അവിടെ ക്കിടക്കട്ടെ!
റൈട്ടർ കൂടെ വന്ന രവിയുടെ പരിചയക്കാരൻ ആയിരുന്നു.
റൈട്ടർ പറഞ്ഞു "നാളെയും മറ്റന്നാളും കോടതി അവധിയാണ്" കൂടാതെ അഞ്ചുമണി കഴിഞ്ഞാൽ കോടതി അടയ്ക്കും പിന്നെ മജിസ്ട്രേട്ടിൻ്റെ വീട്ടിൽ കൊണ്ടുപോയി വേണം റിമാൻഡ്ചെയ്യാൻ അതൊഴിവാക്കാനാണ് അഞ്ചുമണിക്കു മുൻപേ കോടതിയിൽ ഹാജരാക്കിയത്. നിങ്ങൾ പേടിക്കേണ്ട തിങ്കളാഴ്ച ജാമ്യം കിട്ടും .
പോലീസ് സ്റ്റേഷനിൽ പോയവര് തിരിച്ചു വന്നു വിവരങ്ങൾ ആ അമ്മയോടു പറഞ്ഞു. അപ്പോഴാണ് അവൾക്ക് സമാധാനം ആയത്. നാരായണേട്ടൻ അവളോടു പറഞ്ഞു
"പോയി കുട്ടികളെ സമാധാനിപ്പിക്കൂ."
അവനു തിങ്കളാഴ്ച ജാമ്യത്തിനായി പോകാം. അവിടെ ചെന്ന് ആരോടും വഴക്കിനൊന്നും പോകണ്ട .
അവൾ സങ്കടപ്പെട്ടു ആകെയുള്ള ആൺന്തരിയാണ് ജയിലിൽ, ഇനിയും എങ്ങനെ മറ്റുള്ളവർക്കു മുന്നിൽ തല ഉയർത്തി നടക്കും . പെൺകുട്ടികൾ പ്രായമായിട്ടില്ല, ഭർത്താവ് മരിച്ചിട്ട് നാല് വർഷം കഴിഞ്ഞൂ. അവളുടെ കണ്ണുനീർ വീണ് വസ്ത്രം ങ്ങൾ നനഞ്ഞു കുതിർന്നൂ.
ശനിയാഴ്ച രാവിലെ നാരായണേട്ടനും മകനും സുഹൃത്ത് രവിയേയും കൂട്ടി വക്കീലിനെ കാണാൻ പോയി. രണ്ടു മുന്ന് വക്കീൽ ഓഫീസുകളിൽ കയറി ഇറങ്ങി, അവരെല്ലാം ഈ കേസിൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞു. പീഡന കേസിൽ ഇടപെട്ടു മാനം കളയാൻ ഞങൾ ഇല്ലാ എന്ന് പറഞ്ഞു ഒഴിഞ്ഞു. അവസാനം രവിയുടെ പരിചയ ക്കാരനായ ഒരു വക്കീലിനെ കണ്ട് കാര്യം പറഞ്ഞു .
ഇത് ഞാൻ ഏറ്റെടുക്കാം, പക്ഷേ ഒരു കാര്യം ഉണ്ട്.
എന്തായാലും പറയൂ സാർ?
അത് ഇതിനു അല്പം പൈസ ചിലവാകും . അത് സാരമില്ല പണം ഞാൻ തരാം നാരായണേട്ടൻ പറഞ്ഞു. ശരി അങ്ങനാണെങ്കിൽ നമ്മൾക്ക് തിങ്കളാഴ്ച കാണാം. നാരായണേട്ടനും മകനും രവിയും തിരിച്ചുപോന്നു.
തിങ്കളാഴ്ച രാവിലേതന്നെ അവർ വക്കീലുമായി കോടതിയിൽ എത്തി. അപേക്ഷയിൽ വക്കിൽ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു, കരമടച്ച രസ്സീതും കൊടുത്തു. കൃത്യം പതിനൊന്നു മണിക്കു തന്നെ മജിസ്ട്രേറ്റ് സീറ്റിൽ ഹാജരായി. ഓരോരോ കേസുകൾ വിളിച്ചു അതിൻ്റെ വാദങ്ങൾ നടന്നുകൊണ്ടിരുന്നൂ.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ജാമ്മ്യാപേക്ഷ പരിഗണിച്ചപ്പോൾ മിടുക്കനായ വക്കീലിന്റെ കഴിവുകൊണ്ട് ജാമ്യം റെഡിയായി. കോടതിയിൽ നിന്നും പേപ്പർ ശരിയാകാൻ പിന്നെയും സമയം എടുത്തു.
അവസാനം മൂന്നര കഴിഞ്ഞപ്പോൾ ജാമ്യം അനുവദിച്ചു കിട്ടിയതും, ജയിലിൽ കൊടുക്കാനും ഉള്ള പേപ്പറുകൾ ശരിയാക്കി വക്കിൽ വന്നു.
"നിങ്ങള് ഇനിയും നിന്നു സമയം കളയാതെ വേഗം സബ് ജയിലിൽ ചെന്ന് അവനെ ഇറക്കി കൊണ്ടുവരാൻ നോക്ക്." വക്കിൽ പറഞ്ഞു.
അവസാനം രവിയും നാരായണേട്ടൻ്റെ മകനും കൂടി ഒരു ടാക്സി പിടിച്ചു ജയിലിലേക്ക് പോയി. ഏകദേശം ഒരു മണിക്കൂർ ഓട്ടം ഉണ്ട്. ടാക്സി ജയിലിൻ്റെ അടുത്തെത്തി.
ജയിലിൻ്റെ കവാടത്തിൽ പാറാവു നിന്ന പോലീസുകാരനെ പേപ്പർ കാണിച്ചൂ അയാൾ അവരെ അകത്തേക്ക് കടത്തി വിട്ടൂ.
ഗേറ്റ് കടന്നു അകത്തു ചെന്നു അടുത്തുള്ള മുറിയിൽ ഒരു പോലീസ് കാരനെ കൊണ്ടുവന്ന പേപ്പർ കാണിച്ചൂ. അപ്പോൾ അയാൾ അവരേയും കൂട്ടി മറ്റൊരു മുറിയിലക്ക് കൊണ്ടു പോയി.
അതാണ് ജയിൽ സുപ്രണ്ടിൻ്റെ മുറി . കോടതിയിൽ നിന്നും കിട്ടിയ പേപ്പരറുകൾ സൂപ്രണ്ടിനെ കാണിച്ചു.
ഉടൻതന്നെ സുപ്രണ്ട് ഒരു പോലീസുകാരനെ വിളിച്ചു പറഞ്ഞു 343_ ഇൽ കിടക്കുന്ന റിമാൻഡ്പുള്ളി രാഹുലിനെ കൂട്ടികൊണ്ട് വരാൻ ആവശ്യപ്പെട്ടു. അയാൾ പോയി അവനെ കൂട്ടിക്കൊണ്ടുവന്നു.
അവരെ കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൻ പൊട്ടിക്കരഞ്ഞു. സൂപ്രണ്ട് ഒരു ബുക്കിൽ അവനേക്കൊണ്ട് ഒപ്പിടിവിച്ചൂ. ഗൗരവത്തിൽ സൂപ്രണ്ട് അവനോടു പറഞ്ഞു.
"മേലാൽ ഇത്തരം ഏർപ്പാടുമായി ഇനിയും ഇവിടെ വന്നാൽ പിന്നെ നീ പുറംലോകം കാണില്ല ഓർത്തോ" !
സൂപ്രണ്ടിനേയും മറ്റു പോലീസ്കാരെയും തൊഴുതു, അവിടെനിന്ന് നടന്നു ഗേറ്റ് കടന്നു. വന്ന ടാക്സിയിൽ തന്നെ അവർ തിരിച്ചു പോന്നു. ഇപ്പോൾ അവൻ്റെ അമ്മ അവരേയും പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടായിരുന്നു.
മകനെ കണ്ടതിൻ്റെ സന്തോഷത്തിൽ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .പെയ്തൊഴിഞ്ഞ മാനംപോലെ പിന്നെ ആ മനസ്സ് തെളിഞ്ഞു.