ഉയർന്നു നിൽക്കുന്ന വലിയ പുല്ലുകൾക്ക് മീതെ കൂടെ ചാടി കൊണ്ട് ഓട്ടം തുടർന്നു. ഓട്ടത്തിനിടയിൽ ചെറിയ കല്ലുകളും കുറ്റികളും ഉള്ളംകാലിൽ തറക്കുന്നുണ്ട് പക്ഷേ അതിന്റെ വേദന വരും മുന്പേ അടുത്ത
ചുവട് വെയ്ക്കണം, അല്ലെങ്കിൽ ചീരനു കിട്ടി കൊണ്ടിരിക്കുന്ന വഴക്കിന്റെ ബാക്കി തനിക്കും കിട്ടുമെന്ന് അവനറിയാം. അവന്റെ നെഞ്ചടിപ്പിന്റെ ശബ്ദം പുറത്തോട്ട് കേൾക്കുന്നുണ്ടോയെന്നു വരെ അവനു സംശയം ഉണ്ടായിരുന്നു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വലിയ പുല്ലുകൾ കഴിഞ്ഞാൽ ഗ്രൗണ്ടാണ്. പാതയോടു ചേർന്നു കിടക്കുന്ന നസ്ക്കിലെ തന്നെ ഏറ്റവും വലിയ ഗ്രൗണ്ട്.
അന്നു ഒരു വെള്ളിയാഴ്ചയായിരുന്നു എന്നു തോന്നുന്നു. ഉച്ച തിരിഞ്ഞുള്ള ആ വെയിലിൽ ഓടിത്തളർന്ന അവൻ ആ പുല്ലുകൾക്കിടയിൽ എവിടെയോ തളർന്നുവീണു കിടന്നു. അൽപ്പസമയം നനവുള്ള ആ മണ്ണിൽ കിടന്നതും നാക്കിലെ വെള്ളമെല്ലാം വറ്റിത്തുടങ്ങി. ഒരു നിമിഷം വീട്ടിലേക്ക് തിരിച്ചു പോയാലോയെന്നു ഓർത്തു പക്ഷേ ഉള്ളിൽ നിന്നറിയാതെ നാക്കിലൂടെ പുറത്തുവന്നത് വേണ്ട വേണ്ടയെന്നുഉള്ള ഒറ്റ ശബ്ദം മാത്രമാണ്. കാരണം തന്നെ പോലെയുള്ള ഒരാൾക്ക് വീട്ടിൽ കേൾക്കാവുന്ന വാക്കുകൾക്ക് പണ്ട് ദാസൻ ഗുണ്ട ബീഡിക്കാരൻ നാസറിന്റെ പള്ളയിൽ കയറ്റിയിറക്കിയ കത്തിയെക്കാൾ മൂർച്ചയുണ്ട്. ഈ സമയം അവന്റെ ചെവി മണ്ണിൽ പതിഞ്ഞു കിടന്നിരുന്നു അതുകൊണ്ട് തന്നെ അവിടെ മണ്ണിൽ ജീവിക്കുന്ന ചെറുപ്രാണികളുടെ ശബ്ദം വരെ കേൾക്കാം.
അവൻ പെട്ടന്നു കണ്ണ് തുറന്നുകൊണ്ട് എഴുന്നേറ്റു പിന്നെയും ഓടിത്തുടങ്ങി. ദൂരെ നിന്നും നേരിയ ശബ്ദത്തിൽ കേൾക്കുന്ന ആരുടെയോ ഒച്ച, അവൻ ഒരു ഓരം പിടിച്ചാണ് ഓടുന്നത്. ഓരത്തെവിടെയോ പാമ്പിന്റെ ശബ്ദം കേൾക്കാം. പിന്നീട് കുറച്ച് ദൂരത്തേക്ക് ചുറ്റും നിശബ്ദത മാത്രമായിരുന്നു. അത് അവനെ ഭയപ്പെടുത്തി. അതിന്റെ മാറ്റം പ്രകൃതിയിലും കാണാമായിരുന്നു. അവൻ ഓടി തുടങ്ങി പഴയ പോലെ അവസാനം നസ്ക്കിലെ ഉയരം കൂടിയ ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
മുൻപ് കണ്ടിട്ടില്ലാത്ത അത്രയും ആളുകൾ അകലം പാലിച്ചും പാലിക്കാതെയും ഗ്രൗണ്ടിൽ നിൽക്കുന്നു. ഗ്രൗണ്ടിനു ചുറ്റും പല നിറത്തിലുള്ള കൊടിയും കാണുന്നുണ്ട്. അവയിൽ പലതും അവനു സുപരിചിതമായവയാണ്. അവൻ നടന്നു അവർക്കിടയിൽ പോയി നിന്നു. എന്തോ ഒരു അസാധാരണത്തം അവനു സ്വയം തോന്നി . കുറച്ചു നേരം കഴിഞ്ഞതും എല്ലാവരും അവനെ തന്നെ നോക്കി. അവൻ ഒന്നുമറിയാതെ മിഴിച്ചു നിന്നു, ആരോ പറഞ്ഞു കൊടുത്ത പോലെ ഞെട്ടി കൊണ്ട് മനസിലാക്കി തന്റെ മുഖത്തു മാസ്ക്ക് ഇല്ലെന്നു. എല്ലാവരും അവനെ കണ്ണുകൾ കൊണ്ട് കളിയാക്കി തുടങ്ങി. ഈ സമയം അത്ഭുതത്തോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി അവിടെ നിൽക്കുന്ന എല്ലാവരുടെയും മാസ്ക്കിന്റെ നിറം പൊക്കത്തിൽ പാറി കളിക്കുന്ന കൊടിയുടെ നിറത്തിലായിരുന്നു.. എല്ലാവരും കൂടെ ഒരു നിമിഷത്തേക്ക് പല നിറങ്ങൾ കൊണ്ട് അവനെ പൊതിഞ്ഞു.