മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കണ്ണന്റെ പീലിയിലെ നിറങ്ങൾ ഒന്നുകൂടി മിനുക്കിയിട്ട് ദേവൂട്ടി കുറച്ചു ദൂരെ മാറിനിന്ന് ആ ചിത്രം ഒന്നു നോക്കി.  തൂവെള്ള ചുരിദാര്‍ ടോപ്പില്‍ മൃൂറല്‍ പെയിന്റ് ചെയ്ത 'വെണ്ണക്കള്ളൻ'.

തികഞ്ഞ സംതൃപ്തിയോടെ അവൾ ആ ചിത്രം സ്റ്റാൻഡിൽ നിന്നും എടുത്ത് മുറിയിൽ ഉണ്ടായിരുന്ന ടേബിളിൽ വിരിച്ചിട്ട് തിരിയവേ, അവളുടെ ഫോണിലേക്ക് ഒരു മെസ്സേജിന്റെ ട്യൂൺ വന്നു. ഫോണിന്റെ ഡിസ്പ്ലയിൽ വാട്സ്ആപ് ചിഹ്നത്തിനൊപ്പം ഓരോ  നിമിഷവും അവളെ തൊട്ടുണർത്തുന്ന ആ പേരുമുണ്ടായിരുന്നു, " മഹിയേട്ടൻ ".

"അപ്പുണ്ണിയെ എവിടെടി "

"ഞാൻ ജോലിക്ക് പോകാൻ തുടങ്ങുവാരുന്നു ഏട്ടാ"

"ഞാനിന്നു വൈകിട്ടു പുറത്തൊന്നു പോകും ട്ടോ "

"അയ്യോ എന്നേം കൂടി, ച്ചും വരണല്ലോ"

സായന്തനങ്ങളിൽ അവന്റെ കൈവിരലുകൾ പിടിച്ചു ഓരോ പുൽക്കൊടിത്തുമ്പിനോടും കിന്നാരം പറഞ്ഞുനടക്കുന്ന ആ യാത്രകൾ മാത്രമായിരുന്നു അവളുടെ ജീവിതത്തിനു  നിറമേകിയിരുന്നത്.

"ന്റെ കുഞ്ഞിപ്പെണ്ണ് വീട്ടിലിരുന്നോട്ടോ.   ഞാനാ ഉണ്ണിക്കുട്ടനെ ഒന്ന് പുറത്തു  കൊണ്ടുപോകെട്ടെടി. പാവം അവനെ പുറത്തു കൊണ്ടുപോകാൻ വേറാരും ഇല്ലല്ലോ!

" ഉം ?"

"സാരല്ല്യഡി നമ്മുക്ക് പോകാല്ലോ "

"ഉം"

"സമയമായി ഞാൻ പോവാട്ടോ "

"ബൈ  ഏട്ടാ"

"ബൈ ഡി"

പതിവുള്ളൊരു ഉമ്മയോടെ അവൻ ചാറ്റ് അവസാനിപ്പിച്ചു.  ബാഗുമെടുത്തു പോകാനിറങ്ങിയ ദേവൂട്ടിയിൽ ഒരു കുഞ്ഞുനൊമ്പരം അപ്പോഴും  തങ്ങിനിന്നിരുന്നു.

മഹിയുടെ സഹപ്രവർത്തകനായ രാജുവിന്റെ മകനാണ് ഉണ്ണിക്കുട്ടൻ.  അവന്റെ ആറാം പിറന്നാളിന്റെ തലേ ദിവസം ബൈക്ക് ആക്സിഡന്റിൽ രാജു കൊല്ലപ്പെടുകയായിരുന്നു.   പ്രേമവിവാഹമായിരുന്നു രാജുവിന്റേത്.  അവന്റെ മരണത്തോടെ അനാഥമായിപ്പോയ ഉണ്ണിക്കുട്ടനും അമ്മയ്ക്കും, മഹിയേട്ടനും കൂട്ടുകാരും തണലായി.

ചിന്തിച്ചു നടന്ന് സ്കൂൾ എത്തിയത് ദേവുട്ടിയറിഞ്ഞത് ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ്.   രണ്ടു മാസമേ ആയുള്ളൂ വീടിനടുത്തുതന്നെയുള്ള സ്കൂളിൽ ചിത്രകലാ അധ്യാപികയായി അവൾക്കു ജോലി കിട്ടിയിട്ട്. കുട്ടിക്കൂട്ടങ്ങളുടെ കൂട്ടത്തിൽ മറ്റൊരു കുട്ടിയായി വരയുടെയും വർണ്ണങ്ങളുടെയും ലോകത്തായിരിക്കുമ്പോഴും അവളുടെ ഉള്ളിൽ നൊമ്പരത്തിന്റെ നേരിയൊരു മുള്ളിരുന്നു വിങ്ങുന്നുണ്ടായിരുന്നു.

ജോലി കഴിഞ്ഞു മടങ്ങും വഴി അവൾ ടൗണിലേക്ക് പോയി. പെയിന്റിംഗിനാവശ്യമായ സാധനങ്ങളെല്ലാം തീർന്നു തുടങ്ങിയിരുന്നു. സാരിയിലും, ചുരിദാറിലും അത്യാവശ്യം മ്യുറൽ വർക്കുകൾ ചെയ്തിരുന്ന ദേവുട്ടിക്ക് കൂട്ടുകാരിൽനിന്നും സാമാന്യം നല്ല ഓഡറുകളും കിട്ടിയിരുന്നു.   സ്കൂൾ പടിക്കൽ നിന്നും അവൾ കയറിയ ബസ് പാടത്തിനരികിലൂടെയുള്ള റോഡിലേക്ക് തിരിയുമ്പോൾ കുറച്ചകലെ, പാടത്ത്  നിന്നും  റോഡിലേക്ക് കയറുന്ന പടിയുടെ മുകളിൽ നില്ക്കുന്ന മഹേഷിനെ ദേവൂട്ടി കണ്ടു.   അവൾ വേഗം മൊബൈൽ എടുത്തു മഹിക്ക് കാൾ ചെയ്തു.   പോക്കറ്റിൽ നിന്നും മഹി ഫോൺ എടുക്കുന്നതും കാൾ കട്ട്‌ ചെയ്ത് തിരിച്ചു പോക്കറ്റിലേക്ക് തന്നെ വയ്ക്കുന്നതും  കണ്ട ദേവുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.

ബസ് ചെറിയൊരു വളവു കഴിഞ്ഞു മഹിയോടടുക്കുമ്പോൾ അവൾ വീണ്ടും നോക്കി.   ഇപ്പോൾ മഹിയുടെ ഒപ്പം ഒരു കുട്ടി കൂടി ഉണ്ട്.   ദേവൂട്ടിയിൽ നിന്നും ഒരു ദീർഘനിശ്വാസം  ഉതിർന്നു വീണു.   അതുണ്ണിക്കുട്ടൻ ആണെന്നും അവനെ താഴെനിന്നും പിടിച്ചു കേറ്റുവാനാകും   തന്റെ കാൾ കട്ട്‌ ചെയ്തതെന്നും, തന്നെ ഇപ്പോൾ  മഹിയേട്ടൻ തിരിച്ചു വിളിക്കുമെന്നും  ഓർത്തപ്പോൾ കണ്ണുനീരിനിടയിലും അവളൊന്നു പുഞ്ചിരിച്ചു.   പക്ഷേ ബസ് മഹിയെയും ഉണ്ണിക്കുട്ടനെയും കടന്ന് മറ്റൊരു വളവു തിരിയുമ്പോൾ തിരിഞ്ഞു നോക്കിയ അവളൊരു കാഴ്ച കൂടി കണ്ടു.  താഴെനിന്നും മഹിയേട്ടന്റെ കൈ പിടിച്ച് ഒരു യുവതി റോഡിലേക്ക് കയറുന്നു. പിന്നെ അവരൊരുമിച്ചു കുറച്ചകലെ ഒതുക്കി നിർത്തിയിരിക്കുന്ന ബൈക്കിനടുത്തേക്കു നടക്കുന്നു.    കണ്ണ് മൂടിയ കണ്ണുനീരിനിടയിലൂടെ അവൾ തന്റെ കൈപ്പത്തിയിലേക്കൊന്നു നോക്കി.   എന്നും സ്നേഹത്തോടെ, അതിലേറെ വാത്സല്യത്തോടെ തന്റയീ വിരലുകൾ ചേർത്തു പിടിച്ചിരുന്ന തന്റെ ജീവനായിരിക്കുന്നവനാണ് കണ്മുന്നിൽ മറ്റൊരു പെണ്ണിന്റെ കൈകൾ പിടിച്ചു അവൾക്കും കുഞ്ഞിനുമൊപ്പം നടക്കുന്നത്.  

ബസ്, ടൗണിൽ എത്തുവോളം അവൾ മഹിയുടെ കാൾ പ്രതീക്ഷിച്ചു. അവളുടെ പ്രതീക്ഷകൾ ആസ്ഥാനത്താക്കി ആ ഫോൺ അപ്പോഴും സൈലന്റായിത്തന്നെയിരുന്നു.  

ഹൃദയം നുറുക്കിയ കാഴ്ചകൾ മനസ്സിൽ നിന്നും കുടഞ്ഞെറിയാൻ ശ്രമിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ചെറിഞ്ഞവൾ ബസ്സിൽ നിന്നും ഇറങ്ങി.   ഒഴുകുന്ന ജനസമുദ്രത്തിലേയ്ക്ക് നോക്കി പകച്ചുനിന്ന അവളെയും കടന്ന് മഹിയുടെ ബൈക്കപ്പോള്‍ മുമ്പോട്ടു പോയി. 

ഉണ്ണിക്കുട്ടനെയും അമ്മയേയും തിരിച്ചു ‍ കൊണ്ടാക്കി വീട്ടിലെത്തിയ മഹേഷ്‌, ഫോൺ എടുത്തു ദേവൂട്ടിയെ വിളിക്കാൻ തുടങ്ങും മുമ്പ് ടീവി ഓൺ ചെയ്തു.   ദേവുട്ടിയുടെ ഫോൺ റിംഗ് ചെയ്തു നിൽക്കുമ്പോൾ അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു.   കാട്ടുപൂച്ച ഇന്നു പണിതരുന്ന ലക്ഷണമാണല്ലോ എന്നോർത്ത് അവൻ വാട്സ്ആപ്  ഓൺ ആക്കി. ഒരു മെസ്സേജ് പോലും ഇല്ലാ! സാധാരണ പുറത്തുപോയാൽ,  മിണ്ടാനാരുമില്ലെന്നും പറഞ്ഞ്, ച്ചൂന്റെ മെസ്സേജിന്റെ ഒരു കൂമ്പാരം തന്നെ ഉണ്ടാവേണ്ടതാണ്. രാവിലെത്തേതിൽ പിന്നെ അവൾ ഓൺലൈനിലും വന്നിട്ടില്ല. അവന്‍ അയച്ച മെസ്സേജുകള്‍  സിംഗിള്‍ ടിക്കോടെ കിടന്നപ്പോള്‍ ഫോണ്‍ മാറ്റിവെച്ച് അവന്‍ ചാനല്‍ മാറ്റി.  പെണ്ണ് ഇന്നു നെറ്റും കട്ട്‌ ചെയ്തു കിടന്നു കാണും. അവൻ ആത്മഗതം കൊണ്ടു.

ചാനലുകള്‍ മാറ്റുന്നതിനിടയിലാണ് പ്രാദേശിക ചാനലിന്റെ വാര്‍ത്തയില്‍ അവന്റെ കണ്ണുകളുടക്കിയത്.  ചിറയ്ക്കോടു ടൗണില്‍ വൈകിട്ടു നടന്ന വാഹനാപകടത്തില്‍ അദ്ധ്യാപിക കൊല്ലപ്പെട്ടു.  വാര്‍ത്താവായനക്കാരിയുടെ വിശദീകരണങ്ങള്‍ക്കു കാതോര്‍ക്കവെ, റ്റിവിയില്‍ തെളിഞ്ഞ ചിത്രം കണ്ട് അവന്റെ കണ്ണുകളില്‍ ഇരുട്ടു മൂടി.   ചിത്രകലാ അദ്ധ്യാപികയായ ദേവിക മോഹനന്‍ എന്ന യുവതിക്കാണ്  അശ്രദ്ധമായി റോഡ് മുറിച്ചു കടക്കവെ ദാരുണമായ അന്തൃമുണ്ടായത്.  വാര്‍ത്ത അവസാനിച്ചിട്ടും ഒന്നനങ്ങുവാന്‍ പോലും ആകാതെ നിശ്ചലനായി റ്റിവിക്കു മുമ്പില്‍ മഹി നിന്നു. 

കുറച്ചു ദൂരെ ദേവൂട്ടിയുടെ മുറിയില്‍ മേശയുടെ മുകളില്‍ അവള്‍ വരച്ച വെണ്ണക്കള്ളന്‍ ചെറുപുഞ്ചിയോടെ അപ്പോഴുമുണ്ടായിരുന്നു!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ