മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"അമ്മേ, നമ്മടെ കുറുഞ്ഞിപ്പൂച്ചടെ കുട്യോളെ നോക്യേ എന്ത് ഭങ്യാ കാണാൻ", കിച്ചു ചിണുങ്ങിക്കൊണ്ട് അമ്മയോട് പറഞ്ഞു. 
"കിണ്ങ്ങാൻ നിൽക്കാതെ പൊയ്ക്കോ ചെക്കാവ്ട്ന്ന്‌. നൂറ്കൂട്ടം പണിയുള്ളപ്പഴാ ഓന്റൊരു കിന്നാരം പറച്ചില് ", അമ്മക്ക് ദേഷ്യം വന്നു. 

"ഈ അമ്മ എപ്പഴും ഇങ്ങനെയാ കിച്ചു എന്തു പറഞ്ഞാലും ശുണ്ഠിയെടുക്കും. ഒരു സ്നേഹോംല്യാത്തമ്മ", കിച്ചു ആരും കേൾക്കാതെ തന്റെ സങ്കടം ഉള്ളിൽ പറഞ്ഞു. കിച്ചു നാലാം ക്ലാസ്സിൽ പഠിക്കുന്നു.

അച്ഛൻ ദുബായിലാണ്. കഴിഞ്ഞ വേനൽ അവധിക്ക് സ്കൂൾ അടച്ച സമയത്ത് അച്ഛൻ നാട്ടിൽ വന്നിരുന്നു. അച്ഛൻ അടുത്തുണ്ടെങ്കിൽ കിച്ചുവിന് ഓണം വന്നപോലെയാണ്. കിച്ചു എന്ത് പറഞ്ഞാലും അച്ഛൻ സമ്മതിക്കും.കഴിഞ്ഞ തവണ അച്ഛൻ നാട്ടിൽ വന്നപ്പോൾ ലുലുമാളിലും വണ്ടർലയിലും കൊണ്ടുപോയി. മതി വരുവോളം ഐസ്ക്രീമും മസാലദോശയും വാങ്ങിത്തന്നു. സിനിമക്ക് പോയി.

അമ്മക്ക് മൂക്കത്താ ദേഷ്യം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കിച്ചുവിനെ ചീത്ത പറയും. കിച്ചു വെളിയിൽ പോയി കൂട്ടുകാരുടെ കൂടെ കളിക്കുന്നത് അമ്മക്ക് ഇഷ്ടമല്ല. കണ്ട തെണ്ടിച്ചെക്കൻമാരുടെ കൂടെ നടന്ന് സ്വഭാവം വെടക്കാവും എന്നാണ് അമ്മയുടെ വാദം. കിച്ചുവിന് കൂട്ടുകാരോടൊപ്പം കളികളിക്കാനാണ് ഇഷ്ടം. അവർ മണ്ണിൽ കുഴിയുണ്ടാക്കി ഗോലി കളിക്കും. ക്രിക്കറ്റ് കളിക്കും. കുട്ടിയും കോലും കളിക്കും....

അച്ഛൻ കൊണ്ടുവന്ന ടാബ്ലെറ്റാണ് കിച്ചുവിന്റെ വീട്ടിലെ കളിസ്ഥലം. പബ്‌ജിയും കാർ റേസിംഗും വിവിധ തരം ഗെയിമുകളും കിച്ചു കളിച്ചു രസിച്ചു. 

"വസുമതിക്കുട്ട്യേ ഇയ്യ് എന്തെടുക്കാ"

കിച്ചു ശബ്ദം കേട്ട് കിച്ചു തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്നു പടിഞ്ഞാറ്റുമുറിയിലെ തിത്തുമ്മ. കിച്ചുവിന് ഇഷ്ടമല്ല തിത്തുമ്മയെ. ഏഷണിയാണ്. കിച്ചുവും കൂട്ടുകാരും മൊയ്‌ദുണ്ണി ഹാജ്യാരുടെ പറമ്പിൽ നിന്നും മാങ്ങ എറിഞ്ഞു വീഴ്ത്തിയത് അമ്മയോട് പറഞ്ഞുകൊടുത്തത് ഈ നിൽക്കുന്ന തിത്തുമ്മയാണ്. അന്ന് അമ്മയുടെ കയ്യിൽനിന്ന് കിച്ചുവിന് പൊതിരെ തല്ലുകിട്ടി. 
ഇനി എന്ത് ഏഷണിയുമായാണാവോ തിത്തുമ്മയുടെ വരവ്?

തിത്തുമ്മയുടെ വർത്തമാനം കേട്ട് അമ്മ ഉമ്മറത്തേക്ക് വന്നു. അമ്മയെ കണ്ടതും തിത്തുമ്മ തുടർന്നു.

"വസുമതികുട്ട്യേ അന്റോടെ പുത്യേ വിരുന്നേരൊക്കെ വന്നൂന്ന് കേട്ടൂലോ"

"കേൾക്കണോ പുകില് തിത്തുമ്മേ, ഭാനൂന്റോട്ത്തെ കിങ്ങിണിപ്പൂച്ച കുട്യോളേം കൂട്ടി ഇല്ലംകടത്തി* വന്നിരിക്കണു. എത്ര ആട്ടീട്ടും തല്ലീട്ടും പൂച്ച പോകാൻ കൂട്ടാക്ക്ണില്യ"

"ഇയ്യ് എന്ത് ബുദ്ധികേടാ ഈ കാട്ടണത് വസുമത്യേ. അനക്ക് വന്നുചേർന്ന ഭാഗ്യാത് ."

തിത്തുമ്മ സ്വരം താഴ്ത്തി എന്തോ രഹസ്യം പറയുന്ന പോലെ അമ്മയുടെ ചെവിയിൽ പറഞ്ഞു.

"കഴിഞ്ഞ കൊല്ലം വടക്കേലെ ആലീസിന്റെ വീട്ടില് മൂന്ന് കുട്ട്യോളേയാ പൂച്ച ഇല്ലംകടത്തി കൊണ്ടു വന്നത്. അതിന്റെ മൂന്നാം നാളല്ലേ ഓൾടെ കെട്യോൻ ഐസക്കിന് ലോട്ടറിയടിച്ചത്."

"പടച്ചോൻ തന്ന ഭാഗ്യം ഇയ്യ് തട്ടിക്കളയല്ലേ വസുമതിക്കുട്ട്യേ"

അമ്മ മുഖത്ത് കൈ വെച്ചുകൊണ്ട് ആശ്ച്ചര്യത്തോടെ പൂച്ചകൂട്ടികളെ നോക്കി.

"ന്റെ തിത്തുമ്മേ കിച്ചു പൂച്ചകുട്ടിയെ ഒന്ന് എടുത്തേള്ളു, പിന്നെ തൊടങ്ങീല്ലേ തള്ളക്ക് സംഭ്രമം. കിച്ചു അതിനെ നിലത്ത് വെക്കണതുവരെ പിന്നാലെ
നടന്നു കരയാർന്നു തള്ളപ്പൂച്ച. മിണ്ടാപ്രാണികൾക്കും ത്ര സ്നേഹണ്ടാവോ തിത്തുമ്മേ?"

ഇത്രയുമായപ്പോൾ കിച്ചുവിന് അരിശമാണ് വന്നത്. അവൻ ലോകം കേൾക്കുമാറുറക്കെ പറഞ്ഞു.

"മനുഷ്യരെക്കാളും സ്നേഹം മൃഗങ്ങൾക്കാ"


(*ഇല്ലംകടത്തുക - തള്ളപ്പൂച്ച പ്രസവം കഴിഞ്ഞ ശേഷം പൂച്ചകുഞ്ഞുങ്ങളെയും കൂട്ടി പുതിയ താമസ സ്ഥലങ്ങൾതേടി പോകും. ഇതിനെ നാട്ടിൻപുറങ്ങളിൽ പറയുന്നത്)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ