മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്തിനു വേണ്ടിയായിരുന്നു ആ  ഉപേക്ഷിക്കപ്പെടൽ? ഒറ്റപ്പെടലുകളുടെയും, യാതനകളുടെയും നരച്ചു നേർത്ത രാത്രികള്‍ അവള്‍ക്കു സമ്മാനിച്ച കരുത്തിന്റെ കാമ്പുള്ള ചോദ്യം  മറ്റാരോടുമായിരുന്നില്ല. ജന്മം

കൊടുത്ത പ്രപഞ്ച സത്യങ്ങളോടായിരുന്നു .

അവള്‍ സീത.

സ്വപ്നങ്ങളില്‍ നിറയെ മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ വരച്ചു ചേര്‍ക്കാന്‍ കൊതിച്ചവള്‍. സ്വന്തം ജന്മദുഖങ്ങളുടെ മഹാപ്രളയത്തില്‍ സ്വപ്നങ്ങള്‍ മാത്രമല്ല മോഹങ്ങളും നഷ്ട്ടപ്പെട്ടുപോയവള്‍.

നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ അവളെ മാറോടുചേർത്തുപിടിച്ചൊരു രാത്രി അവളുടെ ഓർമ്മകളിലിന്നും ഉമിത്തീ  പോലെ നീറി നീറി അവൾക്കു കരുത്ത് പകർന്നുകൊണ്ടിരിക്കുന്നു.

മഴയേടുകൾ തുറന്ന് വനം കീർത്തനം പാടുന്ന രാത്രി.  അറ്റംപ്പൊട്ടിയടര്‍ന്ന നരച്ച പായയുടെ തഴയിലേയ്ക്ക്  ഉറക്കംഞ്ഞെട്ടിയവള്‍ ഉണര്‍ന്നു വീണത് ചീവീടുകളുടെ അണമുറിയാത്ത ചിലയ്‌ക്കൽ കേട്ടുകൊണ്ടായിരുന്നു .  ചവിട്ടേറ്റു കാലുകള്‍ക്കിടയില്‍ ചുരുണ്ടുകിടന്നിരുന്ന പുതപ്പ് തപ്പിയെടുത്തു ‍ മെല്ലെ  തിരിഞ്ഞുകിടക്കുമ്പോളായിരുന്നു  തന്നെപ്പുല്‍കിയ അമ്മമണത്തിനൊപ്പം പൊട്ടിയടർന്ന ഒരു കരച്ചില്‍തുണ്ട് അവളുടെ കാതോരം  തുളഞ്ഞിറങ്ങിയത്
അറിയാതെ അവളുടെ കണ്ണുകളിലും ഈറനുരുണ്ടു കൂടി .

അന്ന് സന്ധ്യക്കായിരുന്നു  അവളെ ഏറെ വേദനിപ്പിച്ച ആ സംഭവമുണ്ടായത് .

"തന്തയില്ലാത്തവൾ "

പ്രാക്കുകള്‍ക്കൊടുവില്‍ സ്വയം സമാധാനിക്കുവാനെന്നവണ്ണം മുത്തശ്ശി അവള്‍ക്കു ചാര്‍ത്തികൊടുത്ത വിളിപ്പേരാണ്. നിറയെ  പൂത്ത മുവാണ്ടന്‍മാവിന്‍ച്ചോട്ടിലെ കൊത്തംങ്കല്ലാട്ടത്തിനിടയിലെ  പതിവു വഴക്കുകള്‍ക്കും, കലമ്പലുകള്‍ക്കുമിടയില്‍ തെക്കേലെ സരോച്ചിയുടെ ഇളയ മകള്‍ ശുഭയുടെ വായിനിന്നും ചിതറി  വീണതും ചുറ്റുമതിന്റെ പ്രതിധ്വനികള്‍ ഉണ്ടായതും.  രാത്രി അതു പറഞ്ഞവൾ ‍ ഒരുപാടു കരഞ്ഞു. എല്ലാവരെയും പോലെ തനിക്കും അച്ഛനെവേണമെന്നു വാശിപിടിച്ചു. ഒടുവില്‍ കരഞ്ഞു തളര്‍ന്ന് അത്താഴപഷ്ണികിടന്നപ്പോള്‍ അതമ്മയുടെ ചങ്കുപ്പൊട്ടിക്കുമെന്നൊന്നും അവളും ഓര്‍ത്തുകാണില്ല. കൂട്ടുകാര്‍ക്കിടയില്‍ തനിക്കു മാത്രം അച്ഛനില്ലാത്തതിന്റെ കാരണമറിയില്ലെങ്കിലും നിറവയറോടെ അമ്മയെ ഉപേക്ഷിച്ചു പുതിയൊരു പെണ്‍ചൂരു തേടിപ്പോയ അച്ഛനെ പിന്നീടൊരിക്കലുമവള്‍ ആഗ്രഹിച്ചില്ല. ബാല്യവും കൗമാരവും നരച്ച സ്വപ്നങ്ങള്‍ മാത്രം കൊടുത്തു കടന്നുപോയപ്പോള്‍ ജീവിതത്തെ അര്‍ധവിരാമചിഹ്നംകൊണ്ടവള്‍ ഒതുക്കി നിര്‍ത്തുവാന്‍ സ്വയം പഠിച്ചിരുന്നു.  ഒടുവില്‍ കുത്തും കോമയുമിട്ടീശ്വരനെഴുതിയ  ജീവിതമെന്ന മഹാകാവ്യത്തിലെ ഏടുകളില്‍ നിന്നും ആകാശച്ചെപ്പിലടച്ചു സൂക്ഷിക്കുവാന്‍ അമ്മയെന്ന താള്‍ കാലം കീറിയെടുത്തത് വെയിലു കത്തുന്നൊരു മീനചൂടിന്റെ അഗ്നി തിളച്ച പകലറുതിയിലായിരുന്നു. പുകചുരുളുകളാല്‍ മറയ്ക്കപെട്ട ശരീരമുപേഷിച്ച് മേഘപാളികളാല്‍ മൂടപ്പെട്ട ആകാശ വിതാനത്തിനുമപ്പുറത്തേക്കാനയിക്കപെടുമ്പോള്‍ പതിനഞ്ചു വയസ്സിന്റെ കുട്ടിത്തത്തില്‍ പകച്ച് അനാഥത്വത്തിന്റെ പടികയറുന്ന മകളെ ആ അമ്മയുടെ ആത്മാവ്  പിന്തിരിഞ്ഞൊന്നു നോക്കികാണുമൊ?

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ