സമയം രാത്രി 12 മണിയായി കാണും. സാവിത്രി അമ്മയുടെ ഫോൺ നിർത്താതെ ശബ്ധിച്ചുകൊണ്ടിരുന്നു.
"ഹൊ ആ ഫോൺ ഒന്ന് എടുക്കുന്നുണ്ടോ? അല്ലെങ്കിൽ ഞാൻ അത് എടുത്തു വലിച്ചെറിഞ്ഞു പൊട്ടിക്കും." ഭർത്താവ് ശേഖരൻ ഉറക്കം പോയ ദേഷ്യത്തിൽ പറഞ്ഞു.
സാവിത്രിയമ്മഅത് കേട്ടതും വേഗം കൈ എത്തിച്ച് ടേബിളിൽ നിന്നും ഫോണെടുത്തു. നമ്പർ നോക്കിയപ്പോൾ "അയ്യോ ... മായമോളുടെ നമ്പർ ആണല്ലോ ഇവളെന്താ ഈ പാതിരാക്ക്? ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ." ഫോണെടുത്ത് ചെവിയോട് ചേർത്തു. മറുതലക്കൽ മായ മോളുടെകരച്ചിലോടെയുള്ള ശബ്ദമാണ് കേട്ടത്.
"എന്താ മോളെ എന്താ പറ്റിയെ? ഈ പാതിരാക്ക് എന്തിനാ നീ വിളിച്ചത്?" സാവിത്രി ഉറക്കപിച്ച വിടാതെ ചോദിച്ചു.
അമ്മേ, എനിക്ക് ഇവിടെ മടുത്തു അമ്മേ എനിക്ക് ഇവിടെ ജീവിക്കണ്ട. എനിക്ക് വീട്ടിലേക്ക് വരണം മായ സങ്കടത്തോടെ തേങ്ങി.
ഇത് പറയാനാണോ ഈ നട്ടപ്പാതിരാക്ക് എൻ്റെ ഉറക്കം കളഞ്ഞത്. അവർ ദേഷ്യത്തോടെ പറഞ്ഞു.
അമ്മേ ....എന്നെ ഒന്നും മനസ്സിലാക്കു അമ്മേ. എനിക്കിവിടെ ഒട്ടും കഴിക്കാൻ പറ്റുന്നില്ല സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചു. എനിക്കിനി ഇവിടെ കഴിക്കാൻ വയ്യ അമ്മേ എന്നെ വന്ന് ഒന്ന് കൂട്ടിക്കൊണ്ടുപോകു.
ശ്ശോ...എന്താ കുട്ടി ഇങ്ങനെ? കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞില്ല അന്ന് തുടങ്ങിയ പരാതികളാണ്. ഇപ്പോൾ ഒരു വർഷമായിട്ടും തീർന്നില്ലേ ഇതുവരെ .
വിവാഹം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട്ടിലാണ് ഭാര്യ ജീവിക്കേണ്ടത്. അവർ പറയുന്നതാണ് നീ അനുസരിക്കേണ്ടത്. അവർ എന്നും പറയാറുള്ളത് പോലെന്നെ അവൾക്ക് ഗുണദോഷ ക്ലാസ്സ് എടുക്കാൻ തുടങ്ങിയതും.
അമ്മേ ... അമ്മ പറയുന്നതുപോലെ ഒക്കെ അനുസരിച്ചിട്ടുള്ളൂ ഞാൻ എന്നും. ഞാനിവിടെ സഹിക്കുന്ന വേദനകൾ അത് ആർക്കും പറഞ്ഞാൽ മനസ്സിലാവുന്നില്ലല്ലോ. ഹരിയേട്ടനും അമ്മയും അവരുടെ സഹോദരിയും കൂടി എന്നെ വല്ലാതെ പീഡിപ്പിക്കുന്നു. എനിക്ക് സഹിക്കാൻ വയ്യ അമ്മേ മായ വിതുമ്പി കരഞ്ഞു.
നോക്കു മോളെ ഹരിയുടെ അമ്മ എന്നെപ്പോലെ തന്നെയാണ് നിനക്ക്. അവർ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് നിൻറെ നല്ലതിന് വേണ്ടിയാവും. എല്ലാം സഹിച്ചു എന്റെ മോളെ അവിടെ കഴിഞ്ഞേ പറ്റൂ.ഇവിടുത്തെ അവസ്ഥ നിനക്കറിയാവുന്നതല്ലേ. അച്ഛൻ റിട്ടയേഡ് ആയതിനുശേഷം നിൻെറ ഏട്ടനാ ഞങ്ങളെ നോക്കുന്നത്. അവന്റെ ഭാര്യയും കുട്ടികളും ഞങ്ങളും ഒക്കെ അവന്റെ ചെലവിൽ തന്നെയാ കഴിയുന്നത്. ഒരുപാട് കഷ്ടപ്പെട്ടിട്ട് നിന്നെ അച്ഛൻ കല്യാണം കഴിപ്പിച്ചു വിട്ടത്. എന്നിട്ട് ഇപ്പോൾ നീ വീട്ടിൽ തന്നെ എല്ലാം ഒഴിവാക്കി വന്നു നിന്നാൽ എങ്ങനെ ശരിയാകും .നാട്ടുകാർ കളിയാക്കി ചിരിക്കല്ലേ. ഏട്ടനും നീ ഒരു ഭാരം ആവാൻ ഞങ്ങൾക്ക് ഇഷ്ടമല്ല. എൻറെ മോളോട് സ്നേഹം ഉള്ളതുകൊണ്ടു പറയാ അമ്മ. നിൻറെ നന്മക്ക് വേണ്ടി അമ്മ പറയുന്നത്.എന്തുവന്നാലും നീ സഹിച്ചേ പറ്റൂ.
മായക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഫോൺ കട്ട് ചെയ്ത് അവൾ തറയിലേക്ക് ചാഞ്ഞിരുന്നു.
അല്ലെങ്കിലും അമ്മ പറഞ്ഞതൊക്കെ ശരി തന്നെയാണ്. അച്ഛൻ പോസ്റ്റുമാൻ ആയിരുന്നു. 50 പവനും ഒരു മാരുതിക്കാറും കൊടുത്താണ് ഹരിയേട്ടനുമായുള്ള കല്യാണം നടത്തിയത്. എന്നിട്ടപ്പോൾ ഒരു തരി സ്വർണം പോലും തന്റെ ശരീരത്തിൽ അവശേഷിക്കുന്നില്ല. ഹരിയേട്ടന്റെ പീഡനത്തിന്റെ ശേഷിപ്പുകൾ പോലെ ശരീരത്തിൽ അങ്ങ് ഇങ്ങ്പാടുകൾ മാത്രം ഉണ്ട്. എത്ര സന്തോഷത്തോടെയാണ് ഞാൻ എൻ്റെ അച്ഛനും അമ്മയും ഏട്ടനും ഒത്തു കഴിഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞതോടുകൂടി അതെല്ലാം തകർന്നു തരിപ്പണം ആയത് അവൾ വേദനയോടെ ഓർത്തു.
ഒന്നും വേണ്ടായിരുന്നു അച്ഛനും അമ്മയുടെയും, കൂടെ സന്തോഷത്തോടെ എന്നും ഇരുന്നാൽ മതിയായിരുന്നു എന്ന് അവൾക്ക് തോന്നി.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മായുടെ വിവാഹം. സുന്ദരനും ബാങ്കിൽഅക്കൗണ്ടന്റുമായ ഹരിയായിരുന്നു വരൻ. അമ്മയും ഒരു സഹോദരിയുമാണ് അയാൾക്ക് ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് മൂന്നുദിവസം മാത്രമേ സന്തോഷം അവൾക്ക് കിട്ടിയുള്ളൂ. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവളുടെ സ്വർണങ്ങളെല്ലാം അമ്മയും സഹോദരിയും ഹരിയും കൂടി കയ്യടക്കി. കാറിൽ യാത്ര ചെയ്തിട്ടേയില്ല. മയക്കുമരുന്നിന് അടിമയായ ഹരി ദിവസവും മായയെ പീഡിപ്പിച്ചു കൊണ്ടിരുന്നു. അവൾ അമ്മയോട് പറയാൻ ശ്രമിച്ചാൽ ഹരിയുടെ അമ്മയും സഹോദരിയും ചേർന്ന് അവളെ ക്രൂരമായി ഉപദ്രവിക്കും.
വീട്ടിലേക്ക് വിളിച്ചു പറഞ്ഞാൽ അച്ഛനും അമ്മയും ഒന്ന് വിശ്വസിക്കുന്നില്ല. അമ്മയുടെ കുറെ ഗുണദോശ വാക്കുകൾ മാത്രം മിച്ചം.
അതുകൊണ്ട് ഇനി എല്ലാ വിഷമങ്ങളും എന്നിൽ തന്നെ അവസാനിക്കട്ടെ എന്ന് അവൾക്ക് തോന്നി.അതുകൊണ്ടുതന്നെ അവൾ സ്വയം തീരാൻ തീരുമാനിച്ചു കഴിഞ്ഞു.
ഫാനിൽ ഷാൾ കെട്ടി അവൾ ജീവിതം അവസാനിപ്പിച്ചു. മരിച്ചതിനുശേഷം ബന്ധുക്കളും അമ്മയും എല്ലാവരും വിലപിച്ചുകൊണ്ടിരുന്നു. എന്തിനാ മോളെ നീ ഇതു ചെയ്തത്. അമ്മയുടെ അടുത്തേക്ക് വരാ ർന്നില്ലേ നിനക്ക്. അവർ ഉറക്കെ കരയുമ്പോൾ വിലപിച്ചുകൊണ്ടിരുന്നു. അപ്പോഴും അവളുടെ ആത്മാവ് എല്ലാവരോടുമായി ചോദിച്ചു.
ഞാൻ പറഞ്ഞതല്ലേ അപ്പോഴെല്ലാം എല്ലാവരും ഗുണദോഷിക്കുകയല്ലേ ചെയ്തത്. എൻറെ വിഷമങ്ങൾ അറിയാനോ എന്ന് സഹായിക്കാനോ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് എൻറെ എല്ലാ വിഷമങ്ങളും എന്നിൽ തന്നെ ഞാൻ അവസാനിപ്പിച്ചു. മരിക്കുന്നതിനുമുമ്പായി അവൾ ഹരിയേയും അമ്മയെയും സഹോദരിയും ചേർത്ത് ഒരു വലിയ എഴുത്തുതന്നെ ഉണ്ടാക്കി വെച്ചിരുന്നു. എല്ലാം മായയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ അവർക്ക് തിരിച്ചു കിട്ടാൻ ആകാത്ത വിധം എല്ലാം അവസാനിച്ചു കഴിഞ്ഞിരുന്നു.
അപ്പോൾ അവർ ചിന്തിച്ചു. മകൾ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ. അവിടെ അടുത്ത് ഓടിയെത്തി അവളെ ഒന്ന് സമാധാനിപ്പിച്ചിരുന്നെങ്കിൽ. അവളെ മനസ്സിലാക്കിയിരുന്നെങ്കിൽ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമെന്ന് അവർക്കു മനസ്സിലായി. എല്ലാവരും അങ്ങനെയാണ് ചിന്തിക്കുക.
നമ്മൾ മുൻകൂട്ടി എല്ലാം ചെയ്തിരുന്നെങ്കിൽ നമുക്ക് ഒന്നും തന്നെ നഷ്ടപ്പെടില്ലായിരുന്നു.ഇത് ആവർത്തന കഥയാണ്. ഇത് നമ്മുടെ നാട്ടിൽ തുടർന്നുകൊണ്ടേയിരിക്കും.