മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

manikandhan

ഘോരവനം. ദ്രാവിഡ ആദിവാസി ഗോത്രങ്ങളും, താപസന്മാരും, കുലവും ഗോത്രവും അവകാശപ്പെടാനില്ലാത്ത വന്യജീവിജാലങ്ങളും പ്രകൃതിയുടെയും കാടിന്റെയും നിയമങ്ങളും താക്കീതുകളും പാലിച്ച് പോരുന്ന ഇടം.

ഓരോരുത്തരും തങ്ങളുടെ കടമകളിലും കർത്തവ്യങ്ങളിലും മാത്രം മുഴുകി. തനിക്കാവശ്യമുള്ളത് മാത്രം ചെയ്തു.അത് ഭക്ഷണമാവട്ടെ, വിനോദമാവട്ടെ, വിശ്രമമാവട്ടെ.അമിതവ്യയം പ്രകൃതിയുടെ നിയമങ്ങളിലില്ല.

ആ നിശബ്ദതയിലേക്ക് അസ്വാഭാവികമായ ഒരു മുരൾച്ച കടന്നുവന്നു. ഒന്നല്ല ഒരുപാട്. അസുരന്റെ വീര്യവും മഹിഷിയുടെ കരുത്തും ഉള്ള കാരുണ്യത്തിന്റെ കണിക പോലും ഇല്ലാത്ത ഒരു നേതാവിന്റെ കീഴിൽ അവർ ആ കാട് കയ്യേറി. താളാത്മകമായ കാടിന്റെ സംഗീതം നിലച്ചു. പകരം ഭീകരമായ അലർച്ചകൾ അവിടെ അലയടിച്ചു. ഒരു രാജ്യത്തിന് മൊത്തം ഭീഷണിയായി ആ കാട്ടാളസംഘം അനുദിനം വളർന്നു. എതിർക്കാൻ കഴിയുന്നവർ ആരുമില്ലായിരുന്നു. യുദ്ധം ചെയ്യാനറിയുന്നവർക്ക് കാടിനെ അറിയില്ല. കാടറിയുന്നവർക്ക് യുദ്ധം ചെയ്യാനും.

അങ്ങനെ ആദ്യമായി ആദിവാസികളും താപസന്മാരും സന്ധിയിലെത്തി. ഇവരെ എതിരിടണമെങ്കിൽ കാടിനെ അറിയുന്ന, മൃഗങ്ങളെ അറിയുന്ന ഒരു യോദ്ധാവിനെ വേണം. അങ്ങനെ ഒരാൾ വരുന്നത്‌ വരെ ആ കാട്ടാളരുടെ കണ്ണിൽ പെടാതെ നടക്കുക.

അപ്പോഴാണ് ആദിവാസി മൂപ്പൻ ആ പിഞ്ചുബാലനെ ശ്രദ്ധിച്ചത്. മുഖത്തിന് അസാമാന്യ തേജസ്സ്, പക്വത തുളുമ്പുന്ന കണ്ണുകൾ. താപസന്മാരിലൊരാളുടെ മകനാണ്. മണികണ്ഠൻ.

മൂപ്പൻ താപസനെ സമീപിച്ചു."അങ്ങയുടെ മകനിൽ ഒരു യോദ്ധാവിന്റെയും സഹജീവി സ്നേഹിയുടെയും നേതാവിന്റേയും ത്യാഗിയുടെയും ലക്ഷണങ്ങൾ ഞാൻ കാണുന്നു. നമ്മുടെ പൊന്നു തമ്പുരാന്റെ സൈന്യത്തിൽ ചേർത്താൽ അവൻ ഒരു തികഞ്ഞ യോദ്ധാവായി നമ്മളെ ഈ നരകത്തിൽ നിന്നും നമ്മെ രക്ഷിക്കും." മകന്റെ ജന്മോദ്ദേശ്യം മുന്നേ ദർശിച്ചിരുന്ന താപസനും എതിരഭിപ്രായമുണ്ടായിരുന്നില്ല.

കൊട്ടാര സൈന്യത്തിലെത്തിയ മണികണ്ഠന് എല്ലാം അപരിചിതമായിരുന്നു. വനത്തിന്റെ സുരക്ഷയും വന്യജീവികളുടെ സ്നേഹവും അനുഭവിച്ചറിഞ്ഞവന് അഭിനവമനുഷ്യരുടെ കാപട്യലോകത്ത് എന്ത് സന്തോഷം? എങ്കിലും അവന്റെ സഹജീവി സ്നേഹവും രാജഭക്തിയും ആയോധന കലകളിലെ നൈപുണ്യവും തന്ത്രപ്രധാന തീരുമാനങ്ങളിലെ കൗശലങ്ങളും അവനെ രാജാവിന്റെയും റാണിയുടെയും വാത്സല്യഭോജനമായി തീർത്തു. ഒപ്പം മറ്റു പലരുടെയും കണ്ണിലെ കരടും. രാജ്യത്തിന്റെ ഭരണം തന്നെ ലഭിക്കാവുന്നത്ര സ്വാധീനം രാജദമ്പതികളിൽ ചെലുത്തിയിരുന്ന മണികണ്ഠന് സ്വന്തം പാളയത്തിൽ നിന്ന് തനിക്കെതിരെ നടക്കുന്ന പടയൊരുക്കം മുൻകൂട്ടി കാണാനായി. തന്റെ ലക്ഷ്യമെന്തെന്ന് അറിയുന്ന മണികണ്ഠന് അതെല്ലാം ഒരു നേരമ്പോക്ക് മാത്രമായിരുന്നു.

അങ്ങനെ അവൻ കാത്തുനിന്നിരുന്ന ആ ദിവസം വന്നെത്തി. പലരുടെയും തലവേദനയായി മാറിയ മണികണ്ഠനെ വനസംരക്ഷണത്തിനായി നിയമിക്കാൻ ഉപദേശകവൃന്ദങ്ങൾ രാജദമ്പതികളിൽ സമ്മർദ്ദം ചെലുത്തി. ഭരണം ഏല്പിക്കുന്നതിന് മുമ്പായുള്ള ഒരു പരിശീലനമായാണ് രാജാവ് ഇതിനെ കണ്ടത്‌. ഉത്തരവ് കൈപ്പറ്റുമ്പോൾ മണികണ്ഠനും അവന്റെ ശത്രുക്കളും ഉള്ളിൽ ചിരിക്കുകയായിരുന്നു.

സൈന്യവുമായി വനത്തിലെത്തിയ മണികണ്ഠൻ തന്റെ വീടിന്റെ, നാടിന്റെ യഥാർത്ഥ സൗന്ദര്യത്തെ തിരിച്ചറിഞ്ഞു. മൃഗങ്ങളുടെ കലർപ്പില്ലാത്ത സ്നേഹം അനുഭവിച്ചു. അവിടെ മനുഷ്യജാതി ചെയ്തുകൂട്ടിയ കടന്നുകയറ്റങ്ങളും അക്രമങ്ങളും തിരിച്ചറിഞ്ഞു. കാടിന്റെ സഹൃദയത്വവും  മനുഷ്യന്റെ സ്വാർത്ഥതയും തിരിച്ചറിഞ്ഞു മണികണ്ഠൻ.

കാടിനോടുള്ള ആത്മാർത്ഥതയും സൈന്യത്തിൽ നിന്നുള്ള പരിശീലനവും രാജാവ് പോലും അംഗീകരിച്ച നേതൃഗുണവും ആ കാട്ടിൽ മണികണ്ഠനെ അജയ്യനാക്കി.

കാട്ടാളസംഘത്തെ മുച്ചൂടും നശിപ്പിച്ച് സൈന്യവുമായി തിരിച്ചുപോകുമ്പോൾ മണികണ്ഠൻ തന്റെ നാടിനെയും നാട്ടുകാരെയും തിരിഞ്ഞുനോക്കി.

ഒരു യാത്രപറയലിന്റെ വേദനയല്ല ആ മുഖത്തുണ്ടായിരുന്നത്. തന്റെ അസ്തിത്വത്തെ പ്രകടിപ്പിച്ചുള്ള ആ പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു. താപസന്മാരും കാട്ടുവാസികളും അവന് വേണ്ടി കാത്തിരുന്നു.

തിരിച്ച് കൊട്ടാരത്തിലെത്തിയ മണികണ്ഠന്റെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചു. പക്ഷെ മണികണ്ഠൻ യാത്ര പറയാനായിട്ടായിരുന്നു അവിടെ തിരിച്ചെത്തിയത്.

കാട്ടുവാസികൾ പൂജിക്കുന്ന കൊടും കാട്ടിലെ ശാസ്താക്ഷേത്രത്തിൽ ശിഷ്ടകാലം തീർക്കാനുള്ള മണികണ്ഠന്റെ തീരുമാനം രാജദമ്പതികൾ വേദനയോടെയെങ്കിലും അംഗീകരിച്ചു.

പുത്രതുല്യമായ വാത്സല്യത്തോടെ രാജദമ്പതികൾ അവനെ യാത്രയാക്കി.

അങ്ങനെ പ്രകൃതിയുടെ ദാസനായി കാടിന്റെയും കാട്ടുവാസികളുടെയും താപസരുടെയും സംരക്ഷകനായി ജനലക്ഷങ്ങളുടെ ആരാധനാപാത്രമായി മണികണ്ഠൻ തന്റെ കർമ്മത്തെ പൂർത്തീകരിച്ചു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ