മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ജയിൽ വാർഡൻമാരുടെ ഓഫീസിന്റെ വരാന്തയിലിരുന്ന് പതിവ് പത്രവായനയിൽ മുഴുകിയ കൈമളിനെ ഉണർത്തിയത്,പ്രധാനഓഫീസിന് സമീപത്തുനിന്നുയർന്ന ബഹളമായിരുന്നു.  
"ആരെയാണ് സാറേ അവിടെ വരവേൽക്കുന്നത് "
 
"നിങ്ങളുടെ നാട്ടിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകകേസിലെ, പ്രതികളെയാണ്,
കൊണ്ടുവന്നിരിക്കുന്നത്, എല്ലാവനും ക്രിമിനലുകൾ, വാർഡന്മാർ മാറിമാറി കൈത്തരിപ്പ് തീർക്കുകയാണ്, പോലീസുകാർ നല്ലതുപോലെ മേഞ്ഞിട്ടാകും ഇവിടെ കൊണ്ടുവരുന്നത്,അതിന്റെ കൂടെ ഇവിടെയുള്ളവന്മാർ കൂടി കൈവെച്ചു അവന്മാർക്ക് എന്തേലും പറ്റിയാൽ നമ്മളും തൂങ്ങണം, അതാണ് ഞാൻ ആ ഭാഗത്തേക്ക് അടുക്കാത്തത് "
 
ആ ബഹളത്തിൽ നിന്ന് മാറി നിന്ന, വാർഡൻ ഉത്തമനാണ് കൈമളിന് മറുപടി നല്കിയത്.
 
വാസുദേവ കൈമൾ എന്ന കൊലക്കേസ് പ്രതിയുടെ കഴിഞ്ഞ ആറുവർഷക്കാലത്തെ ജയിലിലെ നല്ലനടപ്പ് അദ്ദേഹത്തെ ജയിൽ ഉദ്യോഗസ്ഥരുടെ അടുപ്പക്കാരനാക്കി മാറ്റി , ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ പോലും കയറിചെല്ലുവാനുള്ള സ്വാതന്ത്ര്യം കൈമൾ ഈ കാലയളവിൽ നേടിയെടുത്തിരുന്നു,
 
നിരനിരയായി നിലക്കുന്ന ആറേഴ്പേര്, എല്ലാവരും തന്നെ കൈമളിന് പരിചിതമായ മുഖങ്ങൾ,
 
"കൂട്ടത്തിൽ ഒരു ചെക്കന് പതിനെട്ടു വയസ്സ് തികയുന്നതേയുള്ളു, ഇവനെയൊക്കെ വളർത്തിയതിന്റെ ദോശം, അല്ലാതെന്ത് പറയുവാൻ, ഭാവി തുലഞ്ഞില്ലേ, മതത്തിന്റെ പേരും പറഞ്ഞു ബോംബും, കടാരയുമായി ഇറങ്ങുന്ന ഇവനെയൊക്കെ ജയിലിനകത്തിട്ട് തന്നെ തീർക്കണം, അതാണ് വേണ്ടത് "
 
ഉത്തമൻ വൈകാരികമാകുമ്പോഴും കൈമളിന്റെ ശ്രദ്ധ വരിയായി നിൽക്കുന്ന ഏഴുപേരിൽ മൂന്നാമത് നിൽക്കുന്ന പതിനെട്ടുകാരനിലേക്കായിരുന്നു,
 

 
അന്നവന് പന്ത്രണ്ട് വയസ്സ് കാണും. വീട്ടിൽ ഇട്ടിരുന്ന നിക്കറും ബനിയനും ആയിരുന്നു വേഷം. തുടരെ കണ്ണീർ ഒലിച്ചിറങ്ങിയ അവന്റെ കവിൾത്തടങ്ങൾ പതിവിലേറെ വീർത്തിരിന്നു.
 
"ഡാ മോനേ നീ ഇങ്ങ് വാ, അങ്ങേർക്ക് ഭ്രാന്താണ് "
 
വീടിന്റെ ഉമ്മറത്തു നിന്ന് അന്നമ്മയുടെ വിളിച്ചു കൂവലിൽ അവനൊന്നു തിരിഞ്ഞെങ്കിലും
എന്റെ കൈകളുടെ ശക്തി അവനെ മുന്നോട്ടു നടത്തി,
 
"സൂര്യഅക്കയെ എന്തിനാണ് ഇപ്പോൾ അച്ഛൻ തല്ലിയത്‌ "
 
കമലപ്പന്റെ കടയിൽ നിന്ന് ബോണ്ടയും ചായയും കഴിക്കുന്നതിനിടയിൽ എന്നോടുള്ള അവന്റെ ചോദ്യം കടയുടെ പുറത്ത് ഭാഗ്യാന്വേഷികളെയും കാത്തുനിന്ന ലോട്ടറിക്കാരാൻ യൂനിസിന്റെ മോട്ടോർസൈക്കിളിൽ നിന്നുയർന്നുകൊണ്ടിരുന്ന
"നാളെയാണ്, നാളെയാണ് " എന്ന ശബ്ദത്തിന് മുന്നിൽ അനാഥമായി കെട്ടടങ്ങി,
 
പാതി പോലും വലിച്ചു തീർക്കാത്ത സിഗരറ്റിന് എന്റെ സ്ലിപ്പറിനാൽ അന്ത്യ ചുംബനവും, കമലപ്പന് കാശും നല്കി മടങ്ങവേയാണ്,കമലപ്പൻ വക ചോദ്യം ഉയർന്നത്.
 
"എന്താ കൈമൾ സാറേ പതിവില്ലാതെ, ചെക്കനുമായി ഒരു ചായ കുടിക്കാൻ വരവ്?"
 
അവന്റെ ചോദ്യത്തിൽ തെറ്റില്ല, അങ്ങനെ ചായക്കട സന്ദർശനം ശീലമില്ലാത്ത ഞാൻ മകനൊപ്പം ചെല്ലുമ്പോഴുള്ള ആകാംക്ഷയാണ് ആ ചോദ്യത്തിന് പിന്നിൽ,
 
മറുപടി നൽകുന്നതിനേക്കാൾ എന്റെ ശ്രദ്ധ മൊബൈലിൽ പൂള രാജീവന്റെ നമ്പർ ഡയൽ ചെയ്യുന്നതിലായിരുന്നു,
 
രാജീവന്റെ ഫോൺ ബെല്ലടിക്കുന്നില്ല,
 
"ഞാൻ അങ്ങോട്ട് വിളിച്ചോളാം, ഇങ്ങോട്ട് വിളി വേണ്ട"
 
രാജീവൻ അവസാനം നല്കിയ ഓർമ്മപ്പെടുത്തൽ മനസിലേക്ക് ,
 
ഫോൺ പോക്കറ്റിലിട്ട് ആലിൻതറയിലേക്ക് നടക്കുമ്പോഴാണ് എതിർദിശയിൽ സഖാവ് ബാലന്റെ വരവ്,
 
" അച്ഛനും മോനും എങ്ങോട്ടാണ്? "
 
ബാലന്റെ ചോദ്യത്തിന് എന്റെ ഭാഗത്ത്‌ നിന്ന് മറുപടി ഒന്നുമില്ലായിരുന്നു,
 
അല്ലേലും ഞാൻ എന്തിനാണ് മറുപടി നൽകുന്നത്, അവർക്കൊക്കെ പറയാൻ ഒരുപാട് പ്രത്യശാസ്ത്ര നിലപടുകൾ ഉണ്ട്,
 
എന്റെ വേദനയൊക്കെ, ഒരു കമ്മ്യുണിസ്റ്റ്കാരൻ ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള വേവലാതിയാണെന്നാണ്, അവരുടെ കണ്ടെത്തൽ,
 
"കൈമൾ സഖാവ് പുത്തൻപുരയിലെ അന്നമ്മയെ വിളിച്ചിറക്കികൊണ്ടുവരുമ്പോൾ പറഞ്ഞ ആദർശമൊക്കെ ഇപ്പോൾ മറന്നോ?"
 
അവരുടെ അത്തരം ചോദ്യങ്ങൾക്ക് എന്റെ ഭാഗത്ത്‌ മറുപടിയില്ലായിരുന്നു,
 
ഹസ്സൻമരക്കാർ മകൻ ആബിദ് ഹസ്സൻ എന്ന മുസൽമാൻ , വാസുദേവ കൈമൾ എന്ന എന്റെ മകൾ സൂര്യയെ പ്രണയിച്ചപ്പോൾ എനിക്കുണ്ടായ വേവലാതി, ഏതോരു അച്ഛന്റെയും വൈകാരികതയായി മാത്രം കണ്ട്, വാസുദേവ കൈമൾ എന്ന കമ്മ്യുണിസ്റ്റ് ഒരിക്കലും ഇങ്ങനെ സങ്കുചിതമായി ചിന്തിക്കരുതെന്നായിരുന്നു അവരുടെ കണ്ടെത്തൽ,
 
ആബിദ് ഹസ്സൻ എന്ന പേരോ, നെറ്റിയിലെ നിസ്കാരതഴമ്പോ അല്ല എനിക്ക്, അല്ലേൽ എന്നിലെ അച്ഛന് പ്രശ്നം, മറിച്ചു് ആരും അറിയാത്ത ആബിദ് ഹസ്സനിലെ ക്രിമിനലിനെ കുറിച്ചാണ് ആശങ്കയെന്ന എന്റെ വാദത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു, കാരണം അവരുടെ ക്യാമറ കണ്ണുകൾക്കുമപ്പുറമായിരുന്നു അവന്റെ പ്രവർത്തനമേഖല,
 
കാലം കുറേയായി ഈ നാട്ടിൽ നടക്കുന്ന വർഗ്ഗിയതയുടെ മേമ്പൊടി കലർന്ന സംഘർഷങ്ങളിലെല്ലാം തന്നെ ഒരു ഭാഗത്ത്‌ നേരിട്ട് ചിത്രത്തിൽ ഇല്ലാതെ ബുദ്ധി കേന്ദ്രമായി നിൽക്കുന്നത് ആബിദ് ആണെന്ന് തന്നോട് പറഞ്ഞത്, അവന്റെ ബാപ്പ, എന്റെ ഉറ്റ സുഹൃത്ത് ഹസ്സൻ മരക്കാർ ആയിരുന്നു,
 
" ഡോ കൈമളേ അവൻ ഹറാം പിറന്നു പോയി "
 
ഇങ്ങൾക്ക് എന്താ മരക്കാരെ, ചെറുപ്പക്കാർ പിള്ളേർ, ഒന്നും ആലോചിക്കാതെ എടുത്തുചാടുന്നതാണ് ".
 
എന്റെ വാക്കുകൾ മുഴുവനാക്കുവാൻ സമ്മതിക്കാതെ വീണ്ടും മരക്കാർ തുടർന്നു,
 
"ഇവിടെ നാട്ടിൽ സമാധാനക്കേട്‌ ഉണ്ടാക്കാൻ കുറെ എണ്ണം രണ്ട് ഭാഗത്തും ഇറങ്ങിയ കൂട്ടത്തിൽ ഒരു ഭാഗത്ത്‌ എന്റെ മോനും ഉണ്ടെന്ന് പറയുമ്പോൾ ഒരു വിഷമം അതാടാ കൈമളെ, മ്മൾ ഒന്നും പറഞ്ഞാൽ കേൾക്കില്ല പിള്ളേർ "
 
" അതിനൊക്കെ പരിഹാരം അല്ലേ ആ പറക്കുന്ന കൊടി "
 
ആളോഴിഞ്ഞ വായനശാലയുടെ മുറ്റത്തിരുന്നുകൊണ്ട് ഞാൻ മരക്കാരുടെ ശ്രദ്ധ ബസ്സ്‌സ്റ്റോപ്പിൽ മുളംകമ്പിൽ പാറിപറക്കുന്ന ചെങ്കൊടിയിലേക്ക് ക്ഷണിച്ചു.
 
"നിന്റെ ചെക്കൻ ചെറുപ്പം ആയോണ്ട് പ്രശ്നം ഇല്ല, അവൻ ഇത്തരത്തിൽ ആകുമ്പോഴേ നിനക്ക് ആ ബുദ്ധിമുട്ട് മനസിലാകൂ "
 
തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഹൃദയംപണിമുടക്കിയ രൂപത്തിൽ മരക്കാരെ മരണം കൂട്ടികൊണ്ട് പോയി,
 
അതിന് ശേഷം ഒന്നിലേറെ തവണ ആബിദ് ഹസ്സനെ ഞാൻ കണ്ടു,
 
ആദ്യം മരക്കാർ മരിച്ചു ദിവസങ്ങൾക്ക് ശേഷം,
 
"അങ്ങനെ ഒന്നും ഇല്ല കൈമൾ സാറേ, ഞാൻ എന്റെ പി. എസ്. സി കോച്ചിങ് സെന്റർ നടത്തി പോകുവല്ലേ "
 
സൂര്യയും അവിടെതന്നെയാണ് കോച്ചിംഗിന് പോയികൊണ്ടിരുന്നത് ,
 
എന്റെ കൃത്യമായ ചില ചോദ്യങ്ങൾക്ക് മുന്നിൽ അവനു സമ്മതം മൂളേണ്ടി വന്നു,
 
" അപ്പോൾ ബാപ്പ ചാകും മുമ്പ് എല്ലാം ഉറ്റ സുഹൃത്തിനോട്‌ പറഞ്ഞു അല്ലേ, സുഹൈലിന്റെ കട കത്തിക്കുമ്പോൾ, ബഷീറിനെ വെട്ടിയരിയുമ്പോൾ, റഫീക്കിന്റെ വീട് കത്തിക്കുമ്പോൾ, അവന്റെ ഉമ്മയെയും, പെങ്ങളെയും കത്തിമുനയിൽ നിർത്തുമ്പോൾ, പകരം ചെയ്യണ്ടേ കൈമൾ സാറേ, മറുപടി ചെയ്യാൻ തയ്യാറുള്ള മ്മടെ കൂട്ടത്തിലെ പിള്ളേർക്ക് ഒരു ബൗദ്ധിക പിന്തുണ അത്രയുമേ ഞാൻ ചെയ്യുന്നുള്ളു, സാർ ഇതാരോടും വിളമ്പാൻ ഒന്നും പോകേണ്ട "
 
മറുപടി ഒന്നും നൽകാതെയാണ് അന്ന് അവിടെനിന്ന് ഞാൻ ഇറങ്ങി പോയത്,
 
വീണ്ടും ആബിദിനെ കാണുവാൻ പോയത് സൂര്യ - ആബിദ് പ്രണയം നാട്ടിലാകെയറിഞ്ഞ സമയത്താണ്,
 
അതിന്റെ തലേദിവസം ആയിരുന്നു മെഡിക്കൽ റെപ്പ് സോബിനെ ഒരു സംഘമാളുകൾ വെട്ടിയത്, ആ രാത്രി പൂള രാജീവനും സംഘവും വീട്ടിൽ വന്നിരുന്നു,
 
" മോളേ കണ്ട ...ത്തനൊപ്പം അഴിഞാടാൻ വിട്ടോ, ഒന്ന് പറഞ്ഞേക്കാം, അവസാനം കരയരുത്, പിന്നെ കളത്തിന് പുറത്ത് നിന്ന് കളിക്കുന്ന അവനെ ഞങ്ങൾ
കണ്ടെത്തിയിട്ടുണ്ട് "
 
പൂള രാജീവനും കൂട്ടരും മടങ്ങിയ നേരം സൂര്യയുടെ ഭാഗത്ത്‌ നിന്നായിരുന്നു വീട്ടിലേ ആദ്യ ശബ്ദം ഉയർന്നത്,
 
" ആബിദ് സർ അങ്ങനെ ഒന്നുമല്ല ".
 
അവളുടെ ചെകിടത്ത് വലതു കൈ പതിപ്പിച്ചായായിരുന്നു എന്റെ മറുപടി, ഒരുപക്ഷേ അവൾ വലുതായ ശേഷമുള്ള എന്റെ ആദ്യത്തെ അടി,
 
അതിന് ശേഷം ഞാൻ പോയത്, വീണ്ടും ആബിദിനെ കാണുവാൻ ആയിരുന്നു,
 
"നീ രണ്ടിൽ ഒന്ന് ഒഴിവാക്കണം, ഒന്നുകിൽ നിന്റെ ഇപ്പോഴുത്തെ പ്രവർത്തന രീതി , അല്ലേൽ സൂര്യ"
 
ഉപദേശം അല്ലായിരുന്നു, ഒരു അച്ഛന്റെ അഭ്യർത്ഥന ആയിരുന്നു,
 
" ഈ വിഷയത്തിൽ കൈമൾസാർ കൂടുതൽ സൂര്യയുടെ തന്ത കളിക്കാൻ നിൽക്കണ്ട ,
ഇറച്ചികോഴിയുടെ തലയറുക്കുംമുമ്പ് ഒരു തുള്ളി വെള്ളം കൊടുക്കുന്നത് അറിയുമോ സാറിന് ഇനിയും ഈ വഴി ഇതും പറഞ്ഞു വരേണ്ട "
 
ഒരു ഗ്ലാസ്സ് വെള്ളം എനിക്ക് നേരേ നീട്ടി അവൻ പറഞ്ഞ വാക്കുകൾ,
 
ഗ്ലാസ്സിലെ മുഴുവൻ വെള്ളവും കുടിച്ചു പുറത്തേക്കിറങ്ങിയ ഞാൻ നേരേ നടന്നത് പൂള രാജീവന്റെ സങ്കേതത്തിലേക്കായിരുന്നു,
 
"മതേതര കമ്മ്യുണിസ്റ്റിന് ഇവിടെന്താ കാര്യം"
 
അവിടെ കൂടിയവരുടെ നാവുകൾ നിശബ്ദമായപ്പോൾ കണ്ണുകൾ ഉയർത്തിയ ചോദ്യം,
 
"മകളുടെ നിക്കാഹ് വിളിക്കാൻ വന്നതാവും"
 
കൂട്ടത്തിൽ ഒരുവന്റെ നാവുയർന്നു,
 
പൂളരാജീവന്റെ കൈകാട്ടലിൽ അവിടുത്തെ തുടർചർച്ചകൾ അവസാനിച്ചു,
 
രാജീവനോപ്പം ഞാനും പുറത്തേക്ക്,
 
മെഡിക്കൽ റെപ്പ് സോബിന്റെ ദേഹത്ത് പതിഞ്ഞ വടിവാൾ മുദ്രകൾക്ക് പകരം അബൂബക്കർ ഹാജി എന്ന അവരുടെ ചർച്ചയുടെ അജണ്ട എന്റെ ഇടപെടലോടെ മാറി,
 
"ആബിദ്ഹസ്സൻമരക്കാർ,
 
വടിവാൾ കൊണ്ടുള്ള വരയല്ല വേണ്ടത്, തീർക്കണം"
 
എന്റെ ആവശ്യം അംഗീകരിച്ച രാജീവന് പറഞ്ഞുറപ്പിച്ച തുക നൽകി ഞാൻ വീട്ടിലേക്ക്,
 
ഞാൻ മോനോപ്പം വടക്കേചന്തയിലെത്തും മുമ്പ് ഞാൻ കാത്തിരുന്ന ആ വാർത്തക്ക് നാട്ടിലാകെ ജീവൻവെച്ച് തുടങ്ങിയിരുന്നു,
 
" ഒരു സംഘമാളുകൾ ആബിദ് മാഷിനെ കോച്ചിംഗ് ക്ലാസ്സിലിട്ട് വെട്ടി കൊന്നു "
 
കടകൾ അടച്ചു തുടങ്ങിയ ആ വൈകുന്നേരം,മകനോപ്പം തിരികെ ഞാൻ വീട്ടിലേക്ക്,
 
വീടിന്റെ ഉമ്മറത്തു തന്നെ അന്നമ്മ കാത്തിരിപ്പുണ്ടായിരുന്നു,
 
" ആബിദിനെ ക്ലാസ് റൂമിൽകയറി ആരോ വെട്ടി"
 
ഞാൻ ആ വാർത്ത അന്നമ്മയോട് പറയുമ്പോൾ, അത് കേട്ട് തിരികെ മുറിക്കകത്ത് കയറി വാതിലടച്ച എന്റെ മോളേ പിന്നെ പുറത്തേക്കെടുത്തത് ജീവനില്ലാതെയാണ്,
 
മെഡിക്കൽകോളേജ് മോർച്ചറിയിൽ വെട്ടിമുറിക്കാനുള്ള ഊഴവും കാത്ത് മോളും ആബിദും കിടന്നത് ഒരുമിച്ചു തന്നെയായിരുന്നു,
 
ആബിദ്ഹസ്സൻ കൊലപാതകത്തിന്റ സൂത്രധാരനെന്ന നിലയിൽ പോലീസ് എന്നെ അറസ്റ്റ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ അന്നമ്മയെയും മരണം കൂട്ടികൊണ്ട് പോയി,
 
അമ്മയുടെയും, പെങ്ങളുടെയും മരണം, അച്ഛൻ കൊലക്കേസിൽ ജയിലിൽ, ബന്ധുവീടുകളിലെ താമസത്തിന്റെ അരക്ഷിതാവസ്ഥ ഇതിനിടയിൽ ഒറ്റക്കായ പന്ത്രണ്ട് വയസ്സുകാരൻ, എന്റെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ചുകൊണ്ട് അവനും വഴിമാറി സഞ്ചരിച്ചു തുടങ്ങി,
 
##### ##### ###### #######
 
" എന്താ കൈമളെ, പത്രവും കൈയിൽ പിടിച്ചു, ആലോചിച്ചുകൂട്ടുന്നത് "
 
ഉത്തമൻ പുറത്തുതട്ടിയപ്പോഴാണ് കൈമൾ ചിന്തകളിൽ നിന്ന് യാഥാർഥ്യത്തിലേക്ക് മടങ്ങിവന്നത്,
 
" അത് എന്റെ മോനാണ് സാറേ "
 
കൈമളുടെ വാക്കുകളിൽ ഇടർച്ച പ്രകടമായിരുന്നു,
 
അതേ സമയം ആ ഏഴുപേരും വിചാരണതടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് നടന്നുനീങ്ങുകയായിരുന്നു.
 
കെ. ആർ.രാജേഷ്
 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ