ജന്നത്തിൽ ഫിർദോസിന്റെ നനുത്ത മണം അവളുടെ നാസികളുടെ ഉള്ളറകളിലൂടെ ഇരച്ച് കയറി. ആ മണം ഉള്ളിലേക്ക് അടുക്കുമ്പോഴെല്ലാം കബീറിന്റെ വിരിഞ്ഞ രോമകുപുരമായ മാറിടം ഓർമ്മ വരും. പതിയെ അതിൽ ചുംബിക്കാനുള്ള നുര പൊന്തി വരും.
ചുംബിക്കാനാകാതെ അങ്ങ് ദൂരെ കബീർ ചരിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകാളായിട്ടിങ്ങനെയാണ്. വലിയ യുദ്ധത്തിനും ചോദ്യത്തിനുമുള്ള സാധ്യതകളെ മറിച്ചും മുറിച്ചും കളയാൻ കബീർ കൃത്യമായി പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗം കൂടിയാണീ ചേർന്ന് കിടക്കാത്തൊരു മറിഞ്ഞു കിടക്കൽ. അവസാന ഒട്ടിചേരലുണ്ടാവുന്നതിന് തൊട്ട് മുൻപൊരു ചോദ്യത്തിന് ചുംബനം കൊണ്ടാണ് ഉത്തരം തന്നത്. ചിലപ്പോഴൊക്കെ തോന്നാറുണ്ട് ആണുങ്ങളെല്ലാം അങ്ങനെയാണ് പിടിവിട്ട് പോയേക്കാവുന്ന പ്രണയപാത്രമാണെന്ന് തിരിച്ചറിയുന്നതിന് തൊട്ട് മുൻപുള്ള സമയം ഉത്തരത്തിനിടം വെക്കാതെ ചുണ്ടിൽ അമർത്തി ചുംബിക്കും, ശ്വാസത്തിന്റെ ഈർപ്പം അടിക്കും വിധം അത് പടർന്ന് നേർത്ത് കഴുത്തിലേക്കും മുലയിലേക്കും വിശാലമായ അടിവാരങ്ങളിലേക്കും ഒരു വേട്ട കുതിരയെ പോലെ സഞ്ചരിക്കും. ഉഴുത് മറിക്കും. ഒട്ടി ചേരും. അങ്ങനെ" ചോദ്യം " ഉത്തരം കിട്ടാതെ വെറുതെ മുഴച്ച് മന്ത് പോലെ നിന്ന് മുരടിക്കും അത്ര തന്നെ.
അന്നുച്ചയ്ക്ക് കടൽ കാണാൻ പോയതവൾക്കത്ര ബോധിച്ചിട്ടില്ല എന്നത് കബീറിന് വ്യക്തമാണ്. ഒഴിവുദിവസത്തിലെ നട്ടുച്ചനേരത്തെ കടൽതീരം പൊള്ളയാണ്. എന്നിട്ടും കബീറുള്ളിടം ശൂന്യതക്ക് വിട്ട് കൊടുക്കാതെ അവൾ അവന്റെ വലത്തേ തോളിലേക്ക് ചാഞ്ഞു. വീണ്ടും വീണ്ടും ജന്നത്തിൽ ഫിർദോസിന്റെ നനുത്ത മണം സിരയിൽ പ്രേമം മൂക്കിപ്പിച്ചു. തല കൂടുതൽ വലത്തോട്ട് ചരിച്ച് കബിറിന്റെ അടിത്തട്ടിലെ ചുണ്ടിലേക്ക് നോക്കിയിരുന്നു.
പതിയെ അവനെ വിളിച്ചു.
'കബീർ'.....
"ഉം" മൂളൽ അവസാനിപ്പിക്കുംമുൻപ് ചുണ്ടോട് ചേർന്ന് നിശബ്ദമായി ചുംബിക്കാനൊരുങ്ങിയ അവളെ തള്ളി മാറ്റി കബീർ ഞെട്ടിത്തെറിച്ചു. പതിവില്ലാതെ ഉറക്കെ ഗർജ്ജിച്ചു.
"വാ എണീക്ക്, എവിടാ അന്നെ കൊണ്ടാക്കാ, ഇതൊരു പബ്ലിക് പ്ലേസ് ആണ്."
തരിച്ച് അവനോടൊപ്പം കടൽ തീരം മുറിയെ നടന്നു. നടക്കുന്നതിടയിൽ അപമാന ഭാരത്തിൽ ഉച്ചിയിലൊരു കാര്യം ഉദിച്ചു. ഈ കണ്ട നാളുകളിൽ ആദ്യമായി ആണ് "ഞാൻ" അവനെ ചുംബിക്കാനൊരുങ്ങുന്നത് എന്ന്. ഇത്രയും നാൾ ചുംബിച്ചത് അവനായിരുന്നു എന്ന്. നീര കാരണം അപമാനം അവൾ അന്നേരം വലിച്ചു കുടിച്ചു. ചുണ്ടുകൾ ഇറുക്കി പിടിച്ചു. പിന്നീട് ഒരിടവേളയിലും ആ മധുരം നുണയാൻ ശ്രമിച്ചില്ല. ശ്രമിക്കാത്തപക്ഷം ഒന്നും സാധ്യമല്ലാത്ത തത്വത്തിൽ ആ ചെറിയ പ്രേമം ആരും അറിയാതെ വളഞ്ഞു മുരടിച്ചവസാനിച്ചു.
മാസങ്ങൾക്കപ്പുറം, റെയിൽവേ സ്റ്റേഷന് മുന്നിൽ, ആളൊഴിഞ്ഞ തീയറ്ററുകളിൽ, അടഞ്ഞ മുറിക്കുള്ളിൽ, ഹോട്ടൽമുറിക്കുള്ളിൽ, പടിക്കെട്ടിന്റെ വളവുകളിലെല്ലാം വെച്ചുവാങ്ങിയ അവന്റെ ചുംബനങ്ങൾ അന്നേരം അവളെ നോക്കി പല്ലിളിച്ചു. കടൽ തീരങ്ങളിൽ കമിതാക്കൾ ചുംബിച്ചുകൊണ്ടേയിരുന്നു.