എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിട്ടും കെട്ടിയോനെ അടുക്കളേലോട്ട് കാണാത്തതുകൊണ്ടാണ് വൈഗ, കിഷോറിനെയും അന്വേഷിച്ച് ബെഡ് റൂമിലേക്ക് ചെന്നത്. കണ്ണു രണ്ടും തുറന്ന് പിടിച്ച് ഗാഢമായ
എന്തോ ആലോചനയിലാണ് പുള്ളിക്കാരൻ. ഇങ്ങനെയൊന്നും സംഭവിക്കാത്തതാണ്. ഇതെന്ത് പറ്റീതാണോ?
"കിച്ചുവേട്ടാ..." പതിയെയുള്ള അവളുടെ വിളിയിൽ അകലെ നിന്നെന്നോണമവൻ വിളി കേട്ടു.
ആഹ്..
''ഇതെന്താ പതിവില്ലാത്ത ഒരു കിടത്തം. എന്തുപറ്റി...
വയ്യേ ?" ചോദ്യത്തോടൊപ്പം തന്നെ കിടക്കയുടെ ഓ രത്തായി അവൾ ഇരുന്നു. ചെറുനാരങ്ങ മണമുള്ള നനവാർന്ന കൈത്തലം അവന്റെ നെറ്റിയിൽ സ്പർശിച്ചു.
"എയ് ഒന്നുമില്ലെന്റെ പെണ്ണേ, ഞാനിങ്ങനെ വെറുതെ... ഞാനിന്നലെയും അതേ സ്വപ്നം തന്നെ കണ്ടു. ഉണർന്നിട്ടും അതിങ്ങനെ മനസിൽ കിടന്ന് വേവുകയാ." പറച്ചിലിനൊടുക്കം അവന്റെ മനസും ആ സ്വപ്നത്തിന് പിറകെ പോയതുപോലെ തോന്നി.
"ദേ, നോക്ക് ആ സ്വപ്നത്തിന്റെ കാരണം എന്താന്ന് അറിയോ... കിച്ചു ഏട്ടന് ?''
"എന്താണ് ?"
ആകാംക്ഷയുടെ ഒരു വേലിയേറ്റം തന്നെയുണ്ടായിരുന്നു അവന്റെ ചോദ്യത്തിന്.
"നമുക്ക് പിറക്കാൻ പോകുന്നത് ഒരു മോളൂട്ടിയാവും, അതാ അങ്ങനെയുള്ള സ്വപ്നം തന്നെ കാണുന്നത്." അവളുടെ സ്വരത്തിലും മുഖത്തും നാണത്തിന്റെ ശോണിമ പടരുന്നത് കിഷോർ കണ്ടു. ഏഴു മാസം ഗർഭിണിയാണ് വൈഗ. ആ സ്വപ്നത്തിന്റെ അർത്ഥം അങ്ങനെ തന്നെ ആയിരിക്കട്ടെയെന്ന് ആശ്വസിച്ചു കൊണ്ട് അവൾക്കരികിലേക്ക് നീങ്ങി കിടന്നു. പിന്നെ ശ്വാസോച്ഛാസം ചെയ്യുമ്പോൾ ഉയർന്നു താഴുന്ന അവളുടെ വയറിനു മേൽ മുഖം ചേർത്തു.
"അച്ഛേടെ ചുന്ദരിയാണോ അമ്മേടെ വയറിനുള്ളിൽ ഒളിച്ചിരിക്കുന്നേ..." പതിയെയുള്ള അവന്റെ ശബ്ദത്തിൽ ഉള്ളിലെവിടെയോ ഒരു ഇക്കിളിപ്പെടുത്തലിന്റെ ചലനം വൈഗ തിരിച്ചറിഞ്ഞു. അതിന്റെ പ്രകമ്പനം കിഷോറും ഏറ്റുവാങ്ങി.
ജ്വല്ലറിയിലേക്ക് ബൈക്കോടിച്ച് പോകുമ്പോഴും അവന്റെ മനസിൽ അതു തന്നെയായിരുന്നു . തുടർച്ചയായി കാണുന്ന ആ സ്വപ്നം, 'കൊലുസണിഞ്ഞ രണ്ട് പാദങ്ങൾ' ഉറക്കം കളയാൻ തുടങ്ങീട്ട് ഏറെ ദിവസമായി. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും അത് തന്നെയായിരുന്നു മനസു നിറയെ. എന്താണിങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സ്വപ്നത്തിന്റെ അർത്ഥം തേടി ഒരു പാട് അലഞ്ഞു. അറിവുള്ളവരോട് അതിനെ പറ്റി ചോദിച്ചപ്പോൾ അവർക്കറിയാവുന്ന അറിവുകൾ പങ്കുവെച്ചെങ്കിലും അതൊന്നും മനസിന് തൃപ്തി നൽകാൻ പോന്നവയായിരുന്നില്ല.
കസ്റ്റമേഴ്സ് വന്നാൽ അവരെ വാചകമടിച്ച് വീഴ്ത്താനുള്ള കഴിവ് അവനെ കഴിഞ്ഞേ മറ്റാർക്കുമുള്ളു. അങ്ങനെയുള്ളവനാണ് ആകെ . ശ്രദ്ധയില്ലാതെ അലസനായിട്ടിരിക്കുന്ന കിഷോറിന്റെ ചുമലിൽ ടോണിയുടെ കൈത്തലം പതിഞ്ഞു.
"എന്താടാ കിച്ചു, എന്താ നിനക്ക് പറ്റീത് . ആകെ ഡള്ളായിരിക്കുന്നല്ലോ...?" സുഖമില്ലേ...?
"ഏയ്, ഒന്നുമില്ലെടാ. ഞാനന്നു പറഞ്ഞ "ആ സ്വപ്നം " അതെന്നെ വല്ലാതെ വേട്ടയാടുന്നെടാ. ഉണർന്നെണീച്ചാലും അതിന്റെ മാറ്റൊലികൾ മനസിൽ തങ്ങിനിൽക്കുവാ. നിനക്കറിയോ എന്റെ പെണ്ണിനോട് പോലും നേരെ ചൊവ്വേ സംസാരിക്കാൻ പറ്റുന്നില്ല. ഏത് സമയവും അതിനെ പറ്റിയാണെന്റെ ചിന്ത" ടെൻഷനോടെയുള്ള അവന്റെ വാക്കുകൾക്ക് മറുവാക്ക് പകരാൻ വാ തുറന്നതായിരുന്നു ടോണി. അപ്പോഴാണ് ഷോപ്പിനു മുന്നിൽ വലിയൊരു കാർ വന്ന് നിന്നത്. കാറിൽ നിന്നും ഇറങ്ങിയ ആളിനെ കണ്ട് പറയാൻ വന്നത് വിഴുങ്ങി കൊണ്ടവൻ കിഷോറിന്റെ കൈകളിൽ മുറുകെ പിടിച്ചു.
"ഡാ.., അത് ആരാന്നറിയോ...,?" അവന്റെ ചോദ്യം കേട്ട് ആകാംക്ഷയോടെ കിഷോറും പുറത്തേക്ക് നോക്കി. അവന്റെ കണ്ണുകളും വിടർന്നു.
നഗരത്തിലെ പേരുകേട്ട 'ഐവറി ഫിനാൻഷ്യസി'ന്റെ എം ഡി സത്യജിത്ത് സാർ. മനസിൽ തികട്ടിയത് ചുണ്ടിലൂടെ പ്രവഹിച്ചു.
"ഇങ്ങേരെപ്പോലുള്ള വലിയ മനുഷ്യനൊക്കെ നമ്മുടെ ഷോപ്പില് വരികാന്ന് വെച്ചാ ചില്ലറക്കാര്യല്ല !'' അവനു മാത്രം കേൾക്കാൻ പാകത്തിൽ ടോണി പറഞ്ഞു. അവന്റെ വാക്കുകൾക്ക് ചെവികൊടുക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് നാല് വയസു വരുന്ന ഒരു സുന്ദരികുട്ടിയേയും കൊണ്ട് പുറത്തേക്കിറങ്ങി.
ഡോറു തുറന്ന് ഉള്ളിലേക്ക് കയറി വന്ന അവരുടെ കയ്യിലുള്ള മോളുടെ മുഖത്തേക്കാണ് കിഷോറിന്റെ നോട്ടം പാറി വീണത്. ചെമ്പൻ നിറമുള്ള ആ കുഞ്ഞു മിഴികളിൽ നിറയെ കുസൃതി നിറഞ്ഞിരുന്നു.
''മോളൂട്ടി... " എന്ന് വാൽസല്യത്തോടെ വിളിച്ചു കൊണ്ട് ആ കുഞ്ഞു കവിളിണയിൽ അവനൊരു പിച്ച് കൊടുത്തു.ഇക്കിളിപ്പെട്ട പോലെ അമ്മയുടെ കയ്യിലിരുന്നവൾ കൊഞ്ചി ചിരിച്ചു. പെങ്ങടെ കുട്ടികളെ കൊഞ്ചിച്ചു കൊണ്ടുള്ള എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ആ കുഞ്ഞിനോട് കൂട്ട് കൂടാൻ അവന് ബുദ്ധിമുട്ടുണ്ടായില്ല.
"മോളൂട്ടിയുടെ പേരെന്താ.. ?"
"നില" കൊഞ്ചി കൊണ്ടവൾ പറഞ്ഞു.
നിലയോ ! അവന്റെയും, ടോണിയുടെ സ്വരം ഒന്നിച്ച് പുറത്ത് വന്നു.
അയ്യോ..! നിലയല്ല .. നിള. മോൾക്ക് 'ള ' പെട്ടെന്ന് വഴങ്ങില്ല,അതാ. സാറ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. അവരും ആ ചിരിയിൽ പങ്കു ചേർന്നു.
"ഇരിക്കൂ .., എന്താണ് സർ വേണ്ടത്..?" അവർ പെട്ടെന്ന് തന്നെ കർത്തവ്യ നിരതരായ ജോലിക്കാരായി മാറി.
"കൊലുസ് " മോൾക്കാണ്.
കുറച്ച് നേരത്തേക്കെങ്കിലും മറന്ന വിഷയം വീണ്ടും കിഷോറിന്റെ മനസിൽ തലപൊക്കി.
"സ്വർണ്ണ കൊലുസല്ലേ..., സർ " ടോണി മറ്റൊന്നും ശ്രദ്ധിക്കാതെ അവന്റെ ജോലിയിൽ വ്യാപൃതനായ പോലെ തോന്നി.
അല്ല ; വെളളി മതി ഒരു പാട് മണികളൊക്കെ ഉള്ളത്, നടക്കുമ്പോൾ ശബ്ദത്തോടെ കിലുങ്ങുന്ന അങ്ങനെയുള്ളത് മതി.
''ങ്ഹും, വല്യ പണക്കാരനാണ്. എന്നിട്ടാണ് മോൾക്ക് വെള്ളിക്കൊലുസ് വാങ്ങിയിട്ടു കൊടുക്കുന്നത് " . ഇത്തിരി കുശുമ്പോടെ ചെറുതായി പിറുപിറുത്തു കൊണ്ട് കിച്ചു വിന്റെ കൈക്കിട്ട് ." കിച്ചു ഒന്ന് നോക്കീട്ട് എട്ത്ത് കൊടുത്തേ."
സ്വർണ്ണം വേണ്ട ,വെള്ളി മതിയെന്ന അവരുടെ വർത്തമാനത്തിൽ നിന്നും ടോണിക്ക് ആ വിഷയത്തിനോട് ഇത്തിരി താൽപ്പര്യം കുറഞ്ഞതുപോലെ തോന്നി. ഒരു ചിരിയോടെ ആ കുഞ്ഞു കാലിന്റെ അളവ് മനസിൽ കണക്കാക്കി നിറയെ മണികളുള്ള കൊലുസുകളെടുത്ത് കിച്ചു ആ ദമ്പതികളുടെ മുന്നിൽ നിരത്തി. ഏറെ നേരത്തെ തിരച്ചലിനൊടുക്കം അവർക്ക് ഇഷ്ടപ്പെട്ട ഒരെണ്ണമെടുത്ത് അവനു നേരെ നീട്ടി.
"സാർ, മോളുടെ കാലൊന്ന് കാണിക്കാമോ..? അളവ് കറക്ട് ആണോന്ന് നോക്കാനാ."
"ഓഹ്, അതിനെന്താ " സന്തോഷത്തോടെയദ്ദേഹം മോളെ ഭാര്യയുടെ കയ്യിൽ കൊടുത്ത് എഴുന്നേറ്റ് നിലത്ത് മുട്ടുകുത്തി നിന്നു.
ഇയാളിതെന്താ കാണിക്കാൻ പോകുന്നതെന്ന് മനസിൽ നിരീച്ച് ഇരിപ്പിടത്തിൽ നിന്നും പാതി എഴുന്നേറ്റ് കിച്ചു താഴേക്ക് നോക്കി.
പാദത്തോളം വരുന്ന നീലയുടുപ്പിട്ട പൂച്ച കണ്ണുകളുള്ള ആ മാലാഖ കുഞ്ഞിന്റെ ഫ്രോക്കിന്റെ കുറച്ച് ഭാഗം മേലോട്ടുയർത്തി, മുട്ടിന് താഴെയായി ഘടിപ്പിച്ച 'സ്റ്റീല്‍ റാഡ് ' ഊരിയെടുക്കുന്ന കാഴ്ച ! അവനെ അന്ധനാക്കുന്ന തരത്തിലായിരുന്നു.
സ്തംഭിച്ചു നിൽക്കുന്ന അവന്റെ മുന്നിലേക്കത് വെയ്ക്കുമ്പോൾ ആ മുഖത്ത് നിഴലിച്ചു നിന്നിരുന്നത് ഒരു തരം നിർവികാരിക ഭാവമായിരുന്നു.
"സാർ, ഇത്..!" അവന്റേതല്ലാത്ത ചിലമ്പിയൊരു സ്വരം പുറത്തേക്ക് തെറിച്ചു.
"താങ്കളല്ലേ! കൊലുസ് പാകമാണോന്ന് നോക്കാൻ മോൾടെ കാല് വേണംന്ന് പറഞ്ഞേ ദേ, അത് തന്നെയാ ഇത് ". മിഴിച്ചു നിൽക്കുന്ന അവന്റെ കാതുകളിലേക്ക് ഏത് തരം വികാരമാണെന്ന് തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ അടുത്ത വാക്കുകൾ കൂടി ചിതറി വീണു.
"എട്ടൊമ്പത് വർഷത്തിന് ശേഷം പിറന്നു വീണ മോളാ.., പക്ഷെ ജനിച്ചപ്പോ മുട്ടിന് താഴെ ശൂന്യമായിരുന്നു "മുടിയും, പല്ലും, ഇല്ലാതെ ജനിക്കുന്നതു പോലെയല്ലല്ലോ..? ശരീരത്തിൽ അവയവങ്ങൾ ഇല്ലാതെ പിറന്നാൽ. മറുമരുന്ന് കൊടുത്ത് തിരികെ നേടാൻ പ്രതീക്ഷയ്ക്ക് വകയുള്ളതുമല്ലല്ലോ ഇത്. മോൾടെ പ്രായത്തിൽ മുട്ടിലിഴഞ്ഞ് പോകുന്ന കുഞ്ഞുങ്ങളെ കാണുമ്പോ, നെഞ്ച് പൊട്ടുമായിരുന്നു. നടക്കാനായ പ്രായമായപ്പോ കുടുംബ ഡോക്ടർ ആണ് ഈ നിർദ്ദേശം വച്ചത്.കൊച്ചിലേ ശരീരവുമായി സ്റ്റീൽറാഡ് ഇണങ്ങിയാ; വളരുമ്പോ, അത് പ്രയാസമാവില്ലെന്ന്. ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഇന്നവൾ അതുമായി പൊരുത്തപ്പെട്ടു. കാലിൽ ചെരുപ്പൊക്കെ ഇടുന്നതു പോലെ മുട്ടിന് താഴെ കാൽ ഫിറ്റാക്കണം ന്നല്ലേയുള്ളു. ഇന്നലെ മോളുടെ ബർത്ത് ഡേ ആയിരുന്നു. അതിൽ ചങ്ങാതിമാരും, ഭാര്യമാരും, കുട്ടികളുമൊക്കെ പങ്കെടുത്തിരുന്നു. അതിലൊരു കുഞ്ഞിന്റെ കാലിൽ ഇതുപോലുള്ള കൊലുസ് കണ്ടു. ശബ്ദമുണ്ടാക്കി കൊണ്ട് അകത്തളങ്ങളിലവൾ ഓടി നടന്നു. അതിന്റെ കിലുക്കം മോൾടെ മനസിലും ഓളങ്ങൾ സൃഷ്ടിച്ചു. അവർ പോയതിനു ശേഷം അതുപോലൊരെണ്ണം വാങ്ങി തരുമോ എന്നായിരുന്നു ചോദ്യം. കണ്ണീരുപ്പിന്റെ വാക്കുകൾ മനസിൽ സ്ഫോടന മഴ പെയ്യീക്കുന്നുണ്ടായിരുന്നു. കുറച്ച് മാറിയിരിക്കുകയായിരുന്ന ടോണി അദ്ദേഹത്തിന്റെ സംസാരം കേട്ട് അവന്റെയരികിലേക്ക് വന്നു.
ഒന്നും മിണ്ടാനാവാതെ കയ്യിലുള്ള പാദസരം തണുപ്പു നിറഞ്ഞ ആ റാഡിലേക്ക് ചേർക്കുമ്പോൾ കൈകൾ വിറകൊള്ളുന്നതും മിഴികൾ സജലങ്ങളാവുന്നതും അവനറിഞ്ഞു. നിറഞ്ഞു വരുന്ന കണ്ണീർ കണങ്ങളെ അദ്ദേഹം പുറം ലോകം കാട്ടാതെ കണ്ണട മറയ്ക്കുള്ളിൽ നിന്നും തൂവാല കൊണ്ട് തൂത്തുകളയുന്നത് പാട കെട്ടിയ കണ്ണിന്റെ ഒരു കോണിലൂടെ അവനും കാണുന്നുണ്ടായിരുന്നു.
പാദസരങ്ങൾ സ്റ്റീൽ റാഡിൽ ഇട്ടു കൊടുത്ത് മോളുടെ മുട്ടിലേക്കത് ചേർത്ത് വെയ്ക്കുമ്പോൾ അദ്ദേഹത്തിന്റെയും, ഭാര്യയുടെയും കണ്ണുകൾ നിറഞ്ഞ് തൂവുകയായിരുന്നു. നിളക്കുട്ടി സന്തോഷത്തിലായിരുന്നു. കൊലുസണിഞ്ഞ പാദങ്ങളോടെ അവളാ ഏരിയ മുഴുവൻ ഓടി നടന്നു. ഇടയ്ക്ക് നന്ദി അറീക്കാനെന്ന മട്ടിൽ കിച്ചുവിനരികിലേക്ക് ഓടി വന്ന് അവന്റെ കൈകളിൽ തൂങ്ങി. വാരിയെടുത്ത് ആ കുഞ്ഞിക്കവിളുകളിൽ ചുണ്ടു ചേർക്കുമ്പോൾ മനസിൽ അകാരണമായൊരു വേദന ഊറി ക്കൂടുന്നതവനറിഞ്ഞു. ബില്ല് പേ ചെയ്ത് വീണ്ടും കാണാമെന്ന ഭംഗിവാക്കും പറഞ്ഞ്, കൊലുസിന്റെ നേരിയ കിലുക്കത്തോടെ അകന്നു നീങ്ങുന്ന അവരെ നോക്കി കിച്ചുവും, ടോണിയും നിറഞ്ഞ കണ്ണുകളോടെ നിന്നു. അതു വരെ തേടിയലഞ്ഞ 'സ്വപ്നത്തിലെ കൊലുസിന്റെ 'ഉത്തരം കിട്ടിയ ഞെട്ടലിൽ അപ്പൊഴും അവൻ മുക്തനായിരുന്നില്ലെന്ന് മാത്രം.