"മോനേ ഈ കണ്ണിമാങ്ങാ അച്ചാറും ചക്ക വറുത്തതും കൂടെ ബാഗിൽ വയ്ക്കണേ." അമ്മ ഒരു ഹോർലിക്സ് ഭരണി നിറയെ അച്ചാറുമായി വന്നു.കൂടെ ഒരു പായ്ക്കറ്റ് ചക്ക വറുത്തതും.
"ഇതൊന്നും വേണ്ടമ്മേ.ഇപ്പോൾ തന്നെ ബാഗു ഫുള്ളാണ്. ഇനീം കുറച്ച് ഡ്രസ്സ് കൂടിവെക്കാനുണ്ട്." ഗോകുൽ സ്നേഹത്തോടെ ആ സ്നേഹപ്പൊതി നിരസിച്ചു. ഒരു ബാഗിൽ അത്യാവശ്യം വേണ്ട ഡ്രസ്സും എടുത്തു വച്ചു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മനസിൽ എന്തോ വിങ്ങുന്ന നൊമ്പരം തോന്നി. അച്ഛന്റെയും അമ്മയുടെയും പാദം തൊട്ടു നമസ്കരിച്ചു. അനിയനെ കെട്ടിപ്പിടിച്ച് അവന്റെ കവിളത്ത് ഒരു ഉമ്മ കൊടുത്തു. അനിയത്തിയുടെ കവിളിൽ ഒരു നുള്ളും കൊടുത്ത് കൽപടവുകൾ ഇറങ്ങിയപ്പോൾ കണ്ടു, അയലത്തെ വീട്ടിലെ ജനലരികിൽ ഒരു നിഴലനക്കം. അമ്മുക്കുട്ടിയാണ്. കുഞ്ഞുനാൾ മുതലേ ഉളള കളിക്കൂട്ടുകാരിയാണ്. ഇന്ന് ഗോകുലിന്റെ പ്രണയിനിയും. മിഴികളാലും മൗനമൊഴികളാലും അവളോട് യാത്ര പറഞ്ഞു.
എല്ലാവരേയും പിരിയുന്നതിൽ ദുഃഖം ഉണ്ടെങ്കിലും ഒരു ജോലി അത്യാവശ്യമായതിനാൽ ശ്രീഹരിയുടെ കമ്പനിയിൽ വേക്കൻസി ഉണ്ടെന്നറിഞ്ഞ് അപ്ലൈ ചെയ്തു. ഉപരിപഠനത്തിനായി പുറത്തേക്ക് പോകണം എന്ന പ്രതീക്ഷയിലായിരുന്നു നാളിതുവരെ. അച്ഛൻറെ രോഗവും, വീട്ടിലെ കടബാധ്യതകളും കാരണം ഒരു ജോലി അനിവാര്യമായി വന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിലാണ് ഈ ജോലി തിരഞ്ഞെടുക്കാൻ അവൻ നിർബന്ധിതനായത്.പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല.
അങ്ങനെ ഗോകുൽ ബാംഗ്ലൂർ നഗരത്തിൽ എത്തി.കൂട്ടുകാരൻ ശ്രീഹരിയുടെ കമ്പനിയിൽ ജോയിൻ ചെയ്തു. ജോലിക്കാർക്ക് താമസിക്കാനായി പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ക്വാർട്ടേഴ്സിലേക്ക് അവന്റെ ജീവിതം പറിച്ചുനടപ്പെട്ടു. ആദ്യം കുറച്ചു വിഷമം ഉണ്ടായിരുന്നെങ്കിലും പിന്നെ പിന്നെ എല്ലാം ഒരു ശീലമായി തീർന്നു.
അധ്വാനത്തിന്റെ മഹത്വം അറിഞ്ഞ നാളുകൾ. കഷ്ടപ്പാടിന്റെയും വിശപ്പിന്റെയും വില മനസ്സിലായ സാഹചര്യങ്ങൾ. ഏറ്റെടുത്ത ജോലിയിൽ ആത്മാർത്ഥതയും, സത്യസന്ധതയും നിറച്ച്, കൃത്യതയോടെ ജോലി ചെയ്തതിന്റെ പ്രതിഫലമായി സ്ഥാനക്കയറ്റം കിട്ടി. മെല്ലെ മെല്ലെ ചവിട്ടുപടികൾ ഒന്നൊന്നായി കയറി സാമാന്യം നല്ല തസ്തികയിലെത്തി. നല്ല ശമ്പളവും.
പുലരികൾ വിരിയുകയും സന്ധ്യകൾ കൊഴിയുകയും ചെയ്തു കൊണ്ടിരുന്നു. ഋതുക്കളും സംവൽസരങ്ങളും കടന്നു പോയി. അനിയത്തിയുടെ വിവാഹവും അനിയന്റെ പഠനവും കഴിഞ്ഞു. അയലത്തെ സുന്ദരി അമ്മുക്കുട്ടി ഇന്ന് ഗോകുലിന്റെ കുഞ്ഞിന്റെ അമ്മയാണ്.
ഓണത്തിന് അവർ മൂന്നാളും കൂടി നാട്ടിൽ വന്നു മടങ്ങുമ്പോൾ അമ്മയുടെ സ്നേഹപ്പൊതികൾ കൊണ്ട് കാറു നിറഞ്ഞു.
"മോനേ ഈ കണ്ണിമാങ്ങാ അച്ചാറും ചക്ക വറുത്തതും കൂടി വയ്ക്കണേ."
അമ്മയുടെ സ്നേഹത്തണലിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഗോകുലിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി.