mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഞാന്‍ കടന്നുപോയ പട്ടണങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്ഥലമായിരുന്നില്ല ബല്ലാരി. പത്രങ്ങളിലെ രാഷ്ട്രീയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പേര് എന്നതിനു പുറമെ സായിഭക്തനായ സുഹൃത്ത്‌, ബാബയുടെ

പുനരവതാരം നടക്കുമെന്നു (പവചിച്ച സ്ഥലവും ബല്ലാരിയായിരുന്നു. പക്ഷെ ഇതൊക്കെ സ്‌റ്റേഷനിലിറങ്ങിയ ശേഷമാണ്‌ ഞാന്‍ ഓര്‍ത്തതും. കാരണം ട്രെയിനിലെ അസുഖകരമായ അവസ്ഥയാണ്‌ എന്നെ അവിടെയിറക്കിയത്‌. പൊടുന്നനെ ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു.

റിസപ്ഷനില്‍ ഒരു സ്ര്തീ ഇരിക്കുന്നുണ്ട്‌. അവള്‍ക്ക്‌ എന്നെക്കാളും ചെറുപ്പമായിരുന്നു. അവള്‍ നിവര്‍ന്ന്‌ എന്നെ നോക്കി പുഞ്ചിരിച്ചു.
“മുറിയാണോ നിങ്ങള്‍ക്ക്‌ വേണ്ടത്‌” - അവള്‍ ചോദിച്ചു.
“അതെ”
‘‘വരൂ’’
അവള്‍ എന്നെ മുകളിലേക്ക്‌ നയിച്ചു. പിന്നെ പഴമയുടെ മണമുള്ള ഇരുണ്ട ഇടനാഴിയിലൂുടെയും.
“നിങ്ങള്‍ക്ക്‌ ഭാഗ്യമുണ്ട്‌. നാളെ ക്വാറികളുടെ ലേലം വിളിയാണ്‌. മുതലാളിമാരുടെ ശിങ്കിടികളെ പാര്‍പ്പിച്ചിരിക്കുകയാണ്‌. ഇതൊഴികെ എല്ലാം അവര്‍ എടുത്തിരിക്കുകയാണ്‌.”

അവള്‍ സംസാരത്തിനിടയില്‍ മുറി തുറന്നു. ഞാന്‍ അകത്ത്‌ കയറി ബാഗ്‌ താഴെ വച്ചു. ഒരു മേശയും കസേരയും കിടക്കയും അല്ലാതെ അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല.

“ടോയ്‌ലറ്റും കുളിമുറിയും ഇടനാഴിയുടെ വലത്തേ അറ്റത്താണ്‌”. അവള്‍ പറഞ്ഞു.
ശേഷം മുറ്റത്തേക്ക്‌ മുഖം തിരിച്ച്‌ നില്‍ക്കുന്ന ജനല്‍ തുറന്നു. ഒരു പത്തുവയസ്സുകാരന്‍ അവിടെ ഗോട്ടി കളിക്കുന്നു.

“എന്റെ മകന്‍” അവള്‍ പറഞ്ഞു. കിടക്കയിലെ ഷീറ്റുകള്‍ മാറ്റി വിരിച്ചു. ഇഷ്ടപ്പെട്ടുവെന്ന്‌ വിശ്വസിക്കുന്നു. വിശപ്പുണ്ടെങ്കില്‍ മാര്‍ക്കറ്റിലൂടെ അരകിലോമീറ്റര്‍ നടന്നാല്‍ ഒരു തട്ടുകട കാണാം.... ഇടതുവശത്തായി.......

“താങ്ക്‌സ്‌” ഞാന്‍ പറഞ്ഞു.
അവള്‍ പോയി.

ഞാന്‍ ഷൂസ്‌ ഊരി കിടക്കയില്‍ കിടന്നു. രാത്രിയായി. ലൈറ്റ്‌ തെളിച്ച്‌ വായിക്കാനായി പുസ്തകമെടുത്തു.

“ശാസ്ര്ത ലോകത്തെ അതുല്യ പ്രതിഭ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍, ശാസ്ത്രത്തിന്റെ പരിധിപ്പുറം കണ്ട വിസ്മയ നിമിഷത്തില്‍ ഇങ്ങനെ പറഞ്ഞു - “നമുക്ക്‌ അനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ വസ്തു നിഗൂഡതയാണ്‌. ഇതാണ്‌ യഥാര്‍ത്ഥമായ എല്ലാ കലയുടേയും, എല്ലാ ശാസ്ര്തത്തിന്റേയും സ്രോതസ്സ്‌. ഈ നിഗൂഡതയില്‍ വിസ്മയം കൊള്ളാനോ, അത്ഭുത സ്തബ്ധനാവാനോ കഴിയാത്തവന്‍ ജഡതുല്യനാണ്‌. അന്ധനാണ്‌.”

വാക്യങ്ങള്‍ അര്‍ത്ഥം ജനിപ്പിക്കാത്തതിനാല്‍ ഞാന്‍ പുസ്തകം മടക്കി വച്ച്‌ പുറത്തേക്കിറങ്ങി. റിസപ്ഷനില്‍ അവളെ വീണ്ടും കണ്ടു. ഇപ്പോള്‍ അവള്‍ തൂവെള്ള വസ്ത്രമാണ്‌ അണിഞ്ഞിരിക്കുന്നത്‌.

“ഞാന്‍ നടക്കാനായി പുറത്തേക്കിറങ്ങുകയാണ്‌” - അയാള്‍ പറഞ്ഞു.

‘‘താക്കോല്‍ ഇവിടെ ഇട്ടേക്കു ...’’

ഞാന്‍ അത്‌ അവള്‍ക്ക്‌ കൊടുത്തു. അവളത്‌ ആണിയില്‍ തൂക്കി.

പൂർണനിലാവുണ്ടായിരുന്നു. നക്ഷത്രങ്ങള്‍ ചിതറി നില്‍ക്കുന്നു. തണുത്തകാറ്റ്‌. ക്വാറികളില്‍ നിന്നും മടങ്ങുന്ന തൊഴിലാളികളുടെ വിയര്‍പ്പ്‌ കാറ്റിനൊപ്പം സഞ്ചാരം തുടരുന്നു. ചോളവയലിനരുകിലെത്തുംവരെ ഞാന്‍ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. ഒരു സിഗരറ്റ്‌ കത്തിച്ചു. പുക തൊണ്ടയില്‍ കുടുങ്ങി. ഞാന്‍ തിരികെ നടന്നു.

റിസപ്ഷനില്‍ അവള്‍ ഇല്ലായിരുന്നു. ആണിയില്‍ നിന്നും താക്കോലെടുത്തു പടികള്‍ കയറി. കിടക്കയില്‍ ഉറങ്ങാതെ കിടന്നു. താഴത്തെ മുറികളില്‍ നിന്നും മദ്യപാനാഘോഷത്തിന്റെ ആരവങ്ങള്‍ മുഴങ്ങി. എപ്പോഴോ ഉറങ്ങി.

രാവിലെ ഉണര്‍ന്നെഴുന്നേറ്റ്‌ ഉറക്കത്തില്‍ വന്ന സ്വപ്നങ്ങളെ വിശകലനം ചെയ്യാന്‍ പറ്റാതെ ഞാന്‍ കുഴങ്ങി. കുഴയ്ക്കുന്ന ചില ചിത്രങ്ങള്‍ മാത്രം എന്നില്‍ ശേഷിച്ചു.

കുളിമുറിയിലെ തിരക്കൊഴിഞ്ഞപ്പോള്‍ ഷവറിനു കീഴെ നിന്നു. അടുത്ത ട്രെയിനില്‍ മടങ്ങിയാലോ എന്ന്‌ ആലോചിച്ചു. വീണ്ടുമൊരു യാ(തയ്ക്കുള്ള ഊര്‍ജം നിറയ്ക്കാന്‍ ജലതുള്ളികള്‍ പരാജയപ്പെടുന്നത്‌ ഞാന്‍ തിരിച്ചറിഞ്ഞു.

പത്തുമണിയോടെ അവള്‍ വാതിലില്‍ മുട്ടി.

“ഞാന്‍ മുറിവൃത്തിയാക്കാന്‍ വന്നതാണ്‌. ബുദ്ധിമുട്ടായോ...”

“ശരി .....നടക്കട്ടേ....” ഞാന്‍ പുറത്തേക്കിറങ്ങി.

“നിങ്ങള്‍ ഇന്ന്‌ മുറി ഒഴിയുന്നുണ്ടോ??” അവള്‍ ചോദിച്ചു.

“ഇല്ല... ഒന്നും തീരുമാനിച്ചിട്ടില്ല'’’ - ഞാന്‍ പറഞ്ഞു.

“അവര്‍ ഇന്നു രാവിലെ ഒഴിഞ്ഞു പോയി.... ഇനി നിങ്ങള്‍ക്കിവിടെ സമാധാനത്തില്‍ കഴിയാം.”

ഉച്ചഭക്ഷണം കഴിച്ച്‌ ഞാന്‍ മുറിയില്‍ കതകടച്ചു കിടന്നു. ജനാലയിലൂടെ ഗോട്ടികളിക്കുന്ന അവളുടെ മകനെ കാണാം. കുറെ കഴിഞ്ഞപ്പോള്‍ അവനെ വിളിക്കുന്ന അവളുടെ ശബ്ദവും. ഭക്ഷണം കഴിക്കാനാണ്‌. ഒരാഴ്ച ഇങ്ങനെയായി എന്റെ ജീവിതം. ദിവസങ്ങള്‍ തുടങ്ങുന്നതോ അവസാനിക്കുന്നതോ എന്റെ പരിഗണനയില്‍ വന്നതേയില്ല.

ഒരു ദിവസം അവള്‍ മുറിയിലേക്ക്‌ കടന്നുവന്നു. “നിങ്ങള്‍ക്ക്‌ എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയാന്‍ മടിക്കരുത്‌.”

“ഒന്നും വേണ്ട........താങ്ക്സ്‌” ഞാന്‍ പറഞ്ഞു.

“എങ്കില്‍ ഇന്നത്തെ അത്താഴം ഞങ്ങളോടൊപ്പം കഴിക്കാമോ...”

“ആയ്ക്കോട്ടെ........ താങ്ക്‌സ്‌ ......... അവളെ നോക്കാതെ ഞാന്‍ പറഞ്ഞു.

രാത്രിയില്‍ ഞാന്‍ താഴേക്കു പോയി. അവള്‍ക്ക്‌ രണ്ട്‌ മുറികളും അതിനോട്‌ ചേര്‍ന്ന്‌ ഒരടുക്കളയും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്ന മുറിയില്‍ തന്നെയായിരുന്നു അവള്‍ ഉറങ്ങിയിരുന്നത്‌. കുട്ടിക്ക്‌ സ്വന്തമായി ഒരു മുറിയുണ്ടായതില്‍ ഞാന്‍ അപാകതയൊന്നും കണ്ടില്ല.

ഭക്ഷ്ണം കഴിച്ച ശേഷം അവള്‍ കുട്ടിയെ ഉറങ്ങാന്‍ വിട്ടു. നിശബ്ദതയെ മുറിച്ച്‌ അവള്‍ ചോദിച്ചു.
“എന്തിനാണ്‌ നിങ്ങള്‍ ഞങ്ങളുടെ പട്ടണത്തില്‍ വന്നത്‌ ??”
“നോ പ്ലാന്‍സ്‌........വെറുതെ ഇവിടെയിറങ്ങി”” - ഞാന്‍ പറഞ്ഞു.
“ഇഷ്ടമായോ?”
“ഇല്ല” ... ഞാന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത്‌ സന്തോഷം നിറഞ്ഞു.

“ഞാനും ഇഷ്ടപ്പെടുന്നില്ല. ഇത്‌ എന്റെ ഭര്‍ത്താവിന്റെ നാടാണ്‌. അയാളോടൊപ്പമാണ്‌ ഞാന്‍ ഇവിടെയെത്തിയത്‌. അയാളുടെ മരണത്തോടെ എങ്ങും പോകാനിടമില്ലാത്തവളായി ഞാന്‍ മാറി ...... ഈ ഹോട്ടല്‍ ജീവിക്കാനുള്ള വക തരുന്നുണ്ടെങ്കിലും ...’’

“എപ്പോഴാണ്‌ അദ്ദേഹം മരിച്ചത്‌ ?”

“ഈ ക്രിസ്തുമസിന്‌ എട്ട്‌ വര്‍ഷമാകും” - അവള്‍ പറഞ്ഞു.

“സോറി .... എനിക്ക്‌ ദു:ഖമുണ്ട്‌ .....” ഞാന്‍ പറഞ്ഞു. പിന്നെ നിശബ്ദത മാത്രമായി.

“മോന്റെ കാര്യം കഷ്ടമാണ്‌ ....... ഒരു അച്ഛനെ കൂടാതെ.’’

“അതെ” ... ഞാന്‍ പറഞ്ഞു ..... എന്നെ ആരോ പ്രേരിപ്പിച്ചതുപോലെ ഞാനവളുടെ കവിളില്‍ ചുംബിച്ചു. അവളുടെ കൈകള്‍ എന്റെ മുതുകിലൂടെയും സഞ്ചരിച്ച്‌ എന്നെ ചുറ്റി വരിഞ്ഞു..... അവളുടെ കരച്ചില്‍ ഞാന്‍ കേട്ടു.

കിടക്കയില്‍ കിടക്കവേ അവള്‍ പറഞ്ഞു.

“എന്നെക്കാള്‍ എന്റെ മകനെ സ്നേഹിക്കുന്ന ഒരാളെയാണ്‌ എനിക്കു വേണ്ടത്‌”.

നെറ്റിയിലെ വിയര്‍പ്പ്‌ മണികള്‍ അവളുടെ മുലപ്പുക്കളില്‍ ഇറ്റിച്ചു രസിക്കുകയായിരുന്നു ഞാന്‍ അന്നേരം.

രാവിലെ ഞാന്‍ മുറിയില്‍ വന്ന്‌ മിസ്‌ഡ് കാളുകള്‍ പരിശോധിച്ചു ശേഷം മൊബൈല്‍ വീണ്ടും ഓഫ്‌ ചെയ്തു. പിന്നീട്‌ പേഴ്‌സെടുത്ത്‌ കീശയില്‍ വച്ച്‌, ബാഗുമായി മുറിപൂട്ടി താഴേക്കിറങ്ങി. അവള്‍ പ്രാതലൊരുക്കിയിരുന്നു.

ഭക്ഷണം കഴിക്കവേ ..... ഹോട്ടല്‍ നവീകരിക്കുന്നതിനെക്കുറിച്ചും .... അതിനു വരുന്ന ചെലവുകളെക്കുറിച്ചും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ഇറങ്ങാന്‍ തുടങ്ങവേ ........ ഞാൻ അവള്‍ക്ക്‌ പണം നല്‍കി ..... കുറേ നോട്ടുകള്‍ തിരികെ നല്‍കി കൊണ്ടവള്‍ പറഞ്ഞു" മുറിയുടെ വാടക മാത്രം മതി”.

കുടെ വരണമെന്ന്‌ അവള്‍ പറയാതെ പറയുകയായിരുന്നു.

“എനിക്ക്‌ തനിയെ പോകണം.” - നോട്ടുകള്‍ വാങ്ങികൊണ്ട്‌ ഞാന്‍ പറഞ്ഞു.

ശ്വാസം മുട്ടിക്കുന്ന ചൂടിലൂടെ ഞാൻ സ്റ്റേഷനിലേക്ക്‌ നടന്നു. പൊടിപടലങ്ങള്‍ക്കിടയില്‍ ഞാൻ മറയുന്നതും നോക്കി അവള്‍ നിന്നു.

പ്ലാറ്റ്‌ഫോമിലെത്തിയപ്പോൾ എന്നെ കാത്ത്‌ രണ്ട്‌ വണ്ടികള്‍ കിടക്കുന്നു. ഒന്നാമത്തേതില്‍ തെക്കോട്ടുള്ള വണ്ടി.

ഓവര്‍ബ്രിജ് കയറി തെക്കോട്ടുളള വണ്ടി പിടിക്കാനൊന്നും ഞാന്‍ മെനക്കെട്ടില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ