mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ലാബിൽ നിന്ന് പതിച്ചുകിട്ടിയ പരിശോധനാറിപ്പോർട്ടും കൈയിൽ പിടിച്ചുകൊണ്ട് നീറുന്നഹൃദയവുമായി 'ജയമോഹൻ' ആശുപത്രിയുടെ പടികളിറങ്ങി. ആശുപത്രിയും പരിസരവും ഒന്നാകെ വട്ടം ചുറ്റുന്നതുപോലെ അവനു തോന്നി. മനുഷ്യരും, മരങ്ങളുമെല്ലാം വെറും നിഴൽരൂപങ്ങൾ പോലെ. തല ചുറ്റുകയാണ്... വീഴാതിരിക്കാനായി അവൻ ആശുപത്രി ഗെയ്റ്റിന്റെമതിലിൽ ഏതാനുംസമയം ചാരിനിന്നു. യാത്രക്കാരെ കാത്ത് വഴിക്കണ്ണുമായി കിടക്കുന്ന ഓട്ടോകളിൽ ഒന്നിനെ അവൻ മെല്ലെ കൈകാട്ടിവിളിച്ചു.

എങ്ങനെ ഓട്ടോയിൽ കയറി എന്നുപോലും ഓർമ്മയില്ല. വീടിനുമുന്നിൽ ഓട്ടോ നിറുത്തി ഇറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.

മുറ്റത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ കണ്ടു... ഓടിക്കളിക്കുന്ന മോളുടെ രൂപം. പൊട്ടിപ്പൊളിഞ്ഞ പഴയ മൺവീടിന്റെ വരാന്തയിൽ അവന്റെ വരവും കാത്തിരിക്കുന്ന ഭാര്യ. അവൾ ആകാംക്ഷയോടെ അവനുനേരെ നോട്ടമെറിഞ്ഞുകൊണ്ട് പെട്ടന്ന് എഴുന്നേറ്റുനിന്നു. എന്നിട്ട് ഓടിയിറങ്ങി അവന്റെ അരികിലേയ്ക്ക് ചെന്നു.

വേച്ചു വേച്ച്‌ മുറ്റത്തേക്ക് നടന്നുകയറിയ ഭർത്താവിന്റെ കൈയിൽ കടന്നുപിടിച്ചുകൊണ്ട് അവൾ ചോദിച്ചു...

"ചേട്ടാ എന്തുപറ്റി... എന്താ മുഖത്ത് ഒരു വല്ലായ്മ... പരിശോധനയുടെ റിപ്പോർട്ട് കിട്ടിയോ... എന്താ ചേട്ടൻ ഒന്നും മിണ്ടാത്തത്... ആ റിപ്പോർട്ട് ഒന്ന് കാണിച്ചേ."

മെല്ലെ ഭാര്യയുടെ കൈകൾ വിടുവിച്ചുകൊണ്ട് മുഖത്തെ മാസ്ക് ഒന്നുകൂടി ഉയർത്തിവെച്ച്... അവൻ തളർച്ചയോടെ പറഞ്ഞു.

"അരുത് രാധികേ, എന്നെ തൊടരുത്... മഹാരോഗത്തിന്റെ അടയാളങ്ങൾ എന്നിലും കണ്ടുതുടങ്ങിയിരിക്കുന്നു."

പറഞ്ഞപ്പോൾ അവൻ കരഞ്ഞുപോയി. ശബ്ദം ഇടറി.

"ഈശ്വരാ ഞാൻ എന്താണ് ഈ കേട്ടത്... നല്ലത് കേൾക്കാൻ പ്രാർത്ഥിച്ചിരുന്നിട്ട്."

അവൾ നെഞ്ചത്തടിച്ചുകൊണ്ട് നടക്കല്ലിലേയ്ക്ക് തളർന്നിരുന്നു.

ജയമോഹൻ ഇടറുന്ന കാലടികളോടെ മെല്ലെ തന്റെ മുറിയിലേയ്ക്ക് നടന്നു. എന്നിട്ട് മുറിയുടെ വാതിലടച്ച് കുറ്റിയിട്ടുകൊണ്ട് തുറന്നുകിടന്ന ജനാലക്ക് അരികിൽ ചെന്നുനിന്നു. വിശദമായ പരിശോധനയുടെ റിസൽട്ട് നാളെ വരും അതുകൂടി പോസിറ്റീവ് ആയാൽ പിന്നെ... തന്റെ അവസ്ഥ എന്താവും? നാടും, വീടും വിട്ട് ആശുപത്രിയിൽ ഏകാന്തവാസം. മരിച്ചാൽ പോലും ആരെയും കാണിക്കില്ല. ഈശ്വരാ എന്തൊരു അവസ്ഥയാണത്... ഓർക്കാൻ കൂടി വയ്യ.

മനുഷ്യജീവിതം പലപ്പോഴും ഇങ്ങനെയൊക്കെയാണ്. എത്ര പെട്ടെന്നാണ് സൂര്യനുമേൽ കാർമേഘങ്ങൾ വന്നുപൊതിയുന്നതു പോലെ... സന്തോഷത്തിനുമേൽ സങ്കടങ്ങൾ വന്നുനിറയുന്നത്. ആഗ്രഹിച്ചതൊക്കെ ചിലപ്പോൾകിട്ടുന്നു. മറ്റൊരുസമയം അതെല്ലാം നഷ്ടപ്പെടുന്നു. ജീവിതയാത്രയിൽ ഒരുപാടുപേരെ കണ്ടുമുട്ടുന്നു. ചിലർ പാതിവഴിയിൽവെച്ച് വിട്ടുപിരിഞ്ഞുപോകുന്നു. അധികംവൈകാതെ താനും ഒരു പക്ഷേ, ഓർമ്മകളാകും. സ്വപ്നങ്ങൾക്കും, ആഗ്രഹങ്ങൾ ഒന്നുംതന്നെ ഇനി തന്റെ ജീവിതത്തിൽ സ്ഥാനമില്ലാതാവും.

പകലിനുമേൽ രാത്രിയുടെ ഇരുട്ട് പടർന്നുകയറിട്ടും അവൻ മുറി വിട്ടിറങ്ങിയില്ല. ഭാര്യയും, മോളും കരഞ്ഞു പറഞ്ഞിട്ടും... നെഞ്ചത്തടിച്ചു നിലവിളിച്ചിട്ടും അവൻ മുറിയിയുടെ കതക് തുറന്നില്ല. എല്ലാം തന്നിൽ അവസാനിക്കണം. താൻ രോഗം മൂലം മരിച്ചാലും... കുടുംബത്തിലുള്ളവർ ജീവിക്കണം. അവർക്ക് ഒരിക്കലും രോഗം പകരരുത്.

അവൻ കട്ടിലിൽ കയറി മെല്ലെ നീണ്ടുനിവർന്നു മിഴികൾതുറന്നു കിടന്നു. ആ സമയം രാത്രിയുടെ തണുപ്പിനും, ഏകാന്തതയ്ക്കുമൊപ്പം ഓർമകളുടെ പുതപ്പ് അവനെ വന്നുപൊതിഞ്ഞു.

യൗവ്വനകാലം രാധികയും ഒത്തുള്ള പ്രണയം, അതിനെ തുടർന്നുള്ള ഒളിച്ചോട്ടം, വിവാഹം, മോളുടെ ജനനം ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ചിറകുമുളച്ച കാലം. ജീവിതത്തെ താൻ എത്രമാത്രം സ്നേഹിച്ചിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. ഏറെനേരം കിടന്നിട്ടും അവന് ഉറക്കം വന്നില്ല. മെല്ലെ എഴുനേറ്റ് ജനാലക്കരികിലേയ്ക്ക് വീണ്ടും നടന്നു അവൻ.

പുറത്തു പ്രകൃതിയാകെ നിലാവിൽ കുളിച്ചു നിൽക്കുകയാണ്. നിലാവുള്ള രാത്രികളിൽ... ഭാര്യയുമൊത്ത് സിനിമയ്ക്ക് പോയത്, രാത്രി കാഴ്ചകൾ കണ്ടു മടങ്ങിയത്, തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചത്, ഒരുമിച്ചു പങ്കെടുത്ത ഉത്സവങ്ങൾ, ഒരുമിച്ചു പോയ യാത്രകൾ എല്ലാം... ഇനി ഓർമ്മകൾ മാത്രമായി അവശേഷിക്കും. സർവ്വതും വിട്ടു പോകേണ്ടി വരും അത് ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു.

കരഞ്ഞിട്ട് കാര്യമില്ല. വിധിയെ തടുക്കാൻ ആവില്ല. അതനുഭവിച്ചേ തീരൂ... എല്ലാം വിട്ടുപോയേ മതിയാകൂ... സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒന്നും ഇല്ലാത്ത ലോകത്തേയ്ക്ക്. അവിടുത്തെ അതിഥിയായി... അല്ല സ്ഥിരതാമസക്കാരനായി. അനേകായിരം മുൻഗാമികളുടെ കൂട്ടാളിയായി. ഒരു പക്ഷേ, ആകാശത്തു നക്ഷത്രങ്ങളായി താനും പുനർജനിച്ചേക്കാം. അതുവഴി തനിക്ക് തന്റെ വീട്ടുകാരെയും, നാട്ടുകാരെയുമൊക്കെ നോക്കി കാണാൻ കഴിഞ്ഞേക്കും.

അതാ, മുറ്റത്തെ മരത്തിൽ കുരുമുളക് വള്ളികൾ പടർന്നുകയറുന്നു. താൻ ചോരനീരാക്കി നട്ടുപിടിപ്പിച്ച ചെടികളിലെ കണ്ണികൾ. മലമണ്ണിലെ തന്റെ ഇത്രനാളത്തെ അധ്വാനത്തിന്റെ പ്രതിഫലനങ്ങൾ. ഏതാനുംനാളുകൾകൂടി കഴിയുമ്പോൾ... ആ ചെടികളൊക്കെയും തിരിയിടും. പിന്നെ വിളവെടുപ്പ്... എന്നിട്ട് വേണമായിരുന്നു തനിക്കും, ഭാര്യക്കും, മോൾക്കും സന്തോഷത്തോടെ എല്ലാം അനുഭവിക്കാൻ.

ആ രാത്രി മുഴുവൻ ഉറങ്ങാതെ ഓർമ്മകളിൽ മുഴുകി കണ്ണുനീരൊഴുക്കി അവൻ കിടന്നു. തിരിച്ചുവരവില്ലാത്ത ലോകത്തേക്ക്... തന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തിച്ചേർന്ന... മരണമെന്ന മാരന്റെ തോഴനായ രോഗത്തിന്റെ... ഓർമ്മകളും പേറി.

മേശപ്പുറത്ത് അവന്റെ ഫോണും, പുസ്തകങ്ങളും, മറ്റും ചിതറിക്കിടക്കുന്നുണ്ട്. കഴിഞ്ഞ രാത്രിവരെ അവൻ അതുമായി സല്ലപിച്ചിരുന്നു. ഒഴിവുവേളകളിൽ പലതും കുത്തികുറിച്ചിരുന്നു. ഓൺലൈൻ സാഹിത്യമേഖലയിൽ ഇതിനോടകം തന്നെ അവൻ സുപരിചിതനാണ്. പക്ഷേ, ഇന്ന് എല്ലാം അവൻ ഉപേക്ഷിച്ചു. അല്ല മറന്നുപോയിരിക്കുന്നു .

പുലർച്ചെ, വിവരമറിഞ്ഞ് അയൽവക്കത്തെ 'വറീത്' ചേട്ടനും, ഭാര്യയും അവനെ കാണാനെത്തി. അസ്വസ്ഥത പെരുകുന്നു... പുറത്തു നിന്നും പലവിധ സംസാരങ്ങൾ, രോഗത്തേക്കുറിച്ചുള്ള അഭിപ്രായങ്ങൾ... ഭാര്യയുടെ ആവലാതി പറഞ്ഞുള്ള തേങ്ങലുകൾ... കേട്ടിട്ട് തല ആകെയും പെരുക്കുന്നു.

"എനിക്ക് അല്പം ആശ്വാസം തരാമോ... എല്ലാവരും ഒന്ന് പോയി തരുമോ?"

ജനാലയിലൂടെ അവരെ നോക്കി വിലപിച്ചുകൊണ്ട് അവൻ അപേക്ഷിച്ചു.

ഭാര്യ ജനാലവഴി ഭക്ഷണം കൊണ്ടുവന്ന് വെച്ചിരിക്കുന്നു. ഒന്നും കഴിക്കാൻ തോന്നിയില്ല. വിശപ്പ് അണഞ്ഞുപോയിരിക്കുന്നു. സന്തോഷമുള്ളപ്പോഴല്ലേ വിശപ്പും, ദാഹവുമൊക്കെ ഉള്ളൂ.

"ചേട്ടാ എന്തെങ്കിലും കഴിക്കൂ... ഇന്നലെയും ഒന്നും കഴിച്ചില്ലല്ലോ?"

ഭാര്യയുടെ അപേക്ഷ കേട്ടില്ലെന്ന് നടിച്ചു വീണ്ടും ജനാലക്കരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കിനിന്നു.

ഈ സമയം പൊടുന്നനെ മേശപ്പുറത്ത് കിടന്ന മൊബൈൽ ചിലച്ചു. ആദ്യം അവൻ എടുത്തുനോക്കിയില്ല. അല്ലെങ്കിലും എന്തിന് എടുക്കണം എല്ലാം അവസാനിക്കാൻ പോകുമ്പോൾ ഇനി ആരായാൽ എന്ത്. പക്ഷേ, വീണ്ടും വീണ്ടും ബെല്ലടിച്ചപ്പോൾ അവൻ അത് എടുത്തുനോക്കി.

പരിചയമില്ലാത്ത നമ്പർ... കോൾ ബട്ടൺ അമർത്തിയിട്ട്... കാതോട് ചേർത്തു. മറുതലക്കൽ നിന്നും ഘനഗംഭീരമാർന്ന ശബ്ദം

"ഹലോ ഞാൻ ഡോക്ടറാണ് ജില്ലാ ആശുപത്രിയിൽ നിന്ന്."

ഭീതി ജനിപ്പിച്ചുകൊണ്ടെന്നവണ്ണം ഡോക്ടറുടെ ശബ്ദം അവന്റെ കാതുകളിൽ വന്നു തട്ടി.

"മിസ്റ്റർ ജയമോഹൻ, താങ്കളുടെ പരിശോധനയുടെ റിസൾട്ട് വന്നിട്ടുണ്ട്... നമ്മൾ ഭയപ്പെട്ടതുപോലെതന്നെയാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ട് എത്രയുംവേഗം ഹോസ്പിറ്റലിൽ എത്തിച്ചേരുക. എന്നിരുന്നാൽ തന്നെയും ഭയക്കേണ്ടതില്ല. ഒന്നുകൂടി വിശദമായി പരിശോധിച്ച് അറിയാൻ ഒരിക്കൽ കൂടി ടെസ്റ്റിന് കൊടുത്തിട്ടുണ്ട് സാമ്പിളുകൾ... പലപ്പോഴും മൂന്നാം തവണ റിസൽറ്റ് നെഗറ്റിവ് ആയിട്ടുണ്ട്."

മറുതലയ്ക്കൽ ഡോക്ടർ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ... വല്ലാത്തൊരു നടുക്കത്തോടെ നിശ്ചലം നിന്നു അവൻ. അവന്റെ ശരീരം വെട്ടിവിറച്ചു. വിയർപ്പുകണങ്ങൾ ചാലിട്ടൊഴുകി. ഒന്നു പൊട്ടിക്കരയണമെന്നു തോന്നിയെങ്കിലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല. അവന്റെ ചുണ്ടുകളിൽ പതിയെ വേദനകലർന്ന ഒരു മന്ദഹാസം വിടർന്നു. എല്ലാം ഉൾക്കൊള്ളാൻ കഴിഞ്ഞ രാത്രികൊണ്ട് അവന്റെ മനസ്സ് തയ്യാറെടുത്തുകഴിഞ്ഞിരുന്നു. ആശുപത്രി വാസത്തിനു പുറപ്പെടാൻ തയ്യാറായി അവൻ മുറി തുറന്ന് മെല്ലെ പുറത്തിറങ്ങി.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ