മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അപരിചിതരായ ആളുകളുടെ കൂട്ടത്തിൽ അവളുടെ കരച്ചിലിനു പ്രസക്തിയില്ലായിരുന്നു. എങ്കിലും അവൾക്ക് കരയാതിരിക്കുവാനായില്ല. പരേതൻ്റെ ശരീരത്തിനു ചുറ്റുംവലംവച്ചു ഇടതുവശത്തുള്ള

ജാലകത്തിനരുകിലെഭിത്തിയിൽ ചാരി അനന്തതയിലേക്കു മിഴികൾ പായിച്ചു. കരിമഷിയെഴുതാത്ത അവളുടെ മിഴികൾ നിറഞ്ഞു കവിയുവാൻ വെമ്പി നിന്നു.

എത്ര കാലമായി അയാളുമായി പരിചയമുണ്ടാകും? കേവലം നാലു വർഷത്തെ പരിചയം മാത്രം! പക്ഷെ നാലു നൂറ്റാണ്ടുകളുടെ അടുപ്പം തോന്നിപ്പിക്കുന്നു. തീരാറായ പി.എച്ച്ഡി പ0നത്തിൻ്റെ അവസാനവട്ട തയ്യാറെടുപ്പുകൾക്കായി തനിച്ച് കലാലയ മുറ്റത്തെത്തിയ ദിനങ്ങളിലൊന്നിലാണ് അയാളെ ആദ്യമായി കാണുന്നത്. സുബ്രമണ്യൻ സാറിൻ്റെ സുഹൃത്താണെന്നും വിമൻസ് കോളേജിൽ രസതന്ത്ര വിഭാഗ മേധാവിയായാണെന്നും, ഈ മാർച്ചിൽ സർവ്വീസിൽ നിന്നും വിരമിക്കുകയാണെന്നും, വീണയ്ക്ക് പ്രയോജനപ്പെടും ആളൊരു കവിയും, കലാകാരനുമാണെന്നും പറഞ്ഞാണ് അവൾക്ക് പരിചയപ്പെടുത്തിയത്.

നോക്കിക്കൊണ്ടിരുന്ന പേപ്പറിൽ നിന്നും കണ്ണെടുത്ത് അയാളുടെ മുഖത്തേക്കു നോക്കുമ്പോൾ അത്ഭുതവും, ആഹ്ലാദവും, നേരിയ ഭയവുമാണ് തോന്നിയത്. "ഞാൻ വേണുഗോപാൽ", പരിചയപ്പെടാൻ വേണ്ടി നീട്ടിയ അയാളുടെ കൈകളിൽ തൊട്ടപ്പോൾ, ആഢ്യത്വമുള്ള ചിരി കണ്ടപ്പോൾ കാന്തശക്തിയുള്ള അയാളുടെ കണ്ണുകൾ കണ്ടപ്പോൾ ഒന്നുമല്ല അവൾ ഭയന്നത്. അയാളെ അവൾ പലവട്ടം സ്വപ്നങ്ങളിൽ കണ്ടിരുന്നു. കണ്ട സ്വപ്നങ്ങളിൽ എല്ലാമയാൾ അവളുടെ കൈകൾ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. അവ്യക്തമായതെന്തോ അവളോടു പറയാൻ ശ്രമിച്ചിരുന്നു. പക്ഷെ ഒരിക്കലും അതു മുഴുവനാക്കാതെ അയാൾ സ്വപ്നത്തിൽ നിന്നും പടിയിറങ്ങിപ്പോകുമായിരുന്നു. പലപ്പോഴും ആശ്ചര്യമുണ്ടാക്കുന്ന ഈ സ്വപ്നത്തെക്കുറിച്ചവൾ തൻ്റെ സുഹൃത്തിനോടു പറയുമായിരുന്നു .ആശ്ചര്യത്തോടെ മിഴിച്ചു നോക്കുന്ന വീണയുടെ കൈ വിടുവിച്ച് അയാൾ അവളോട് വിശേഷങ്ങൾ തിരക്കി.തൻ്റെ ഏറ്റവും മിടുക്കിയും, പ്രിയശിഷ്യയുമായ വീണയെപ്പറ്റി സുബ്രമണ്യൻ സാർ പുകഴ്ത്തി പറയുമ്പോഴൊക്കെയും അയാളുടെ മിഴികൾ പ്രസരിപ്പുള്ള വീണയുടെ മുഖത്ത് നിന്നും മാറിയിരുന്നില്ല. പുകഴ്ത്തലല്ലായിരുന്നു അത്.

വീണ ഫിലോസഫിയിൽ ഒന്നാം റാങ്കുകാരിയായിരുന്നു. ആ പരിചയം വളരെ പെട്ടന്ന് സൗഹൃദത്തിലേക്ക് വഴിമാറിയതും, പിന്നെയെപ്പോഴോ തന്നേക്കാൾ 27 വയസ്സിനു മുതിർന്ന അയാളോടുള്ള പ്രണയത്തിലേക്ക് വഴുതി വീണതും അവളൊരു ഞെട്ടലോടെ ഓർമ്മിച്ചു. അവിചാരിതമായി അനവസരത്തിൽ അനുവാദമില്ലാതെ കടന്നു വരുന്ന താന്തോന്നിയാണ് പ്രണയമെന്ന് അയാളവളുടെ മുടിയിഴകളെ തഴുകിയൊതുക്കുമ്പോൾ പലവുരു പറഞ്ഞിരുന്നു. കാണുന്നതിനും മുമ്പേ സ്വപ്നത്തിലയാളെ കണ്ടിരുന്നുവെന്നവൾ പറയുമ്പോഴൊക്കെയും വേദാന്തത്തിൽ ഡോക്ടറേറ്റെടുത്തവൾക്കു തോന്നുന്ന ഭ്രമമാണെന്നു പറഞ്ഞയാൾ കളിവാക്കിലൊതുക്കുമായിരുന്നു. സ്വപ്നത്തിൽ പറയാൻ ശ്രമിച്ചതു പൂർത്തിയാക്കത്തതു പോലെ അവർക്കിടയിൽ താന്തോന്നിയായി കടന്നു വന്ന പ്രണയത്തെ താലോലിക്കുവാൻ ആഗ്രഹമുണ്ടായിട്ടും അയാൾ സമ്മതിക്കാറില്ല. പലപ്പോഴും പരിസരം നോക്കാതെ അതിൻ്റ പേരിൽ അയാളെ തല്ലുകയും വഴക്കടിക്കുകയും ചെയ്യാറുള്ളതോർത്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അപ്പോഴൊന്നും അയാൾക്ഷോഭിക്കാറില്ല. പകരം വളരെ സ്നേഹത്തോടെ പ്രിയപ്പെട്ടതെങ്കിലും അരുതാത്ത ഒന്നിലേക്കും വഴുതി വീഴാതെ പ്രണയത്തെ തിരിച്ചുവിടാൻ പ്രാപ്തനായ പക്വതയേറിയ സന്യാസിയേപ്പോലെ അയാൾ പെരുമാറി. അവളെ പറഞ്ഞു മനസ്സിലാക്കുന്നതിൽ ഒരു പരിധി വരെ അയാൾ വിജയിച്ചിരുന്നു. അവളുടെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഒരാളായി എന്നാൽ അവളുടെ ഓരോന്നിനും കൂടെ നിൽക്കുന്ന ഒരാളാവാൻ അയാൾക്ക് കഴിഞ്ഞിരുന്നു.

അയാളുടെ വീട്ടിലേക്കുള്ള വഴി അവൾക്കു മനപാഠമായിരുന്നു. വീടിനെക്കുറിച്ചും, വീട്ടിലേക്കുള്ള വഴിയെക്കുറിച്ചും, ഭാര്യയെക്കുറിച്ചുമയാൾ വാതോരാതെ സംസാരിക്കുമായിരുന്നു. ഒരിക്കലും വരാത്ത ആ വഴികൾ തെറ്റിക്കാതെ എത്തിയതിന് കാരണവു മതായിരുന്നു. അവർക്ക് മക്കളില്ലായിരുന്നു. അയാളുടെ ഭാര്യയെ ഒരിക്കൽപ്പോലുമവൾ കണ്ടിട്ടില്ലായിരുന്നു. ആലോചിച്ചിരുന്ന് സമയം കടന്നുപോയത് വളറിഞ്ഞിരുന്നില്ല. പ്രൗഢയായ എന്നാൽ കരഞ്ഞു വീർത്ത കണ്ണുകളോടുകൂടിയ ഒരു സ്ത്രീയുടെ കരസ്പർശമാണവളെ കരച്ചിലിൽ നിന്നും, ഓർമ്മകളിൽ നിന്നുമുണർത്തിയത്. അവരുടെ കൈകൾ അവളെ ചേർത്തു പിടിക്കുന്നതും, വീണവരുമെന്നറിയാമായിരുന്നു പക്ഷെ വന്നതവർ കണ്ടിരുന്നില്ലെന്നു പറഞ്ഞു കരഞ്ഞതും അത്ഭുതത്തോടെ മാത്രമേ അവൾക്ക് കാണാൻ കഴിയുമായിരുന്നുള്ളു. പ്രഫസറുടെ ഭാര്യയായിരുന്നു അതെന്ന് മനസ്സിലായി. ചടങ്ങുകൾക്കൊടുവിൽ എപ്പോഴൊ അവരവളെ അവരുടെ മുറിയിൽ കൂട്ടിക്കൊണ്ടുപോയി. ഒരു സ്വപ്നാടനത്തിലെന്നതു പോലെ അവളവരെ അനുഗമിച്ചു. പിന്നീടവർ പറഞ്ഞതൊന്നും അവൾ പഠിച്ച വേദാന്തങ്ങളെ ഒന്നും അനുകൂലിക്കുന്നവയായിരുന്നില്ല . അവർ തുറന്ന മുറിയിൽ മുഴുവനും തൻ്റെ ചിത്രങ്ങൾകണ്ട വീണ അമ്പരന്നു പോയി! എല്ലാ ചിത്രങ്ങളും അവർ വരച്ചതായിരുന്നു. ചിത്രത്തിലുള്ള ഈ പെൺകുട്ടിയെ കണ്ടെത്തിയാൽ കൊണ്ടുവരണമെന്നും അവൾ കഴിഞ്ഞ ജന്മത്തിൽ എൻ്റെ മകളായിരുന്നുവെന്നും പ്രഫസറോട് എന്നുമവർ പറയുമായിരുന്നവത്രേ. അവർ അവളെ പലവട്ടം സ്വപ്നം കണ്ടിരുന്നുവത്രേ! അവളുടെ സ്വപ്നത്തെയും, പ്രണയത്തെയും തലോലിക്കാൻ തോന്നിയിട്ടും പരിധിയിൽ നിർത്തി താലോലിക്കാതെ മരിച്ച പ്രഫസറെ ഓർത്താണോ അതോ അവളെ താലോലിക്കാൻ കാത്തിരുന്ന പ്രഫസറുടെ ഭാര്യയെ ഓർത്താണോ അവളുടെ മിഴികൾ നിറഞ്ഞൊഴുകിയതെന്നവൾക്കുമറിയില്ലായിരുന്നു. പഠിച്ച ഫിലോസഫിയുടെ ഒരു ഏടിലും കാണാൻ കഴിയാത്ത ഈ പ്രതിഭാസം എന്താണെന്നും അവൾക്ക് അറിയുകയുമില്ലായിരുന്നു...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ