ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള സമയമായി. ഈ പെണ്ണിതെവിടെ പോയിരിക്കുവാണ്.ഡീ... നന്ദൂ.... ആ ടി.വി ഓൺ ചെയ്യ്. ക്ലാസ് തുടങ്ങാൻ നേരായില്ലേ? അല്ലാത്ത നേരം ടിവി യും തുറന്ന് വച്ചിരുന്നോണം.
അല്ലേലും കൊറോണ വന്നതു മുതലേ പിടിപ്പതു പണിയാണ് . മറ്റ് അച്ഛനും മക്കളും രാവിലെ ഇറങ്ങിയാൽ അവൾ അവളുടേതായ അക്ഷരങ്ങളുടെ ലോകത്തായായിരുന്നു. ഇപ്പൊ ഒന്നിനുംനേരമില്ല. അക്ഷരങ്ങളെല്ലാം പിണങ്ങിയ മട്ടാണ് . എല്ലാം കൂടെ ഓർത്തപ്പോൾ അവളുടെ ദേഷ്യം മുഴുവൻ മകൾ നന്ദുവിന് നേർക്കായി.
"ഡീ... നിന്നോട് പറഞ്ഞത് കേട്ടില്ലെന്നുണ്ടോ?''
"ഓ ഈ അമ്മയ്ക്കെന്താ എപ്പൊഴും വഴക്കു പറഞ്ഞോണ്ടിരിക്കണം."
"അതേടീ, അല്ലാത്ത സമയം കാലിനടിയിൽ വേരിറങ്ങിയാപ്പോലും ടി.വിക്ക് മുന്നിൽ നിന്ന് എഴുന്നേൽക്കാത്തവളാ. അതെങ്ങനാ അച്ഛനെ കണ്ടല്ലേ മക്കള് പഠിക്കുന്നത്. എന്തേലും പറഞ്ഞാൽ ഒടുക്കത്തെ വക്കാലത്തും കൊണ്ട് വന്നോളും. കണ്ണുണ്ടാവുമ്പോ കണ്ണിന്റെ വിലയറിയില്ല . നമ്മളില്ലാതാവുമ്പോ പഠിച്ചോളും. അതിനിടയ്ക്കൊരു കൊറോണയും മനുഷ്യനെ ചുറ്റിക്കാനൊരു ഓൺലൈൻ ക്ലാസും. മടുത്തു എങ്ങോട്ടെങ്ങാനും എറങ്ങിപ്പോവാൻ തോന്നുവാ."
ദേഷ്യത്തിലുള്ള നീരജ യുടെ ശബ്ദം കേട്ടുകൊണ്ടാണ് അജയ് ചെവിയിൽ നിന്നും ഹെഡ് ഫോൺ ഊരിമാറ്റിയത്. "വന്ന് വന്ന് ഹെഡ് ഫോൺ ചെവിയിൽ നിന്ന് ഊരാൻ തന്നെ മടിയാവുന്നു. ഇവൾക്കിത് എന്തിന്റെ കേടാ എപ്പൊഴും ഇങ്ങനെ വായിട്ട് അലച്ചോണ്ടിരിക്കണം. ആ പിള്ളേർക്ക് ഒരു തരത്തിലും സ്വൈര്യം കൊടുക്കാൻ പാടില്ല.പിള്ളേരോടല്ലെങ്കിൽ തന്നോട്. ഹോ വയ്യ." അയാൾ ചിന്തിച്ചു. "ഡീ ...നീ ഒന്ന് നിർത്ത്വോ."
"സ്കൂളിലെ കാര്യങ്ങൾ കൊണ്ട് തന്നെ തല പെരുകിയിരിക്കുവാണ്. മറ്റാണെങ്കിൽ നാലുമണിവരെ നോക്കിയാ മതിയായിരുന്നു ഇതിപ്പോ ഒരു തരത്തിലും റെസ്റ്റ് ഇല്ലാതായിട്ടുണ്ട് .പോരാത്തതിന് ഓൺലൈൻ ക്ലാസും അതിന് ശേഷമുള്ള നോട്ട്സ് കൊടുക്കലും. നോട്ട്സ് കൊടുക്കാൻ ഒരു അഞ്ചു മിനിറ്റ് വൈകിയാൽ വിളിയായി, തെളിയായി. പിള്ളേർക്ക് പഠിത്തത്തിൽ ഇത്രേം ശുഷ്ക്കാന്തി ഉണ്ടെന്ന് ഇപ്പോഴല്ലേ മനസിലായത്. ഹോ! ന്റെ ദൈവമേ ജോലി രാജി വെച്ചാലോ എന്നു പോലും തോന്നിപ്പോകുന്നു .അതിനെടയിലാണ് അവളുടെ ഒരു... ഒരിത്തിരി ചെവി തല കേപ്പിക്കോ?" അജയ് ഉറക്കെ വിളിച്ചു ചോദിച്ചു.
അവന്റെ ശബ്ദം കേട്ടതിനു ശേഷം പിന്നെ അവളുടെ ഒച്ച കേട്ടില്ല. അടുക്കളയിൽ പാത്രത്തിന്റെ ശബ്ദം മാത്രം.
കുട്ടികൾക്കുള്ള നോട്ട്സ് വാട്സപ്പ് ചെയ്ത്, ഫോൺ ഓഫ് ചെയ്ത് സിറ്റൗട്ടിലേക്ക് വന്ന് ടിവി ഓൺ ചെയ്തു
"ചായ''
"ആ അവിടെ വച്ചേക്ക്" മുഖമുയർത്താതേയുള്ള അവന്റ മറുപടി കേട്ടപ്പോൾ പെരുവിരൽ മുതൽ ദേഷ്യമങ്ങ് ഇരച്ചു കയറി. എന്നിട്ടുമവൾ അത് നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു. "എനിക്കൊന്ന് ഹോസ്പിറ്റലിൽ പോകണം."
"ഊം"
എന്താണ് എന്നാണ് ആ മൂളലിന്റെ അർത്ഥമെന്ന് അവൾക്ക് മനസ്സിലായി. "ഒരാഴ്ചയായി നിർത്താതെ ചുമയ്ക്കുന്നത് നിങ്ങള് കേക്കുന്നില്ലേ. ഇപ്പൊ വല്ലാത്ത തൊണ്ടവേദനയുമാ."
"ഓഹ് .. അത് ഒരാഴ്ച മാത്രല്ലല്ലോ എന്നും കേൾക്കുന്നതല്ലേ? ഹോസ്പിറ്റലിൽ ഞാൻ തന്നെ കൂടെ വരണോ? നിനക്ക് അപ്പുറത്തെ രമേച്ചിയെ കൂട്ടീട്ട് പോയ്ക്കൂടെ. അല്ലെങ്കി ഒറ്റയ്ക്ക് പോയ്ക്കൂടെ?"
"അതിന് രമേച്ചിയല്ലല്ലോ ന്റെ ഭർത്താവ്?" ഒരിത്തിരി തർക്കുത്തരം അവളുടെ വാക്കുകളിൽ പ്രകടമായി. "ആ.. അത് തന്നാ പറഞ്ഞത്. എന്നോടും മക്കളോടും വാക്പയറ്റ് നടത്തുന്നതിനൊന്നും ഒരു കുറവും ഇല്ലല്ലോ? ഇടക്ക് വായക്കിത്തിരി വിശ്രമം കൊടുക്കണം."
"ആഹ്.. ഞാൻ മിണ്ടുന്നതാണല്ലോ എല്ലാവർക്കും കുഴപ്പം ഇനി ഞാൻ മിണ്ടുന്നില്ല പോരേ." സങ്കടം കൊണ്ടവൾക്ക് ബാക്കി പറയാൻ കഴിഞ്ഞില്ല. ഇനിയവിടെ നിന്നിട്ടും കാര്യമില്ലെന്നറിയാം.
''അല്ല; ഇന്ന് വെറും ചായയേ ഉള്ളു?''.
ടിവിയിൽനിന്നും മുഖമുയർത്തിയുള്ള അജയിന്റെ ചോദ്യത്തിന് മറുപടിയായി ഒരു രൂക്ഷനോട്ടമവൾ എറിഞ്ഞു. "എന്നെ കൊണ്ടൊന്നും പറയിക്കണ്ട ഏത് സമയത്താണോ ഈ കൊറോണ വന്ന് കേറിയത് അന്ന് തീർന്നതാണ് എന്റെ ജീവിതം.യൂട്യൂബിൽ വല്ലോരും ഇടുന്ന പാചകകലകൾ പരീക്ഷിച്ച് അച്ഛന്റെയും മക്കൾക്കും മുന്നിൽ വിളമ്പിയാൽ സന്തോഷായി. നൂറ് കുറ്റങ്ങൾ മൊഴിഞ്ഞിട്ട് ആണേലും പ്ലേറ്റിൽ ഒരു തരി പോലും ബാക്കി കാണില്ല. എന്നാ സ്നേഹത്തോടെ ഒരു വാക്ക്...ങേഹേ.. അപ്പർത്തെ രമേച്ചിയൊക്കെ എന്ത് ഭാഗ്യവതിയാ, ചന്ദ്രേട്ടനെ പോലൊരു ഭർത്താവിനെ കിട്ടിയതിൽ. ഇരുപത്തിനാലു മണിക്കൂറും രമേച്ചിയുടെ പിറകെയാ. അതുപോലൊന്നും വേണ്ടപ്പാ എന്തേലും ഒന്ന് ഒണ്ടാക്കി കൊട്ത്താ നന്നായിരുന്നെന്ന് ഒരു വാക്ക്."
"അതേടീ അവനേ ഒരു ഗൾഫ്കാരനാ ആണ്ടിലൊരിക്കലേ ഭാര്യയേയും മക്കളേയും കാണത്തുള്ളു. അതുപോലാണോ എന്റെ കാര്യം. ഏത് സമയവും നിന്റെ ചേലയിൽ തൂങ്ങി നടക്കാൻ പറ്റ്വോ. ഞാനേ ഒരു സർക്കാർ ജോലിക്കാരനാ".
"അത് ശരിയാ. കല്ല്യാണാലോചനകൾ നടക്കുന്ന സമയം അച്ഛനോട് കട്ടായം പറഞ്ഞാ മതിയായിരുന്നു,
എനിക്കൊരു ഗൾഫ് കാരനെ മതിയായിരുന്നുവെന്ന്. പോയ പുത്തി ആന വലിച്ചാ വരില്ലല്ലോ." ആത്മഗതത്തോടെയുള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ അജയ്ക്ക് ചിരി വന്നുപോയി.
"ന്റെ പൊന്നോ,നിനക്കെന്താ ഇപ്പോ വേണ്ടത്, ഡോക്ടറുടെ അടുത്ത് പോണം . അത്രയല്ലേ ഉള്ളൂ അത് നാളെ പോകാം . ഇപ്പൊ ഒരു അര മണിക്കൂർ ഒന്ന് മിണ്ടാതിരിക്കാൻ പറ്റ്വോ? "
"ഉം നമ്മള് മിണ്ടുന്നതാണല്ലോ കുറ്റം. നമ്മളൊന്നിനും ഇല്ലന്റെ പ്പാ." പിന്നെ ഒന്നും മിണ്ടാതെ അവളും ടിവിയിലേക്ക് ശ്രദ്ധിച്ചു.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന കേരളം വീണ്ടും ലോക് ഡൗണിലേക്ക്. ഈ അവസരത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം വൈകുമെന്ന്അ. അക്ഷരസ്ഫുടതയുള്ള ന്യൂസ് റീഡറുടെ വാക്കുകൾ നീരജയുടെ കാതുകളെ തഴുകി. നീണ്ടുനീണ്ടു പോകുന്ന കൊറോണയേയും, ഓൺലൈൻ ക്ലാസുകളെയും ഒന്ന് ശപിക്കാൻ പോലും കഴിയാതെ ടി വി യിലേക്കവൾ ദയനീയമായി നോക്കി. ഇനിയിപ്പൊ തന്റെ ജീവിതം ഇങ്ങനെയൊക്കെ തന്നെയെന്ന തിരിച്ചറിവിൽ അടുത്ത ദിവസത്തെ വൈകുന്നേരത്തേക്കുള്ള പുതിയ ചായ പലഹാരത്തിന്റെ റെസിപ്പി അറിയാൻ ഫോണിൽ യൂട്യൂബ് ചാനലിൽ പ്രസ് ചെയ്തു.