1. പ്രശ്നോത്തരി
ബാല സമാജത്തിൻ്റെ വാർഷികം. മത്സരങ്ങൾ പലതുണ്ട്. അതിലൊന്നാണ് പ്രശ്നോത്തരി.
വിഷയം - മഹാത്മാഗാന്ധി.
കൊള്ളാം. ഇന്ന് മാലോകരുടെ പ്രശ്നവും വിഷയവും അതുതന്നെയാണല്ലോ. മഹാത്മാവ് ആര്? ഗാന്ധി ആര് ?
ഇനി ബാലോകർ തന്നെ ഉത്തരം കാണട്ടെ.
2. സമാധാനം
"മതഗ്രന്ഥങ്ങൾ അണുശക്തി പോലെയാണ്. അത് സമാധാനത്തിനു വേണ്ടിയാണോ യുദ്ധത്തിന് വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്നതാണ് പ്രശ്നം."
സാംസ്കാരിക നായകൻ്റെ ഈ പ്രസ്താവന കേട്ട് ചില മതനേതാക്കൾ പ്രതികരിച്ചു.
"എന്താ സംശയം! ഞങ്ങൾ ലോകസമാധാനത്തിനു വേണ്ടി തന്നെയാണ് നിലകൊള്ളുന്നത്.മറ്റു മതങ്ങളുടെ കാര്യം അവർ തന്നെ പറയട്ടെ.."
മൂന്നാം നാൾ ദുരൂഹമായ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ട് നായകൻ ആശുപത്രിയിലായി.
അവിടെയെത്തിയ പത്രക്കാരോട് നായകൻ പറഞ്ഞു:
"ഞാനെൻറെ പ്രസ്താവന പിൻ വലിക്കുന്നു."
"ഭയന്നിട്ടാണോ ?"എന്ന
ചോദ്യത്തിന് നായകൻറെ മറുപടി ഇങ്ങനെയായിരുന്നു:
"അല്ല സമാധാനത്തിനുവേണ്ടി തന്നെ. അവർക്ക് സമാധാനമാകട്ടെ."
3. ആദർശം
"വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ രാജി വെക്കുന്നു ."
മുഖ്യമന്ത്രി ആദർശവർമ്മയുടെ രാജിത്തീരുമാനം അറിഞ്ഞ സഹമന്ത്രിമാർ ചോദിച്ചു :
''അങ്ങ് എന്തിനു രാജിവെക്കണം? അങ്ങേയ്ക്ക് നേരെ ഒരു വധശ്രമം ഉണ്ടായി. ഭാഗ്യംകൊണ്ട് അങ്ങ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും മറ്റു രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ അങ്ങയുടെ ഭാഗത്ത് വീഴ്ച ഒന്നുമില്ലല്ലോ."
"വീഴ്ചയില്ലെന്ന് ആരു പറഞ്ഞു? ആ കണ്ണുകൾ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. ആൾക്കൂട്ടത്തിൽ, യാത്രയിൽ, പ്രചാരണവേളയിൽ.. അപ്പോഴൊക്കെ സംശയംതോന്നിയെങ്കിലും ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല.
ആലോചിക്കാൻ മറ്റു നൂറു കൂട്ടം കാര്യങ്ങൾ ഉണ്ടല്ലോ.
സഹപ്രവർത്തകരും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും
ഇക്കാര്യങ്ങൾ എന്നെക്കാൾ ശ്രദ്ധിക്കുമെന്ന് ഞാൻ കരുതി. പക്ഷേ അതുണ്ടായില്ല. അതിൻ്റെയൊക്കെ പരിണതഫലമാണ് ഈ ദാരുണ സംഭവം.
ഇപ്പോൾ ഞാൻ ഓർക്കുന്നു, ആ കണ്ണുകളിൽ ഈ നാടിനെ
ചുട്ടുചാമ്പലാക്കാനുള്ള തീ ഉണ്ടായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയിൽ
അത് ഗൗരവമായി എടുക്കാത്തത് എൻറെ വീഴ്ച തന്നെ.
സഹപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും വിശ്വസിക്കുകയല്ല ഞാൻ ചെയ്യേണ്ടിയിരുന്നത്. നാടിനെ ബാധിക്കുന്ന ഏതു ഭീഷണിയെയും കാണേണ്ട സമയത്തു കാണണം. അത് കാണാതെ പോകുന്ന ഭരണാധികാരി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. മാത്രമല്ല എന്നെ പോലെ ആദർശവാനായ ഒരു ഭരണാധികാരി അധികാരത്തെ പുല്ലുപോലെ ഉപേക്ഷിച്ച് മാതൃക കാട്ടുകയാണ് വേണ്ടത്. "
ആദർശ വർമ്മ രാജിയിൽ ഉറച്ചുതന്നെ നിന്നപ്പോൾ അടുപ്പമുള്ളവർ മടിച്ചു മടിച്ചു ചോദിച്ചു:
"അങ്ങനെയെങ്കിൽ അങ്ങേയ്ക്ക് പകരം - ?"
"അതൊക്കെ ഞാൻ പാർട്ടിസെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉചിതമായ തീരുമാനം എടുക്കും ."
ഗവർണർ രാജി സ്വീകരിച്ചതിൻ്റെ അടുത്തദിവസം പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ആദർശ വർമയുടെ മകൻ!