mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ചാറ്റൽമഴ പെയ്തുതുടങ്ങിയ ചെമ്മൺപാതയിലൂടെ 'അബ്‌ദു' വേഗത്തിൽ മുന്നോട്ടുനടന്നു. നെൽപാടങ്ങളെത്തഴുകിക്കൊണ്ട് തണുത്തകാറ്റ് ആഞ്ഞുവീശിയപ്പോൾ ശരീരത്തിനൊന്നാകെ ഒരു കുളിരു പടർന്നുകയറുന്നതുപോലെ അവനുതോന്നി. മഴക്കുമുപേ ലക്ഷ്യസ്ഥാനം പൂകാനായി അവൻ നടപ്പിന് വേഗതകൂട്ടി.

വഴിയോരങ്ങളിൽ കണ്ട പരിചിതമുഖങ്ങളെ ഒരുപുഞ്ചിരിയിലൊതുക്കികൊണ്ട് വീട്ടുമുറ്റത്തേക്കുള്ള നടക്കല്ലുകൾ കയറുമ്പോൾ ഒരിക്കൽക്കൂടി ശക്തമായ കാറ്റു വീശിയടിച്ചു. ഒപ്പം ഏതാനും ഇടിമുഴക്കങ്ങളും ഉണ്ടായി.

മുസ്‌ലിയാരുടെ ഭാര്യ 'ആസിയ'... വീടിന്റെ പൂമുഖത്തുനിൽക്കുന്നുണ്ടായിരുന്നു. അബ്‌ദുവിനെ കണ്ട്‌ ഒരുനിമിഷം അവരുടെ മുഖത്ത്‌ അത്ഭുതം വിടർന്നു .പുഞ്ചിരിനിറഞ്ഞ മുഖത്തോടെ അവനെനോക്കി അവർ ചോദിച്ചു.

''ഇതാര് അബ്‌ദുവോ ...? ഒരുപാട് ആയല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട്.''

''അതേ... ഒരുപാടായി ഇങ്ങോട്ടൊക്കെ വന്നിട്ട്.'' അബ്‌ദു അവരെ നോക്കി ഭവ്യതയോടെ പറഞ്ഞു.

''ഉം ...കയറിവരൂ...'' സ്നേഹത്തോടെ പറഞ്ഞിട്ട് തലയിൽ കിടന്ന തട്ടമൊന്നുകൂടി നേരെയിട്ടുകൊണ്ട് അവർ വീടിനുള്ളിലേക്ക് നടന്നു.

കുഴമ്പിന്റെമണം തങ്ങിനിൽക്കുന്ന മുറിയിൽ തന്റെ ഗുരുവിന്റെ  കട്ടിലിനരികിലായിക്കൊണ്ട് കസേരയിൽ... അബ്‌ദു ഇരുന്നു.

''മുസ്‌ലിയാരെ ...'' ഗുരുവിന്റെ കരം കവർന്നുകൊണ്ട് അവൻ മെല്ലെവിളിച്ചു.

''ആരാ ...ഇത് ...അബ്‌ദുവോ ...?'' വിറയാർന്ന ശബ്ദത്തോടെ കൈയിൽ പിടിമുറുക്കികൊണ്ട് കുഴിയിലാണ്ട മിഴകൾകൊണ്ട് നോക്കി മുസ്‌ലിയാർ ചോദിച്ചു.

''എത്രനാളയെടോ തന്നെ ഇതുവഴിയൊക്കെ കണ്ടിട്ട്. വല്ലപ്പോഴും തനിക്ക് ഇങ്ങോട്ടൊക്കെ ഒന്ന് വന്നുകൂടെ...?'' ഇടറിയ ശബ്ദത്തോടെ മുസ്‌ലിയാർ ചോദിച്ചു. ഈ സമയം പുറത്തു ശക്തമായി മഴപെയ്യാൻ തുടങ്ങിയിരുന്നു .

''അല്ലാഹുവേ, മഴ പെയ്തല്ലോ. ഉണക്കാനിട്ട തുണികളൊന്നും എടുത്തിട്ടില്ല. ഈ പെണ്ണ് ഇതെവിടയാണോ...'' അകത്തുനിന്നും ആസിയയുടെ പരിഭവംകലർന്ന ശബ്ദം ഉയർന്നുപൊങ്ങി.

''ഞാനിവിടെ ഉണ്ട് ഉമ്മാ ...ദാ വരണു ...'' അടുക്കളയിൽ നിന്നും മുംതാസിന്റെ ശബ്ദം. ഒപ്പം  പൂമുഖത്തേക്കാരോ ഓടിയകലുന്നതിന്റെ കാലടിയൊച്ചകളും.

തന്റെ ഗുരുവിന്റെ കൈയും പിടിച്ചുകൊണ്ട് അബ്‌ദു ഏതാനുംനേരം നിശബ്ദനായി ഇരുന്നു. മനസ്സാകെ പലവിധചിന്തകൾകൊണ്ട് ഇളകിമറിഞ്ഞു. അവന്റെ മനസ്സിലാകെ മഴ തകർത്തുപെയ്യുകയാണ്. മുറ്റത്തുപെയ്യുന്ന മഴയുടെ ശബ്ദം കാതിൽ വന്നുപതിക്കുന്നതിനൊപ്പം പുതുമണ്ണിന്റെ ഗന്ധം അവന്റെ നാസ്വാദാരങ്ങളിൽ പടർന്നുകയറുകയും ചെയ്തുകൊണ്ടിരുന്നു.

അവൻ ഓർക്കുകയായിരുന്നു. ഈ മഴ തനിക്കെന്നും സുഖമുള്ള ഓർമ്മകളാണ് സമ്മാനിച്ചിട്ടുള്ളത്. അതുപോലെതന്നെ ദുഖവും പകർന്നുനൽകിയിട്ടുണ്ട്. പിന്നിട്ട വഴികളിലെല്ലാം ഒരു നിഴലിലെപോലെ തന്നെ പിന്തുടരുന്നുണ്ട് ഈ മഴ.

മുംതാസുമായി ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തിലും, ഒടുവിൽ എല്ലാം മറക്കണമെന്നുപറഞ്ഞുകൊണ്ട് അവളെ വിട്ടുപിരിഞ്ഞപ്പോഴുമെല്ലാം ഒരു സാക്ഷികണക്കെ ഈ മഴ തിമിർത്തുപെയ്തുകൊണ്ടിരുന്നു. പിന്നീടെത്രയോ രാവുകൾ നഷ്ടപ്രണയത്തിന്റെ വേദനകളും നെഞ്ചിൽപേറി താൻ ഉറങ്ങാതെ കിടന്നിട്ടുണ്ട്. അന്നെല്ലാം ഒരു മൂകസാക്ഷിയെപോലെ മഴ നിലക്കാതെ പെയ്തുകൊണ്ടിരുന്നു.

ആദ്യമായി പള്ളിയിൽജോലിതേടി മുസ്‌ലിയാരും കുടുംബവും ഈ നാട്ടിൽ വന്നതും, അയൽവക്കത്ത്‌ താമസമാക്കിയ മുസ്‌ലിയാരുടെ മകൾ മുംതാസുമായി താൻ അടുപ്പത്തിലായതും, ഒടുവിൽ അവളിലെ സർവ്വതും കവർന്നെടുത്തിട്ടു താൻ മറ്റൊരുവളുടെ സുഖം തേടിപോയതും, മുംതാസിന്റെ കൺവെട്ടത്തുനിന്നും മറഞ്ഞിരിക്കാനായി ടൗണിലേക്ക് താമസം മാറ്റിയതുമെല്ലാം ഒരിക്കൽകൂടി അബ്‌ദു മനസ്സിലോർത്തു.

പ്രണയം എന്താണെന്ന് ആദ്യമായി അറിഞ്ഞപ്പോഴും, അവസാനം എല്ലാം നഷ്ടപ്പെടുത്തിയിട്ടു ഒരു ഭീരുവിനെപോലെ ഒളിച്ചോടിയപ്പോഴുമെല്ലാം... പെയ്ത ഈ മഴമാത്രം ഇന്നും നിൽക്കാതെപെയ്യുന്നു. താനാവട്ടെ അർത്ഥശൂന്യമായ വിവാഹജീവിതവും അവസാനിപ്പിച്ചുകൊണ്ട് വരണ്ടുണങ്ങിയ ഒരു മരുഭൂമികണക്കെ ഇന്നും ജീവിക്കുന്നു. എത്രയൊക്കെ മഴ പെയ്താലും തന്റെ നെഞ്ചിലെ തീയണയില്ലെന്നു അബ്‌ദുവിന് തോന്നി.

''എന്താടോ താനിത്ര ആലോചിച്ചുകൂട്ടണത്... ഒരുപാടുകാലംകൂടിവന്നിട്ട്... വീട്ടിലെ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ...?" മുസ്‌ലിയാർ നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് അബ്‌ദുവിനെനോക്കി പറഞ്ഞു.

''ഒന്നുമില്ല ...വെറുതേ.'' ഓർമകളിൽനിന്നും മുക്തനായികൊണ്ട് അബ്‌ദു മുസ്‌ലിയാരെ നോക്കി പറഞ്ഞു. ഈ സമയം മുറ്റത്ത്‌ ഉണക്കാനിട്ടിരുന്ന തുണികളുമെടുത്തുകൊണ്ട് മുംതാസ് മുന്നിലൂടെ കടന്നുപോയി. പോകുംനേരം അവൾ ഒരുനിമിഷം മിഴികൾകൊണ്ട് അബ്‌ദുവിന് നേരെ നോക്കി. ആ നോട്ടം നേരിടാനാവാതെ അവൻ മിഴികൾ താഴ്ത്തി.

''ഇടക്ക് ബാപ്പയെ കണ്ടപ്പോൾ പറഞ്ഞിരുന്നു. താൻ നാടുവിട്ടുപോയെന്നും... വിവാഹജീവിതത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടായെന്നുമൊക്കെ... എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്. അതിനനുസരിച്ചെ എല്ലാം നടക്കൂ. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടന്നുകൊള്ളണമെന്നില്ലല്ലോ...? അതുകൊണ്ട് ഇനിയുള്ളകാലം ബാപ്പക്കും, ഉമ്മക്കും തണലായി വീട്ടിൽ താന്നെയുണ്ടാകണം. സ്വന്തമായി ഒരു വീടുണ്ട്, ജോലിയുണ്ട്. മറ്റുബാധ്യതകളൊന്നില്ല പിന്നെതിനാണ് താൻ വല്ലനാട്ടിലും ചുറ്റിത്തിരിയുന്നത്. ഒരു കുടുംബജീവിതം തകർന്നെന്നുകരുതി നമ്മൾ ജീവിതം പാഴാക്കരുത്. നമുക്കുചേർന്ന മറ്റൊരുപെൺകുട്ടിയെ കണ്ടെത്തി പുതിയൊരു കുടുമ്പജീവിതം തുടങ്ങണം. ഇതെല്ലാം എന്റെ മാത്രം നിർദേശങ്ങളല്ല. എന്നെങ്കിലും നിന്നെക്കണ്ടാൽ നിന്നോട് പറയണമെന്ന് പറഞ്ഞുകൊണ്ട് നിന്റെ ബാപ്പാ എന്നോട് പറഞ്ഞ് ഏൽപ്പിച്ചതാണ്" ഒരുനിമിഷം നിറുത്തിയിട്ട് മുസ്‌ലിയാർ അബ്‌ദുവിന് നേർക്കുനോക്കി.

എല്ലാം കേട്ടുകൊണ്ട് അബ്‌ദു തലയുംതാഴ്ത്തി മിണ്ടാതിരുന്നു. മുസ്‌ലിയാർ ഓരോന്നും പറയുമ്പോൾ... അവന്റെ ഹൃദയം വേവുകയായിരുന്നു. ആ വാക്കുകൾകേട്ട് അവന്റെ കാതുകൾ പൊള്ളിപ്പിടഞ്ഞുകൊണ്ടിരുന്നു.

തന്റെ നെഞ്ചിലെ നീറ്റലിനുകാരണം ഇതൊന്നുമല്ലെന്ന് താനെങ്ങനെ തന്റെ ഗുരുവായ മുസ്‌ലിയാരോടു പറയും? മുസ്‌ലിയാരോടു പറയാൻ കഴിയാത്ത ... അങ്ങയുടെ മകളുടെ കണ്ണീരിന്റെ ശാപമാണ് തന്റെ ജീവിതത്തിൽ വേദനയായി അവശേഷിക്കുന്നതെന്ന് മുസ്ലിയാർക്കറിയില്ലല്ലോ...

ഈ സമയം ആസിയ അബ്‌ദുവിന് ചായ കൊണ്ടുവന്നുകൊടുത്തു. അബ്‌ദു ചായ കുടിക്കുമ്പോൾ ആസിയ അവനോട് വീട്ടിലെ വിശേഷങ്ങൾ ഒന്നൊന്നായി തിരക്കിക്കൊണ്ടിരുന്നു. ഒടുവിൽ ചായകുടിച്ചു ഗ്ലാസുമായി ആസിയ പോയികഴിഞ്ഞപ്പോൾ... അബ്‌ദു മുസ്‌ലിയാരെ നോക്കി ചോദിച്ചു

''മുസ്‌ലിയാരെ ...മുംതാസിന് ഇതുവരെ നിക്കാഹൊന്നും ആയില്ലേ .?"

''ആവാഞ്ഞിട്ടല്ല അബ്‌ദു... ഓള് സമ്മതിക്കാഞ്ഞിട്ടാണ്. അവൾക്ക് നിക്കാഹ് കഴിക്കണ്ടാത്രേ. എത്രയെത്ര നല്ല ആലോചനകൾ വന്നതാണ് പക്ഷേ, അവൾ അതിനൊന്നിനും സമ്മതം മൂളീല്ല. മരിക്കുന്നേനുമുന്നെ അവളെ ആരുടെയെങ്കിലും കൈപിടിച്ചേൽപിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ ,എന്ത് ചെയ്യാം ...? തളർന്നുകിടക്കുന്ന എനിക്ക് ഇവിടെകിടന്നുകൊണ്ട് അവളോട്‌ പറയാമെന്നല്ലാതെ എഴുന്നേറ്റുപോയി തല്ലി അനുസരിപ്പിക്കാനൊന്നുമാവില്ലല്ലോ? ആകെ ഒന്നല്ലേ ഉളളൂ എന്നുകരുതി ലാളിച്ചതാണ് എനിക്ക് പറ്റിയതെറ്റ്. എത്രയോ കുട്ടികൾക്ക് വിദ്യപകർന്നുകൊടുക്കുകയും, നല്ലജീവിതങ്ങൾ ഉണ്ടാക്കികൊടുക്കുകയും ചെയ്ത എനിക്ക് സ്വന്തം മകളുടെ ഭാവി സുരക്ഷിതമാക്കാൻ കഴിഞ്ഞില്ല. എല്ലാം എന്റെ വിധി. അല്ലാതെന്തുപറയാൻ?'' പറഞ്ഞിട്ട് നിറമിഴികളൊപ്പി മുസ്‌ലിയാർ.

''അതേ മോനെ... എല്ലാം ഞങ്ങടെ വിധിയാണ്. കണ്ണടയുന്നതിനുമുൻപ് ആകെയുള്ള പെൺതരിയെ ഒരാണിന്റെ കൈപിടിച്ചേൽപിക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്. അവൾ പറയുന്നത് മരണംവരെ ബാപ്പയുടെയും, ഉമ്മയുടെയും കൂടെ ഇങ്ങനെ കഴിഞ്ഞാമതിയെന്നാണ്. ഈ പെണ്ണിന്റെ മനസ്സിലെന്താണെന്ന് ആർക്കറിയാം...!'' അവിടേക്കുവന്ന ആസിയ പരിഭവംപറഞ്ഞുകരഞ്ഞു.

ഏതാനും നേരത്തിനുശേഷം മുസ്‌ലിയാരോടും ഭാര്യയോടും യാത്രപറഞ്ഞുകൊണ്ട് വീട്ടിൽനിന്നും ഇറങ്ങിനടന്നു അബ്‌ദു. നഷ്ടമായപ്രണയം ... മുംതാസിന്റെ സ്നേഹം ... അതൊന്നും ഇനിയൊരിക്കലും തനിക്ക് തിരികെകിട്ടില്ല. താൻമൂലം മുംതാസ് ഇന്നും അവിവാഹിതയായി തുടരുന്നു. ബാപ്പയുടെയും, ഉമ്മയുടെയും മനസ്സിൽ തീകോരിയിട്ടുകൊണ്ട് ...! അവരുടെ കാലം കഴിഞ്ഞാൽ മുംതാസിനാരാണുള്ളത്? എല്ലാം താനൊരാൾ വരുത്തിത്തീർത്ത ദുരിതങ്ങൾ. ഈ പാപങ്ങളൊക്കെ താനെങ്ങനെ കഴുകിക്കളയും. ആ മാതാപിതാക്കളുടെ കണ്ണുനീരിന്റെ ശാപത്തിൽനിന്നും താനെങ്ങനെ മോചിതനാകും ...? മുറ്റത്തിറങ്ങി കലുഷിതമായ മനസുമായി നടന്നുനീങ്ങാനൊരുങ്ങുമ്പോൾ ... ആട്ടിൻകൂടിനരികിലായി മുംതാസ് നിൽക്കുന്നു. ആടിന് വെള്ളം കൊടുക്കുകയാണ് അവൾ. അബ്‌ദുവിനെക്കണ്ടവൾ വേദനകലർന്നൊരു പുഞ്ചിരി സമ്മാനിച്ചു.

അബ്‌ദു മെല്ലെ മുംതാസിനരികിലേക്ക് നടന്നു. അവളുടെ നീരണിഞ്ഞ മിഴികളിലേക്ക് വേദനയോടെ നോക്കി മെല്ലെ വിളിച്ചു .

''മുംതാസ് ...''

''ഉം ...'' അവൾ മുഖം തിരിച്ചുകൊണ്ട് മെല്ലെ മൂളി .

''നിനക്കെന്നോട് വെറുപ്പുണ്ടോ...? ഉണ്ടെന്നെനിക്കറിയാം ...! എങ്കിലും ഞാനൊന്ന് ചോദിക്കട്ടെ ...?'' എന്താണ് നീ ഇതുവരെ വിവാഹത്തിന് സമ്മതിക്കാത്തത്? നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ...?'' 
                                                                
''ഞാൻ ഒരെയൊരു പുരുഷനയെ സ്നേഹിച്ചിട്ടുള്ളൂ. അത് അബ്‌ദുവാണ്.'' മുംതാസ് ഇടറിയ ശബ്ദത്തിൽ മെല്ലെപ്പറഞ്ഞു.

''എങ്കിൽ ...നീ പറഞ്ഞത് സത്യമാണെങ്കിൽ... കഴിഞ്ഞതൊക്കെയും പൊറുത്തുകൊണ്ട്... ഇനിയാണെങ്കിലും നമുക്ക് ഒന്നിച്ചുകൂടെ? നിന്നെ ഞാൻ വിവാഹം കഴിക്കട്ടെ?'' അബ്‌ദു ആവേശത്തോടെ മുംതാസിനെ നോക്കി ചോദിച്ചു. 

''ഇല്ല അബ്ദൂ... എന്റേ ജീവിതത്തിൽ ഇനി ഒരു  നിക്കാഹില്ല ... കുടുംബജീവിതമില്ല. അതൊക്കെ ഞാൻ പണ്ടേ മറന്നുകഴിഞ്ഞിരിക്കുന്നു. ഒരിക്കൽ ഞാനിതെല്ലാം ആഗ്രഹിച്ചിരുന്നു. അന്ന് അതിനൊന്നും ഭാഗ്യമുണ്ടായില്ല. ഇന്ന് ...മനസിലെ ആഗ്രഹങ്ങളും, സ്വപ്നങ്ങളുമെല്ലാം നശിച്ചുകഴിഞ്ഞ ഈ അവസ്ഥയിൽ... വിവാഹത്തിനൊട്ടും താല്പര്യമില്ല. എനിക്കുമുണ്ടായിരുന്നു ആഗ്രഹങ്ങളും, സ്വപ്നങ്ങളുമൊക്കെ. പക്ഷേ, അബ്ദുവിനെ സ്നേഹിച്ചതിന്റെപേരിൽ എനിക്കതെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. ഞാനും അബ്‌ദുവിനെപോലെ ഒരു മനുഷ്യജീവിയാണ്. അബ്‌ദുവിനെ സ്നേഹിച്ചതിന്റെ പേരിൽ എനിക്ക് നഷ്ടമായത് എന്റേജീവിതത്തിലെ വിലപ്പെട്ട ദിനങ്ങളാണ് .അതുകൊണ്ട് എനിക്കിനിയൊരു വിവാഹജീവിതമില്ല. എന്റെ മനസ്സിൽ അബ്‌ദു എന്നേ മരിച്ചുകഴിഞ്ഞു. മരണവരെയും എന്റെ മാതാപിതാക്കൾക്കൊരു തുണയാകണം ഇത് മാത്രമാണ് ഇപ്പോഴത്തെ  എന്റെ ആഗ്രഹം മറ്റൊന്നിനേക്കുറിച്ചും ഞാനിപ്പോൾ ചിന്തിക്കുന്നില്ല.'' പറഞ്ഞിട്ട് അവൾ തിരിച്ചുനടന്നു. 

ആ സമയം അബ്‌ദുവിന്റെ മിഴികളിൽ നിന്നും ഏതാനും  കണ്ണുനീർത്തുള്ളികൾ അടർന്നുവീണു. മുംതാസിനെപ്പോലൊരു പെണ്ണിന്റെ സ്നേഹം നഷ്ടപ്പെടുത്തിയതോർത്ത്‌ അന്ന് ജീവിതത്തിലാദ്യമായി അവൻ പൊട്ടിക്കരഞ്ഞു. ഈ സമയം വീടിനുള്ളിൽ കടന്ന് തന്റെ മുറിയിൽ കട്ടിലിൽ കിടന്നുകൊണ്ട് തലയിണയിൽ മുഖമമർത്തി പൊട്ടിക്കരയുകയായിരുന്നു മുംതാസും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ