mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku)

ചെക്കിങ്ങും മറ്റും കഴിഞ്ഞ് എയർപോർട്ടിനു പുറത്തെത്തി. ബാഗുകൾ കയറ്റിവെച്ചിട്ട് ടാക്സിയുടെ സീറ്റിൽ കടന്നിരിക്കുമ്പോൾ ഡ്രൈവർ എല്ലാവരോടും ചോദിക്കാറുള്ളതുപോലെ ചോദിച്ചു.

"സാറിനെ കൂട്ടിക്കൊണ്ടുപോകാൻ ആരും വന്നിട്ടില്ലേ?"

പൊടുന്നനെയുള്ള ആ ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്നറിയാതെ അയാൾ ഒരുനിമിഷം ഇരുന്നു. എന്നിട്ട് ശബ്‌ദം താഴ്ത്തി മെല്ലെ പറഞ്ഞു.

"ആരും വന്നില്ല... വരാൻ പറ്റിയ ഒരു സാഹചര്യത്തിലല്ല വീട്ടുകാർ."

"ആണോ അതെന്താ സാറേ അങ്ങനെ?" ഡ്രൈവർ വീണ്ടും ചോദിച്ചു.

"ഒരു മരണം നടന്നു വീട്ടിൽ... ഇന്നലെ എന്റെ അമ്മയുടെ, ഇന്നാണ് സംസ്കാരച്ചടങ്ങ്."

"ആണോ... സോറി സാർ."

ഡ്രൈവർ പിന്നെ ഒന്നും ചോദിച്ചില്ല. അയാൾ പറഞ്ഞതുപ്രകാരം ലക്ഷ്യസ്ഥാനം കണക്കാക്കി കാർ പായിച്ചു.

പോക്കറ്റിൽ നിന്ന് ടവ്വലെടുത്ത് മുഖമൊന്ന് അമർത്തിത്തുടച്ചിട്ട് അലക്ഷ്യമായി സൈഡുഗ്ലാസിലൂടെ  പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു. കാർ നഗരം പിന്നിട്ട് ഗ്രാമത്തിലേക്കുള്ള റോഡിലേയ്ക്ക് കടന്നു കഴിഞ്ഞിരിക്കുന്നു.

ഈ റോഡ് കടന്നുപോകുന്നത് ഇടവകപള്ളിയുടെ മുന്നിലൂടെയാണ്. ഒരുപാട് പഴക്കമുള്ള പ്രൗഡി നശിക്കാത്ത ഇന്നും പുതുക്കി പണിയാത്ത പള്ളി. പള്ളിയുടെ ചുറ്റുപാടും എന്തൊക്കെ വികസനങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു. എത്ര പെട്ടെന്നാണ് അതൊക്കെ സംഭവിച്ചത്. പണ്ട് അതുവഴി നല്ലൊരു റോഡ് പോലുമില്ലായിരുന്നു. കല്ലും മുള്ളും നിറഞ്ഞ ഇടവഴികൾ താണ്ടി വേണമായിരുന്നു അന്നൊക്കെ പള്ളിയിലെത്താൻ. ഞായറാഴ്ചകളിൽ പള്ളിനിറയെ ആളുകൾ ഉണ്ടാവും കുർബാനയ്ക്ക്. കല്ലുകൾ അടർന്നുമാറി നിറം മങ്ങിയ ആ നടയിൽ പലപ്പോഴും താനും അമ്മയും പോയിരിക്കും. ഗ്രാമത്തിലെ എല്ലാ വിശ്വാസികളെയും പോലെ തങ്ങളുടേയും അഭയകേന്ദ്രമാണ് ആ കുരിശടി. സായാഹ്നങ്ങളിൽ പള്ളിയുടെ കൽകുരിശിലേറി നിൽക്കുന്ന യേശുവിനെ നോക്കി അമ്മച്ചിയുടെ മടിയിൽ തല വെച്ചുകൊണ്ട് എത്രയോ കഥകൾ അയവിറക്കിയിട്ടുണ്ട്. കഷ്ടതകളിൽ നിന്നും ഉന്നതിയിലേയ്ക്കെത്തിയവരുടെ കഥകൾ കേൾക്കാൻ അന്ന് വലിയ ഇഷ്ടമായിരുന്നു. ഒപ്പം ത്യാഗങ്ങൾ സഹിച്ചുകൊണ്ട് മനുഷ്യർക്ക് വേണ്ടി കുരിശുമരണം വരിച്ച യേശുവിന്റെ കഥപറയുമ്പോൾ അറിയാതെ കണ്ണുനീർ വാർക്കും. എത്രയോ നാളുകൾ അങ്ങനെ കടന്നുപോയിരിക്കുന്നു.

രാവന്തിയോളം കൂലിവേല ചെയ്ത് മാതാപിതാക്കൾ കൊണ്ടുവന്ന പണം കൊണ്ട് സഹോദരങ്ങളുമൊന്നിച്ച് ഓലക്കുടിലിൽ കഴിഞ്ഞുകൂടിയ നാളുകൾ. ഒടുവിൽ കഷ്ടപ്പെട്ട് പഠിച്ചുവളർന്നു വലുതായപ്പോൾ സഹോദരിമാർ ജോലി വാങ്ങി അനുയോജ്യരായവരെ വിവാഹം കഴിച്ചു കുടുംബമായി. ഈസമയം സമൂഹത്തിലെ ഉന്നതി മുന്നിൽകണ്ടുകൊണ്ട് പണം സമ്പാദിക്കാനുള്ള തീരുമാനത്തോടെ പ്രവാസജീവിതം. വല്ലാത്തൊരു ആവേശമായിരുന്നു മനസ്സു നിറയെ... പണം വാരിക്കൂട്ടാനുള്ള ആവേശം. കൊഴിഞ്ഞുപോയ ഓരോ ദിനങ്ങളും പണം സമ്പാദിച്ചു വേണ്ടുവോളം. നാട്ടിൽ പുതിയ വീട്, എസ്റ്റേറ്റ്, കാറ്, മക്കൾക്ക് ഉയർന്നസ്കൂളിൽ വിദ്യാഭ്യാസം. ഇതിനിടയിൽ നഷ്ടപ്പെട്ടുപോയ ഒന്നുമാത്രം കണ്ടില്ല... തന്നെ വളർത്തി ഇത്രത്തോളമാക്കിയ മാതാപിതാക്കളെ... അവരുടെ സ്നേഹം, അവരുടെ സാമീപ്യം ഒന്നുംതന്നെ അടുത്തറിയാൻ ശ്രമിച്ചില്ല. അവരോട് നിറവേറ്റേണ്ട കടമകൾ പലതും മറന്നുപോയി.

നാട്ടിൽ പോകാനും കുടുംബത്തോടൊത്തു ചെലവിടാൻകഴിയുന്നതുമായ അവസരങ്ങൾ ഓരോന്നും വേണ്ടെന്നുവെച്ചു. അതുകൂടി പണം സമ്പാദിക്കുന്നതിന് മാറ്റിവെച്ചു. രണ്ടുവർഷം കൂടുമ്പോൾ ഒന്നോ രണ്ടോ ആഴ്ചകൾ മാത്രം നാട്ടിൽ വന്നു നിന്നിട്ട് മടങ്ങിപോയി. ഇതിനിടയിൽ പെട്ടെന്ന് ഹൃദയാഘാതം ബാധിച്ച്‌ അപ്പന്റെ മരണം. തന്നെ കാണണമെന്ന് ആശുപത്രിയിൽ കഴിഞ്ഞ നാളുകളിൽ അപ്പൻ ഒരുപാട് ആഗ്രഹിച്ചിട്ടും അവസരമുണ്ടായിരുന്നിട്ടും താൻ പോയില്ല. പിന്നീട് അധികം വൈകാതെ അമ്മയുടെ അസുഖം... ആമാശയത്തിൽ ക്യാൻസർ. ഒരു മേജർ സർജറി വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അത് ഇന്നലെയായിരുന്നു പക്ഷേ...

വീടിനുമുന്നിൽ കാറെത്തുമ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. റോഡിലും മുറ്റത്തുമൊക്കെ തന്റെ വരവുകാത്തെന്നവണ്ണം സംസാരിച്ചുകൊണ്ട് നിന്ന നാട്ടുകാരുടെയും, ബന്ധുക്കളുടെയുമൊക്കെ മുഖം വ്യക്തമായി.

കാറിൽ നിന്നിറങ്ങി ടൈലുപാകിയ മുറ്റത്തുകൂടി വീടിനുനേർക്ക് നടക്കുമ്പോൾ എരിഞ്ഞടങ്ങുന്ന ചന്ദനത്തിരിയുടെയും, കുന്തിരിക്കത്തിന്റെയുമൊക്കെ ഗന്ധം മൂക്കിൽ വന്നു തട്ടി. കൂടെ ഒപ്പീസ്ഗാനത്തിലെ ചിന്തിപ്പിക്കുന്ന വരികൾ കാതുകളെ തഴുകി. കുഞ്ഞുനാളിൽ ഈ ഗാനം കേൾക്കുമ്പോൾ വല്ലാത്ത ഭയവും സങ്കടവും ഒക്കെയായിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് അപ്പൻ പോയി. ഇപ്പോഴിതാ അമ്മച്ചിയും തന്നെ വിട്ടു പോയിരിക്കുന്നു. തിങ്ങിക്കൂടിയ ജനങ്ങൾക്കിടയിലൂടെ വീടിനകത്തേക്ക് കയറുമ്പോൾ ശരീരം വല്ലാതെ തളരുന്നതുപോലെ തോന്നി. കാലുകൾ വിറയ്ക്കുന്നു...മനസ്സ് പിടയുന്നു. മൊബൈൽ ഫ്രീസറിനുള്ളിൽ തണുത്തുമരവിച്ച്‌ അമ്മച്ചി കിടക്കുന്നു. അവസാനമായി കണ്ടു മടങ്ങുമ്പോളുള്ള അതേ ശാന്തമായ മുഖം.

"മോനേ അമ്മച്ചിക്ക് നിന്നെ കാണാൻ കൊതിയാവുന്നു. ഈ ലോകത്ത് അമ്മച്ചിയ്ക്ക് ഏറ്റവും വലുത് നിന്റെ സമീപ്യവും, അത് പകർന്നുനൽകുന്ന സന്തോഷവുമൊക്കെയാണ്. അതിന് പകരമാവില്ല നീ പണംകൊണ്ട് എനിക്ക് ഒരുക്കിയ സുഖസൗകര്യങ്ങൾ ഒന്നും. പിന്നെ നാളെ നടക്കുന്ന ഓപ്പറേഷനിൽ ഒന്നും എനിക്ക് പ്രതീക്ഷയില്ല... കർത്താവിന്റെ അടുക്കലേക്ക് മടങ്ങാൻ സമയമായെന്ന് അമ്മച്ചിയുടെ മനസ്സ് മന്ത്രിക്കുന്നു. പലപ്പോഴും ഞാൻ സ്വപ്നം കാണുന്നു... അപ്പനെന്നെ മാടിവിളിക്കുന്നത്. "രണ്ടുദിവസങ്ങൾക്കുമുമ്പ് ഓപ്പറേഷനുമുന്നേ വിളിച്ചപ്പോൾ അമ്മച്ചി പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുന്നു. ഹൃദയം വല്ലാതെ പിടയുന്നു.

എത്രത്തോളം താൻ സമ്പാദിച്ചു... രണ്ടു തലമുറയ്ക്ക് സുഖിച്ച് ജീവിക്കാനുള്ളതത്രയും. എന്നിട്ടും തന്നെ പെറ്റുപോറ്റിയ അമ്മച്ചിയ്ക്ക് ഒരല്പം സ്നേഹമോ, സാന്ത്വനമോ അവസാനനാളുകളിൽ പകർന്നുനൽകാൻ തനിക്കായില്ല. കൊതിതീരെ കാണാൻ ഒന്ന് നിന്നു കൊടുക്കാൻ പോലും തനിക്ക് സമയം കിട്ടിയില്ല. വേദനനിറഞ്ഞ മനസ്സിലേക്ക് ഒരു നടുക്കം സമ്മാനിച്ചുകൊണ്ട് സഹോദരിമാരുടെ നിലവിളികൾ ഉയർന്നു പൊങ്ങി.

"നമ്മുടെ അമ്മച്ചി നമ്മളെ വിട്ടു പോയി ഇച്ചായാ..."

നെഞ്ച് പിഞ്ഞിക്കീറുന്ന വേദനയോടെ അയാൾ സഹോദരിമാരെ നോക്കി നിറമിഴികൾ വാർത്തു. തുടർന്ന് അമ്മച്ചിയുടെ കാൽക്കൽ മുട്ടുകുത്തി തലകുമ്പിട്ടുനിന്ന് കണ്ണുനീരൊഴുക്കി മനസ്സുകൊണ്ട് ഒരായിരം വട്ടം മാപ്പ് പറഞ്ഞു.

മാതാപിതാക്കളെ അടക്കംചെയ്ത കല്ലറയ്ക്കുമുന്നിൽ നിർവികാരനായി ഭൂതകാല സ്മരണകളും പേറി അവസാന ആളും പിരിഞ്ഞു പോകുന്നതുവരെ അയാൾ നിന്നു. എന്നിട്ട് മെല്ലെ തിരിഞ്ഞു നടന്നു. ആ സമയം അയാൾ മനസ്സിൽ നിശ്ചയിച്ചു കഴിഞ്ഞിരുന്നു...

ഇനിയൊരു മടക്കയാത്രയില്ല... ഇനിയുള്ള കാലം തനിക്ക് തന്റെ നാട്ടിൽ തന്നെ ജീവിക്കണം. അപ്പന്റെയും അമ്മയുടെയും ഓർമ്മകളുറങ്ങുന്ന മണ്ണിൽ. സമയംകിട്ടുമ്പോഴൊക്കെ അവരുടെ കല്ലറയ്ക്ക് മുന്നിൽ എത്തണം. തന്റെ മാതാപിതാക്കൾ തനിക്ക് പകർന്നുനൽകിയ സ്നേഹവും കരുതലുമൊക്കെ തന്റെ മക്കൾക്കും പകർന്നു നൽകണം. അയാൾ ആവേശത്തോടെ വീട്ടിലേയ്ക്ക് നടന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ