"ടീച്ചറെ കാണാൻ ഒരാളു വന്നിട്ട്ണ്ട്." പ്യൂൺ ഗോപാലേട്ടൻ സ്വതസിദ്ധമായ മന്ദഹാസത്തോടെ പറഞ്ഞപ്പോൾ അതിശയമാണ് തോന്നിയത്. ആരാണാവോ ഈ നേരത്ത് ? സമയം ഇപ്പൊഴേ ഏറെ വൈകിയിട്ടുണ്ട്.
സ്ക്കൂൾ വിട്ടതിനു ശേഷം പത്താം ക്ലാസ്സിലെ കുറച്ചു കുട്ടികൾക്കു വേണ്ടി സ്പെഷൽ ക്ലാസ്സ് വെച്ചതാണ്. ക്ലാസ് വിട്ട് കുട്ടികൾ പോയതിനു ശേഷമാണ് തലേന്നു വാങ്ങി വെച്ച നോട്ടുബുക്കുകൾ പരിശോധിക്കാനായി വാങ്ങി വെച്ചത് മേശമേലങ്ങനെ അക്ഷമയോടെ തലയുയർത്തി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പിന്നെ ഇതു കൂടി കഴിഞ്ഞിട്ടാകാം എന്നു കരുതിയങ്ങനെ ഇരുന്നതാണ്. നേരം പോയതറിഞ്ഞില്ല .ആറുമണി കഴിഞ്ഞിരിക്കുന്നു.
ഇനിയിപ്പോ ബസ്സുകിട്ടി വീട്ടിലെത്തുമ്പോഴേക്കും ഇരുട്ടാവും. ഒന്നുകിൽ മീറ്റിങ്ങ്, അല്ലെങ്കിൽ സെപഷൽ ക്ലാസ്സ് ,അതുമല്ലെങ്കിൽ കുറേ ദിവസങ്ങളായി ക്ലാസ്സിൽ വരാതിരുന്ന ഏതെങ്കിലും കുട്ടിയുടെ വീട്ടിലേക്കൊരു സന്ദർശനം. എന്തായാലും ഇരുട്ടിയേ വീട്ടിലേക്കു കയറാറുള്ളൂ ഈയിടെ. ആദ്യമാദ്യമെല്ലാം സംശയത്തോടെ ഒളിഞ്ഞു പതുങ്ങി നോക്കിയിരുന്നവരും "ഇത്രേം നേരം സ്ക്കുളുണ്ടാർന്നോ?" എന്നു ചോദിക്കുന്നവരുമെല്ലാം ഇതൊരു പതിവു കാഴ്ചയായതുകൊണ്ടാവാം എല്ലാം നിർത്തിയിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ അവർക്കായിരുന്നല്ലോ ഏറെ ആകാംഷ തൻ്റെ കാര്യത്തിൽ.
ജോലി കിട്ടുന്നതിനു മുമ്പ് "പണിയൊന്നുമായില്ലല്ലേ?" എന്നായിരുന്നു ചോദ്യം. അതു കഴിഞ്ഞപ്പോൾ "കല്യാണത്തിൻ്റെ കാര്യം എന്തായി?'' എന്നു വിഷയം മാറ്റിയെന്നേയുള്ളൂ. പരിഹാസവും കുറ്റപ്പെടുത്തലുമെല്ലാം നിസ്സംഗതയോടെ തള്ളിക്കളയാനുള്ള പരിശീലനം കുട്ടിക്കാലത്തേ ലഭിച്ചതുകൊണ്ട് അതൊന്നും ഒരു പ്രശ്നമായിത്തോന്നിയില്ല.
കൂട്ടുകുടുംബത്തിൻ്റെ ഭദ്രതയേക്കാൾ ജനിച്ചു വളർന്ന വീട്ടിൽ നിന്നും ലഭിച്ച അവഗണനകളേറ്റ് മുരടിച്ചു പോയിരുന്നല്ലോ മനസ്സ് പണ്ടുതന്നെ.
തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല എന്ന സത്യം മനസ്സിലുരുവിട്ടുറപ്പിക്കുമ്പോൾ ഏറെ സമാധാനം തോന്നിയിരുന്നു.
ചിന്തകൾ കാടുകയറുന്നല്ലോ. എപ്പോഴും ഇങ്ങനെതന്നെയാണ്. കയറൂരി വിട്ട പശുക്കുട്ടിയെപ്പോലെ തുള്ളിത്തുള്ളിയങ്ങനെ പാഞ്ഞു പോകും അതെപ്പോഴും.
"ഇങ്ങോട്ട് വരാൻ പറയൂ ഗോപാലേട്ടാ," എന്നു പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും മൂന്നോ നാലോ വയസ്സുള്ള ഒരു പെൺകുഞ്ഞിൻ്റെ കൈയും പിടിച്ച് നിറം മങ്ങിയ സാരിയുടുത്ത ഒരു സ്ത്രീ നിർന്നിമേഷയായി തന്നെ നോക്കി നിൽക്കുന്നു.
"എത്ര ശ്രമിച്ചിട്ടും ഈ മുഖം ഓർത്തെടുക്കാനാവുന്നില്ലല്ലോ ഈശ്വരാ'' എന്ന് ആത്മഗതം തെല്ലുറക്കെയായെന്നു തോന്നുന്നു.
"ടീച്ചർക്കോർമ്മയില്ലല്ലേ... ഞാൻ വസന്തയാണ്. ലിസിയം അക്കാദമിയിൽ ടീച്ചർ പഠിപ്പിച്ചിരുന്നില്ലേ. നമ്മളൊന്നിച്ചല്ലേ പോയിരുന്നത്?"
ഓർമകൾ ഞൊടിയിടയിൽ ഇരുപതുവർഷങ്ങൾക്കു പിന്നിലേക്കു പറന്നു.
പി.ജി. റിസൽട്ടു വരുന്നതിനു മുമ്പ് ആദ്യമായി അദ്ധ്യാപികയുടെ വേഷം കെട്ടിയത്, വരും വർഷം ബി.എഡിന് ചേരുമ്പോൾ കുറച്ചു പണമെങ്കിലും സ്വന്തമായി സമ്പാദിച്ചുണ്ടാക്കണമെന്നു കരുതിയിട്ടായിരുന്നു. അന്ന് പ്രീഡിഗ്രി ക്ലാസ്സിലുണ്ടായിരുന്ന വെളുത്തു മെലിഞ്ഞ് രണ്ടു വശത്തേക്കും മുടി മെടഞ്ഞിട്ട സുന്ദരിക്കുട്ടിയുടെ ചിത്രം മനസ്സിലേക്കോടിയെത്തി.
ആദ്യത്തെ ക്ലാസ്സിൽ എല്ലാവരേയും പരിചയപ്പെട്ടപ്പോഴാണ് ഞങ്ങൾ ഒരേ വഴിക്കുള്ള യാത്രക്കാരാണെന്നറിയുന്നത്. പിന്നീടെന്നും യാത്ര ഒരുമിച്ചായി. അവളുടെ വീടുകഴിഞ്ഞ് പിന്നേയും കുറേ ദൂരം പാടവരമ്പിലൂടെ നടക്കാനുണ്ട് തനിക്ക്.
അവൾ കിലുകിലെ ചിരിച്ചു കൊണ്ട് സംസാരം തുടരും. അച്ഛനെ കണ്ട ഓർമ പോലുമില്ല. രണ്ടര വയസ്സുള്ളപ്പോഴാണത്രെ മരിച്ചത്. പെയിൻ്ററായിരുന്നത്രെ. അമ്മയുടെ വീട്ടുകാരാരും തിരിഞ്ഞു നോക്കില്ല. പ്രണയ വിവാഹമായിരുന്നത്രെ. വളർത്തി വലുതാക്കിയോരെ മറന്ന് കണ്ടോൻ്റ കൂടപ്പോയപ്പോ വാരിക്കൂട്ടിയ പ്രാക്കു പറ്റീതാണെന്നാണത്രെ അമ്മമ്മ പറഞ്ഞു കൊണ്ടു നടക്കുന്നത്.
എന്തായാലും നന്നായി തുന്നൽ അറിയാവുന്നതിനാൽ ജീവിത ചിലവ് കണ്ടെത്തുന്നതിന് വലിയ പ്രയാസമുണ്ടായില്ല. ഒരു കുഞ്ഞു വീടും സ്വന്തമായി അച്ഛൻ വാങ്ങിയതിനാൽ അമ്മയും മോളും ഒരു വിധം കഷ്ടപ്പെടാതെ കഴിഞ്ഞു വന്നു. പഠിക്കാൻ മിടുക്കിയായ മോളിലായിരുന്നു ആ അമ്മയുടെ പ്രതീക്ഷ മുഴുവനും.
തുണികൾ വാങ്ങിക്കൊണ്ടുവന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ തയ്ച്ചുണ്ടാക്കി രാപ്പകൽ കഷ്ടപ്പെട്ട് തൻ്റെ മകൾക്കായി കുറച്ചു പണം സ്വരുക്കൂട്ടി ബേങ്കിലിടുകയും ചെയ്ത ആ അമ്മയുടെ കരുതലിന് മകൾ പുല്ലുവിലയും കൊടുക്കാതിരുന്നതാണ് പിന്നീടു കണ്ടത്.
ചാരായ ഷാപ്പ് നടത്താൻ പാലായിൽ നിന്നും വന്ന ഒരുത്തൻ അവളെ വലവീശി. ബാബു എന്നാണത്രേ അവൻ്റെ പേര്. ആദ്യമെല്ലാം ടീച്ചറുടെ നിഴൽ പോലെ നടന്നിരുന്ന കുട്ടി പിന്നെപ്പിന്നെ എന്തോ ഒരകൽച്ച കാണിച്ചു തുടങ്ങി. ''ഞാൻ വന്നോളാം, ടീച്ചറു നടന്നേയ്ക്കൂ " എന്നു കേട്ടപ്പോഴും കാത്തു നിന്നതാണ്. "വയറുവേദനയാണ്, ഞാനിന്നു വരുന്നില്ല" എന്ന വൾ പെട്ടെന്നു മാറ്റിപ്പറഞ്ഞത് വിശ്വസിച്ചില്ലെങ്കിലും പിന്നെയും നിൽക്കുന്നതിൽ അർത്ഥമില്ലെന്നു കരുതി. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോഴുണ്ട് വയറുവേദനക്കാരി കളിച്ചു ചിരിച്ച് കൊഞ്ചിക്കുഴഞ്ഞങ്ങനെ ബാബുനൊപ്പം വരുന്നു.
അവനാള് തരികിടയാണെന്ന് ഒറ്റനോട്ടത്തിലേ അറിയാം. നിഷ്കളങ്കയായ ഈ പെൺകുട്ടിയെ വലയിലാക്കാൻ നടക്കുന്ന ആ ചെന്നായയെ വെറുതെ വിടരുതല്ലോ. വസന്ത തനിക്ക് സ്വന്തം അനിയത്തിയെപ്പോലെ എന്നല്ല അനിയത്തി തന്നെയാണ്. അവളുടെ അമ്മയുടെ സ്വപ്നങ്ങളുടെ ചിറകൊടിക്കുന്നത് ഓർക്കാൻ കൂടിവെയ്യ.
ഇരുവരും അടുത്തെത്തുവോളം വഴിയരികിൽ കാത്തു നിന്നു.
"വസന്ത നടന്നോളൂ'' എന്നു പറഞ്ഞപ്പോൾ സംശയവും വെറുപ്പും കലർന്ന ഭാവത്തിൽ സ്വർഗത്തിലെ കട്ടുറുമ്പായെത്തിയ തന്നെയൊന്ന് ആഞ്ഞു നോക്കി.
ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി.എങ്കിലും പിന്നീടവൾ നടന്നകന്നു.
"താനിതെന്തു ഭാവിച്ചാണ്. ഇനി മേലാൽ ആ കുട്ടിയുടെ പിറകെയെങ്ങാനും കണ്ടാൽ തന്നെയും കൂട്ടി തൻ്റെ ഷാപ്പിനു തീയിടും " എന്നു പറയുമ്പോൾ ശരീരം ദേഷ്യത്താൽ വിറക്കുകയായിരുന്നു.
പിന്നീട് അവനെ കണ്ടതേയില്ല. പക്ഷേ വസന്ത മുഖത്തു നോക്കാതായി. അമ്മയോടും അവൾ എന്തെല്ലാമോ നുണകൾ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നു മനസ്സിലായി. അവൾ യാത്ര ഒറ്റക്കായി.
ഒരിക്കൽ വഴിയിൽ വെച്ചു കണ്ട അമ്മിണ്യേടത്തിയെ കണ്ടു. വസന്തയുടെ അമ്മയുടെ പേര് അമ്മിണിക്കുട്ടി എന്നാണ്. മുഖത്തു നോക്കുക പോലും ചെയ്യാതെ കടന്നു പോയപ്പോൾ പിറകെച്ചെന്ന് ആ കൈ പിടിച്ചു.
തൻ്റെ കണ്ണുകളിലേക്കു നോക്കിയപ്പോഴാണ് അവർ കരയുകയായിരുന്നു എന്നു മനസ്സിലായത്. "ഞങ്ങളെക്കുറിച്ച് ടീച്ചറെന്തൊക്കെയാ പറഞ്ഞു നടക്കുന്നത്. മോളെല്ലാം പറഞ്ഞു." എന്നു പറഞ്ഞ് ഒറ്റക്കരച്ചിൽ.
കാര്യത്തിൻ്റെ കിടപ്പുമനസ്സിലായി. അവരുടെ പിറകേ വീട്ടിലേക്കെത്തി സമാധാനത്തോടെ എല്ലാം പറഞ്ഞു മനസ്സിലാക്കിയപ്പോൾ രണ്ടു കൈയും കൂട്ടിച്ചേർത്ത് പിന്നേയും കുറേ കരഞ്ഞു ആ പാവം.
അപ്പോഴേക്കും കുളത്തിൽ നിന്നും തുണി കലക്കി എത്തിയ മോളോട് എല്ലാം ആവുംവിധം രണ്ടാളും പറഞ്ഞു കൊടുത്തു. എല്ലാമവൾ തല കുലുക്കി സമ്മതിക്കയും ചെയ്തു. എല്ലാം ശരിയായി എന്നാശ്വസിച്ചതാണ്.
ക്രിസ്മസ് അവധി കഴിഞ്ഞതിൻ്റെ പിറ്റേന്ന് ബാബുവിനൊപ്പം അവൾ ഇറങ്ങിപ്പോയി. നാലഞ്ചു മാസം കഴിഞ്ഞതോടെ അമ്മിണിയേടത്തി കിടപ്പിലായി. രണ്ടു മൂന്നു ദിവസം ബോധമില്ലാതെ കിടന്ന് അവരും നന്ദിയില്ലാത്ത മകളെച്ചൊല്ലി ദുഃഖിച്ച് അന്ത്യയാത്രയായി.
പിന്നീടെപ്പൊഴോ വസന്തയുടെ കാര്യം ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു. അയാൾക്ക് നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ടത്രേ. ആവശ്യം കഴിഞ്ഞപ്പോൾ വഴക്കും അടിയും പിടിയുമൊക്കെയായി.
തിരിച്ച് അമ്മയില്ലാത്ത വീട്ടിലെത്താൻ അവൾ ഒരുക്കമല്ലെന്നു കേട്ടു. ഗർഭിണിയായ വസന്ത തോരാത്ത കണ്ണീരുമായി അടിയും തൊഴിയുമേറ്റ് കഴിയുകയാണെന്നും കേട്ടപ്പോൾ മനസ്സു നുറുങ്ങിപ്പോയി.
പിന്നെ ഇപ്പോഴാണ് ഈ അവസ്ഥയിലാണ് കാണുന്നത്. ഇനിയും അവിടെ നിന്നാൽ രണ്ടിനേം കൊന്നുകളയും എന്നു ഭീഷണിപ്പെടുത്തിയപ്പോൾ കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടാനായി വന്നതാണ് എന്നു കരഞ്ഞു കൊണ്ടു പറഞ്ഞപ്പോൾ സമാധാനിപ്പിക്കാതിരിക്കാനായില്ല .കുഞ്ഞിനെ വാരിയെടുത്ത് തുരുതുരാ ഉമ്മ വെച്ചു.
"സാരല്ല.. വരാനുള്ളതു വന്നു .. ഇനി നീയെൻ്റെ കൂടെയാണ് കഴിയുന്നത്.. ഇവളെ നമുക്ക് പൊന്നുപോലെ നോക്കണം. - ആരും തട്ടിയെടുക്കാത്ത വിധം ''എന്നു പറഞ്ഞ് അവളെ ചേർത്തു പിടിച്ചു.
അപ്പോൾ ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്ന് അനുഗ്രഹം ചൊരിയുന്ന പോലെ തോന്നി.