mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രണ്ടു വിണ്ട  കണ്ടത്തെ തലോടി യെത്തിയ ചുടുകാറ്റ് നിരന്തരം ഏറ്റിട്ടും രാമശ്ശാർ  തെല്ലിട  നടത്തം നിറുത്തിയില്ല. വിശ്രമിച്ചുമില്ല. പാടം  തുടങ്ങുന്നിടത്തു  നിന്നു നോക്കിയാൽ പലഭാഗത്തേക്ക് വഴികൾ പിരിയുന്ന ദശാസന്ധിയിൽ

വേരുകൾ മുരടിച്ച പഴയ ഒരു  നാട്ടുമാവു കാണാം. അതിന്റെ കടക്കൽ കരിങ്കല്ലുകൾ പാകിയ വിശ്രമസ്ഥലവും . എഴുപതു വർഷത്തെ യാത്രയുടെ തളർച്ച അനുഭവപ്പെട്ടിട്ടും രാമര്  ആ വിശ്രമ സങ്കേതം കണ്ടില്ലെന്ന് നടിച്ചു. കാലുകൾ ആയാസപ്പെട്ട് നീട്ടിവച്ചയാൾ നടന്നു. ഒൻപതിന്  പല്ലശ്ശനക്ക് ബസ്സുണ്ട്. അതു പിടിക്കണം .അതു കിട്ടിയാൽ ഉച്ചതിരിയുന്നതോടെ  മരുമോന്റെ വീടെത്താം. ചീതമ്മ  പൊതിഞ്ഞു കൊടുത്ത മുറുക്കും  ചക്കരയും ചീടയും പൊതിഞ്ഞു കെട്ടിയ  തുണി സഞ്ചി നെഞ്ചിൽ അണച്ച്  കിഴവൻ നടന്നു. മകൾക്കേറെ ഇഷ്ടമുള്ള പലഹാരങ്ങളാണ്. വയ്യാഞ്ഞിട്ടും ചീതമ്മ ഉണ്ടാക്കിയത്.

 

കഴിഞ്ഞാഴ്ച മകൾ വീട്ടിൽ വന്നിരുന്നു. താനപ്പോൾ വീട്ടിലില്ലായിരുന്നു. അച്ഛൻ വരാൻ കാത്തു നിൽക്കാതെ മകൾ പോകുകയും ചെയ്തു. അന്ന് പുറംപണി കഴിഞ്ഞ് വരുമ്പോൾ എപ്പോഴും തിണ്ണയിൽ ഇരിക്കാറുള്ള ചീതമ്മയെ  കണ്ടില്ല. അടുക്കളയിൽ നിന്ന് വിങ്ങിക്കരച്ചിലുയരുന്നു. തന്നെക്കണ്ടതും ഏങ്ങലടിയുടെ ആക്കം കൂടി. 

“ചീതമ്മോ “ ശബ്ദം ചിലമ്പിച്ച് ചിതറി 

“മ്മടെ മകള്”, ചീതമ്മയുടെ കണ്ഠമിടറി . വാക്കുകൾ മുറിഞ്ഞു. പിന്നെയയാൾ അവിടെ നിന്നില്ല .ആ വാക്കിന്റെ ആഴവും അർത്ഥവുമറിഞ്ഞ്  തലയിൽ കൈവച്ചയാൾ ഇറയത്തേക്ക് നടന്നു. അന്തിയോളം പണിയെടുത്തപ്പോൾ തോന്നാതിരുന്ന ക്ഷീണം  അയാൾക്ക് അനുഭവപ്പെട്ടു.  തിണ്ണയിൽ  ഈരഴത്തോർത്തു വിരിച്ച്  രാമച്ചാരുകിടന്നു... അപ്പോൾ നിറം മാറിയ  സന്ധ്യ ഇരുണ്ടു താഴാൻ  തുടങ്ങിയിരുന്നു. അകലെയെവിടെ നിന്നോ കൂട്ടം തെറ്റിയ ഒരു കിളിയുടെ കാറിക്കരച്ചിലയാൾ വ്യക്തമായി കേട്ടു .

കയ്യിൽ ഒരു തുണി സഞ്ചിയുമായി കയറി വന്ന മകളെക്കണ്ട് അമ്മയുടെ മനസ്സ് നൊന്തു . മുഷിഞ്ഞ വേഷം. കൺതടത്തിൽ കറുപ്പു രാശി പടർന്നിരിക്കുന്നു.  കരുവാളിച്ച മുഖം. അമ്മയെക്കണ്ടതും മകളു പറഞ്ഞു.                            

“അമ്മാ വെശക്കണമ്മാ”          

പുളിങ്കറിയൊഴിച്ച് തൈര് മുളകു  കടിച്ച് മകൾ ചോറുവാരിത്തിന്നുന്നത് അമ്മ ആശങ്കയോടെ  നോക്കി നിന്നു. ചോറുണ്ട് അമ്മയുടെ കയ്യിൽ നിന്ന് പച്ചമുളക് തിരുമ്പിയ മോരും വെള്ളവും  വാങ്ങിക്കുടിച്ച് മകൾ ഇറയത്തെ തിണ്ണയിൽ വന്നിരുന്നു. ചെണ്ടുമല്ലിയും കാശിത്തുമ്പയും ഇടതൂർന്ന  മുൾവേലിക്കപ്പുറത്തെ പൂമരത്തിന്റെ തണുത്ത തണല്. അവിടെ   ഒരു പാട്  ചുകന്ന പൂക്കൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. കുട്ടിയായിരിക്കുമ്പോൾ ചങ്ങാതിമാരോടൊപ്പം ചേർന്ന് തുമ്പു മടക്കിയ പാവാടയിൽ അവ പെറുക്കിയെടുത്ത് പൂക്കളമൊരുക്കി കളിക്കാറുള്ളത് അവൾ  ഓർത്തു. ആ പൂമരത്തിനപ്പുറം പച്ചപിടിച്ച  ചെമ്പക മരങ്ങൾ. അവയിലെ ഇലപ്പടർപ്പുകൾക്കിടയിലെ നേർത്ത ചെമ്പകപൂക്കുലകൾ . അതിനപ്പുറം അച്ഛന്റെ കൈയിൽ കിടന്ന് നീന്താൻ പഠിച്ച പച്ചപിടിച്ച   ആമ്പൽക്കുളം.  വീശിയടിക്കുന്ന  ഇളങ്കാറ്റിനൊടൊപ്പമെത്തിയ  പച്ച  ചെമ്പകത്തിന്റെ ഗന്ധം നുകരുമ്പോൾ  വീണ്ടും കുട്ടിയായാലെങ്കിലെന്നവൾ  മോഹിച്ചു.കൺതടത്തിൽ   കണ്ണീരു  നിറഞ്ഞു. കാഴ്ചകൾ  മങ്ങി.

ചീതമ്മയുടെ  വയ്യായ്ക ഭേദപ്പെട്ടയുടൻ രാമച്ചാർ  മകളുടെ അടുക്കലേക്ക്‌ പുറപ്പെടുകയായിരുന്നു. ചുടു നെടുവീർപ്പുയരുന്ന  നെടുങ്കണ്ടം കടന്ന് ടാറിട്ട റോഡിലേക്ക് രാമശ്ശാരു്  നടന്നു. നല്ല ക്ഷീണം. ഒരടി നടക്കാൻ വയ്യ. മേലു കുഴയുന്നു. എന്തെങ്കിലും വെള്ളം കുടിച്ചെങ്കിലെന്ന് ഓർത്തപ്പോഴാണ് ബസ് സ്റ്റോപ്പിനരികിലെ  അയ്യപ്പന്റെ സർബത്ത് പീടിക കണ്ണിലുടക്കിയത്.  രാമച്ചാര്  ഒന്നും പറഞ്ഞില്ല. സർബത്തു കടക്കു മുന്നിൽ വന്നുനിന്നയുടൻ അയ്യപ്പൻ   ഉപ്പിട്ട നാരങ്ങാവെള്ളം നീട്ടി. അതൊറ്റ വലിക്ക് മോന്തി രാമച്ചാർ  പിന്നെയും ഗ്ലാസ്സ് നീട്ടി. മൺകൂജയിലെ തണുത്ത വെള്ളം  ഒഴിച്ചു കൊടുത്തയാൾ പറഞ്ഞു. 

“കഴിഞ്ഞാണ്ടിനെ കടത്തി വെട്ടും.. പുഴുക്കം!  ദേവീനെ ദ്രോഹിക്കല്ലെന്നും ….ദേവിന്റെ ശാപം ല്ലാണ്ടെന്ത് ? അനുഭവിക്കന്നെ “

രാമച്ചാർ  ഒന്നു മൂളി ശരിവച്ചു. മൊട്ടക്കുന്നു ചുറ്റി പൊടിപറത്തിക്കൊണ്ട് ഒരു ജീപ്പ് കടന്നു പോയി .അതിലെ ആളുകളുടെ വേഷം കണ്ടപ്പോൾ രാമച്ചാരുറപ്പിച്ചു. പൊറാട്ടുനാടക കളിക്കാരാണ്.ഒരു വേലക്കാലത്ത് പൊറാട്ടുനാടകം കാണാൻ മകൾ വാശി പിടിച്ചു കരഞ്ഞത്  അയാളോർത്തു. വാശിക്കൊടുവിൽ കരച്ചിലുകണ്ട് മനമിടറി  പാതിരാത്രിയിൽ തോളിലേറ്റി പൊറാട്ടുനാടകം കാണാൻ പോയി. പിറ്റേന്ന് തുടങ്ങി കുട്ടിക്ക് പൊള്ളുന്ന പനി. ആസ്പത്രിക്ക് കുട്ടിയേയും കൊണ്ടോടിയ ഒരോട്ടം ! ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.ഊട്ടു ദൈവങ്ങളന്നു കൈവിട്ടില്ല..... ഇക്കുറി വേല കൂടാൻ മകളുടെ വീട്ടുകാരെ എല്ലാരേം വിളിക്കണമെന്ന് രാമശ്ശാരു നിശ്ചയിച്ചു.'

“ങ്ങള് ഈ പെല്ലച്ചെത്തന്നെ എങ്ങട്ടാണ്'? രാമശ്ശാർ ചിന്തയിൽ നിന്നുണർന്നു. അയ്യപ്പനാണ്.        

 

“മകൾട്ത്തക്ക്”     
 

വെയിലുൾക്കൊണ്ടുവന്ന കാറ്റ് തിരതല്ലി. ആ കാറ്റിൽ വെയിലേറുകൊണ്ടു  മഞ്ഞച്ച  ഇലകൾ അടർന്നു. വഴിയിലവ ചിതറി കരിയിലകൾക്കൊപ്പംചേർന്നു.

ചുരം ചുറ്റി പൊടിപറത്തി വന്ന ബസ്സിൽ രാമശ്ശാരു കയറി. ബസ്സ് പുറപ്പെട്ടു. വഴിയിൽ  മകൾ പഠിച്ച സ്കൂൾ അയാൾ കണ്ടു. എത്രയോ തവണ ചോറ്റുപാത്രവും കൊണ്ട് സ്‌കൂളിലേക്ക്‌ വന്നിരിക്കുന്നു. ആ സ്കൂൾ അത്രക്കു കണ്ടു അയാൾക്കു  പഴകിപ്പോയിരുന്നു. സ്കൂളിനു മുന്നിൽ  ബസ്സു നിറുത്തിയതുകണ്ട് കുറെ കുട്ടികൾ ഓടി വന്നു കയറി. നീലയും വെള്ളയും യൂണിഫോമിട്ട കുട്ടികൾ.ആ കുട്ടികൾക്കിടയിൽ  തന്റെ മകളുണ്ടെന്നു തോന്നിപ്പോയി.  അയാളുടെ കണ്ണുകൾ മകൾക്കായി അല്പനേരം  പരതി.

“അച്ചാ നിക്ക് നീന്താൻ പഠിക്ക്ണം സ്ക്കൂളിലെ ല്ലാവരും പഠിക്കാമ്പോണ്ട്‌', മകളുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു.

നേർത്ത പച്ച പിടിച്ച വെള്ളാരങ്കല്ലുകളുള്ള അമ്പലകുളം.അങ്ങിങ്ങ് ഉയർന്നു നിൽക്കുന്ന വെള്ളാമ്പലുകൾ .ആഴങ്ങളിലേക്കിറങ്ങുന്ന അവയുടെ നനുത്ത വേരുകൾ. കരിങ്കൽപ്പടവിലേക്കിറങ്ങുന്ന ഇളം പച്ച വെള്ളത്തിൻ്റെ നേരിയ ചൂട്. നീട്ടിയ കൈയ്യിൽ കമിഴ്ന്നു കിടന്ന് കയ്യും കാലും തല്ലിത്തുഴഞ്ഞ് മകൾ നീന്താൻ പഠിക്കുകയാണ്. ഇടക്കു മതിയാക്കി കിതച്ചു കൊണ്ട് കൽപ്പടവിലേക്ക് കയറി കണ്ണു മിഴിച്ച് പറയും. അച്ഛാ ഞാൻ മുങ്ങി പോവ്വാണ്. അച്ഛൻ്റെ കയ്യിലല്ലേ മോള് കെടക്കണെ പേടിക്കണ്ടട്ടോ ആശ്വാസത്തോടെ മകൾ വന്ന് കയ്യിൽ കിടന്ന് വെള്ളത്തിൽ തല്ലിത്തുഴയാൻ തുടങ്ങി. വെള്ളത്തിൽ ചെറു ചുഴികൾ കാണാറായി. അവ വലുതാകാൻ തുടങ്ങി. ഒരു വലിയ  തിരിച്ചുഴിയിലൂടെ കുളത്തിൻ്റെ ആഴങ്ങളിലേക്ക് മകൾ മുങ്ങിപ്പോകുന്നു. എത്ര ശ്രമിച്ചിട്ടും മകളെ ഉയർത്താൻ കഴിയുന്നില്ല. കുളത്തിൻ്റെ ആഴങ്ങളിലേക്ക് കൈകളുയർത്തി ആണ്ടു പോകുന്ന മകൾ. ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വരുന്നില്ല.  ആയാസപ്പെട്ട ഇമചിമ്മി മിഴിച്ചപ്പോൾ  മുന്നിൽ കണ്ടക്ടർ.

“കാർന്നോരെ എറങ്ങാനുള്ള സ്ഥലായ്ട്ക്കണൂ.എറങ്ങണില്ലെ?”


വിയർത്തു കുളിച്ചിരിക്കുന്നു. തളർന്ന ദേഹത്തിന്  അവശേഷിച്ച ഊർജ്ജം നല്കി എഴുന്നേറ്റു. കണ്ടക്ടർ നീട്ടിയ ബാക്കി ചില്ലറയും വാങ്ങി ബസ്സിൽ നിന്നിറങ്ങി.. ടാറിട്ട റോഡിനു വലതു വശത്ത് താഴോട്ടിറങ്ങുന്ന വെട്ടുവഴിയുണ്ട്. ആ വഴിയിലെ രണ്ടാമത്തെ വീടാണ് മകളെ കൊടുത്ത വീട്.  കല്യാണത്തിനും മറ്റു ചടങ്ങിനുമെല്ലാം  വലിയ സൗകര്യമായിരുന്നു, എളുപ്പത്തിൽ എത്തിച്ചേരാവുന്ന വീട്. ഇനിയല്പം  നടന്നാൽ മതി  എന്റെ  മോളെ ക്കാണാം.                     

വീടിന്റെ പടി മലർക്കെ തുറന്നു കിടന്നിരുന്നു.ഉമ്മറത്താരുമില്ല. എല്ലാവരും എവിടെയാണാവോ? വീടിന്റെ പടിക്കെട്ടു കയറി ഉത്സാഹത്തോടെ കോളിങ് ബെല്ലടിച്ചു. തുണി സഞ്ചി കസേരയിൽ വച്ച് തിണ്ണയിലിരുന്നു. വാതിൽ തുറന്നു വന്നത് മരുമോനും അമ്മയും. അവന് അച്ഛനില്ല  അവനെ മരുമോനായല്ല മകനായാണ് കണ്ടത്… കഴിഞ്ഞ തവണ കണ്ടതിലും ക്ഷീണമുണ്ട്. പനി പിടിച്ച ഒരു ഭാവം. മോളെവിടെയാണാവോ?

 

“മോനേ അച്ഛൻ  വന്നേക്കുണൂന്ന് പറയൂ.'

 

'അച്ഛനോ? ആരാ നിങ്ങള് '? 

 

മരുമകൻ സംശയദൃഷ്ടിയോടെ നോക്കി..

 

 “എന്ത്?' രാമച്ചാർക്ക് ക്ഷോഭം വന്നു. മുഖത്തു നോക്കി പറയുന്നതു കേട്ടില്ലെ? 

 

“നിനക്ക് കെട്ടിച്ച് തന്നില്ലെ എന്റെ മോളെ.ആ മോൾട അച്ഛൻ രാമച്ചാര് നെനക്ക് ഇനീം തിരിഞ്ഞി് ല്ലേ?.

 

അയാൾ അരിശം പൂണ്ട്  നിന്നു വിറച്ചു. അതിന് മറുപടി പറഞ്ഞത് മരുമോന്റെ അമ്മയാണ്. 

 

 “നിങ്ങൾടെ മകളെ ഇവിടാരും കെട്ടിയിട്ടില്ല. നിങ്ങളെ ഇവിടാർക്കും അറിയുകേം ഇല്ല. വന്ന വഴിയേ പൊയ്ക്കോളൂ. ഓരോരുത്തര് മെനക്കെടുത്താനായിട്ട് '

 

അവരൊന്നു നിർത്തി.

 

അപ്പോൾ വാതിൽക്കൽ ഒരു പെൺകുട്ടി വന്നു നിന്നു. അവരെ ചൂണ്ടി ആ സ്ത്രീ തുടർന്നു.

 

“ങ്ങളോട് വിസ്തരിക്കണ്ട കാര്യമില്ല. ന്നാലും പറയാ ദാ ഇതാന്റെ മകന്റെ ഭാര്യ”

രാമശ്ശാരൊന്നു  പകച്ചു. പെൺകുട്ടിയെ നോക്കി. അല്ല ..ഇതു തന്റെ മകളല്ല.! ഈശ്വരാ! തല തിരിയുന്നു.  ചീതമ്മയോട്  ഞാനെന്തു സമാധാനം പറയും? ഈ വിവരമറിഞ്ഞാൽ അവളേങ്ങിച്ചാകും. സ്തംഭിച്ചു നിന്ന രാമച്ചാർക്കു മുന്നിൽ കതകുകൾ വലിഞ്ഞടഞ്ഞു. അടഞ്ഞ വാതിലേക്കയാൾ പ്രതീക്ഷയോടെ നോക്കി അല്പനേരം നിന്നു.  പിന്നാലെ  മകൾക്കിഷ്ടപ്പെട്ട പലഹാരം പൊതിഞ്ഞു കെട്ടിയ  തുണി സഞ്ചിയെടുത്ത്  പടിക്കെട്ടിറങ്ങി നടന്നു. തെല്ലിട കഴിഞ്ഞ് പ്രതീക്ഷയോടെ ഒന്നു തിരിഞ്ഞു നോക്കി. ഉമ്മറത്ത്  ആരേയും കണ്ടില്ല. വേലിക്കപ്പുറം പരിചയമുള്ള നാലഞ്ചുമുഖങ്ങൾ. ദുഃഖം കനത്തു കിടക്കുന്ന അവരുടെ മുഖഭാവം. മകളുടെ കല്യാണം കൂടാൻ വന്നിരുന്ന അവരെ കണ്ട പരിചയമുണ്ട്. എന്തോ പറയാനാഞ്ഞതും  പൊടുന്നനെ അവർ അകത്തേക്ക് ഉൾവലിഞ്ഞു.... മലർന്നു കിടന്ന പടിയടച്ച് രാമശ്ശാർ വെട്ടുവഴിയിലേക്കിറങ്ങി. പിന്നെ ടാറിട്ട റോട്ടിലെത്തി. ഉച്ച ഉരുകിത്തീർന്നെങ്കിലും ചൂടപ്പോഴും ശമിച്ചിരുന്നില്ല. യാത്രികരുടേയും വണ്ടികളുടേയും കനിവുതേടി ഒരു കൂട്ടം  ശവം നാറി പൂക്കൾ  വഴിയോരത്ത് കണ്ടു. അതിനരികെ പൊടി മണ്ണേറ്റ് നിറം പോയ ബസ് സ്റ്റോപ്പ്. അവിടെ ചുമരോരം  ചേർന്ന്ഒരു ഭിക്ഷക്കാരിയും കുട്ടിയും ഇരിക്കുന്നു. അന്നമടങ്ങിയ തുണിസഞ്ചി രാമച്ചാർ ആ കുട്ടിയുടെ മടിയിൽ വച്ചു.ആ കണ്ണുകളിലെ പ്രകാശം തെല്ലിട ഉൾക്കൊണ്ട് അയാൾ ബസ് സ്റ്റോ്റ്റോപ്പിലെ ഒരു മൂലയിൽ ഒതുങ്ങിയിരുന്നു. രാമച്ചാരുടെ  വീട്ടിലേക്കുള്ള  ബസ്സുകളെപ്പോഴെ പോയിക്കഴിഞ്ഞിരുന്നു.എന്നിട്ടും അയാൾ അവിടെ ബസ്സുകാത്തിരുന്നു.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ