mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അയാൾ മരണത്തിനും, ജീവിതത്തിനുമിടയിലുള്ള നൂലുപാലത്തിലൂടെ, കിതച്ച്, കിതച്ച്, ജരാനരകൾ ബാധിച്ച മനസ്സുമായി, ആശകളെയും, മോഹങ്ങളെയും, ബന്ധിച്ച്, ഈ ജയിലിലെ നാലു ചുവറിനുള്ളിൽ ഞെട്ടി തെറിച്ച ഓർമകളോടെ, കഴിയാൻ തുടങ്ങിയിട്ട് ഏതാനും ദിവസം ആയിട്ടേ ഉള്ളൂ.

മജ്ജയും, മാംസമുള്ള മനുഷ്യനാണോ, താനിന്ന് എന്നറിയാൻ വേണ്ടി അയാൾ അയാളെ തന്നെ ഒന്ന് തൊട്ടു നോക്കി. കാരണം താൻ ജീവിച്ചിരിക്കുന്നത്, സത്യമോ മിഥ്യയോ, എന്നറിയാതെ അയാൾ അത്രമേൽ തളർന്നിരുന്നു.

അടുപ്പിലേക്ക് അടുക്കുന്ന വിറക് കഷ്ണങ്ങൾ ആളികത്തി അടങ്ങി, ഒരു മാത്ര കനലിന്റെ ചൂടിൽ ജ്വലിച്ചു, പിന്നെ പട്ടട കത്തിയമരുംമ്പോലെ, ചിന്തകൾ അയാളുടെ തലച്ചോറുന്ള്ളിൽ കുഞ്ഞു കുഞ്ഞു ഉറുമ്പുകളായി അരിക്കാൻ തുടങ്ങി.

ഭരത് രാജ്,ഒരു ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ ആയിരുന്നു. ജോലിയോട് നൂറു ശതമാനം കൂറ് പുലർത്തുന്നയാൾ, അതിനു പുറമെ സാമൂഹ്യ പ്രവർത്തകൻ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ, തന്റെതായ രീതിയിൽ അയാൾ എപ്പോഴും,മികവ് പുലർത്തി, ജനങ്ങൾക്കിടയിൽ അയാൾക്ക് നല്ല മതിപ്പ് തന്നെ യായിരുന്നു. ലഹരിക്കെതിരെ പ്രസംഗിച്ചും, ബോധവൽക്കരണം നടത്തിയും, അയാൾ നാട്ടുകാരുടെ കണ്ണിലുണ്ണിയായി.

ഭാര്യ, വീട്ടമ്മ സുധർമ, രണ്ട് കുട്ടികൾ, ഡിഗ്രിക്ക് പഠിക്കുന്ന അശ്വിൻ, പ്ലസ് ടു വിന് പഠിക്കുന്ന ആതിര. ജീവിതം അങ്ങിനെ സുഗമമായ ഒഴുക്കിൽ നീങ്ങികൊണ്ടിരിക്കുകയാണ്.

ഒരു ദിവസം സുധർമ എന്ന സുധ പരവശയായി ഭർത്താവ് രാജിന്റെ മുന്നിൽ ഓടി എത്തി. ജോലി കഴിഞ്ഞു വന്ന് കുളിക്കാൻ വേണ്ടി ടവലും എടുത്ത് ബാത്‌റൂമിലേക്ക് കയറുന്നിടയിൽ അയാൾ തിരിഞ്ഞു തന്റെ ഭാര്യയെ നോക്കി.

എന്താ....എന്ത്പറ്റി?

"ഇങ്ങളോട് ഞാൻ കുറച്ചു ദിവസമായി പറയണമെന്ന് വിചാരിക്കുന്നു." സുധ വിക്കി വിക്കി പറഞ്ഞു.

"എന്തെ, എന്തായാലും പറയൂ," അയാൾ തന്റെ കയ്യിലുള്ള ടവൽ ബാത്‌റൂമിൽ വെച്ചു, പുറത്തിറങ്ങി സ്വീകരണ മുറിയിലേക്ക് നടന്ന് അവിടെയുള്ള കസേരയിൽ ഇരുന്നു.

"അത്..."

"അത് രാജേട്ടാ.... മോന്റെ മുറിയിൽ നിന്ന് കുറച്ചു ദിവസമായി നല്ല സിഗരറ്റിന്റെ മണമാണെന്ന് തോന്നുന്നു. സുധ മടിച്ചു മടിച്ചു പറഞ്ഞു."

"നിനക്ക് തോന്നിയതാവും, അവന് അങ്ങിനെ ചെയ്യോ, നല്ല കുട്ടിയല്ലേ അവന്,"

അല്ല രാജേട്ടാ... "സിഗരറ്റ് പായ്ക്കറ്റും എന്റെ കണ്ണിൽ പെട്ടിട്ടുണ്ട്."

ഭരത് രാജ് ആകെ അന്ധാളിച്ചു പോയി.

"നീ എന്താ ഇതുവരെ പറയാത്തെ". അയാൾ ചോദിച്ചു.

"അവനങ്ങിനെ ചെയ്യുമെന്ന് ഞാനും വിശ്വസിച്ചില്ല. എന്നാൽ ഈയിടെയായി എപ്പോഴും, എന്നോട് പൈസ ചോദിക്കാറുണ്ട്, ഞാൻ കുറേശ്ശേ കൊടുക്കും, എന്നാൽ പൈസ ചോദിക്കൽ കൂടിയിരിക്കുന്നു. കൊടുത്തിട്ടില്ലെങ്കിൽ എന്നെയും മോളെയും, ഉപദ്രിവിക്ക്യ. സാധനങ്ങൾ എടുത്ത് വലിച്ചെറിയ, ഇതൊക്കെയാണ് പരിപാടി."

അയാൾ കണ്ണുംമിഴിച്ചു ആകെ ചിന്താധീനയായി ഇരുന്നു പോയി. അയാൾക്ക് ഒരിക്കലും ഇതൊന്നും ഉൾകൊള്ളാനേ കഴിഞ്ഞില്ല. അപ്പോൾ ആതിരയും ഭയചകിതയായി അങ്ങോട്ട് കടന്നു വന്നു.

"അച്ഛാ...." അവളുടെ മുഖം പേടി കൊണ്ടത് പോലെ മുറുകിയിരുന്നു.

അച്ഛൻ മോളുടെ മുഖത്തേക്ക് നോക്കി, പുരികം ഉയർത്തി എന്തെന്ന് ചോദിച്ചു.

"ഞങ്ങളുടെ സ്കൂളിൽ ലഹരി ഉപയോഗിക്കുന്ന കുറെ കുട്ടികൾ ഉണ്ട്, ഏട്ടന്റെ കയ്യിൽ നിന്നാണ് അവരൊക്കെ വാങ്ങുന്നത് എന്നാണ് എല്ലാരും പറയുന്നത്. ഇന്നലെ ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു. അതാപ്പോ അച്ഛനോട് പറഞ്ഞെ. ഞാൻ ഏട്ടനോട് ചോദിച്ചു. ഭയങ്കര ദേഷ്യം ആയിരുന്നു. എന്നെ ചുമരിന്റെ അടുത്തേക്ക് അടുപ്പിച്ചു കഴുത്തു ഞെരുക്കി. അമ്മ വന്നത് കൊണ്ട്...." അവൾ അതും പറഞ്ഞു നിർത്തി.

അയാൾ ഓർക്കുകയായിരുന്നു.

'അച്ഛാ ഇന്ന് ഞാൻ അച്ഛന്റെ അടുത്ത് കിടക്കട്ടെ.'

മീശ മുളച്ചു ഇന്നിട്ടും ഇപ്പോഴും അച്ഛന്റെകൂടെ, അമ്മേടെ കൂടെ ആതിര കളിയാക്കും.

എന്നും ഞാനച്ഛന്റെ കുഞ്ഞു കുട്ടിയാണ്, അതാ എനിക്കിഷ്ടം, ആറ് മാസം മുമ്പ് വരെ അവൻ അങ്ങിനെയായിരുന്നു.

അച്ഛാ എനിക്ക്‌ ചോറ് വാരി തരുമോ, ന്നാനിക്കും വേണം, കുട്ടികൾ രണ്ട് പേരും അപ്പുറവും ഇപ്പുറവുമായി ഇരിക്കും,സുധ അപ്പോൾ കപട ഗൗരവത്തിൽ പറയും, ഇങ്ങളാനീ കുട്ടികളെ കൊഞ്ചിച്ചു വഷളാക്കുന്നെ.

പിന്നെ സുധയും അതിൽ പങ്കാളിയായും.

സുധക്കാണെങ്കിൽ മക്കളെ മുഖമൊന്ന് വാടിയാൽ, അവളുടെ ഉള്ളൊന്ന് കാളും, ന്യൂസ്‌ പേപ്പറിൽ, ഏതെങ്കിലും കുട്ടികൾക്ക് ആക്സിഡെന്റ് പറ്റിയെന്ന് അറിഞ്ഞാലോ, അല്ലെങ്കിൽ മയക്കു മരുന്ന് കേസിൽ പിടിയിൽ ആയി എന്നറിഞ്ഞാലോ, അന്ന് മുഴുവൻ അവൾക്ക് ആധിയായിരിക്കും, പിന്നെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും, "അവരെ അച്ഛനമ്മമാർ ഇതെങ്ങിനെ സഹിക്കുക,നമ്മുടെ സർക്കാർ വിചാരിച്ചാൽ ഇതൊക്കെ പാടെ നിർത്തലാക്കാലോ അല്ലെ രാജേട്ടാ..." എന്ന് പറയും.

"അതിന് മദ്യം ഒക്കെ സർക്കാരിന്റെ വരുമാന സ്രോതസ് അല്ലെ, അതൊന്നും ഒരിക്കലും നടക്കൂല."

എന്നാ പിന്നെ ചെറുപ്പക്കാരൊക്കെ എന്തെങ്കിലും അസുഖം വന്ന് മരിക്കട്ടെ. പിന്നെ ഈ ലോകത്തു ചെയ്യുന്ന ഓരോ കുറ്റകൃത്യത്തിന്റെ പിന്നിലും, ലഹരി ഉപയോഗം മാത്രമാണ്, സ്വന്തം ചിന്തകളെ അല്ലെ ചിതറിപ്പിക്കുന്നത്.'ദൈവമേ' കുട്ടികളെ പുറത്ത് വിടാൻ തന്നെ പേടിയാ...സുധ ദൈവത്തെ വിളിച്ചുകൊണ്ടിരിക്കും.

നീ ഒന്നുകൊണ്ടും പേടിക്കേണ്ട നമ്മുടെ മക്കൾ അങ്ങിനെ ഒന്നും ചെയ്യൂല. പറഞ്ഞത് പോലെ തന്നെ എല്ലാരും അങ്ങിനെയാണ് പറയാറ്.

"രാജിന്റെ കുട്ടേലെ കണ്ടു പഠിക്ക്, പഠിത്തത്തിലും, സ്വഭാവത്തിലും, എത്രമാത്രം ബെറ്റർ ആണ്, ഇവിടെ ഒരുത്തനുള്ളവൻ മൂക്കറ്റം കള്ളും കുടിച്ചു നടക്കുകയല്ലേ.രാജിന്റെ സ്വഭാവമാണെങ്കിൽ പത്തരമാറ്റ് തങ്കം അല്ലേ, അതല്ലേ കുട്ടോൾക്ക് കിട്ടുവാ. നാട്ടിലുള്ള വീട്ടിൽ നിന്ന് ഇങ്ങനെ ഒരു പതിവ് സ്വരം ഉയർന്നു വരുക സാധാരണമായിരുന്നു."

"ഇങ്ങളെന്താ ഒന്നും മിണ്ടാത്തെ.സുധ അടുത്തുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.അപ്പോഴാണ് അയാൾ ചിന്തയിൽ നിന്ന് ഉണർന്നത്.

ആകെ മരവിച്ചു പോയി തൊണ്ട വരണ്ടു. മോളു പോയി അച്ഛനിത്തിരി വെള്ളം എടുത്ത് കൊണ്ട് വാ...അയാൾ ആതിരയോട് പറഞ്ഞു.

"ഇനി എന്ത് ചെയ്യും." സുധ ആധിയോടെ ചോദിച്ചു.

"എന്തെങ്കിലും ചെയ്യണം". "അവനെവിടെ പോയി."

"കൂട്ടുകാരെ വീട്ടിൽ എന്ന് പറഞ്ഞു പുറത്ത് പോയിരിക്ക്യ, നിക്ക് പേടിയാകുന്നു രാജേട്ടാ.... സുധ കരച്ചിൽ തുടങ്ങി.

"നിനക്കൊന്ന് പറഞ്ഞൂടായിരുന്നോ ഡൌട്ട് അടിച്ചപ്പൊ തന്നെ. ഏതായാലും അവനിങ്ങോട്ട് വരട്ടെ ഞാൻ ചോദിക്കാം."

അയാൾക്ക് കേട്ട വാർത്ത ഒരിക്കലും സഹിക്കാൻ കഴിഞ്ഞില്ല, കസേരയിൽ നിന്ന് എണീറ്റപ്പോ വേച്ചു പോയി. നെഞ്ചിന്റെ ഉള്ളിൽ നിന്ന് ഒരു വേദന പോലെ. ആരോടും ഒന്നും പറയാതെ നെഞ്ച് തടവി കൊണ്ട് അയാൾ ബാത്ത്റൂമിലേക്ക് പോയി.അയാൾക്ക് അവന്റെ കുഞ്ഞു നാളെ കുറിച്ച് ഓർമ വന്നു, മാറോട് ചേർത്ത് നിർത്തി സ്നേഹം വാരി വിതറി,വളർത്തിയതും മറ്റും.

പിന്നെ അശ്വിന്റെ ദിനങ്ങൾ ആയിരുന്നു. എല്ലാം സമാധാനത്തിൽ ചോദിച്ചു മനസ്സിലാക്കാൻ പോയ അച്ഛന്റെ നേരെയവൻ തട്ടി കയറി. പിന്നെ കരഞ്ഞു. ഇതു വരെ ആരും കാണാത്ത മുഖമായിരുന്നു അവന്. ഭക്ഷണം ഒന്നും കഴിക്കാതെ ആയി. കണ്ണുകൾ കുഴിഞ്ഞു, മുഖത്തെ ചൈതന്യം നഷ്‌ടപ്പെട്ടു. മുടി പാറിപറന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് കൂട്ടുകാരെ കാണാൻ വേണ്ടി മാത്രമായി. പുറത്ത്പൊയ് വരുമ്പോൾ അവൻ ഏതോ ഉന്മാദവസ്ഥയിൽ ആയിരിക്കും.

ഒരിക്കൽ അവന്റെ റൂമിലെത്തിയ അച്ഛൻ സങ്കടം കൊണ്ട് കരഞ്ഞു പോയി.

മോനെ, അയാൾ അവന്റെ തോളിൽ തട്ടി വിളിച്ചു. ഉറക്കം തൂങ്ങിയ കണ്ണുകളിലെ ഭാവം അയാൾക്ക് കാണാൻ സാധിച്ചില്ല. അയാൾ ഒരു അന്ധാളിപ്പോടെ അവനെ ചേർത്ത് പിടിച്ചു. ഭിത്തിയിലേക്ക് ഒരു തള്ള് ആയിരുന്നു അവൻ അവന്റെ അച്ഛനെ.

"എനിക്കാരെയും കാണേണ്ട.... പോ എന്റെ മുന്നിൽ നിന്ന്, അതും പറഞ്ഞവൻ ഇറങ്ങി പോയി.

സൗണ്ട് കേട്ട് എല്ലാരും ഓടി കൂടി, അവിടെ കൂട്ട നിലവിളി ഉയർന്നു.

ആ രാത്രി അവർക്ക് ഭയാനകമായ രാത്രിയായിരുന്നു, പിറ്റേന്ന് അവനെ ഒരു ഡി അഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്തു.

ജീവിതം എന്താ ഇങ്ങനെയായി പോയത്. അയാൾ ചിന്തിക്കാതിരുന്നില്ല. അയാളുടെ ജില്ലയിൽ നിന്ന് ലഹരി വസ്തുക്കൾ പാടെ ഉന്മൂലനംചെയ്യാൻ വേണ്ടി അയാൾ ആഹോരാത്രം പ്രയത്നിച്ചിരുന്നു. അതിലേക്കുള്ള കാൽവെപ്പുകൾ എത്തി, എത്തിയില്ല എന്ന മട്ടിൽ മുന്നേറുമ്പോൾ ആണ്, ആ ഞെട്ടിക്കുന്ന സത്യം അയാൾ തിരിച്ചറിഞ്ഞത്. തന്റെ മകൻ പൂർണമായും ലഹരിക്ക് അടിമപ്പെട്ടു പോയിരിക്കുന്നു എന്ന്,

ഭരത് രാജ് അനേകായിരം ചിന്തയോടെ ഹോസ്പിറ്റലിലെ, റൂമിനുള്ളിൽ മയക്കി കിടത്തിയ തന്റെ മോന്റെ അരികിൽ എത്തി. എന്തോ സൗണ്ട് കേട്ടിട്ടെന്നോണം, അവൻ കണ്ണുകൾ തുറന്നു. പിന്നെ കട്ടിലിൽനിന്ന് ഇറങ്ങി ഒരോട്ടം ആയിരുന്നു.

വീട്ടിലെത്തിയിട്ടും അവൻ വളരെ അക്രമാശക്തനായി കാണപ്പെട്ടു.

മോനെ....സുധയുടെ ശബ്‌ദം ചിലമ്പിയിരുന്നു.ഒരമ്മക്കും, അച്ഛനും, ആർക്കും, ഇങ്ങനെത്തെ അവസ്ഥ ക ണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല, അവസാനം അച്ഛൻ തന്നെ അവനെ കെട്ടിയിട്ടു. സുധയുടെയും, ആതിരയുടെയും, രക്തമയമില്ലാത്ത മുഖവും,പാറി പറന്ന മുടിയും ഈയിടെയായി, ഭക്ഷണം കഴിക്കലും, കുളിയുമൊന്നും ഇല്ലന്ന് തോന്നിച്ചു.

കെട്ടഴിച്ചു കൊടുത്തത് ആതിരയായിരുന്നു, അവൾക്ക് തന്റെ ചേട്ടനെ ഈ ഒരു അവസ്ഥയിൽ കണ്ടു നിൽക്കാൻ ആയില്ല. അഴിച്ചപാടെ അശ്വിൻ ആതിരയുടെ കഴുത്തിൽ തന്റെ വിരലുകൾ കൊണ്ട് മുറുക്കി, ശ്വാസം കിട്ടാതെ പ്രണാരക്ഷാർത്ഥം അവൾ പിടയുന്നത് കണ്ടു കൊണ്ടാണ് അച്ഛൻ അങ്ങോട്ട് വന്നത്. അച്ഛൻ മോന്റെ കഴുത്തിൽ പിടി മുറുക്കി, അവന്റെ കണ്ണുകൾ തുറിച്ചു വരുന്നതും, അവൻ, അയാളുടെ നെഞ്ചിലേക്ക് ചെരിഞ്ഞത് മാത്രമേ അയാൾക്ക് ഓർമയുണ്ടായിരുന്നുള്ളു. അവൻ മരിച്ചു പോയിരുന്നു. താൻ ജീവൻ കൊടുത്ത തന്റെ മകൻ തന്റെ കൈകൊണ്ട്, അയാൾ നിമിഷനേരം കൊണ്ട് മണ്ണെണ്ണ കുപ്പി കയിലെടുത്തു, മരിക്കാനാഞ്ഞു. എന്നാൽ സുധയുടെയും, ആരതിയുടെയും, നെഞ്ച് പിളർന്നുള്ള കരച്ചിൽ അയാളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. ഇനി എന്തിന് ജീവിക്കണം, ആർക്കു വേണ്ടി, അയാൾ തന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ