mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഒരു മൂർഖൻപാമ്പ് ചീറ്റുമ്പോലെ അവൾ അലറി. "ഇല്ല ഞാൻ വരില്ല". അവളുടെ ശബ്‌ദത്തിന്റെ അലകൾ അന്തരീക്ഷത്തിലൂടെ ഒഴുകി ഇറങ്ങി വീണ്ടും അവളിലെത്തി, എതിർപ്പുകൾ ഞരക്കവും, മൂളലുമൊക്കെ ആയി അവളിൽ തന്നെ കെട്ടടങ്ങി. അവൾ ഒരു നിമിഷം നിശബ്ദയായി.

"അച്ഛനുമ്മക്കും, പ്രായമായതല്ലേ, അവരെ പരിചരിച്ചു, രണ്ട് ദിവസം വീട്ടിൽ നിന്നിട്ട് വരാം" എന്ന് പറഞ്ഞു പടിയിറങ്ങിയതാണ് മധുരിമ എന്ന മധു. ഇത് പതിവില്ലാത്തതാണ്. അച്ഛനെയും, അമ്മയെയും, ഇടക്കിടക്ക് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി, ഒന്നോരണ്ടാഴ്ചയോ താമസിപ്പിച്ചു, അവരുടെ ഇഷ്‌ടാനുഷ്‌ടങ്ങളിൽ മധുരം വിതറി, അവസാനം കണ്ണീരോടെ വീട്ടിലേക്കു കൊണ്ട് ചെന്നാക്കുകയാണ് സാധാരണ രീതിയിൽ ചെയ്യാറ്. എന്നാൽ പതിവിന് വിപരീതമായി അവൾ പോയപ്പോ, വീട്ടിൽ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. എന്നാൽ അവൾ വീട്ടിലുണ്ടാകുമ്പോഴും വീട് എന്നും ശൂന്യതയിൽ തന്നെ ആയിരുന്നല്ലോ എന്നോർത്തപ്പോൾ, മധുവിന്റെ ഭർത്താവ്, യദു ചെറുതായി ഞെട്ടാതിരുന്നില്ല.

രണ്ട് ദിവസം സാധാരണ തന്നെ പോലെ തന്നെ കടന്നു പോയി. മധു ചപ്പാത്തിയും ചിക്കൻകറിയും ഉണ്ടാക്കി, ഓരോ ദിവസത്തേക്കുള്ളത് , വേറെവേറെ ബോക്സിൽ ആക്കി വെച്ചിരുന്നു. മൂന്നാം ദിവസം അടുക്കളയിൽ നിന്ന് എന്തോ വൃത്തികെട്ട മണം വന്നപ്പോൾ, അടുക്കളയിൽ എത്തിയ യദുവിന് പ്രെഷർ ഇരച്ചു കയറി. പിന്നെ വീടിന്റെ അപ്സ്റ്റയർ നോക്കി പരിസരംകുലുക്കി ഒരു വിളിയായിരുന്നു.

"വിഷ്ണു...ഇങ്ങോട്ട് ഒന്ന് ഇറങ്ങി വാടാ..."

സാധാരണ ഒറ്റവിളിയിൽ, ഒന്നും ഇറങ്ങി വരാത്തതാണ്, എന്നാൽ അച്ഛന്റെ അട്ടഹാസം കേട്ടതിലാവണം ഇരുപത്തഞ്ച് വയസ്സുള്ള മകൻ, തോളിൽ ഇയർ ഫോൺ തൂക്കി ഇട്ട്, പത്തുമണിയായിട്ടും ഉറക്കപിച്ചോടെ എണീറ്റ് വരുന്നു.

"എന്താ അച്ഛാ...തൊണ്ട കീറുന്നത്." അവൻ ചോദിച്ചു.

"നിന്നോട് പറഞ്ഞിട്ടില്ലേ, ഫുഡ്‌ കഴിച്ച്, എച്ചിലൊക്കെ പുറത്തിട്ടിട്ട്, പാത്രം കഴുകി വെക്കാന്."

"അത് പിന്നെ ഞാൻ മോനൂനോട് പറഞ്ഞതാണല്ലോ..."

മോനുവായ അനിയൻ വിവേകിനെ അപ്പോൾ തന്നെ വിഷ്ണു, തൊണ്ടകീറും മട്ടിൽ തന്നെ വിളിച്ചു. മോനു മൂക്കും ചീറ്റി കൊണ്ട് എണീറ്റ് വന്നു. അവന് കാലകാലം തുമ്മൽ ആണ്.ഇരുപതു വയസുള്ള അവനെ അച്ഛൻ എപ്പോ കാണുന്നോ അപ്പോളൊക്കെ ചീത്ത പറയും, കാരണം അവൻ താടിയും, മുടിയും എത്ര പറഞ്ഞാലും വെട്ടൂലാ.

"എന്താ ചേട്ടാ..." മോനുവും വന്ന് ഉറക്കപിച്ചോടെ ചോദിച്ചു.

"നിന്നോട് ഞാൻ ഈ പാത്രമൊക്കെ കഴുകി വെക്കാൻ പറഞ്ഞതല്ലേ, എന്നിട്ടെന്താ കഴുകാത്തെ."

"അത് ഞാൻ ആ പെണ്ണിനോട് പറഞ്ഞതാണല്ലോ. ഓൾ പറയാ... അടുക്കളയിൽ ഇപ്പൊ പണിയെടുക്കൽ സ്ത്രീകൾ മാത്രമല്ല. എന്തെങ്കിലും തിന്നണമെങ്കിൽ ആണുങ്ങളും പണിയെടുക്കണമെന്ന്, പതിനെട്ടു വയസ്സായില്ലേ അതെങ്ങിനെ, അച്ഛനും, അമ്മയുമൊക്കെ കൊഞ്ചിച്ചു വഷളാക്കി വെച്ചിരിക്കല്ലേ," പറഞ്ഞവൻ ഉറക്കെ വിളിച്ചു.

"രേഷ്മേ, ഒന്നിങ്ങോട്ട് വാ..." നൂറ് വിളി വിളിച്ചാലും രേഷ്മ കേക്കൂല. അവൾ ഇരുപത്തിനാല് മണിക്കൂറും ചെവിയിൽ ഇയർ ഫോൺ കുത്തി കൊണ്ടാണ് നടക്കുകയും, കിടക്കുകയും ചെയ്യുക,അത് മനസ്സിലാക്കിയ, വിവേക് ബെഡ് റൂമിലേക്ക് നടന്നു. അവന്റെ ബാക്കിൽ മറ്റു രണ്ട് പേരും.

അപ്പൊ അച്ഛൻ തടഞ്ഞു, "അവള് നല്ല ഉറക്കത്തിലാ, വിളിക്കേണ്ട." അത് കേൾക്കാതെ വിവേക് അവളുടെ പുതപ്പ് ഒരു വലിയായിരുന്നു.

"എന്താണ്...?" അവൾ തല ചൊറിഞ്ഞു കൊണ്ട് എണീറ്റിരുന്നു.

"മോളെ... നീ എണീറ്റ് ആ പാത്രങ്ങൾ ഒക്കെ കഴുകി വെക്ക്, അടുക്കള നാറുന്നു, പിന്നെ നമുക്കെന്തങ്കിലും ഉണ്ടാകുകയും ചെയ്യാം. ഇന്നും ഓഫീസ് പോവാന് ലേറ്റാ." അച്ഛൻ വളരെ സൗമ്യമായ് പറഞ്ഞു. എന്നാൽ അവൾ ഒരു പൊട്ടിത്തെറിച്ചു ചോദിച്ചു.

"അച്ഛനെന്താ കഴുകി വെച്ചാൽ, ഫുഡ്‌ ഉണ്ടാക്കിയാൽ, 'അമ്മ 'ഇതോണ്ട് തന്നെയാണ് ഇവിടുന്നു പോയെ."

'അമ്മ' ആ രണ്ട് അക്ഷരങ്ങളുടെ പദവി ഓർത്തു അയാൾ അല്പനേരം ഇരുന്നു പോയി. പിന്നെ അയാൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതെ, ലഞ്ച്ബോക്സ്‌ എടുക്കാതെ ഓഫീസിൽ പോകാൻ തന്റെ ഡസ്റ്റർ സ്റ്റാർട്ട്‌ ചെയ്തു, യാത്രയായി. അന്ന് വൈകിട്ട് കഴിക്കാനുള്ള ഭക്ഷണം കൊണ്ടാണ് അയാൾ വന്നത്. നാലു ദിവസം, അഞ്ചു ദിവസം ഓരോ ദിവസങ്ങൾ കഴിയുംതോറും വീട് ആകെ അലങ്കോലപ്പെട്ടുതുടങ്ങി. അലക്കാനുള്ള ഡ്രസ്സ്‌ കുന്നുകൂടി. വാഷ്മെഷീനിൽ ഒന്ന് ഇട്ടാൽ മതി, എന്നാൽ അതിന് ആർക്കും നേരമില്ല, മൊബൈലിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ അതിലേക്ക് ഉറ്റു നോക്കി ഇരിക്കുകയല്ലേ. വാഷ്ബേസിനിൽ വൃത്തികേട്കൊണ്ട്, തുപ്പാൻ പോലും കഴിയാതെയായി. ബാത്‌റൂമിന്റെ പരിസരത്തു പോലും അടുക്കാൻ വയ്യ. ബെഡിൽ വിരിപ്പോ, തലയണക്ക് കവറോ ഇല്ല, ഉറക്കത്തിന്റെ സുഷുപ്തിയിൽ അതൊക്കെ പടം പൊഴിയുമ്പോൾ, അതൊന്ന് എടുത്ത് ഇടാൻ പോലുമുള്ള സാമാന്യമര്യാദ പോലും ആരും കാണിച്ചില്ല.ഒരു ഞാറാഴ്ച്ച അയാൾ ഒറ്റക്ക് വീട് മുഴുവൻ വൃത്തിയാക്കി.കുട്ടികൾ അപ്പോഴും മൊബൈലിൽ കുത്തി കൊണ്ട് ഇരിക്കുകയായിരുന്നു.അന്ന് ഭക്ഷണം പുറത്ത് നിന്ന് ഓർഡർ ചെയ്യാതെ അറിയുന്ന വിവരം വെച്ച് ഒരു കഞ്ഞിയും, ജമ്മന്തിയെങ്കിലും ഉണ്ടാക്കാമെന്ന് അയാൾ വിചാരിച്ചിരുന്നു എന്നാൽ സമയ പരിമിതിമൂലം അതും നടന്നില്ല. അന്ന് ആദ്യമായ് അയാൾ ഭാര്യയെ സഹതാപപൂർവ്വം ഓർത്തു.എന്തെങ്കിലും, പൊടിയോ അഴുക്കോ കണ്ണിൽപെട്ടാൽ, ഷൂ പോളിഷ് ചെയ്തില്ലെങ്കിൽ, 'സോറി' എന്ന് പറയുന്ന ഭാര്യയെ നോക്കി, നിനക്കെന്താ മലമറിക്കുന്ന പണിയാണോ എന്ന ചോദ്യത്തോട് അയാൾ സുല്ലിട്ടു. അങ്ങനെയാണ് അയാൾ തന്റെ ഭാര്യയെ വിളിക്കാൻ വേണ്ടി ഭാര്യ വീട്ടിൽ എത്തിയത്. ഭാര്യയുടെ ചീറ്റലിൽ അയാൾ അന്ധാളിച്ചു. ഒരുവേള അയാൾ അവളുടെ നിശ്ചയദാര്ഢ്യത്തെ ഭയന്ന് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. എത്രയോ വർഷങ്ങൾക്ക് ശേഷം അവളുടെ മുഖം ആദ്യമായി കാണുന്ന പോലെ അയാൾക്ക് തോന്നി. ആ മുഖത്തു ചുളിവുകൾ വീണിരുന്നു, ആ മുടിയിഴകൾ അവിടെയും, എവിടെയുമായി നരച്ചു തുടങ്ങിയിരുന്നു.

എന്നും അഞ്ചു മണിക്ക് ഉണരുന്ന മധു എന്നും ചലിക്കുന്ന പാവയായിരുന്നു, യദുവിന്റെയും, മക്കളുടെയും, വിരൽ തുമ്പുകളും, ബ്രയിനും, എന്നും, എപ്പോഴും, മൊബൈലിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു. ടെൻഷനും, വീർപ്പുമുട്ടും കൊണ്ട് മധുവിന് തലവേദനയായിരുന്നു എന്നും, നിരാശയും, ടെൻഷനും, ജോലി ഭാരവും കൊണ്ട് അവളെ വായിൽ നിന്ന് അപശബ്‌ദം മാത്രം പുറത്ത് വന്നു. കാരണം കുട്ടികൾ അത്തരത്തിലുള്ള പൊല്ലാപ്പുകൾ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. വാഷ് ബേസിൻ കഴുകി ഒന്ന് തിരിയുംമ്പോഴേക്കും അത് വൃത്തികേട് ആക്കിയിട്ടുണ്ടാകും, ബാത്‌റൂമ്, ടേബിൾ, എന്ന് വേണ്ട എല്ലാം ഡെയിലി വൃത്തിയാക്കി മധു കുഴങ്ങി. എന്നാൽ വേണ്ട സഹകരണം തന്നില്ലെങ്കിലും കഴുതയെ പോലെ ചുമട് എടുക്കാമായിരുന്നു. വീട്ടിൽ ആരെങ്കിലും എന്തെങ്കിലും ഒന്ന് സംസാരിച്ചിട്ടുണ്ടെങ്കിൽ, സ്നേഹത്തോടെ അമ്മയോട് ഒരു വാക്ക്, ഒരു നോട്ടം. അതൊക്കെ മതിയായിരുന്നല്ലോ, യദുവും, മിക്കവാറും ഫോണിൽ, ചാറ്റു ചെയ്യുന്നു, സംസാരിക്കുന്നു, പൊട്ടി ചിരിക്കുന്നു,ആരാന്ന് ചോദിച്ചാ അപ്പൊ 'ഈഗോ 'വർക്ക്‌ ചെയ്യും, പിന്നെ മധു ആ ഭാഗത്തേക്ക് പോകാറെയില്ല,അങ്ങിനെ അങ്ങിനെ മധുവും നിശബ്ദയായി തുടങ്ങി,നിശബ്ദത ഡിപ്രെഷനിലേക്ക് വഴി മാറിയപ്പോ ആണ് അവൾ വീട് വീട്ടിറങ്ങിയത്.

"മധൂ...ഐ ആം സോറി ടാ, നിന്നെ ഞാൻ മനസ്സിലാക്കാൻ വൈകി പോയി. നമ്മുടെ വീട്ടിൽ ഇത്രയും കാലം നീ അനുഭവിച്ച ഏകാന്തതയും, ഒറ്റപെടലും, കുറച്ചു ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു. കുട്ടികളും ആകെ പെട്ടിരിക്കുകയാണ്. നിന്നോട് സോറി പറയാൻ പറഞ്ഞിട്ടുണ്ട്. നിന്നെ കൂട്ടാൻ അവര് വരുമായിരുന്നു, ഇപ്പൊ അവര് ഫുഡ്‌ ഉണ്ടാക്കി നമ്മളെ കാത്തിരിക്കുകയായിരിക്കും. എനി നമുക്ക് ഒരു തോണിയിൽ ഒന്നിച്ചു തുഴഞ്ഞു ജീവിതം മനോഹരമാക്കാം. അയാൾ അവളുടെ കൈകൾ പിടിച്ചു പുതിയ ഒരു ജീവിതത്തിലേക്ക് എന്ന പോലെ യാത്രയായി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ