മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(T V Sreedevi )

"എന്താടീ നിനക്ക്..?"പറഞ്ഞാൽ അനുസരിച്ചുകൂടെ?" നോക്കിപ്പേടിപ്പിക്കുന്നോ..? പിന്നെ ഒരടിയുടെ ഒച്ചയും അനുമോളുടെ കരച്ചിലും. "വായടക്കടീ. ഒച്ച പുറത്തു കേൾക്കരുത്!"
"ചുമ്മാതല്ല, തന്തേം, തള്ളേം ഇത്ര ചെറുപ്പത്തിലേ തട്ടിപ്പോയത്."


"ആ എച്ചിലും വാരിക്കളഞ്ഞു പാത്രങ്ങളും കഴുകി വെച്ചിട്ട് വേഗം അടുക്കള തൂത്തു വൃത്തിയാക്ക്."

ഈ ആക്രോശങ്ങൾ കേട്ടുകൊണ്ടാണ് ദിവ്യ ടീച്ചറും, സുഹ്‌റ ടീച്ചറും വീടിന്റെ മുറ്റത്തെത്തിയത്.

"അനവദ്യ "എന്ന് സുവർണലിപികളിൽ പേരുകൊത്തി വെച്ച അനാമിക എന്ന അനുമോൾടെ വീടിന്റെ മുറ്റത്ത്‌ നിന്ന് അവർ പരസ്പരം  നോക്കി. "അനുമോളുടെ കരച്ചിലല്ലേ കേട്ടത്?" സുഹ്‌റ ടീച്ചർ ചോദിച്ചു.

"അതെ..."എന്ന് ദിവ്യ ടീച്ചർ തല കുലുക്കി. പിന്നെ കാളിങ് ബെല്ലിൽ വിരലമർത്തി. വാതിൽ തുറന്നത് തടിച്ചു കൊഴുത്ത ഒരു കണ്ണടക്കാരിയാണ്

"ആരാ "അവർ ചോദിച്ചു."ഞങ്ങൾ അനുമോളുടെ ടീച്ചർമാരാണ്...! ദിവ്യ പറഞ്ഞു.
അവരുടെ മുഖം ഇരുണ്ടു.
"എന്താ.. ഈ കുട്ടി ഒന്നും പഠിക്കുന്നില്ലേ...,?"
,"വെറുതെ കളിച്ചു നടക്കുന്നതല്ലാതെ.പുസ്തകം തുറക്കുന്നത് ഞാൻ  ഇതുവരെ കണ്ടിട്ടില്ല."
അവർ പറഞ്ഞു.

"നിങ്ങൾ ആരാ അനുമോളുടെ?"സുഹ്‌റ ടീച്ചർ മയമില്ലാതെ ചോദിച്ചു.
"ഞാൻ ആരും ആയിക്കൊള്ളട്ടെ.!"
"തന്തേം തള്ളേം ചത്തുപോയ ഇതിനെ നോക്കുന്നത് ഇപ്പോൾ ഞങ്ങളാ"

ആ സ്ത്രീയുടെ ധാർഷ്ട്യം കലർന്ന മറുപടി.
"അതിന് ഇത് അനുമോളുടെ വീടല്ലേ.?" ദിവ്യ ടീച്ചർ ചോദിച്ചു" അവർക്ക് ആ ചോദ്യം ഇഷ്ടമായില്ലെന്നു തോന്നി.
"നിങ്ങൾ വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്. എനിക്ക് വേറെ പണിയുണ്ട്."

അവർ വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയി.
"അനുമോളെ....," സുഹ്‌റ ടീച്ചർ ഉറക്കെ വിളിച്ചു. പതുക്കെ,പതുക്കെ.. പേടിച്ചു ചുറ്റും നോക്കിക്കൊണ്ട്,അനാമിക എന്ന ഒന്നാം ക്ലാസ്സുകാരി.. അവരുടെ അടുത്തേക്ക് വന്നു.

അവളുടെ കവിളിൽ അടികൊണ്ടു ചുവന്ന് തിണർത്ത പാട് വ്യക്തമായിരുന്നു. ദിവ്യ ടീച്ചർ അവളെ വാരിപ്പുണർന്നു.

ആറുമാസം മുൻപാണ് അനുമോളുടെ അച്ഛൻ വിനോദും, അമ്മ അനുപമയും വാഹനാപകടത്തിൽ മരണപ്പെട്ടത്. വിനോദ് ഓടിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി..., ആഴമുള്ള..,
പാറമടയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ നടന്ന സംഭവം രാവിലെ നാലുമണിക്ക് അതുവഴി വന്ന പാലു വിൽപ്പനക്കാരൻ ജോഷിയാണ് ആദ്യം കണ്ടത്.

പോലിസ് വരുന്നതിനു മുൻപേതന്നെ..., പുല്പടർപ്പിൽ കുരുങ്ങിക്കിടന്ന കുഞ്ഞിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു.

പക്ഷെ ആ അപകടത്തിൽ തങ്ങളുടെ ഏക സന്താനത്തെ..., അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പൊന്നുമോളെ ഒറ്റയ്ക്കാക്കി, വിനോദും അനുപമയും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
പ്രണയിച്ചു വിവാഹിതരായ അവരെ ഇരുവീട്ടുകാരും അംഗീകരിച്ചിരുന്നില്ല. താഴ്‌ന്ന ജാതിയിൽപ്പെട്ട വിനോദിനെ അനുപമയുടെ വീട്ടുകാരും, ഗതിയില്ലാത്ത വീട്ടിലെ പെണ്ണിനെ വിനോദിന്റെ വീട്ടുകാരും അംഗീകരിച്ചില്ല.

അവർ തോറ്റില്ല.അവർ സ്വന്തം പ്രയത്നത്താൽ വീടുവെച്ചു. ആർക്കും ഭാരമാകാതെ തൊഴിൽ ചെയ്തു ജീവിച്ചു.അവർക്ക് മക്കളുണ്ടാകാത്തത് അച്ഛനമ്മമാരെ ധിക്കരിച്ചിട്ടാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

അനേകം വഴിപാടുകളുടെയും, ചികിത്സകളുടെയും ഫലമായി പിറന്ന കുഞ്ഞാണ് അനുമോൾ. അവളെ  കാണാൻ പോലും ആരും വന്നില്ല. ഒടുവിൽ അവരുടെ മരണവാർത്ത അറിഞ്ഞു ഇരുകൂട്ടരും എത്തിയിരുന്നു. ആശുപത്രിയിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയത് വിനോദിന്റെ വീട്ടുകാരാണ്. ജാതി ഭ്രഷ്ട്ട് കൽപ്പിച്ചു അനുപമയുടെ വീട്ടുകാർ അതിന് പോലും തയ്യാറായില്ല.

ഇപ്പോൾ വിനോദിന്റെ സഹോദരനും, ഭാര്യയും, രണ്ടുമക്കളും, അനുമോളുടെ വീട്ടിലേക്ക് താമസം മാറ്റിയെന്നും..., അവരുടെ വീട് വാടകക്ക് കൊടുത്തുവെന്നും ടീച്ചർമാർക്കറിയാം." പക്ഷെ ഈ സ്ത്രീ ആരാണ്?" അവർ അനുമോളോട് ചോദിച്ചു.

"ഇത് ചെറിയമ്മയുടെ അമ്മയാണ് ടീച്ചർ. ചെറിയമ്മയുടെ അനിയൻ സൂരജ് മാമനും ഇവിടെയുണ്ട്." അനുമോൾ പേടിച്ച്..., പേടിച്ച് പറഞ്ഞു.
"അവർ എന്നെ എന്നും അടിക്കും.... ടീച്ചർ"

"ചെറിയച്ഛനും, ചെറിയമ്മയും ജോലിക്കു പോയിക്കഴിയുമ്പോൾ അവർ എന്നെ ഉപദ്രവിക്കും." "പണികൾ ചെയ്യിക്കും." അനുമോൾ എന്ന ആറുവയസ്സുകാരി തേങ്ങിക്കരഞ്ഞു.

ദിവ്യടീച്ചർക്കും  സങ്കടം വന്നു. സുഹ്‌റ ടീച്ചർക്ക് ദേഷ്യം ഇരച്ചു വന്നു. കുറച്ചു ദിവസങ്ങളായി അനുമോൾ ക്ലാസ്സിൽ വരാത്തതുകൊണ്ട് അന്വേഷിച്ചു വന്നതായിരുന്നു അവർ.

"അതേ,കുട്ടിയെ എന്നും സ്കൂളിൽ വിടണം കേട്ടോ.."മടങ്ങുമ്പോൾ സുഹ്‌റ ടീച്ചർ ആ സ്ത്രീയോട് പറഞ്ഞു.
"മടിപിടിച്ചിരിക്കുന്ന ഈ പെണ്ണിനെ എടുത്ത് സ്കൂളിൽ കൊണ്ടുവരാൻ എന്നെക്കൊണ്ട് പറ്റൂല്ല." അവർ ദേഷ്യപ്പെട്ടു.

പിറ്റേന്ന് അനുമോൾ ക്ലാസ്സിൽ വന്നു. അവളെ അടുത്തുവിളിച്ചു കാര്യങ്ങൾ തിരക്കിയ ദിവ്യ ടീച്ചറിന്റെ മുൻപിൽ ആ കുരുന്നു കുട്ടി പൊട്ടിക്കരഞ്ഞു. അവളുടെ കൈകളിൽ പൊള്ളിയ പാടുകൾ,കവിളത്തും, ശരീരത്തിലും അടികൊണ്ട പാടുകൾ. കുഞ്ഞു തുടകളിൽ കരിനീലിച്ചു കിടന്ന പാടുകൾ അവൾ ദിവ്യ ടീച്ചറെ കാട്ടിക്കൊടുത്തു.

അവർ ഞെട്ടിപ്പോയി. ഇനി കുട്ടിയെ അവിlടെ താമസിപ്പിച്ചാൽ മറ്റൊരു കുരുന്നു ജീവൻ കൂടി നഷ്ടപ്പെട്ടേക്കാം. എന്ന് അവർക്ക് മനസ്സിലായി.അവർ ഹെഡ് മിസ്ട്രസ്സിനെ വിവരം ധരിപ്പിച്ചു.

പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്ന് മുൻപോട്ടു നീങ്ങി. പോലീസിലും, ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു. വൈകാതെ വിനോദിന്റെ സഹോദരനോടും കുടുംബത്തോടും അവിടെ നിന്നും മാറാൻ ഉത്തരവായി.

മക്കളില്ലാത്ത ദിവ്യ ടീച്ചറും ഭർത്താവും അനുമോളുടെ ചുമതല ഏറ്റെടുത്തു. അവളുടെ വീട് വാടകക്ക് കൊടുത്തു. അതിന്റെ വാടക മാസം തോറും അനുമോളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഏർപ്പാടാക്കി.

ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിച്ച  ഒരു നല്ല തുക അനുമോളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചു.

"ടീച്ചർക്കു മക്കളുണ്ടായാൽ ഈ കുരുന്നിനെ ദ്രോഹിക്കുമോ??" എന്ന് സുഹ്‌റ ടീച്ചർ ചോദിച്ചപ്പോൾ അനുമോളെ കെട്ടിപ്പിടിച്ചു ദിവ്യ ടീച്ചർ കരഞ്ഞു. 

വിധി ഒറ്റയ്ക്കാക്കിയ അനാമിക എന്ന അനുമോൾ ഇന്ന് ഒറ്റക്കല്ല. അവൾക്ക് സ്നേഹനിധികളായ അച്ഛനും അമ്മയുമുണ്ട്.

ഇന്ന് പൂത്തുമ്പിയെപ്പോലെ പാറിപ്പറന്ന്.., ചിരിച്ച മുഖവുമായി..., ദിവ്യ ടീച്ചറിന്റെ കൈപിടിച്ച് അനുമോൾ സ്കൂളിലെത്തുന്നത് സുഹ്‌റ ടീച്ചർ ആത്മനിർവൃതിയോടെ നോക്കി നിൽക്കാറുണ്ട്. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ