mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പട്ടിണിയും പരിവട്ടവും കൊണ്ട് വലഞ്ഞപ്പോൾ നിവൃത്തി കേടിന്റെ പാരമ്യതയിൽ നിന്നുണ്ടായ നിരാശയും കോപവും പരസ്പരം വാരിയെറിഞ്ഞുകൊണ്ട് ആയിരുന്നു എന്നത്തേയും പോലെ ആ ദിവസത്തിന്റെയും തുടക്കം!

സോഫയിൽ മലർന്നു കിടന്ന് അയാൾ അവൾ കേൾക്കെ ഉറക്കെ പറഞ്ഞു.

"എത്ര നല്ല സുന്ദരികളുടെ ആലോചന വന്നതായിരുന്നു! ഹ്ഹോ ഒരുപാട് മുടിയുള്ള ആ നഴ്സിന് എന്നെ എന്ത് ഇഷ്ടമായിരുന്നു. എല്ലാം നശിപ്പിച്ചു. ഇപ്പോൾ ഇവിടെ ഈ മൂധേവിയുടെ തിരുരൂപവും സഹിച്ചു കഴിയാനാണ് എന്റെ വിധി "

"അയ്യടാ. നിങ്ങടെ കൂടെ കഴിയുന്ന ഏത് പെണ്ണിന്റെയും ജീവിതം ഇങ്ങനെ തന്നെയായിരിക്കും. ഞാനെങ്ങനെ കഴിയേണ്ടതാ.. വരുന്ന ആലോചനയെല്ലാം തട്ടിക്കളഞ്ഞതിന്റെ ശിക്ഷയാണ്.അനുഭവിക്കാതെ ഇനിയെന്ത് ചെയ്യും."

മൂക്കും പിഴിഞ്ഞ് കണ്ണീരും തുടച്ച് അടുക്കളയിലെ പാത്രങ്ങളോട് കലമ്പൽ കൂട്ടിക്കൊണ്ടിരുന്നു അവൾ.

ആലോചിച്ചുറപ്പിച്ച വിവാഹം. പക്ഷേ ജീവിതത്തിൽ ഒന്നുമാകാതെ ഉന്തിയും തള്ളിയും നിരക്കിയും ഒരറ്റവും കാണാതെ ഉഴറിപ്പോകുമ്പോൾ രണ്ട് പേരും വെറുതെ ഒരു സമാധാനത്തിന് പരസ്പരം പഴിചാരിയും പോരടിച്ചും ദിവസങ്ങൾ തള്ളി നീക്കിക്കൊണ്ടിരുന്നു.

മക്കൾ മൂന്നായപ്പോഴാണ് അയാൾക്ക് തോന്നിയത് ഇത് വേണ്ടിയിരുന്നില്ല എന്ന്. ഒന്നും നേടാനാവാത്ത ജീവിതത്തിൽ മിച്ചമാകുന്നത് കുറെ കടമല്ലാതെ ഒന്നുമില്ല!

അവളാകട്ടെ മക്കളെ ഓർത്തു മാത്രം എല്ലാം ക്ഷമിച്ചു. കുഞ്ഞുങ്ങൾ ആയില്ലായിരുന്നെങ്കിൽ ഈ ബന്ധത്തിൽ നിന്ന് വല്ല വിധേനയും രക്ഷപ്പെടാമായിരുന്നുവെന്ന് വെറുതെ ഒരു സമാധാനത്തിന് തന്നോട് തന്നെ പഴി പറഞ്ഞു കൊണ്ടിരുന്നു!

തീരെ നിവൃത്തി കെടുമ്പോൾ പോകാനായി അവൾ ഒരിടവും കണ്ട് വെച്ചിരുന്നു. അങ്ങ് ദൂരെയൊരാശ്രമത്തിൽ പ്രാർത്ഥനയും സേവനവുമായി ആരുമറിയാത്ത ഒരു ജീവിതം!

മക്കളാകട്ടെ ഇതൊക്കെ അച്ഛന്റെയും അമ്മയുടെയും സ്ഥിരം കലാപരിപാടി ആണെന്ന മട്ടിൽ ആ വശത്തോട്ട് തിരിഞ്ഞു നോക്കാറു കൂടിയില്ല. അങ്ങനെ ഉന്തിയും തള്ളിയും മുന്നോട്ട് പോകുമ്പോഴാണ് അയാൾക്ക് ഒരു വെളിപാട് ഉണ്ടാകുന്നത്. ഒരു ജ്യോത്സനെ കണ്ട് ഭാവിയൊന്ന് തീർച്ചപ്പെടുത്തിയാലോയെന്ന്.

ഭൂതകാലം വെള്ളത്തിൽ വരച്ച വര പോലെയായി. ഇനിയിങ്ങനെ പൊങ്ങുതടി പോലെ കിടന്നാൽ പറ്റില്ലല്ലോ..

അങ്ങനെയാണ് കുറച്ചു ദൂരെയുള്ള ഏറെ പ്രശസ്തമായ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം അകത്തേക്ക് കയറാൻ അനുവാദം കിട്ടി.

കയ്യിൽ കരുതിയിരുന്ന തന്റെയും ഭാര്യയുടെയും ജാതകങ്ങൾ മുന്നിലേക്ക്‌ വെച്ച് ഭവ്യതയോടെ ഇരുന്നു. രണ്ടുപേരുടെയും നാളും ജാതകവുമൊക്കെ നോക്കിയിട്ട് അദ്ദേഹം കുറച്ചു നേരം ഒന്ന് മൗനിച്ചിരുന്നു. പിന്നെ കവടി നിരത്തി..

ചുളിവ് വീണ നെറ്റിയോടെ അയാളോടൊരു ചോദ്യം ചോദിച്ചത് തെല്ല് പരുഷമായിട്ടായിരുന്നു..

"ഇതൊരിക്കലും ചേരാൻ പാടില്ലാത്ത ബന്ധമായിരുന്നല്ലോ. വെറുതെയാണോ നിങ്ങൾക്ക് ഒരു ഉയർച്ചയും ഉണ്ടാകാത്തത്?ഏതെങ്കിലും ബോർഡ് കാണുന്നിടത്തൊക്കെ പോയി നോക്കിയിട്ട് കല്യാണമങ്ങു നടത്തും!പിന്നെ കിടന്നു കയ്യും കാലുമിട്ടടിച്ചോളും."

ദൈവമേ ! സംശയിച്ചത് വെറുതെ ആയില്ല. അന്ന് പെണ്ണ് കണ്ടു കഴിഞ്ഞു വരുമ്പോൾ മൂത്ത അളിയനാണ് ജാതകം നോക്കാൻ കൊണ്ട് പോയത്.

"ഇതിനൊരു പരിഹാരം..." വല്ലായ്മയോടെയാണ് ചോദിച്ചത്..

"പരിഹാരം ഇനി ദൈവത്തെ വിളിക്കുക മാത്രമേയുള്ളൂ. സാക്ഷാൽ പരബ്രഹ്മത്തെ തന്നെ വിളിച്ചോളൂ.."

അയാളുടെ വിളറിയ മുഖത്തേക്ക് ഒന്ന് നോക്കിയിട്ടാണ് ബാക്കി പറഞ്ഞത്..

"ഇനിയിപ്പോ നാള് ചേരില്ലാന്ന് വെച്ച് ഡിവോഴ്സ് ചെയ്യാനൊന്നും പോകുന്നില്ലാലോ..അല്ലേ?"

"അയ്യോ! ഇല്ല.. ഇടക്കും പിഴക്കും ചെറിയ പൊട്ടലും ചീറ്റലും ഉണ്ടെന്ന് വെച്ച്, മൂന്ന് പിള്ളേരുമായിക്കഴിഞ്ഞ് അങ്ങനെയുള്ള കടും കയ്യ്ക്കൊന്നും ഇനി ഞാനില്ലേ."

അതുകേട്ട് അദ്ദേഹമൊന്ന് ഇളകിച്ചിരിച്ചു..

"ഇനി ഈ കാരണവും പറഞ്ഞു രണ്ടുപേരും കൂടി തല്ല് കൂടണ്ടാട്ടോ. മനസ്സിന്റെ പൊരുത്തമാണ് വലുത്.."

അറിയാതെ ആ ചിരിയിൽ പങ്ക് ചേരുമ്പോഴും തന്റെ ജീവിതം ഇനി എന്താകും എന്നോർത്ത് ചെറിയൊരു നിരാശയും തോന്നാതിരുന്നില്ല.

വീട്ടിൽ എത്തിക്കഴിഞ്ഞും ഭാര്യയോട് ഒന്നും പറയാതിരിക്കാൻ ആയില്ല.. അല്ലെങ്കിലും മൂടി വെച്ചിട്ട് ഇനിയെന്തിനാ.. അയാൾ പറഞ്ഞത് കേട്ട് അവൾ കുറെ നേരം ഒന്നും മിണ്ടാതെ മിഴിച്ചിരുന്നു..

"ഡിവോഴ്സ് ചെയ്താൽ ചേട്ടന്റെ ജീവിതം രക്ഷപ്പെടുമെങ്കിൽ എനിക്ക് സമ്മതമാ."

ശബ്ദം ഇടറാതിരിക്കാൻ ആവുന്നതും ശ്രമിച്ചു.

"എന്നിട്ട് വേണം നിനക്ക് മറ്റവന്റെ കൂടെ പോയി താമസിക്കാൻ അല്ലേ?"

പെട്ടന്ന് അവളുടെ മുഖത്തേക്ക് കോപത്തിന്റെ ചുവപ്പ് രാശി പടർന്നു കയറുന്നത് കണ്ട് അയാൾക്ക് വല്ലാത്ത രസം തോന്നി. ഉറക്കെ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

"എടീ മണ്ടൂസേ. ഇത്രയും നാള് ഇങ്ങനെയൊക്കെയങ്ങു ജീവിച്ചില്ലേ. ഇനിയും ഇതുപോലെ അങ്ങ് പോകട്ടെ. ബാക്കിയൊക്കെ വരുന്നിടത്തു വെച്ചു കാണാം.അല്ല പിന്നെ."

"പിന്നെ.. ഞാനിനി ജീവിതകാലം മുഴുവനും നിങ്ങടെ വായിലിരിക്കുന്നത് കേട്ട് ജീവിക്കണോ.. എനിക്ക് വയ്യ. മടുത്തു.. എനിക്ക് ഡിവോഴ്സ് വേണം.. "

അങ്ങനെ അങ്ങ് തോറ്റു കൊടുക്കുന്നത് ശരിയല്ലല്ലോ..

അയാൾ ക്ലോക്കിലേക്ക് ഒന്ന് നോക്കി.

"അയ്യോ ഇപ്പോൾ സമയം കഴിഞ്ഞല്ലോ. ഇനി നാളെപോയി ഒന്നിച്ച് ഡിവോഴ്സ് മേടിക്കാം എന്താ?"

അയാളുടെ കണ്ണിലെ കുസൃതി കണ്ടപ്പോൾ അറിയാതെ അടക്കി വെച്ച ചിരി മുഴുവൻഒരു തിരമാല പോലെ അവൾ അയാൾക്ക് മേലെ വർഷിച്ചു..

അതുകണ്ട് കഥയറിയാതെ മക്കളും കൂടെ ആർത്തു ചിരിച്ചപ്പോൾ പൊരുത്ത കേടുകളും, ജാതകദോഷങ്ങളും പിണക്കങ്ങളും അപ്പോൾ അവർക്കിടയിൽ നിന്ന് അലിഞ്ഞില്ലാതെയാവുകയായിരുന്നു!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ