മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

lovers

രാത്രി പന്ത്രണ്ട് മണിയായിട്ടും, ആരോണിന് എന്ത് കൊണ്ടോ ഉറങ്ങാൻ കഴിഞ്ഞില്ല. പുറത്തു നിന്ന് പേരറിയാത്ത പല ജീവികളുടെയും അപശബ്ദങ്ങൾ, ആരുടേയൊക്കെയോ ദീനരോദനം പോലെ ചെവിയിൽ വന്നലച്ചു.

മൊബൈൽ ഓണാക്കി, വാട്സപ്പ് തുറന്നും, ഫേസ്ബുക്ക്, തുറന്നും, നോക്കിയതല്ലാതെ ഒന്നിലേക്കും മനസ്സ് ഉറച്ചില്ല. പെട്ടെന്നാണ് അവന്റെ വാട്സ്ആപ്പിലേക്ക് ഒരു വോയിസ്‌ വന്നത്.

ആരൂ... അവൻ പോയിട്ടോ... ഇപ്പോ മരണം സ്ഥിരീകരിച്ചു.

കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ അവൻ ഞെട്ടിത്തരിച്ചു പോയി. കാരണം, അവന്റെ കൂട്ടുകാരൻ ജീവനുതുല്യം സ്നേഹിച്ച പെൺകുട്ടിയുടെ കൈകൊണ്ട് കൊടുത്ത വിഷ ദ്രാവകത്തിൽ നിന്ന്, അവൻ ഉയിർത്തെണീറ്റ് വരും എന്ന് ആരോൺ പൂർണമായി വിശ്വസിച്ചിരുന്നു. അവൻ തലയണയിൽ മുഖം പൂഴ്ത്തി നിയന്ത്രിക്കാനാവാതെ വാവിട്ടു കരഞ്ഞു.

എല്ലാവർക്കും ഈ മരവിപ്പിച്ച ന്യൂസ്‌ വല്ലാത്ത ഷോക്ക് ആയിരുന്നു. അമ്മ കുറച്ചു മുമ്പേ വന്ന് തന്റെ ശിരസും, മുഖവും തലോടികൊണ്ട് അലിവോടെ, വല്ലാത്തൊരു നോട്ടം നോക്കി കൊണ്ട് നിശബ്ദയായി മുറിവിട്ടു പോയി. ആ മനസ്സിൽ കടലിരമ്പുന്നതും, കൊടുംകാറ്റ് അടിക്കുന്നതും ആരോൺ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവന്, മരിച്ച കൂട്ടുകാരന്റെ 'അമ്മയെ' ഓർമവന്നു.

'പിച്ച വെച്ചപ്പോൾ തൻ കുഞ്ഞിന്റെ ഓരോ വീഴ്ചയിലും,
അമ്മയുടെ ഉള്ളൊന്ന് പിടഞ്ഞു, ആ മനമൊന്ന് തേങ്ങി 
'ഒരമ്മക്ക് പേറ്റുനോവിനെക്കാൾ- നോവായിരുന്നത്, കുഞ്ഞിന്റെ വേദന!
ത്യാഗിയായവൾ, സഹനതയിൽ ശില- പോലെയാക്കിയവളെ!
ജീവിതം ഉരുവിട്ട പാഠ ങ്ങളിലൊക്കെയും,
കുഞ്ഞിനെ കുറിച്ചുള്ള വേവലാതി പൂണ്ട്-
ഉറങ്ങാത്ത രാവുകളിലൊന്ന് കേൾക്കുന്ന വാർത്ത!
അവന്റെ പ്രാണനെ കുരുതി കൊടുത്തെന്ന്!
സ്നേഹം നടിച്ചവളുടെ ക്രൂരതയുടെ-മുഖം മൂടിയറിയാതെ,
പ്രാണൻ പോകുന്നു, പെറ്റവയറിനത്, 
പ്രാണൻ വെടിയും വരെ കണ്ണിമകൾ - തോരാതെ!

നേരം അർദ്ധരാത്രിയായെങ്കിലും ആരോണിന്റെ ചിന്തയിൽ പലതും കടന്നു വന്നു. തന്റെ പ്രണയിനിയുടെ മെസ്സേജുകൾ വാട്സ്ആപ് തുറന്നു വീണ്ടും, വീണ്ടും വായിച്ചു പ്രണയത്തിന് നിറം ചാർത്തി.

"എന്റെ ആരോ, ചക്കരെ, നീ എന്നരികിൽ ഇല്ലാത്ത ഓരോ നിമിഷവും, ഹൃദയത്തിൽ മുള്ളുകൊണ്ട് വലിക്കുംപോലെ വേദനയാൽ ഞാൻ പുളയുന്നു."

"ഞാൻ നിൻ അരികിൽ ഉണ്ടല്ലോ എന്റെ സുന്ദരി കുട്ടീ.. മനസ്സ് നിനക്ക് തന്നിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നിട്ടുള്ളത്. മിസ്സ്‌ യു മോളൂ.."

മെസ്സേജിൽ ഓരോന്നിലും മിഴികൾ പായിക്കുമ്പോൾ, ആരോൺ വിയർക്കുകയും, നെഞ്ചിടിപ്പ് വർധിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച്ച ആരോൺ മരിച്ച കൂട്ടുകാരനുമായി പ്രണയിനികളുടെ വാട്സ് ആപ്പ് ചാറ്റ് പങ്കു വെച്ചപ്പോൾ, അയാളുടെ മനസ്സിൽ അല്പം വിങ്ങലുകൾ നുരഞ്ഞു വന്നു. കാരണം, കൂട്ടുകാരന്റെ പ്രണയിനിയുടെ ഓരോ മെസ്സേജും, നിലാവ് പോലെ ശോഭയും, മാമ്പഴം പോലെ മധുരിക്കുന്നതുമായിരുന്നു.  സ്നേഹത്തിൽ ചാലിച്ചെഴുതിയ ഓരോ വാക്കും, ആരോണിന്റെ മനസ്സിനെ ഇളക്കുകയും, അയാൾ തന്റെ കൂട്ടുകാരിയോട് പരാതി പറയുകയും ചെയ്തു.

"മോളേ.. നിനക്കെന്നോട് സ്നേഹം ഇല്ല അല്ലെ."

"എന്തെ... ഇങ്ങിനെ തോന്നാൻ..."

"ഒന്നുമില്ല, നിന്റെ ചാറ്റിങ്ങിൽ എന്നോട് എന്തോ ഒന്ന് ഇല്ലാത്തത് പോലെ!

"എന്ത്?"

"എന്താന്ന് എനിക്കറിയില്ല"

എല്ലാം ഒരിക്കൽ കൂടി വായിച്ചു ആരോൺ മൊബൈൽ ഓഫ്‌ ചെയ്തു.

ഉറക്കം അയാളോട് എന്തിനോ കെറുവിച്ചു തന്നെ നിന്നു.എണീറ്റ് ജനലരികിൽ പോയി പുറത്തേക്ക് നോക്കിയപ്പോൾ കൂരാകൂരിരിട്ടും താങ്ങി പിടിച്ചു കൊണ്ട് ഭൂമി ഭയാനകമായി ദീനം ദീനം കേഴുന്നതായി അയാൾക്ക് തോന്നി.എവിടെ നിന്നോ ഒരു താരാട്ട് പാട്ട് നേർത്ത ശബ്‍ദത്തിൽ ചെവിക്കരികെ വന്ന് മൂളുന്നുണ്ടായിരുന്നു. കുറുക്കൻ കൂട്ടർ, ഓരിയിടുന്ന ശബ്ദം മിന്നൽ പിളർപ്പ് പോലെ അയാളെ നടുക്കുന്നുണ്ടായിരുന്നു.

പ്രേതത്തിലും, യക്ഷിയിലും ഒന്നും, അയാൾക്ക് ഒട്ടും, വിശ്വാസമില്ലായിരുന്നു. എന്നിട്ടും അയാൾ കണ്ടു, യക്ഷിയെ, അല്ല ഒരു പക്ഷെ തോന്നി. അന്ധകാരത്തിനുള്ളിൽ, നീട്ടി വളർത്തിയ മുടിയും, വെളുത്ത വസ്ത്രങ്ങളും അണിഞ്ഞ്, മുന്നിലേക്ക് തള്ളിനിൽക്കുന്ന രണ്ട് ദംഷ്ട്രത്തിൽ നിന്ന് ഇറ്റാൻ, മടിച്ചു നിൽക്കുന്ന രക്തതുള്ളികൾ നൃത്തത്തിന്റെ ചുവടു വെപ്പിൽ മണ്ണിലേക്ക് അലിഞ്ഞിറങ്ങുന്നു. അയാളെ നോക്കി കി കി കി എന്ന ശബ്ദത്തിൽ പരിഹസിച്ചു ചിരിക്കുന്നതിന്റെ അലർച്ച കാതിൽ വന്നലച്ചപ്പോൾ ആരോൺ ഭയചകിതനായി. താരാട്ട് പാട്ട് വീണ്ടും ശക്തമായപ്പോൾ അയാൾ ഐസ് പോലെ ഉറച്ച ശരീരവും കൊണ്ട് ഓടി ഹാളിലെ സോഫയിലേക്ക് മറിഞ്ഞു.

നേരം പുലർന്നപ്പോൾ തന്നെയാരോ പുതപ്പ് കൊണ്ട് കവർ ചെയ്തപെട്ടതായി അയാൾ അറിഞ്ഞു. പുതപ്പിനുള്ളിലെ സുഷുപ്തിയിൽ നിന്ന് ഒരിക്കലും മോചിതയാവാതെ അമ്മയുടെ ഗർഭപാത്രത്തിനുള്ളിലെ സംരക്ഷണ കവചത്തിൽ, പുറം ലോകത്തിന്റെ, കപടതയും, ക്രൂരതയുമറിയാതെ, വിശ്വാസവഞ്ചനക്ക് ഇരയാവാതെ,കഴിയാൻ ആരോൺ കൊതിച്ചു.

പുലർച്ചെ തന്നെ അമ്മ തേങ്ങ ചിരവൽ ആരംഭിച്ചിരിക്കുന്നു. അടുക്കളയിൽ നിന്നുള്ള പാത്രത്തിന്റെ കലപില ശബ്‌ദം, ഒരു സംഗീതം പോലെ, അമ്മയുടെ താരാട്ടു പോലെ തോന്നിച്ചു. വാഷിംഗ്‌മെഷിൻന്റെ ശബ്ദവും, മിക്സിയുടെ ശബ്ദത്തിലും, അമ്മയുടെ സ്നേഹവും, കരുതലും പതുങ്ങി നിൽപ്പുണ്ടായിരുന്നു.

"അമ്മേ, ഒരു ഗ്ലാസ്‌ വെള്ളം."

എത്ര കൊണ്ട് പിടിച്ച ജോലിതിരക്കാണെങ്കിലും, മുഖം ചുളിക്കാതെ, ഇതാ കൊണ്ട് വരാം മോനെ, മോളേ, എന്നാണ് പറയുക.

മക്കൾക്ക് വേണ്ടി അമ്മമാർ ചെയ്യുന്ന ത്യാഗമൊന്നും, ഒരിക്കലും മക്കൾക്ക് അമ്മമാർക്ക് വേണ്ടി കൊടുക്കാൻ കഴിയൂല എന്ന സത്യം അയാൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു. എപ്പോഴും കയർത്തെ സംസാരിക്കൂ... കുറ്റങ്ങളും, കുറവുകളും മാത്രമേ കാണൂ, ബുദ്ധിയില്ലായ്മ എന്ന് പറഞ്ഞു, എല്ലാവരും പരിഹസിച്ചുചിരിക്കും. ഈ കടമൊന്നും ഒരിക്കലും ഈ ഭൂമിയിൽ വെച്ച് വീട്ടാൻ കഴിയൂല എങ്കിലും, ഈ മക്കളും, അമ്മമാർ ആവുമ്പോൾ, അച്ഛൻമാർ ആകുമ്പോൾ, തങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്തു വേവലാതി പൂണ്ട് നെഞ്ചിടിപ്പോടെ നടക്കുന്നു.

ഇതെന്താ ഇവനിവിടെ? വല്ല പേടിയും കിട്ടിയോ, ആരോണിനെ കുലുക്കികൊണ്ട് അനിയത്തി ശ്രേയ ചോദിച്ചു. മുമ്പായിരുന്നെങ്കിൽ, ചാടി എണീറ്റ് തലക്ക് ഒരു കിഴുക്ക് കൊടുക്കാമായിരുന്നു. പിന്നെ അടിയും, പിടിയുമായി അമ്മ ഇടപെടണം. എന്നാൽ ഇന്ന് അനിയത്തിയോട് എന്തോ ഒരു ആർദ്രത, തന്റെ കുഞ്ഞനിയത്തി കുട്ടിയുടെ, നെറുകയിൽ ഒന്ന് തലോടാനും, ലാളിക്കാനും തോന്നി.

"കൊച്ചേ.... ആ ചെറുക്കന് അവിടെ കിടക്കട്ടെ, അവന് സങ്കടം ഇല്ലാതിരിക്കുമോ അവന്റെ കൂട്ടുകാരനല്ലേ മരിച്ചത്."അമ്മ തന്റെ മോനെ, മകൾ വന്ന് അലോസരപെടുത്തും എന്ന് ചിന്തിച്ചാവണം അടുക്കളയിൽ നിന്ന് ഓടി വന്ന് കൊണ്ട് പറഞ്ഞു.

"അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ അമ്മേ..."

"മോളേ... ഞാൻ നെഞ്ചുരുകി കൊണ്ടാണ് പറയുന്നത്, പ്രണയത്തിന് കണ്ണും, കാതുമില്ലെന്ന് പറയുന്നത് ശരി തന്നെ, എന്നാൽ അത് തലക്ക് പിടിച്ചാൽ നമ്മളെ ഭ്രാന്തിയാക്കും, ക്രൂരയാക്കും, കൊലയാളിയാക്കും.വിവേകത്തോടു കൂടിയും , പെൺകുട്ടികൾ -ആൺകുട്ടികൾ തമ്മിൽ ആരോഗ്യകരമായ സമീപനത്തോട്കൂടിയും, ഇനിയുള്ള കാലം മുന്നോട്ട് പോവാൻ സാധിക്കുകയുള്ളൂ. അത് ഇല്ലാതാ യതിന്റെ തെളിവാണ്, ഇപ്പോൾ പ്രണയ പകയും, പ്രണയം നടിച്ചുള്ള പകയുമൊക്കെ."

"അത് അമ്മേ..."

ശ്രേയ ഉരുണ്ടുകളിച്ചു.

നീയൊന്നും പറയണ്ട... നിന്റെയും, ഇവന്റെയുമൊക്കെ മൊബൈൽ ഫോണിൽ കൂടെ കയറി ഇറങ്ങുന്ന ഓരോ തേൻ മൊഴിയുന്ന വരികൾ ഉണ്ടല്ലോ, അതൊക്കെ ശുദ്ധമണ്ടത്തരമാണ്, ഒന്നോർക്കുക അതിൽ ഒരു തുള്ളി വിഷചിന്തകൾ കയറിയാൽ മതി, കത്തിയുടെയും, പെ ട്രോളിന്റെയും, അല്ലെങ്കിൽ വിഷകുപ്പികളുടെയും ഇരകളായി ഈ മണ്ണിൽ മരിച്ചു വീഴും. മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അച്ഛനുമമ്മയുടെയും കണ്ണീർ ഒരിക്കലും വറ്റില്ല, അമ്മ അവസാനം കരഞ്ഞു പോയിരുന്നു.

പിന്നീട് അമ്മയുടെയും, അനിയത്തിയുടെയും, ശബ്‌ദം ഒന്നും കേട്ടില്ല... ആരോൺ പതുക്കെ എണീറ്റ് തന്റെ ബെഡ് റൂം ലക്ഷ്യമായി നടന്നു. അവിടെ ഒന്നുമറിയാത്തവനെ പോലെ മൊബൈൽ ഫോൺ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഒരല്പം പേടിയോടെ അയാൾ അത് തുറന്നു. കൂട്ടുകാരി വർഷയുടെ മെസ്സേജുകൾക്ക് ഒരു റിപ്ലെ കൊടുക്കാൻ ആരോണിന് എന്ത് കൊണ്ടോ തോന്നിയില്ല. പിന്നെ ചുരുങ്ങിയ വാക്കിൽ ഓരോന്നിനും റിപ്ലെ കൊടുത്തു. കാരണം ഇതൊരു പ്രണയത്തെക്കാൾ ഉപരി, പകയുടെ കാലമാണെന്ന് അയാൾ ഒരല്പം പേടിയോടെ തിരിച്ചറിഞ്ഞു.

മരിച്ച കൂട്ടുകാരനെ അവസാനമായി ഒരു നോക്കു കാണാൻ പോകാൻ ഇറങ്ങിയപ്പോൾ, അവന്റെ അമ്മയുടെയും, ബന്ധുക്കളുടെയും, മുഖമായിരുന്നു മനസ്സിൽ. അവന്റെ അമ്മയവനെ താരാട്ട് പാടി ഉറക്കാൻ കിടത്തിയതാണെന്നും, ഇത്തിരി കഴിയുമ്പോൾ അവന് ഉറക്കപിച്ചോടെ എണീറ്റ് വരുമെന്നും ആരോൺ വെറുതെ മോഹിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ