മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

തലേദിവസം രാത്രി താടിക്കാരനെ അങ്ങാടിയിലിട്ട് ആരോ വെട്ടിയ വാർത്ത കേട്ട്കൊണ്ടാണ് ആ ഗ്രാമം അന്ന് ഉറക്കമുണർന്നത്. 
"കഴുത്തിനും, പുറത്തുമൊക്കെ വെട്ട് കൊണ്ടു,വെട്ടിയത് ആരെന്നു സൂചനപോലും ഇതുവരെ ലഭിച്ചിട്ടില്ല."

"വെട്ടിമുറിച്ചാലും മുറി കൂടുന്ന ഇനമാണ്, ഇത്തിരി ജീവനുണ്ടെൽ അവൻ അങ്ങാടിയിൽ തിരിച്ചെത്തും നോക്കിക്കോ "

മെഡിക്കൽകോളേജിലേ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന ജോസഫ് രാജ് ക്രിസ്തുരാജ് എന്ന താടിക്കാരന് വെട്ടേറ്റതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുമുള്ള ചർച്ചകൾ, പൊടിപ്പുംതൊങ്ങലിന്റെയും അകമ്പടിയോടെ നാട്ടിലെമ്പാടും യഥേഷ്ടം നടന്നു.

"ഇന്നലെ രാത്രി ഏകദേശം ഒമ്പതരമണിയോടെ ഞാൻ ക്രിസ്തുവിനെ വിളിച്ചിരുന്നു" ജോസഫ് രാജ് ക്രിസ്തുരാജ് എന്നതിന്റെ ചുരുക്കമായി ക്രിസ്തു എന്നാണ് ശിവസുതൻ താടിക്കാരനെ വിളിക്കാറുള്ളത്.

"വെളുപ്പിന് രണ്ടു ലോഡ് ചകിരി വേലഞ്ചിറക്ക് കയറ്റിവിടുന്ന കാര്യം സംസാരിക്കാനായിട്ടായിരുന്നു വിളിച്ചത്, പക്ഷേ അവന്റെ വാക്കുകളിൽ നിന്ന് തന്നെ ശരീരത്തിലെ ആൽക്കഹോളിന്റെ അളവ് മനസ്സിലാക്കിയതോടെ ഞാൻ ഫോൺ കട്ട് ചെയ്തു "

മെഡിക്കൽകോളേജ് വരാന്തയിൽ മെമ്പർ ബാലകൃഷ്ണനോടും, ഒന്ന് രണ്ടു പോലീസുകാരോടുമായി ശിവസുതൻ താൻ അവസാനമായി താടിക്കാരനോട് സംസാരിച്ചതിനെക്കുറിച്ച് വിശദമാക്കി,

"വെള്ളമടിച്ചു കഴിഞ്ഞാൽ എന്തേലും ചെറിയ കശപിശയൊക്കെ ചിലരോടൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്ന ല്ലാതെ, ഇങ്ങനെ വെട്ടി നുറുക്കാൻതക്ക വൈരാഗ്യമൊന്നും അവനോടു ആർക്കും എന്റെ അറിവിലില്ല "

താടിക്കാരന് ശത്രുക്കൾ ആരേലുമുണ്ടോ? എന്ന പോലീസുകാരുടെ ചോദ്യത്തിനുള്ള ശിവസുതന്റെ മറുപടി കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിയത് അടുത്ത് നിന്നിരുന്ന പഞ്ചായത്ത്‌ മെമ്പർ ബാലകൃഷ്ണനായിരുന്നു.

"അല്ല പോലീസുകാർ എന്താ ഈ ശിവസുതനോട് മാത്രം ഇത്ര വിശദമായി കാര്യങ്ങൾ ചോദിച്ചത്? താടിക്കാരന്റെ ആരാണ് ഈ ശിവസുതൻ?"

"കൊള്ളാം നല്ല ചോദ്യം, പോളച്ചിറയിലേയും, വെട്ടത്തുമുക്കിലെയും കള്ളു ഷാപ്പുകൾ ലേലത്തിൽ പിടിച്ചു നടത്തുന്നത് ശിവസുതനാണ്, ഒപ്പം ചകിരി കച്ചവടവുമുണ്ട്. പലപ്പോഴും ശിവസുതന്റെ ലോറിയിലെ ഡ്രൈവറായി പോകുന്നത് താടിക്കാരനാണ്. സഹോദരങ്ങളുമായൊന്നും വലിയ കോളില്ലാത്തകൊണ്ട് താടിക്കാരന്റെ അനൗദ്യോഗിക രക്ഷകർത്താവ് എന്ന് വേണേൽ നമുക്ക് ശിവസുതനെ വിശേഷിപ്പിക്കാം"

മലബാറി മാപ്പിളയുടെ ചായക്കടയുടെ തിണ്ണയിലെ മരബഞ്ചിലിരുന്നുകൊണ്ട് റിട്ടയേഡ് മലയാളം അധ്യാപകനായ പപ്പൻമാഷ് താടിക്കാരനെ ക്കുറിച്ചുള്ള വിവരമന്വേഷിച്ചെത്തിയ അപരിചിതന് മുന്നിൽ വാചാലമായി തുടങ്ങി.

"അല്ല ആരാണ് ? എവിടുന്നാണ്? " പാതിവഴിയിൽ വിശദീകരണം അവസാനിപ്പിച്ച മാഷിൽ നിന്ന് അപരിചിതന് നേർക്ക് സംശയത്തിന്റെ ലേപനം പുരട്ടിയ ചോദ്യമുയർന്നു.

"പണ്ട് കോളേജിൽ ഒന്നിച്ചു പഠിച്ചതാണ് " മലബാറി മാപ്പിളയുടെ കടുപ്പമേറിയ ചായ ഒരു കവിൾ കൂടി അകത്താക്കിയ ശേഷം പപ്പൻ മാഷിന് മറുപടി നല്കുന്നതിനിടയിൽ അപരിചിതൻ ഒരു സിഗരറ്റിനു തീ കൊളുത്തി കഴിഞ്ഞിരുന്നു.

"ഈ താടിക്കാരനെ അവന്റെ അപ്പൻ വർഗീസ് വടക്കെങ്ങാണ്ട് കോളേജിൽ അയച്ചാണ് പഠിപ്പിച്ചത്, കോളേജ് ഏതാണ് എന്നൊന്നും ഓർക്കുന്നില്ല വർഷം പത്ത് മുപ്പത് കഴിഞ്ഞില്ലേ"

മാഷിന്റെ ചിന്തകൾ റിവേഴ്സ് ഗിയറിൽ സഞ്ചരിക്കുമ്പോൾ അപരിചിതന്റെ മുഖത്ത് ചെറുപുഞ്ചിരി മാത്രമാണ് വിടർന്നത്.

"അന്നേ മഹാ തല്ലിപൊളി ആയിരുന്നു, അടിയും പിടിയും ബഹളവും, അങ്ങനെ കുറേനാൾ. പിന്നെ ഒരു സുപ്രഭാതത്തിൽ നാട് വിട്ട ഇവൻ മടങ്ങിയെത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ്, അപ്പോഴേക്ക് വർഗീസും കെട്ടിയോളുമൊക്കെ മരിച്ചു പോയിരുന്നു. മടങ്ങിവന്നപ്പോൾ നെഞ്ചോളംനീട്ടി വളർത്തിയ താടി അവനു താടിക്കാരൻ എന്ന പേരും സമ്മാനിച്ചു "

"വെട്ട് കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന താടിക്കാരനെ ഒരു സുപ്രഭാതത്തിൽ ആശുപത്രിയിൽ നിന്ന് കാണാതായി, പഴയ പോലെ നാട് വിട്ടതാകുമോ? അതോ മറ്റെന്തെക്കിലും? എന്താണ് മാഷിന്റെ നിഗമനം? "

മാഷ് പറഞ്ഞവസാനിപ്പിക്കും മുമ്പ് തന്നെ ഉയർന്ന അപരിചിതന്റെ ചോദ്യത്തിന് മറുപടിയായി, ഇരുവരുടെയും സംഭാഷണം ഏറെ നേരമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന മലബാറി മാപ്പിളയുടെ അസഹിഷ്ണുത നിറഞ്ഞ ശബ്ദം ഉയർന്നു.

"ഡീറ്റയിൽസ് ഒക്കെ അറിയാൻ താനാരാ പൊലീസോ? കുടിച്ച ചായയുടെ കാശ് കൊടുത്തിട്ട് വേഗം സ്ഥലം കാലിയാക്കാൻ നോക്ക് കോയാ"

കൂട്ടത്തിൽ മലബാറിമാപ്പിള വക ഉപദേശം പപ്പൻ മാഷിനും ലഭിച്ചു. "സമയം ഒരുപാട് വൈകി മാഷ് വീട്ടിൽ പോകുന്നില്ലേ, ഇനിയും വൈകിയാൽ രജനിയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും മാഷിന്."

മലബാറിമാപ്പിളയുടെ ഓർമ്മപ്പെടുത്തൽ കേട്ടതോടെ വാച്ചിലേക്ക് കണ്ണോടിച്ചശേഷം ഏറെനേരമായി ഇരുന്ന മരബെഞ്ചിൽ നിന്ന് പതുക്കെ എഴുന്നേറ്റ മാഷ്, വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി.

ഒരുപാട് തലമുറക്ക് അക്ഷരപുണ്യം പകർന്നയാളാണ് മാഷെങ്കിലും, ഭാര്യയുടെ മരണശേഷം വീടിന്റെ ഭരണമേറ്റെടുത്ത മരുമകൾ രജനിയുടെ നിയന്ത്രണരേഖയിലാണ് നിലവിൽ മാഷും.

"താടിക്കാരനെക്കുറിച്ച് കേൾക്കുമ്പോൾ മലബാറി മാപ്പിളയിൽ വെപ്രാളവും പരവേശവും ഉണ്ടാവുക സ്വാഭാവികം"

ചായയുടെ പൈസ കൊടുക്കുന്നതിനിടയിൽ ചെറുചിരിയുടെ അകമ്പടിയോടെയുള്ള അപരിചിതന്റെ വാക്കുകൾ മലബാറിമാപ്പിളയുടെ അങ്കലാപ്പ് വർദ്ധിപ്പിച്ചു,

"താനാരാണ്, തനിക്ക് എന്നെ എങ്ങനെ അറിയാം, എന്താണ് തന്റെ ഉദ്ദേശം? " ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ മലബാറി മാപ്പിളയിൽ നിന്നും അപരിചിതന് നേർക്ക് ഉയർന്നെങ്കിലും.

"വെപ്രാളംപിടിക്കാതെ മാപ്പിളെ, ഞാൻ വരാം" എന്ന മറുപടി നൽകി അപരിചിതൻ പപ്പൻ മാഷിന് പിന്നാലെ നടന്നു,

"മാഷേ ഒന്ന് രണ്ടു കാര്യങ്ങൾ കൂടി അറിയാനുണ്ട്. ഈ മലബാറി മാപ്പിള ആളെങ്ങനെ?"

പിന്നാലെയെത്തി പപ്പൻമാഷിനോടായി അപരിചിതന്റെ ചോദ്യം വീണ്ടും. "ആ സാധുവിനെ കുറിച്ച് എന്ത് പറയാനാണ്, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ ഏക മോളല്ലേ കഴിഞ്ഞ വർഷം ഫാനിൽ കെട്ടിതൂങ്ങി ചത്തത്, അതിന്റെ സങ്കടം ഈ ജന്മത്തു മാറുമോ?

ആ കൊച്ചു കോളേജിൽ പഠിക്കുകയായിരുന്നു, ശിവസുതന്റെ മകൻ ശരത്തുമായി പ്രേമമായിരുന്നു എന്നൊക്ക കേട്ടു, എന്തയാലും തൂങ്ങി ചാകുമ്പോൾ പെണ്ണ് ഗർഭിണിയായിരുന്നു, കാര്യം കഴിഞ്ഞപ്പോൾ അവൻ കൈമലർത്തി കാണും"

"എന്നിട്ട് ഈ ശരത് ഇപ്പോൾ എവിടെയാണ്? "

"അത് പറയാതിരിക്കുന്നതാണ് ഭേദം" നടത്തം നിർത്തി പാതയോരത്തെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തണലിലേക്ക് കയറി നിന്ന് പപ്പൻമാഷ് വീണ്ടും വാചാലമായി.

"ആ പെണ്ണ് തൂങ്ങി ചത്തതോടെ, മറ്റവൻ ഉണർന്നു നാട്ടിലാകെ." 

"ആര്?"
"വർഗീയത"

ഉമ്മാച്ചി പെണ്ണിന്റെ മരണത്തിന് കാരണക്കാരനായ ചോവചെക്കനെ പണിയുമെന്ന് ചില തീവ്രസ്വഭാവമുള്ളവർ പരസ്യമായി പ്രഖ്യാപിച്ചു. അവന്റെ രോമത്തിൽ ഒരുത്തനും തൊടില്ല എന്ന് താടിക്കാരനെ പോലുള്ളവരും. എന്തായാലും സ്വന്തം മോന്റെ ജീവനിൽ ആശങ്കയുള്ള ശിവസുതൻ അവനെ വടക്കോട്ട് എങ്ങോ മാറ്റി.

എന്തൊക്കെ പറഞ്ഞാലും അവസാനം ദാണ്ടെ കഴിഞ്ഞ ആഴ്ച്ച മംഗലാപുരത്ത് വെച്ച് ആ ചെക്കൻ ബൈക്ക് ആക്സിഡന്റ്റിൽ മരിച്ചു, ഇനി മറ്റേ ടീം തീർത്തതാണോ എന്ന് ആർക്കറിയാം"

"അപ്പോൾ താടിക്കാരനെ വെട്ടിയത് ആരാണ്? " 
"അതും ഈ തീവ്രസ്വഭാവമുള്ള സംഘടനക്കാർ തന്നെയാകാനാണ് സാധ്യത."

പിന്നെയും കുറച്ച് നേരംകൂടി ഇരുവരും സംസാരം തുടർന്ന ശേഷം മാഷ് വീട്ടിലേക്കും, അപരിചിതൻ തിരികെ മലബാറിമാപ്പിളയുടെ കടയിലേക്കും നീങ്ങി.

"എന്തിനാണ് താടിക്കാരനെ വെട്ടിയത്? "

വിജനമായ കടയിൽ ചിന്തകളിൽ മുഴുകിയിരുന്ന മാപ്പിളയെ ഉണർത്തിയത് അപരിചിതന്റെ കടന്നുവരവായിരുന്നു. അപ്രതീക്ഷിത ചോദ്യം പകർന്ന അങ്കലാപ്പ് മാപ്പിളയുടെ മുഖത്ത് പ്രകടമായിരുന്നു, അല്പ നേരത്തെ മൗനത്തിന് ശേഷം ഒരു മറുചോദ്യമാണ് മാപ്പിളയിൽ നിന്നുയർന്നത്.

"താനാരാണ്, എന്താണ് ഉദ്ദേശം "

"പറഞ്ഞല്ലോ, താടിക്കാരന്റെ കൂട്ടുകാരനാണ്, ഞാൻ, മംഗലാപുരത്ത് ചെറിയ രീതിയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തിപോരുന്നു, നേരുത്തേ നാട് വിട്ട് വന്നപ്പോഴും താടിക്കാരൻ എന്റെ കൂടെയായിരുന്നു, ഇപ്പോഴും ആശുപത്രിയിൽ നിന്ന് മുങ്ങി നേരേ വന്നത് അങ്ങോട്ട് തന്നെയാണ്."

അപരിചിതന്റെ വാക്കുകൾ കേട്ടപ്പോൾ മാപ്പിളയുടെ ഹൃദയമിടിപ്പിന്റെ താളമുയർന്നു.  

"പൊന്നുപോലെ വളർത്തിയ പൊന്നു മോൾ വയറും വീർപ്പിച്ചു ഫാനിൽ കെട്ടിതൂങ്ങി കിടക്കുന്ന കാഴ്ച്ച ആര് സഹിക്കും മോനേ, അതിന് കാരണക്കാരനായവൻ കണ്മുന്നിലൂടെ വിലസുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ പോകുന്ന ഒരു അച്ഛന്റെ ദുരവസ്ഥ ഓർത്ത് നോക്കുക."

"അപ്പോൾ ഏതോ സംഘടനക്കാർ ഇതിന് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞു നടന്നതോ? "

അപരിചിതന്റെ ചോദ്യത്തിന് പുച്ഛംനിറഞ്ഞ ചിരിയായിരുന്നു മാപ്പിളയുടെ ആദ്യ മറുപടി.

അവരൊക്കെ ഒരു വിഷയമുണ്ടായാൽ അതിൽ നിന്ന് എങ്ങനെ മുതലെടുപ്പ് നടത്താമെന്ന് കണക്കു കൂട്ടി നടക്കുന്നവന്മാർ അല്ലെ, അതിന് വേണ്ടി മതത്തിനെ ഉപയോഗിക്കുന്നു അത്ര തന്നെ, അവരുടെ ഇടപെടൽ എനിക്ക് ഗുണത്തേക്കാൾ ദോഷം മാത്രേ ഉണ്ടാക്കിയിട്ടുള്ളു."

"എന്തിന് താടിക്കാരനെ വെട്ടി എന്ന എന്റെ ചോദ്യത്തിന് മാത്രം മാപ്പിള മറുപടി ഇതുവരെ തന്നില്ല." അപരിചിതൻ വീണ്ടും താടിക്കാരനിലേക്ക് വിഷയത്തെ കൊണ്ടുവന്നു.

"ഈ വിഷയം ഉണ്ടായ ശേഷം എന്റെ മകളുടെ മരണത്തിനു കാരണക്കാരനായ ശിവസുതന്റെ മകനെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്ന പോലെ സംരക്ഷിച്ചു കൊണ്ട് നടന്നത്, ശിവസുതന്റെ കള്ളും കാശും വാങ്ങികൊണ്ട് താടിക്കാരൻ ആയിരുന്നു.

എന്റെ കുഞ്ഞുപോയതോടെ ജീവിക്കുന്നതിന്റെ അർത്ഥം തന്നെ നഷ്ട്ടമായ ഞാൻ കാത്തിരുന്നത്, മോളുടെ മരണത്തിന് കാരണക്കാരനായ ശരത്തിനെ ഇല്ലാതാക്കാൻ അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെയായിരുന്നു, വർഷങ്ങൾക്ക് മുമ്പ് മഞ്ചേരിയിലെ കൃഷ്ണപ്രിയ എന്ന പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ വെടിവെച്ചു കൊന്ന ശേഷം ജയിലിൽ പോയ ശങ്കരൻനായർ എന്ന അച്ഛനാണ് എന്റെ മുന്നിൽ അപ്പോൾ മാതൃകയായി കടന്നു വന്നത്.

"മാപ്പിളെ, ഇവനെ എന്തെങ്കിലും അങ്ങ് ചെയ്തു കളയാമെന്ന മോഹം ആർക്കേലും ഉണ്ടേൽ അതങ്ങ് മാറ്റി വെച്ചേക്കണം, ഒരുത്തനും ഇവന്റെ രോമത്തിൽ പോലും തൊടില്ല, താടിക്കാരനാണ് പറയുന്നത്." 

ശരത്തിനെയും കൂട്ടി ഈ കടയുടെ മുന്നിൽ വന്നു വരെ താടിക്കാരൻ വെല്ലുവിളിച്ചിട്ടുണ്ട്, നിസ്സഹായതയോടെ അതെല്ലാം നോക്കിനിൽക്കേണ്ടിയും വന്നിട്ടുണ്ട് എനിക്ക്.

അന്ന് സംഭവം നടക്കുന്ന ദിവസം രാത്രി കട അടച്ചുകൊണ്ടിരിക്കവെയാണ്, അപ്പുറത്തെ ബസ്‌സ്റ്റോപ്പിലെ വെയിറ്റിങ്‌ ഷെഡിൽ ഒറ്റക്കിരിക്കുന്ന താടിക്കാരനെ ഞാൻ കാണുന്നത്.

അപ്പോഴേക്കും മനസ്സിലേക്ക് തൂങ്ങിയാടുന്ന എന്റെ മകളുടെ ചിത്രം കടന്നുവന്നു, പിന്നെ ഒന്നും ചിന്തിച്ചില്ല, വെട്ട്കത്തിയുമായി പുറകിലൂടെ ചെന്ന് താടിക്കാരനെ മൂന്നാലു തവണ കഴുത്തിനും തോളിലുമൊക്കെ വെട്ടി.

എതിർ സൈഡിൽ നിന്ന് വരുന്ന വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെട്ടം കണ്ടപ്പോഴാണ് ഞാൻ ഓടിയത്.

രാവിലേ തന്നെ പോലീസ് സ്റ്റേഷനിൽ ഹാജരാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം, പക്ഷേ പോലീസ് മൊഴിയെടുക്കാൻ ചെന്നപ്പോൾ വെട്ടിയത് ആരെന്നു അറിയില്ല എന്ന് താടിക്കാരൻ മൊഴി നൽകിയതോടെയാണ് കീഴടങ്ങാതിരുന്നത്.

"ഇപ്പോൾ ദേഷ്യമോ, പേടിയോ ഉണ്ടോ താടിക്കാരനോട്? "

മലബാറി മാപ്പിളയുടെ വാക്കുകൾ കേട്ടിരുന്ന അപരിചിതൻ ഇടപെട്ടുകൊണ്ട് ചോദിച്ചു.

"ദേഷ്യം അത് ആരോടും ഇപ്പോൾ ഇല്ല, എന്റെ മകളുടെ മരണത്തിന് കാരണമായവന് പടച്ചോൻ ശിക്ഷ നൽകി, പിന്നെ ഞാൻ ആരോട് ദേഷ്യം കാണിക്കാൻ,

പിന്നെ താടിക്കാരൻ പകരം ചോദിക്കാൻ എന്നെ തേടിവരുമെന്ന് എനിക്കറിയാം, ഏത് നിമിഷവും താടിക്കാരന്റെ കത്തിമുന ഞാൻ പ്രതീക്ഷിക്കുനുണ്ട്."

"പേടിയൊന്നും വേണ്ട താടിക്കാരനാണ്, സംസാരിക്കു" ഒരു ബീഡിക്ക് തീ കൊളുത്തികൊണ്ട്നിന്ന മലബാറിമാപ്പിളക്ക് നേരേ അപരിചിതൻ ഫോൺ നീട്ടി.

"മക്കളോട് സ്നേഹമുള്ള ഏതൊരു അച്ഛനും ചെയ്യുന്നതേ മാപ്പിളയും എന്നോട് ചെയ്തിട്ടുള്ളു.

അതിന്റെ പേരിൽ പകരം തീർക്കാനൊന്നും ഞാൻ വരില്ല, അതോർത്തു മാപ്പിള മനസ്സുരുകി ദിവസങ്ങൾ തള്ളിനീക്കണ്ട, നേരിട്ട് പറയാനുള്ള മടിയുള്ളത്കൊണ്ടാണ് ഞാൻ സുഹൃത്തിനെ വിട്ടത്.

കഴിഞ്ഞുപോയ സംഭവങ്ങൾക്ക് ക്ഷമചോദിച്ചുകൊണ്ട് പിന്നെയും കുറച്ച് സമയം കൂടി താടിക്കാരൻ മാപ്പിളയുമായി സംസാരിച്ചു, താടിക്കാരന്റെ വാക്കുകൾ മൂളികേൾക്കുക മാത്രമാണ് മാപ്പിള ചെയ്തത്.

"എന്തായാലും ഇനി ഈ നാട്ടിലോട്ടില്ലയെന്നാണ് താടിക്കാരൻപറയുന്നത് , മംഗലാപുരത്ത് തന്നെ തുടരാനാണ് അവന്റെ പ്ലാൻ.

പിന്നെ മാപ്പിള ആശ്വസിക്കുന്നുണ്ടല്ലോ, മകളുടെ കൊലപാതകത്തിന് കാരണക്കാരനായ ശരത്തിന് പടച്ചോൻ ശിക്ഷ നൽകിയെന്ന്, പക്ഷേ ആ പടച്ചോന്റെ പേര്‌ ജോസഫ് രാജ് ക്രിസ്തുരാജ് എന്ന താടിക്കാരൻ എന്നാണ്, കാസർകോഡ് - മംഗലാപുരം ദേശീയപാതയിലൂടെ ശരത് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലിടിച്ച നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവർ സീറ്റിൽ താടിക്കാരനായിരുന്നു."

യാത്ര പറഞ്ഞിറങ്ങുമ്പോൾ അപരിചിതൻ പറഞ്ഞവിവരങ്ങൾ ഞെട്ടലോടെയാണ് മലബാറിമാപ്പിള കേട്ട് നിന്നത്. ശരത് എന്ന ഇരുപത്തിയൊന്നുകാരന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടു റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡും മറികടന്നു അപരിചിതൻ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു നീങ്ങുന്നത് മലബാറിമാപ്പിള മിഴിചിമ്മാതെ നോക്കിനിന്നു. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ