mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ആ വിധി സുപ്രീം കോടതി ശരിവെച്ചതോടെ ഡേവിഡ് കടുത്ത മദ്യപാനിയായി. ഒഴുക്കില്ലാത്ത ചെളി നിറഞ്ഞ കാണയിൽ പൊങ്ങികിടക്കുന്ന കാലിയായ ഫുൾബോട്ടിൽ മദ്യക്കുപ്പി അയാളെ അനുസ്മരിപ്പിച്ചു.


ഹൈക്കോടതി വിധി വന്നത് മുതലുള്ള മാറ്റമാണ്. തുടർച്ചയായ മദ്യപാനം അയാളുടെ ജോലിയും ഇല്ലാതാക്കി.

ആ ആഴ്ചയുടെ ആദ്യ ദിനം മുതൽ ആഴ്ചയുടെ അവസാന ദിവസത്തിന്റെ  രണ്ടു ദിവസം മുൻപ് വരെ ഡേവിഡ് പൂർണ്ണമായും മദ്യത്തിൽ മുങ്ങിയിരുന്നു. ടെറസ്സിട്ട വാടക വീട്ടിലെ രണ്ട് ബെഡ് റൂമുകളിലൊന്നിൽ അയാളും ചിന്തകളും തമ്മിലുള്ള വാഗ്വാദങ്ങൾ തുടങ്ങിയിട്ട് കൃത്യം മൂന്നുമാസമായി. കണ്ണുകൾ തുറക്കാൻ പറ്റില്ലെങ്കിലും കാലുകൾ നിലത്തുറക്കില്ലെങ്കിലും കറുത്തയങ്കിയണിഞ്ഞ മുറിയിൽ വാദപ്രതിപാദങ്ങൾ കലപിലകൂട്ടിക്കൊണ്ടിരുന്നു.

“ജനീറ്റാ , ഏത് അബോധാവസ്ഥയിലാണെങ്കിലും ശനിയാഴ്ച്ച രാവിലെ നീ ജോലിക്കു പോകുമ്പോൾ എന്നെ ഉണർത്താൻ മറക്കരുത്.”

പതിവുപോലെ മാലഖയുടെ യൂണീഫോം അണിഞ്ഞ് ഹോസ്പിറ്റലിലിലേക്ക് പോകാൻ തയ്യാറായപ്പോഴാണ് , ആഴ്ച്ചയുടെ ആദ്യദിനത്തിലെ വെളിവുള്ള മണിക്കൂറിലൊന്നിൽ ഡേവിഡ് തന്നോട് പറഞ്ഞ് വെച്ചത് ജനിറ്റക്ക് ഓർമ്മ വന്നത്.

ജോലിത്തിരക്ക് കാരണം രണ്ട് ദിവസമായി ഒരു മാധ്യമത്തിലേക്കും എത്തിനോക്കാൻ സമയം കിട്ടാതിരുന്നതു മൂലം അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർത്ത് വെക്കാൻ അവൾക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ അത് പാഴ്വേലയാണെന്ന് മനസ്സ് തോന്നിപ്പിച്ചിട്ടുണ്ടാവും.

ജനൽ വിരി  മാറ്റി ജനീറ്റ പുറത്തേക്ക് നോക്കി. ചീനവല ചൂടി നിൽക്കുന്ന കായലോരം. തന്റേതല്ലാത്ത കുറ്റത്താൽ ഹത്യചെയ്യപ്പെട്ട് ഭൂമിയിലേക്ക് പതിഞ്ഞിറങ്ങാൻ ഒരുങ്ങി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം . ഹൃദയവ്യഥ ദുർവഹമായ ശ്വാസമായി ഒരു നിമിഷം അവളുടെ  തൊണ്ടയിൽ കുരുങ്ങി. നെറ്റിയിൽ നാമ്പിട്ട വിയർപ്പു കണങ്ങൾ തുടച്ച് അവൾ ഡേവിഡിന്റെ മുറിയിലേക്കു നീങ്ങി.

ടൈമ്പീസിൽ 10 മണി  അലാറം കൃത്യമാക്കി ജനീറ്റ തമോഭാരം തള്ളി നിൽക്കുന്ന  മുറിവാതിൽ തുറന്നു.
ഗാഗുൽത്തായിൽ മരക്കുരിശിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെപ്പോലെ കട്ടിട്ടിലിൽ കിടക്കുന്ന ഡേവിഡ്. നരച്ച താടി നീണ്ടു വളർന്നിരുന്നു.

“ഡേവിഡ്...ഡേവിഡ് ” അവൾ അയാളെ തട്ടി വിളിക്കാൻ ശ്രമിച്ചു. രണ്ട് കൈയ്യും നെഞ്ചിൽ വെച്ച് കാലുകൾ നിവർത്തി അയാൾ മുരണ്ടു.

“ങും ”

“കഴിക്കാനുള്ളതൊക്കെ മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട്. ബാക്കിയുള്ളത് ഒന്നു ഫ്രിഡ്ജിൽ വെച്ചേക്കണേ. പത്ത് മണിക്ക് ഏണീക്കണോന്നല്ലേ പറഞ്ഞത്”

ജനീറ്റ ശക്തിയോടെ ടൈംപ്പിസ് മേശയിൽ വെച്ചപ്പോൾ അതിൽ നിന്നും ചെറിയ ഒരു മണി ശബ്ദം കേട്ടു.

ആ ദിവസത്തിന്റെ പ്രത്യേകതയിൽ കടുത്ത ട്രാഫിക് നിയന്ത്രണങ്ങൾ വഴിയിൽ കാത്തിരിപ്പുണ്ടെന്ന് മനസ്സിലാക്കി അവൾ ബാഗുമെടുത്ത് ഡോർ പൂട്ടി ധൃതിപ്പെട്ടിറങ്ങി. വാച്ചിൽ നോക്കി. അരമണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ എത്തണം. ജനീറ്റ സ്കൂട്ടർ മുന്നോട്ട് എടുത്തു.

ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളിലൊന്നാണ് ഡേവിഡ്. സ്വന്തം  വഴിയല്ലാതെ മറ്റാരക്കെയോ സഞ്ചരിച്ച വഴി എത്തിപ്പിടിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടവനെപ്പോലെയാണ് ഡേവിഡ് പ്രവാസം അവസാനിപ്പിച്ച് നെടുംബാശ്ശെരി എയർപോർട്ടിൽ നിന്നും അന്ന് പുറത്തിറങ്ങിയത്. ടാക്സിയിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പിൻസീറ്റിൽ നടുക്കിരുന്ന നാലാം ക്ലാസ്സുകാരി മകൾ ജഫ്നയെ ചേർത്തുപിടിച്ച് ഡേവിഡ് നെറ്റിയിൽ ഉമ്മ വെച്ചു.

“മോൾടെ എകസാം തുടങ്ങറായില്ലേ..? ”

“നെക്സ്റ്റ് മൺഡേ തുടങ്ങും..പപ്പാ..പപ്പാ ഞാൻ പറഞ്ഞ പപ്പിക്കുട്ടിയെ  വാങ്ങിക്കൊണ്ട് വന്നിട്ടുണ്ടോ.?“

“അതു വാങ്ങാം മോളെ “

മകളുടെ ചുമലിൽ തട്ടിക്കൊണ്ട് അയാൾ ജനീറ്റയെ നോക്കി. അവൾ നിശ്ശബ്ദം വഴികളിലെ കാഴ്ചകളിൽ കണ്ണ് കനപ്പിച്ചിരിക്കുകയാണ്.

ഡേവിഡ് ഗൾഫിലായിരിക്കുംബോൾ തന്നെയാണ് ഫ്ലാറ്റ് വാങ്ങാൻ കരാർ ഒപ്പിട്ടത് .കുടുംബ വിഹിതമായി കിട്ടിയ 10 സെന്റ്  സ്ഥലത്ത് ഒരു ഇടത്തരം വീട് വെച്ച് കഴിഞ്ഞാൽ മിച്ചമുള്ള സ്ഥലത്ത് അത്യാവശ്യം പച്ചക്കറി കൃഷി ചെയ്യാനുള്ള സ്ഥലവും  , ചെറിയ റോഡും അതിനപ്പുറം പുഴവക്കിലേക്കും വഴിതുറക്കുന്ന വീട്ടുമുറ്റവും. നല്ലൊരു ജീവിത സാഹചര്യം ആക്കാമായിരുന്നു. ഡേവിവിഡ് സ്വന്തം താല്പര്യത്തിനനുസരിച്ച്  അതൊക്കെ വേണ്ടെന്ന് വെച്ചു.

“ഹോ”

മറ്റൊരു സ്കൂട്ടറിനെ മറി കടക്കവേ അതോർത്ത് ജനീറ്റ തലകുടഞ്ഞു.

“എടീ നമ്മളീ നാട്ടുവട്ടത്ത് വീടു വെച്ചാൽ എന്തിനും ഏതിനും ഓരോശല്യങ്ങൾ വലിഞ്ഞു കയറി വരും. പിന്നെ നമ്മുക്ക് ഒരു മോളല്ലേ യുള്ളത്. ഞാനില്ലെങ്കിലും നിന്റേം മോൾടേം സേഫ്റ്റിക്ക് ഫ്ലാറ്റാ നല്ലത്. മോൾടെ സ്കൂളിൻറ്റെ സ്റ്റാറ്റസ് വെച്ച് നോക്കുംബോൾ ഫ്ലാറ്റ് തന്നെയാ ബെസ്റ്റ് . ”

സ്റ്റാറ്റസ്-

പിറുപിറുത്ത്കൊണ്ട് ജനീറ്റ സ്റ്റാഫ് പാർക്കീംഗ് ഏരിയയിൽ സ്കൂട്ടർ ഒതുക്കി വെച്ച് സ്റ്റാഫ് റുമിലേക്ക് നടന്നു.

10.44. ഏ.എം.

ആ സമയം അടുത്തു വന്നു. ഫ്ലാറ്റ് സമുച്ചയം മണ്ണോടടിയുന്നത് കാണാൻ തടിച്ചു കൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് നന്നേ ബുദ്ധിമുട്ടി. ചാനൽ ക്യാമറാമാന്മാർ നല്ല ദൃശ്യകോണുകൾ ക്യാമറായിൽ പകർത്താൻ മത്സരിച്ചു.

മൂന്നാം സൈറനും മുഴങ്ങി. സമുച്ചയത്തിനുള്ളിൽ അങ്ങിങ്ങ് ചെറിയ മിന്നൽ പിണരുകൾ പാഞ്ഞ നിമിഷത്തിനകം സമുച്ചയം വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് താഴ്ന്നു. ജനം കരഘോഷം മുഴക്കി കൂക്കി വീളിച്ചു.

വലിയ ശബ്ദം കേട്ടാണ് ഡേവിഡ് ഞെട്ടിയുണർന്നത് . പൊടിയും മണ്ണും ജനാലയിലൂടെ മുറിയിലേക്ക് കയറിയപ്പോൾ ശ്വാസം മുട്ടി ചുമച്ചു കൊണ്ട് ആയാസപ്പെട്ട് അയാൾ ഏണീറ്റു.. എല്ലാം പര്യവസ്സനിച്ചിരിക്കുന്നു.

അയാൾ അളവില്ലത്തവിധം മദ്യം ഗ്ലാസ്സിൽ പകർത്തി വെള്ളമൊഴിക്കാതെ വലിച്ചു കുടിച്ച് മുറിയിലെ ഏതൊ ഒരു ബിന്ദുവിലേക്ക് നോക്കിയിരുന്ന് സിഗറ്റ് കത്തിച്ച് ആഞ്ഞ് വലിച്ചു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ ജനീറ്റ കണ്ടത് മേശയിലെ എച്ചിൽ പാത്രങ്ങളും ഹാളിലെ തറയിൽ മദ്യ ലഹരിയിൽ മയങ്ങി കിടക്കുന്ന ഡേവിഡിനേയുമാണ്.

കസേരയിൽ തളർന്നിരുന്ന് കൈയിൽ മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് അവൾ അയാളെ നോക്കി.

ഫ്ലാറ്റ് മാറിയത് മുതൽ ജഫ്ന അപ്പച്ചന്റേയും അമ്മച്ചിയുടേയും കൂടെയാണ്. ഡേവീഡിന്റെ ദിനചര്യയും തന്റെ ഡ്യൂട്ടി ടൈമും മകളുടെ പഠനക്രമവും വെച്ചു നോക്കുംബോൾ അതാണ്  നല്ലതെന്ന് തോന്നി. താൻ ചെയ്തതാണ് ശരിയെന്ന് ജനീറ്റക്ക് വിശ്വാസമുണ്ട്.

“ഡേവിഡ് ഒന്നെഴുന്നേൽക്കുന്നുണ്ടോ...”

കസേരയിൽ നിന്നെഴുന്നേറ്റ് കണ്ണുനീർ തുടച്ച് അവൾ ഉച്ചത്തിൽ അയാളെ കുലുക്കി വിളിച്ചു.

“ങ്ങാ”

അവളുടെ സ്വരം വീണ്ടും കനത്തപ്പോൾ അയാൾ ബദ്ധപ്പെട്ട് എണീറ്റ് വാതിൽ കട്ടിളയിൽ ചുമൽ ചേർത്തിരുന്നു.

“ എല്ലാം പൂർത്തിയായായില്ലേ. ഇനിയെന്താണ് ഭാവം? “

അവൾ അയാളെ കണ്ണെടുക്കാതെ തുറിച്ച് നോക്കി. ഡേവിഡ് അലസമായി മുഖം തുടച്ച് ജനീറ്റയെ നോക്കി.

അവളുടെ കണ്ണുകൾ എന്താണ് പറയാതെ പറയുന്നത് അയാൾക്കറിയാം. ഫ്ലാറ്റിന് നഷ്ടപരിഹാരമായി കിട്ടിയ തുകയെക്കുറിച്ചാണ് അവൾ സൂചിപ്പിച്ചത്.

കുറച്ച് ഭൂമിയിൽ ചെറിയ ഒരു വീട്  വെക്കാനുള്ള തുക മാത്രമാണ് എല്ലാ കടങ്ങളും തീർത്തു കഴിഞ്ഞാൽ മിച്ചം വരുന്നത്. ഫ്ലാറ്റിൽ താമസിക്കുംബോൾ സ്റ്റാറ്റസിനുവേണ്ടി വാങ്ങിച്ച സെക്കണ്ട് ഹാന്റ് കാർ വിറ്റു. അതിന്റെ ബലത്തിലാണ് വീട് വാടകയും ചിലവുകളും നടന്നു പോകുന്നത്.

അയൽ ഫ്ലാറ്റിലെ ആൾക്കാർ ഫോണിൽ  ബന്ധപ്പെടുമ്പോൾ തങ്ങളുടെ അവസ്ഥ അവരോട് എങ്ങനെ വിവരിക്കും എന്ന ചിന്തയാണ് ഡേവിഡിനെ കൂടുതൽ അലട്ടുന്നത്.

“ഞാൻ വീട്ടിലേക്ക് പോകുകയാ. മോൾടെ പഠിത്തം നോക്കണം . പരീക്ഷയാണ്. മാത്രമല്ല എന്റെ ഡ്യൂട്ടി ടൈമും മാറുകായാണ്. അല്ല.. ഭൂമിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഡേവിഡിന് വല്ല ബോധ്യവുമുണ്ടോ.?”

ബാഗിൽ കുറച്ച് വസ്ത്രങ്ങളെടുത്ത് പുറത്തേക്ക് വന്ന ജനീറ്റ അയാളോട് ചോദിച്ചു.

“ ഡേവിഡ്, ഒരു മകൾ ഉള്ള കാര്യം മറക്കരുത് . ഒരു ദുരന്തമാകരുത്.”

വാതിൽ തുറന്ന് പോകുന്നതിനിടയിൽ അവൾ കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുൻപ് ജനീറ്റ സൂചിപ്പിച്ചത് ലോകത്ത് ഇന്ന് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയേക്കുറിച്ചാണ്. മദ്യലഹരിയിലും ലോകത്തോടൊപ്പം പോകാൻ അയാൾ തത്രപ്പെട്ടു. ദിവസങ്ങ്ങൾ കടന്നു പോകവേ ഒന്നിടവിട്ട ദിവസങ്ങളിൽ ജനീറ്റ അയാളെ വന്നു കണ്ട് അയാൾക്കുള്ള സൌകര്യങ്ങൾ ചെയ്ത് പോയിരുന്നു.

ആ ദിവസം ജനീറ്റ വളരെ ക്ഷീണിതയായി ആണ് ഡേവിഡിനടുത്തെത്തിയത്.

“മനുഷ്യന് സ്വത്തു പണവുമൊന്നുമല്ല വലുത്. അവനവ്ന്റെ ജീവനാ. കണ്ടില്ലേ ലോകത്ത് എത്ര പേരാണ് കോവിഡ് കാരണം മരിച്ചു കൊണ്ടിരിക്കുന്നത് ”

അതു പറയുംബോൾ അവളുടെ നെറ്റി വിയർത്തിരിക്കുന്നത് ഡേവിഡ് കണ്ടു. വേച്ച് വേച്ച് നടന്ന് ചെന്ന് അവളുടെ നെറ്റിയിൽ തൊടാൻ അയാൾ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.

“തൊടണ്ട. രണ്ട് മൂന്ന് പോസിറ്റീവ് കേസ് ഉണ്ടായിരുന്നു.... “

ഒരു നിശ്ശബ്ദത്യ്ക്ക് ശേഷം അവൾ തുടർന്നു.

“മദ്യം വാങ്ങിക്കഴിക്കുംബോൾ അത് എത്ര പേരുടെ കൈകളിലൂടെ കടന്നു വരികയാണെന്ന ബോധം ഉണ്ടായാൽ നന്ന്. ”

മദ്യം വാങ്ങിത്തരുന്ന ഓട്ടോക്കാരൻ മണിയനേയും മണിയന് മദ്യം നൽകുന്ന ആളേയും മണിയനുമായി സംബർക്കം വരാവുന്ന ആൾക്കാരേയും വെറുതേയൊന്ന് ഓർത്ത് സോപ്പിട്ട് കൈകഴുകണമെന്ന ബോധത്തോടെ ഡേവിഡ് കൈകളിലേക്ക് നോക്കി. ആ രാത്രി പനി കൂടിയപ്പോൾ ജനീറ്റ ദിശയിലേക്ക് വിളിച്ച് ഐസൊലേഷനിൽ പോയി. ഐസൊലേഷനിൽ കിടക്കുബോഴാണ് രാജ്യത്ത് നടപ്പിലാക്കിയ സംബൂർണ്ണ ലോക്ക് ഡൌണിനെക്കുറിച്ച് ജനീറ്റാ അറിയുന്നത്.

ഭക്ഷ്യ ക്ഷാമമില്ലെങ്കിലും മദ്യം കിട്ടാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. സഹപ്രവർത്തകരിൽ നിന്നുമുള്ള അറിവാണ്. മദ്യം ലഭിക്കാതെ ഡേവിഡ് ഭ്രാന്തിന്റെ വക്കിലേക്ക് വലിച്ചെറിയ റിയപ്പെടുമെന്ന ഭീതി അവളുടെ മനസ്സിന്റേയും ശരീരത്തിന്റേയും താപത്തിൽ വ്യതിയാനമുണ്ടാക്കിക്കൊണ്ടിരുന്നു. പുറം ലോകമറിയാതെ മുറിയിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന ഡേവിഡിന്റെ ജഡം ജീർണ്ണിച്ച് പുഴുക്കൾ തിന്നുന്ന ചിത്രം കൂടെക്കൂടെ അവളുടെ മനസ്സിലേക്ക് കടന്നുവന്നു.

“ഹോ”

അതോർക്കാനാവാതെ അവൾ മിഴികൾപൂട്ടി .

ഡേവിഡിന്റെ ഫോൺ സ്വിച്ച് ഓഫാണ്.പലവട്ടം വിളിച്ചു നോക്കി.

പോലീസിനോടോ സഹപ്രവർത്തകരോടോ ഡേവിഡിനെകുറിച്ച് അന്വേഷിക്കാൻ പറയാൻ അവൾ ധൈര്യപ്പെട്ടില്ല. ആകുലതയിൽ മനസ്സ് ചുറ്റിത്തിരിയുംബോഴാണ് ജനീറ്റക്ക് വീട്ടിൽ നിന്നും ഫോൺകോൾ വന്നത്. അത് ലോക്ക് ഡൌണിന്റെ ഇരുപതാം ദിവസമായിരുന്നു. അമ്മച്ചിയുടെ ശബ്ദം

“മോളെ .അമ്മച്ചിയാണ് . മോൾടെ റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞു.”

“മോൾക്കെങ്ങനെനെയുണ്ട് അമ്മച്ചി...ഡേവിഡിനെക്കുറിച്ച് വല്ല അറിവും.?”

“ഒരറിവുമില്ല മോളെ.. ഒരു കാര്യവുമില്ലാതെ പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും. ഈ വയസ്സാൻ കാലത്ത് അപ്പച്ചനെ പറഞ്ഞു വിടാൻ പറ്റ്വോ? ഹൌസ് ഓണറും അവിടെ ഇല്ലല്ലോ ഒന്ന് ചോദിച്ചറിയാൻ ”

അമ്മ ഗദ്ഗദപ്പെട്ടു.

“വേണ്ടമ്മേ എന്നെ ഏതായാലും നാളെ വീട്ടിലേക്ക് മാറ്റും. ഒബ്സർവേഷനിൽ 14  ദിവസം കൂടി വേണം...എന്തു സംഭവിച്ചാലും സഹിക്കണം. മോളോട് അമ്മ നാളെ വരുമെന്ന് പറയമ്മച്ചി.” അവൾ ഫോൺ വെച്ചു.

തന്റെ പ്രാർഥനയുടെ ഫലം കുടുംബത്തിലുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ ജനീറ്റ കണ്ണുകൾ അടച്ചു.
ആ രാത്രി  ജനീറ്റയുടെ സ്വപ്നത്തിൽ ഡേവിഡ് പ്രത്യക്ഷപ്പെട്ടു. വിശുദ്ധരെപ്പോലെ ഒരു പ്രഭാവലയം അയാളുടെ തലക്ക് പിന്നിൽ പ്രകാശിച്ചിരുന്നു.

 “ജ്ഞാനം തന്റെ പുത്രന്മാരെ മഹത്വത്തിലേക്ക് ഉയർത്തുകയും തന്നെ തേടുന്നവരെ സഹായിക്കുകയും ചെയ്യുന്നു.”

പഴയ നിയമത്തിലെ പ്രഭാഷകന്റെ ഒരു ഉദ്ധരണിയുടെ ആമുഖത്തോത്തോടെ അയാൾ ജനീറ്റയോട് സംസാരിച്ച് തുടങ്ങി.

“ജനീറ്റാ. ആതുരരേയും രോഗികളേയും ശുശ്രൂഷിച്ച് ഐസൊലേഷനിലായ നീ സുരക്ഷിതയാണെന്ന് എനിക്കറിയാമായിരുന്നു.”

“ ഡേവിഡിന് സുഖമാണോ? ”

അവൾ കണ്ണുകൾ തുറക്കൻ ബുദ്ധിമുട്ടി ചുണ്ടുകൾ അനക്കി.

“കുറച്ചു ദിവസങ്ങളായി ഞാനും ഐസൊലേഷനിലായിരുന്നു. അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയിൽ എന്റെ മനസ്സും ചിന്തകളും ബന്ധിക്കപ്പെട്ടുപോയി. അപരനോട് സദൃശ്യപ്പെടാൻ മത്സരം ആരംഭിച്ചത് മുതൽ എന്റെ പരാജയം തുടങ്ങി. മദ്യമെന്ന മാരക വിപത്തിനെ ഞാൻ എന്റെ ശരീരത്തിലേക്ക് അഥിതിയായി ക്ഷണിച്ചു. എന്നാലിപ്പോൾ സ്വർണ്ണം അഗ്നിയിൽ ശുദ്ധീകരിക്കപ്പെടുന്നതുപോലെ കോവിഡ് എന്ന ദുരന്ത സാഹചര്യത്താൽ എന്റെ മനസ്സും ശരീരവും ശുദ്ധമാക്കപ്പെട്ടു.”

“ഡേവിഡ്..”

സ്വപ്നത്തിൽ നിന്നും അയാൾ അപ്രത്യക്ഷമായപ്പോൾ ജനീറ്റ അയാളെ തിരികെ വിളിച്ചു. അയാളത് കേട്ടില്ല.
ലോക്ഡൊണിന്റെ അവസാന ദിവസം വൈകുന്നേരം. ആംബുലൻസിൽ വീട്ടിൽ വന്നിറങ്ങിയ ജനീറ്റയുടെ മനസ്സിൽ ഭയവും ഉത്കണ്ഠയുമായിരുന്നു. ദൈവമേ , ഡേവിഡിന് ഒരാപത്തും വരുത്തിയിട്ടുണ്ടാവരുതേ.
നെഞ്ച്ചിടിപ്പോടെ മുകളിലേക്കുള്ള പടികൾ കയറുംബോൾ അവൾ ഒരു വയലിന്റെ സംഗീതം കേട്ടു. ഡേവിഡിനെപ്പോഴോ കൈമോശം വന്ന കഴിവ്.

ബാൽക്കണിയിലെ ചുമരിൽ ചാരി നിന്ന് വയലിൻ വായിക്കുന്ന ഡേവിഡിനെ ജനീറ്റ കണ്ടു. വയലിന്റെ നാദം കേട്ട് അയൽവാസികൾ ബാൽക്കണിയിലും മുറ്റത്തും  ഇറങ്ങി കൈകൊട്ടി അയാൾക്കൊപ്പം താളം പിടിച്ചു.

ഡേവിഡിന്റെ വയലിനിൽ നിന്നുതിർന്നത് തിരിച്ചറിവിന്റേയും മാറ്റത്തിന്റേയും സംഗീതമായിരുന്നു  ഒപ്പം കോവിഡിനെ തുരത്താനായി ജീവൻ പണയം വച്ചും  പോരാടുന്ന ആരോഗ്യ പ്രവർത്തകരായ പടയണി പോരാളികൾക്കുള്ള സല്യൂട്ടും...!

പക്ഷേ ആ മഹാമാരി പലജീവിതങ്ങളിലും കുടുംബങ്ങളിലും അസ്വസ്ഥതയുടെ കറുത്തപക്ഷം വിരിച്ച് ഇന്നും നീങ്ങുന്നു...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ