mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അങ്ങിനെ ചേറൂർ സ്കൂളിൽ വച്ച് നടത്താനൊരുങ്ങുന്ന ഗ്രാമോത്സവത്തിൻ്റെ തീയതി നിശ്ചയിച്ചു. അതു താൻ കാത്തിരുന്ന ഒന്നായിരുന്നു. ആ ഗ്രാമോത്സവം മുന്നിൽക്കണ്ട് മാസങ്ങൾക്കു മുന്നേ ഞാൻ ലളിതഗാന പരിശീലനം തുടങ്ങിയിരുന്നു.

ലളിതഗാനമത്സരത്തിൽ പങ്കെടുക്കുക എന്നതിലുപരി തനിക്കു പാടാൻ കഴിവുണ്ട് എന്ന വസ്തുത ഏവരെയും അറിയിക്കാനുള്ള ഒരവസരമായിട്ടാണ് ഞാൻ കണ്ടത്. പ്രത്യേകിച്ച് ഒരു പെൺകുട്ടിയെ. എൻ്റെ അകന്ന ഏതോ ബന്ധത്തിലുള്ള ഒരു കുട്ടിയാണവൾ. കല്യാണവേദികളിൽ വച്ച് ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് .അടുത്ത് പരിചയമൊന്നുമില്ല. പരിചയപ്പെടുവാൻ കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു ശ്രമിച്ചുമില്ല. ആ കുട്ടിയുടെ പേരു പോലും നിശ്ചയമില്ല എന്നതാണ് സത്യം. ആ കുട്ടി ഒന്നാന്തരം പാട്ടുകാരിയായിരുന്നു. അപൂർവ്വമായ ഒരു സൗകുമാര്യം അവരുടെ  ശബ്ദത്തിൽ ഞാൻ നിരീക്ഷിച്ചു. ആ ശബ്ദത്തിന് എസ്. ജാനകിയുടെ ശബ്ദവുമായി ഒരു ഇഴയടുപ്പമുള്ളത് ആ പാട്ടുകൾ കേട്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. വൈകാരികമായ പാട്ടുകൾ, പ്രത്യേകിച്ച് ഭക്തിനിർഭരമായ ഗാനങ്ങൾ അവതരിപ്പിക്കുവാൻ ഒരു പ്രത്യേക നൈപുണ്യം ആ കുട്ടിക്കുണ്ടായിരുന്നു. സമീപത്തുള്ള അമ്പലങ്ങളിലെ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ സ്ഥിരമായി ആ കുട്ടി ഗാനങ്ങൾ അവതരിപ്പിക്കാറുണ്ട്. ഞാനാകട്ടെ ആ ഗാനങ്ങളുടെ ആരാധകനും സ്ഥിരം ശ്രോതാവും. ആരാധന മെല്ലെ മെല്ലെ പ്രണയമായി വഴി മാറാൻ തുടങ്ങി. പ്രത്യാകിച്ച് കലാപരമായ യാതൊരു കഴിവുമില്ലാത്തയാളാണ് ഞാൻ. എങ്ങിനെയെങ്കിലും ആ കുട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റണം എന്ന ചിന്ത മാത്രമായി മനസ്സിൽ. പൊതുവെ പെൺകുട്ടികൾക്ക് കലാകാരൻമാരോട്, പ്രത്യേകിച്ച് പാട്ടു പാടുന്നവരോട് ഒരു ആകർഷണമുണ്ടെന്നാണ് എൻ്റെ ധാരണ.  മാത്രവുമല്ല ആ കുട്ടി നല്ലൊരു പാട്ടുകാരിയും.

 

അങ്ങിനെയിരിക്കെയാണ് ഗ്രാമോത്സവത്തിൻ്റെ വിവരം അതിൻ്റെ നടത്തിപ്പുകാരിലൊരാൾ പറഞ്ഞ റിയുന്നത്. ഇതു വരെ സ്റ്റേജിൽ കയറുക പോലും ചെയ്യാത്ത ഞാൻ ലളിതഗാനത്തിന് പേരുകൊടുത്തു. അന്ന് ആകാശവാണിയിൽ ഇടക്കിടക്ക് പ്രക്ഷേപണം ചെയ്തിരുന്ന മനോഹരമായ ഒരു ഗാനമായിരുന്നു എന്നെ ആ കൃത്യത്തിന് പ്രേരിപ്പിച്ചത്. ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ... എന്നു തുടങ്ങുന്ന വിദ്യാസാഗർ ഈണം നല്കി യേശുദാസ് പാടിയ അതി മനോഹരമായ യുഗ്മഗാനം. അതൊടൊപ്പം ആ സമയത്തിറങ്ങിയ ഒരു സിനിമയും വളരെയേറെ തന്നെ സ്വാധീനിച്ചു. മകനിൽ പാട്ടു പാടാനുള്ള കഴിവൊന്നുമില്ലെന്ന് മുൻ വിധിയെഴുതി ഒന്നിനും കൊള്ളാത്തവനെന്ന് പരിഹസിച്ച ശേഷം യാദൃശ്ചികമായി അമ്പലത്തിൽ വച്ച് മകൻ്റെ അപാരമായ ശബ്ദ സൗകുമാര്യത്താലുള്ള കീർത്തനം ശ്രവിച്ച ഭാഗവതരായ ഒരച്ഛൻ. അമ്പലനടയിൽ വച്ച് എല്ലാവരെയും വിസ്മയത്തിലാഴ്ത്തി മകൻ കീർത്തനം പാടുന്ന രംഗം എൻ്റെ ഹൃദയത്തിലാണ് കൊണ്ടത്. ഒരു വേള തിരിച്ചറിയപ്പെടാതെ പോയ ആ പാട്ടുകാരൻ താനാണെന്നു തന്നെ തോന്നിപ്പോയി. പിന്നെ സമയം നഷ്ടപ്പെടുത്തിയില്ല. സുഹൃത്തിൻ്റെ കാസറ്റുകടയിൽ നിന്നും ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ ....എന്ന മനസ്സിനെ തൊടുന്ന ഗാനമടങ്ങിയ കാസറ്റ് സംഘടിച്ച് ടേപ്പുറിക്കാർഡിലിട്ട് പാട്ടു പഠിച്ചു. ഒപ്പം പാടി നോക്കിയപ്പോൾ യേശുദാസിൻ്റെ ശബ്ദവുമായി എന്തൊരു സാമ്യം! സദസ്സുണ്ടെന്ന് സങ്കൽപ്പിച്ച് കാണാതെ പാട്ടു പാടി റെക്കോഡ് ചെയ്തു കേട്ടു നോക്കി. അതിമനോഹരം. ആരും തിരിച്ചറിയാതെപ്പോയ ഒരു കലാകാരൻ ... അതു ഞാൻ തന്നെ. തെല്ലിട കൺപീലികൾ നിറഞ്ഞുപോയി.

 

അങ്ങിനെ ഗ്രാമോത്സവത്തിനായുള്ള കാത്തിരിപ്പ്. എനിക്കുറപ്പുണ്ട് ആ കുട്ടിയും മത്സരത്തിനണ്ടാകുമെന്ന്. പാട്ടു പാടാനുള്ള അവസരങ്ങളൊന്നും ആ കുട്ടി ഒഴിവാക്കാറില്ല. തൻ്റെ മധുരശബ്ദം ആ കുട്ടി കേൾക്കണം. തന്നെ ഇഷ്ടപ്പെടണം. കലാപരമായ യാതൊരു കഴിവും തനിക്കില്ലെന്നാണ് തന്നെ അറിയുന്നവരുടെ വിചാരം. ആ ധാരണകൾ എല്ലാം മാറാൻ ഏതാനും ദിവസങ്ങൾ മാത്രം.ഓരോ ദിവസവും ഒച്ചിഴയുന്ന പോലെ അനുഭവപ്പെട്ടു. ദിവസമടുക്കുന്തോറും ഹൃദയമിടിപ്പ് കൂടി . അങ്ങിനെ കാത്തിരുന്ന ആ ദിവസമെത്തി . അന്ന് പുലർകാലെ എഴുന്നേറ്റു. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. അലക്കിത്തേച്ച,പൊതുവെ കലാകാരൻമാർ ധരിക്കാറുള്ള ജുബയും സ്വർണ്ണക്കരയുള്ള മുണ്ടും ധരിച്ചു. സമയം കളയാതെ വീട്ടുകാരെയും ഒപ്പം കൂട്ടി സ്കൂളിലേക്ക് പുറപ്പെട്ടു.

സ്റ്റേജ് 2 .ഒരു ഹാളാണ് സ്റ്റേജ് - 2 അവിടെയാണ് ലളിതഗാന മത്സരം നടത്തുന്നത്. ഹാളാകുന്നോൾ എക്കൊവിൻ്റെ പ്രശ്‌മുണ്ടാകുമോ എന്ന് ഞാൻ ഭയന്നു. ലളിതഗാനമത്സരം തുടങ്ങാറായതിൻ്റെ അറിയിപ്പു കേട്ടു. ഹാളിൽ പാട്ടുകേൾക്കാൻ ഒരു പാട് ആളുകൾ വന്നിട്ടുണ്ട്. മിക്കവരും പരിചയമുള്ളവരാണ്. വീട്ടുകാരെല്ലാം ഇരിക്കാൻ ഒഴിവുള്ള ബഞ്ചുകൾ തേടുമ്പോൾ ഞാൻ സ്റ്റേജിനു പിറകിലേക്കു നടന്നു. എൻ്റെ കണ്ണുകൾ ആ പരിസരമാകെ തിരയുകയായിരുന്നു. ഇല്ല.. അവിടെങ്ങും ഞാൻ തേടിയ കുട്ടിയില്ല. നിരാശയോടെ എന്തു ചെയ്യേണ്ടൂ എന്നാലോചിക്കുമ്പോഴേക്കും മത്സരം തുടങ്ങിയതറിയിച്ചു കൊണ്ട് മത്സരാർത്ഥികളുടെ നമ്പർ വിളിച്ചു തുടങ്ങി. തൻ്റെ നമ്പർ ആറ് . സമയമുണ്ട്. അങ്ങിനെ അഞ്ചു പേരും പാടുന്നതു കേട്ടു. മനോഹരം എന്നു പറയാനാവില്ല എങ്കിലും ഭേദപ്പെട്ട ഗാനങ്ങൾ. എല്ലാവർക്കും നിറഞ്ഞ കയ്യടികൾ തന്നെ ലഭിച്ചു. തനിക്കും ലഭിക്കും ഗംഭീരമായ കരഘോഷങ്ങൾ. ഭാഗ്യത്തിന് ആരും തന്നെ ആരോ കമഴ്ത്തി വച്ചാരോട്ടുരുളി... എന്ന എൻ്റെ ഗാനം പാടിയില്ല. അതു നന്നായി .പാട്ടുകൾ ആവർത്തിച്ചു വന്നാൽ അതു കേൾക്കുന്നവർക്ക് വിരസത തോന്നും.

 

അതാ തൻ്റെ നമ്പർ വിളിക്കുന്നു. ആദ്യമായി സ്റ്റേജിൽ കയറാൻ പോകുകയാണ്. അതുവരെ ആർജ്ജിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ. കാലിൽ നിന്നൊരു വിറയൽ ആരംഭിച്ച് മുകളിലോട്ട് അരിച്ചരിച്ചു കയറുന്നു. അതാ വീണ്ടും. ഒന്നുകൂടി തൻ്റെ നമ്പർ വിളിക്കുന്നു. ഒടുവിൽ രണ്ടും കല്പിച്ച് സ്റ്റേജിൽ കയറി. മൈക്ക് ഒന്നു തൊട്ട് ശരിപ്പെടുത്തുന്നതിനിടയിൽ സദസ്സിനെ ഒളികണ്ണിട്ടു നോക്കി. വലതു വശത്തെ ബഞ്ചു മുഴുവൻ പെൺകുട്ടികളുടെ പടയാണ്. അപ്പോഴാണ് വലതു വശത്തെ പ്രവേശന കവാടത്തിൽ കുറച്ചു കുട്ടികളൊടൊപ്പം നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്. ഈശ്വരാ ... ഇതല്ലേ ജൂനിയർ ജാനകി .... കാലിൽ നിന്നാരംഭിച്ച വിറയൽ അരിച്ചരിച്ച് കൈകളിലെത്തി. കൈയും മൈക്കും താളത്തിൽ വിറച്ചു തുടങ്ങി. എങ്ങനെയെങ്കിലും ഒന്നു പാടിത്തീർത്ത് വീടു പറ്റിയാൽ മതി. അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ മൈക്ക് ടെസ്റ്റു ചെയ്ത് പാടാൻ ആരംഭിച്ചു. ഒന്നുരണ്ട് വരി പാടാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. ശബ്ദം തൊണ്ടയിലങ്ങനെ കുരുങ്ങിക്കിടക്കുകയാണ്. എന്താണ് പറ്റിയത്?എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തു വരുന്നില്ല. സദസ്സിൽ നിന്നും പരിഹാസവും ചിരിയും. തന്നെ കളിയാക്കുകയാണെല്ലാവരും. തൻ്റെ കലാകാരൻ്റെ ജൂബ വിയർപ്പിൽ മുങ്ങി കുളിച്ചിരിക്കുന്നു. പിന്നെയും ശ്രമിച്ചു നോക്കി. തൊണ്ടയടഞ്ഞ പോലെ. ഇല്ല ഒരു രക്ഷയുമില്ല. തലതിരിയുന്ന പോലെ .. ഒരു വിധം കർട്ടനിടുവാൻ ഇരുത്തിയിരുന്ന പയ്യനെ ആംഗ്യം കാണിച്ചു. തൻ്റെ ദയനീയാവസ്ഥ കണ്ട അവൻ പെട്ടെന്നു തന്നെ കർട്ടൻ താഴ്ത്തി. തകർന്ന ഹൃദയത്തോടെ സ്റ്റേജിൻ്റെ പടിക്കെട്ടിറങ്ങി. സ്റ്റേജിനു പുറകിലെ ബഞ്ചിൽ ക്ഷീണിതനായി കൈകളിൽ മുഖം പൂഴ്ത്തി ഇരുന്നു. വീട്ടുകാർ, പരിചയക്കാർ എല്ലാറ്റിനും ഉപരിയായി ആ പെൺകുട്ടി. ഇങ്ങിനെ നാണം കെടാനില്ല! ഓരോ സ്റ്റേജ് പരിപാടികൾ കാണുമ്പോഴെല്ലാം ഇതൊക്കെ എളുപ്പമാണ് എന്നാണ് കരുതിയത്. ഇത്ര ബുദ്ധിമുട്ടെന്ന് അറിഞ്ഞില്ല. കൈപ്പടത്തിൽ മുഖം പൂഴ്ത്തി ഇരിക്കുന്നതിനിടയിൽ അടുത്ത നമ്പറു വിളിക്കുന്നതു കേട്ടു . ആരോ മനോഹരമായൊരു ഗാനം ആലപിക്കുന്നു. ഒരവസരം കൂടി ചോദിച്ചാലോ? തരുമോ? വീണ്ടും പഴയപോലെ ആയാലോ? അതു ചിന്തിക്കാൻ വയ്യ. അങ്ങിനെ തോറ്റു പിൻമാറാനും മനസ്സനുവദിക്കുന്നില്ല .പക്ഷേ ഒരു രക്ഷയുമില്ല. തീർത്തും തളർന്നു പോയിരിക്കുന്നു.തോറ്റുപോയിരിക്കുന്നു .മനസ്സിലടക്കിപ്പിടിച്ച വിങ്ങൽ തേങ്ങലായി മാറി.

ഒരു കാൽപ്പെരുമാറ്റം കേട്ടു .വീട്ടുകാരെന്നു വിചാരിച്ചു മുഖം ഉയർത്തിയപ്പോഴാണ് മുന്നിൽ നിൽക്കുന്നയാളെക്കണ്ടത്. തെല്ലിട വിസ്മയിച്ചു പോയി. ആ പെൺകുട്ടി! അവൾ ചിരപരിചിതയെപോലെ അടുത്തിരുന്നു. ചുമലിൽ ഇളം ചൂടുള്ള കൈത്തലം വച്ചു ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

"പറഞ്ഞു വരുമ്പോ നമ്മള് ബന്ധുക്കളാ.. ന്നാലോ ഇതുവരെ സംസാരിച്ചിട്ടു പോലൂല്യ. ഞാൻ പാർവതി. പിന്നെ പാടാൻ പറ്റാതെ നിക്കണ കണ്ടിട്ട് നിക്ക് വലിയ സങ്കടായി. പിന്നെ പാടാൻ പറ്റാഞ്ഞിട്ട് നല്ല വെഷമുണ്ട്ന്ന് അറിയാം. സാരല്യ. സ്റ്റേജിൽ നിന്ന് പരിഭ്രമിക്കണത് കണ്ടപ്പോഴെ മനസ്സിലായി ആദ്യായിട്ട് സ്റ്റേജീക്കയറണ ആളാന്ന്. ഞാനും ആദ്യായിട്ട് പാടാൻ പോയപ്പോ ഇതിലും കഷ്ടായിരുന്നു. ഒരു രണ്ടു മൂന്ന് സ്റ്റേജുകഴിഞ്ഞപ്പോഴാണ് ശരിക്ക് പാടാൻ പറ്റീത്. സാരല്യ . ഇനീം പറ്റാവുന്നോടത്തൊക്കെ പാടണം. ന്നാലേ പരിഭ്രമം മാറൂ”.

കൃതജ്ഞതയോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ തൻ്റെ കൺപീലികൾ നനഞ്ഞു തുളുമ്പിയിരുന്നു . അതു കണ്ട് അവളുടെ മുഖം വല്ലാതെയായി.

അവൾ പിന്നെയും തുടർന്നു.

 

“സാരല്യ.. ഇനീം പാടാലോ... പിന്നെ ഏതു പാട്ടാ പാടണം ന്നു വിചാരിച്ചെ?

 

തെല്ലു ഗദ്ഗധത്തോടെ വിക്കി വിക്കി പറഞ്ഞു.

 

“ആരോ കമഴ്ത്തിവച്ചൊരോട്ടുരളി പോലെ . ദാസേട്ടൻ പാടിയ പാട്ടില്ലേ അത് ”

 

“അതാണോ നല്ല പാട്ടാണല്ലോ ! നിക്കും വലിയ ഇഷ്ടാ ആ പാട്ട്. സാരല്യാട്ടോ വെഷമിക്കണ്ട. ദാ ഇപ്പൊ വിളിച്ചില്ലേ അതെൻ്റെ നമ്പറാ. ആങ്കുട്ട്യോൾടെ പാട്ടൊക്കെ എത്ര വേഗാ തീർന്നേ.ഞാൻ പോണൂട്ടോ.

 

ഞാൻ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു.

 

"പാട്ടുകഴിഞ്ഞു കാണാം ട്ടോ "

അതും പറഞ്ഞു  അവൾ മെല്ലെ സ്റ്റേജിൻ്റെ പടിക്കെട്ടു കയറുമ്പോൾ എന്റെ മനസ്സു മന്ത്രിച്ചു . ആ പാട്ടിൻ്റെ അവസാന വരികൾ നിനക്കായി കരുതിവച്ചതാണെന്ന്. അതു  നിന്നെക്കുറിച്ചാണെന്ന് . ജുബയിൽ കണ്ണു തുടച്ചു കൊണ്ട് നടന്ന് ഹാളിൻ്റെ വാതിൽക്കൽ പോയി നിന്നു. പാർവതി മൈക്കിനു മുന്നിൽ വന്നു നിന്നു. മൈക്കിൽ മെല്ലെത്തട്ടി. പെടുന്നനെ ജാനകിയുടെ ശബ്ദമാധുരിയോടെ അനർഗളമായി സംഗീതം ഒഴുകിപ്പടർന്നു. ശബ്ദമുഖരിതമായിരുന്ന സദസ്സ് അതുകേട്ട് പൊടുന്നനെ നിശ്ശബ്ദമായി. അതെ.. അത് ആ മനോഹരഗാനം തന്നെ. ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ