രാഘവൻ മാഷ് നേരത്തെ തന്നെ എഴുന്നേറ്റു. ഇന്നലെ രാത്രി തന്നെ പ്രസംഗിക്കാൻ ഉള്ളതൊക്കെ റെഡി ആക്കി വെച്ചാണ് മാഷ് ഉറങ്ങാൻ കിടന്നത്..എന്നാലും ഒന്നു കൂടി ഒന്നു നോക്കാം..മേശമേൽ വെച്ചിരുന്ന ഒരു തുണ്ട് കടലാസ് അയാൾ എടുത്തു നിവർത്തി ഒന്നുകൂടി കണ്ണോടിച്ചു..പിന്നെ നേരെ കുളിമുറിയിലേക്ക് നടന്നു.
"നിങ്ങൾ എങ്ങോട്ടാ മനുഷ്യാ ഈ രാവിലെതന്നെ.. " ഭർത്താവിന് ചായകൊടുക്കുന്നതിനിടെ ശാന്ത അത്ഭുത ത്തോടെ ചോദിച്ചു..
"എടീ... ഇന്നാണ് ഗാന്ധിജയന്തി..അതുപോലും അറിയില്ല..നിയൊക്കെ എങ്ങനെ ഒരു മണ്ഡലം പ്രസിഡന്റിന്റെ ഭാര്യ ആയി..?
"അയ്യേ ..ഈ അച്ഛന് ഒന്നും അറിയില്ല..ഇന്ന് ഗാന്ധിജയന്തി അല്ല...രക്തസാക്ഷിത്വ ദിനം ആണ്..ഗാന്ധിജി വെടിയേറ്റ് മരിച്ച ദിവസം.."..
അച്ഛന്റെ ഉഗ്രമായ ഉത്തരം കേട്ട് അച്ഛനെ കളിയാക്കികൊണ്ട് മാളൂട്ടി പറഞ്ഞു..
"കണ്ടോ കണ്ടോ മോളുടെ വിവരം പോലും ഇല്യാ... മണ്ഡലം പ്രസിഡണ്ടാ ത്രേ..."
ഭാര്യയും വിട്ടുകൊടുത്തില്ല...
"അയ്യോ...നേരം വൈകി. ഞാൻ ചെന്നിട്ടുവേണം പ്രസംഗം തുടങ്ങാനും..പുഷ്‌പാർച്ചന നടത്താനും ഒക്കെ." അയാൾ ഒന്നും കേട്ട ഭാവം നടിക്കാതെ ധൃതിയിൽ അവിടെ നിന്നും രക്ഷപ്പെട്ടു.
കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴേക്കും സെക്രട്ടറി യും കുറച്ചു അംഗങ്ങളും എത്തിയിരുന്നു... എല്ലാവരും ഖദർ ആണ് ധരിച്ചിരിക്കുന്നത്. തലയിൽ വെളുത്ത തൊപ്പിയും ധരിച്ചിട്ടുണ്ട്. സ്റ്റേജിൽ ഒരു മേശമേൽ ഗാന്ധിയുടെ ഒരു വലിയ ഫോട്ടോ..അതിനു താഴെ കുറച്ചു പൂക്കളും.
"എന്നാ..തുടങ്ങല്ലേ..."
രാഘവൻ മാഷ് എല്ലാവരോടുമായി ചോദിച്ചു.എല്ലാവരും തലയാട്ടി. അയാൾ സ്റ്റേജിൽ കയറി.. മൈക്ക് കയ്യിൽ എടുത്തു..
"എന്റെ പ്രിയപ്പെട്ട സാഹോദരങ്ങളെ, നാം ഇവിടെ ഒത്തു കൂടിയിരിക്കുന്നത് നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും...ഇന്ന് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി കൊല്ലപ്പെട്ട ദിവസമാണ്... നമ്മുടെ രാജ്യത്തിനുവേണ്ടി.......
രാഘവൻ മാഷ് പ്രസംഗിക്കാൻ തുടങ്ങിയാൽ പിന്നെ അങ്ങനെ ആണ്... പിന്നെ നിർത്താൻ കുറച്ചു ബുദ്ധിമുട്ടാണ്.. എല്ലാവരും കാതു കൂർപ്പിച്ചു ഇരിക്കുകയാണ്.. വഴിയിലൂടെ പോവുകുന്ന കുറച്ചു കുട്ടികളും ചന്തയിലേക്കു വന്ന രണ്ടുമൂന്നു പെണ്ണുങ്ങളും പിന്നെ അങ്ങാടിയിലൂടെ നടക്കുന്ന രണ്ടു ആട്ടിൻ കുട്ടികളും മാഷിന്റെ പ്രസംഗം കേട്ടു അനങ്ങാതെ നിൽപ്പുണ്ട്.
എന്റെ പ്രിയ സഹോദരീ സഹോദരൻ മാരേ.ഞാൻ ദീർഘിപ്പിക്കുന്നില്ല... അവസാനമായി ഞാൻ പറയുകയാണ്... നമ്മൾ എല്ലാവരും ഒരമ്മ പെറ്റ മക്കളാണ്.. നമുക്ക് ജാതിയില്ല., മതമില്ല., വർഗമില്ല.., വർണമില്ല,.. അഴിമതിയില്ല കൊലപാതകമില്ല... അഹിംസയായിരിക്കണം നമ്മുടെ മാർഗം.. സത്യമായിരിക്കണം നമ്മുടെ വഴികാട്ടി... സ്നേഹമായിരിക്കണം നമ്മുടെ വേദം.. ഗാന്ധിജി സ്വപ്നം കണ്ട ഒരു ഇന്ത്യ നമുക്ക് കെട്ടിപടുക്കണം ,..അതിനായി നിങ്ങൾ എല്ലാവരും സഹകരിക്കണം.. നമ്മുടെ പാർട്ടിയെ ഇനിയും ഒരുപാട് വർഷം ഭരിക്കുവാൻ നിങ്ങൾ സഹായിക്കണം.. ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ... ഞാൻ നിർത്തുന്നു ജയ്ഹിന്ദ്.
സദസ്സിൽ കൈയടികൾ ഉയർന്നു.. രാഘവൻ മാഷ് കസേരയിൽ പോയി ഇരുന്നു. പിന്നീട് അഞ്ചോ ആറോ പേർ ചെറിയ ആശംസാ പ്രസംഗങ്ങൾ നടത്തി. പരിപാടി അവസാനിച്ചു.
ആളുകൾ എല്ലാവരും പിരിഞ്ഞു പോയി. പിന്നെ കമ്മിറ്റി അംഗങ്ങൾ മാത്രമായി.
"മാഷേ.. പ്രസംഗം അടിപൊളി ആയിട്ടാ..
മെമ്പർ സുഗുണൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"എൻ്റെ സുഗുണാ ഇന്നലെ രാത്രി ഞാൻ ഉറങ്ങീട്ടില്ല.. ഈ പണ്ടാരം ഒന്നു പഠിച്ചെടുക്കാൻ.. അല്ലാ.. നിൻ്റെ മോള് ആരുടെ കൂടെയോ ചാടിപ്പോയിന്ന് കേട്ടല്ലോ..നേരാ.. '?
"അതേ മാഷേ.. ആ ഒരുമ്പട്ടൊള് ആ അന്യമതസ്ഥന്റെ ന്റെ കൂടെ പോയി.. ഞാൻ ഇനി എന്താ ചെയ്യ മാഷേ...
"അതിന്ന് ഇയ്യ എന്തിനാ പേടിക്കണേ.. നമുക്ക് വഴിണ്ടാക്കാ..
രാഘവൻ മാഷ് സുഗുണൻ്റെ ചെവിയോടു ചേർന്നു നിന്നു..
"നമ്മക്ക് ഓനെ അങ്ങ്ട്ട തട്ടാം.. ഞാൻ വിളിച്ച് പറഞ്ഞോള.. പക്ഷേ രൂപ 10000 എടുക്കണം.. കയ്യീന്ന്.. ന്തേ,.. പറ്റ്വോ..??
"മാഷ് പറഞ്ഞാ മതി.. എത്രയാച്ചാ ഞാൻ തരാം.". സുഗുണൻ വിനയാന്വിതനായി.
"എന്നാ ഞാൻ ചെയ്തോളാം ബാക്കി.. ഓൻ്റെ കഥ ഇന്നത്തോടെ തീരും.. പിന്നേയ്.. മറ്റേ ആ ബ്ലാക്ക് മണീടെ കാര്യം നീ മറന്നിട്ടില്ലല്ലോ.."
" ഇല്ല മാഷേ.. അതൊക്കെ ഞാനേറ്റു,.. സുഗുണൻ തല കുലുക്കി.
''എടാ... ഹൈദ്രൂ.. നീ ആ പുറമ്പോക്കിലെ വീട് ഒഴിപ്പിക്കാൻ പറഞ്ഞിട്ട് അത് ചെയ്തോ...
രാഘവൻ മാഷ് തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്...
മേശമേൽ പൂക്കൾക്കിടയിൽ നിന്നും ഇതല്ലാം കണ്ട്.. ഒരു വയസ്സൻ, വട്ട കണ്ണടയും വെച്ച് നിഷ്കളങ്കമായി ചിരിക്കുന്നു...
"ലോക സമസ്താ സുഖിനോഭവന്ദു..'