വീട്ടുജോലികള്‍ക്കു ഭംഗം വരാതെ, പുറത്തെങ്ങും പോയി ജോലി ചെയ്യാതെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ബിസിനസ്സുണ്ടോന്ന അന്വേഷണത്തിലായിരുന്നു കല്യാണി. ഭര്‍ത്താവ് ജയന് ടൗണിൽ ബിസിനസ്സാണ്. തന്നെ ബിസ്സിനസ്സിൽ സഹായിക്കാൻ അയാൾ പലവട്ടം കല്യാണിയോടു പറഞ്ഞു. അയാൾക്കൊപ്പം വർക്ക് ചെയ്താൽ ശമ്പളം കിട്ടില്ല എന്ന കാരണത്താലാണ് കല്യാണി സ്വന്തമായി ധനസമ്പാദനത്തിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞത്.
"എടാ.. കല്ലൂ ..ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പിംഗ് എന്നാണ് പേര്. സംഗതി ക്ലിക്കായാൽ കൈയ്യില്‍ ധാരാളം പണവും വന്നു ചേരും."
കൂട്ടുകാരി അമ്മാളുവിൻ്റെ വാക്കുകൾ കേട്ടപ്പോള്‍ കല്യാണിയ്ക്ക് കൗതുകം തോന്നി. ബിസിനസിന്റെ ഡീറ്റൈല്‍സ് ചോദിച്ചപ്പോൾ അവൾ കൊടുത്ത മറുപടി കല്ല്യാണിയ്ക്ക് തൃപ്തികരമായി തോന്നിയെങ്കിലും അവൾ ചോദിച്ചു.
"അമ്മാളൂ.. ഇത് വല്ല തട്ടിപ്പുമാണോ?"
"എടാ കല്ലൂ.. ഇത് തട്ടിപ്പല്ല. നൂറ് ശതമാനം പെര്‍ഫെക്ടാണ്. ബിസിനസില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടി കമ്പനിയില്‍ നിന്ന് ഇരുപതിനായിരം രൂപക്ക് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇന്‍വെസ്റ്റ് ഒന്നുമില്ല. നാം കാശ് കൊടുത്ത് സാധനം വാങ്ങുന്നു. അതുകൊണ്ട് നഷ്ടം വരുന്നില്ല. ഇതോടു കൂടി നാം കമ്പനിയുടെ ഭാഗമായി. പിന്നെ അവര്‍ നമുക്ക് സമയം തരും. അമ്പത് ദിവസത്തിനുള്ളില്‍ പത്തു പേരെ കമ്പനിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യിപ്പിച്ചാല്‍ ആ ഓരോ ആളുടെ വീതമായി നമ്മുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ കേറും. നികുതി കിഴിച്ച് ഓരോ തൊള്ളായിരവും നമുക്ക് സ്വന്തം. ഇതു വഴി ഒരു ദിവസത്തില്‍ ഇരുപത്തയ്യായിരം വരേയും ഒരു മാസത്തില്‍ പത്തു ലക്ഷം വരേയും നേടാം. നമുക്ക് കീഴില്‍ ആളുകള്‍ കൂടുന്തോറും നമ്മുടെ വരുമാനവും കൂടും. പിന്നെ ബോണസുകള്‍ വേറെയും."
അമ്മാളുവിൻ്റെ വാചാലതയിൽ കല്യാണിവീണു. പ്രത്യേകിച്ച് അമ്മാളുവിൻ്റെ 'എടാ കല്ലൂ' എന്ന വിളിയിൽ.
'എടാ കല്ലൂ' എന്നാണ് ഭർത്താവ് ജയൻ സ്നേഹം കൂടുമ്പോൾ കല്യാണിയെ വിളിക്കുന്നത്. കല്യാണിയ്ക്കും ആ വിളി ഏറെയിഷ്ടമാണ്.
ജയേട്ടൻ്റെ ബിസിനസിനേക്കാൾ കൂടുതൽ വരുമാനം കിട്ടുന്ന ഈ അവസരം നഷ്ടപ്പെടുത്താൻ പാടില്ല. ഇനി ഭർത്താവിൻ്റെ മുൻപിൽ അഭിമാനത്തോടെ നിൽക്കണം. കല്യാണി തീരുമാനിച്ചു.
"എടാ കല്ലൂ.. നീ കരുതുന്നതു പോലെ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല." വിവരമറിഞ്ഞ ജയൻ പറഞ്ഞു.
"ഇരുപതിനായിരം രൂപ തരാൻ നിങ്ങൾക്ക് പറ്റില്ലെങ്കിൽ അതു പറഞ്ഞാൽ മതി. എൻ്റെ അച്ഛനോട് ഞാൻ പണം വാങ്ങിക്കോളാം." കല്യാണി മുഖം വീർപ്പിച്ചു പറഞ്ഞു.
ദു:ശ്ശാഠ്യക്കാര്യയാണ് കല്യാണിയുടെ ഏതാഗ്രഹവുമയാൾ സാധിച്ചു കൊടുക്കാറുണ്ട്. അല്ലെങ്കിൽ പലവിധ ഭീഷണികളാൽ അവൾ അയാളെ മുട്ടുകുത്തിക്കും.
ഉള്ള കുടുംബ സമാധാനം നഷ്ടമാകാതിരിക്കാൻ വേണ്ടി അയാൾ കല്യാണി ചോദിച്ച പണം നൽകി.
ഇരുപതിനായിരം രൂപയുടെ പർച്ചേസ് വഴി ആവശ്യമുള്ളതും, ഇല്ലാത്തതുമായ സാധനങ്ങൾ കൊണ്ട് വീട് നിറഞ്ഞു. ഒപ്പം കല്യാണിയുടെ മനസ്സും.
കേട്ടറിഞ്ഞതുപോലെ അത്ര എളുപ്പമല്ലായിരുന്നു, മറ്റുള്ളവരെക്കൊണ്ട് പർച്ചേസ് ചെയ്യിപ്പിക്കുവാൻ. കൂട്ടുകാരേയും, കുടുംബക്കാരേയും, അയൽക്കാരെപ്പോലും കണ്ട് കാലു പിടിച്ചു നോക്കി കല്ല്യാണി. നിരാശയായിരുന്നു ഫലം. ഒരാളെക്കൊണ്ടുപ്പോലും താൻ ജോയിൻ ചെയ്ത കമ്പിനിയിൽ നിന്ന് പർച്ചേസ് ചെയ്യിപ്പിക്കാൻ അവൾക്കായില്ല.
കെട്ടിയുയർത്തിയ മന:ക്കോട്ടകൾ തകർന്നു. ദിവസങ്ങൾ പോകവേ കല്യാണിയുടെ അഹങ്കാരം അൽപ്പം കുറഞ്ഞു.
ഏകാന്തത ഒഴിവാക്കാൻ അവൾ വാട്സപ്പിലും, ഫേസ്ബുക്കിലുമായി പ്രശസ്തരുടെ മഹദ് വചനങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി.അതിലൂടെ കിട്ടിയ ലൈക്കും കമൻ്റും കൊണ്ട് അവളുടെ മനസു നിറഞ്ഞു.
ഫേസ്ബുക്കിലൂടെ യാണ് അവൾ ഓൺലൈൻ ബിസിനസിനെക്കുറിച്ച് അറിഞ്ഞത്.
വസ്ത്രങ്ങളുടേയും, ആഭരണങ്ങളുടേയും ചിത്രങ്ങൾ മീഡിയ വഴി പങ്കുവെയ്ക്കുക. അതു കണ്ട് ആരേലും ആവശ്യപ്പെട്ടാൽ ഒരു നിശ്ചിത ലാഭം എടുത്ത് വിൽപ്പന നടത്തുക. കല്യാണിയ്ക്ക് ഓൺലൈൻ ബിസിനസ്സിനോട് താൽപ്പര്യം തോന്നി.
ഫേസ്ബുക്കിലൂടെ പരിചയക്കാരേയും, അപരിചിതരേയും റിക്വസ്റ്റ് അയച്ച് അവൾ ഫ്രണ്ട്സാക്കി. ദിവസങ്ങൾക്കുള്ളിൽ അയ്യായിരം സുഹൃത്തുക്കളെ അവൾ സ്വന്തമാക്കി.
ഫ്രണ്ട്സ് കൂടിയാൽ ഓൺലൈൻ ബിസിനസ് വ്യാപകമായി നടക്കുമല്ലോ അതായിരുന്നു കല്യാണിയുടെ ലക്ഷ്യം. ഓൺലൈനായി സാരിയും, ചുരിദാറും, ഡ്രസ്സ് മെറ്റീരിയൽസും, എന്ന് വേണ്ട ലേഡീസിന് ആവശ്യമായ എല്ലാ ഐറ്റംസും അവൾ ഫേസ്ബുക്കിലൂടെയും, അതുവഴി പരിചയപ്പെട്ടവരുടെ വാട്സ്ആപ്പ് നമ്പർ മേടിച്ചും ഷെയർ ചെയ്തു തുടങ്ങി.
നല്ല പ്രതികരണമായിരുന്നു കല്യാണിയ്ക്ക് ലഭിച്ചത്. ധാരാളം പേർ അവളെ വിളിച്ചുതുടങ്ങി. എല്ലാവർക്കും ഷെയർ ചെയ്ത മെറ്റീരിയലിൻ്റെ വിലയറിയണം. ആദ്യമൊക്കെ വിലയുടെ നാലിൽ ഒന്ന് ലാഭമെടുത്തിരുന്ന കല്യാണി പിന്നീട് വിലയുടെ നാലിരട്ടി വില കൂട്ടി വാങ്ങാൻ തുടങ്ങി. കുറഞ്ഞ നാൾകൊണ്ട് അവൾ ഓൺലൈൻ ബിസിനസ് തകർത്തുവാരി. ഓൺലൈൻ ബിസിനസ് തിരക്കുമൂലം അടുക്കളപ്പണിയും, വീട്ടുജോലികളും താളം തെറ്റി. ഭർത്താവ് ജയൻ തന്നെ അടുക്കളപ്പണി ചെയ്യേണ്ട ഗതികേടിലുമായി.
ഫാഷൻകാരികളായ കൂട്ടുകാരെല്ലാം അവളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പലവട്ടം തുണിത്തരങ്ങൾ വാങ്ങുകയും ചെയ്തു.
സ്വന്തം അക്കൗണ്ടിൽ തുക കൂടിയപ്പോൾ കല്യാണിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഭർത്താവിൻ്റെ ജൻമദിനത്തിൽ ഗിഫ്റ്റ്നൽകാൻ വേണ്ടി ഡയമണ്ട് പതിച്ച ഒരു മോതിരമാണ് അവൾ വാങ്ങി വച്ചത്.
പിറന്നാൾ ദിനത്തിൽ രണ്ടാളും കൂടി ടൗണിലുള്ള അമ്പലത്തിൽ പോയി പുഷ്‌പാഞ്‌ജലി, പാൽപായസം എന്നീ വഴിപാടുകൾ നടത്തുകയും ചെയ്തു.
ക്ഷേത്ര മുറ്റത്ത് പഞ്ചാക്ഷരീ മന്ത്രവും ജപിച്ച് നിൽക്കുന്ന കല്യാണിയെ നോക്കി ഒരു പെൺകുട്ടി ചോദിച്ചു.
"ഇത് കല്ല്യാണി ചേച്ചിയല്ലേ?"
''അതെ.. " കല്യാണി പറഞ്ഞു.
"കല്ലൂസ് കല്യാണിയല്ലേ, ഓൺലൈൻ ബിസിനസ് നടത്തുന്നയാൾ?" അവൾ വീണ്ടും ചോദിച്ചു.
'കല്ലൂസ് ' എന്നാണ് അവളുടെ ഓൺലൈൻ വ്യാപാരത്തിൻ്റെ ലോഗോ.
"അതെ ഞാൻ തന്നെ കല്ലൂസ് കല്യാണി. മോൾ എന്നെ അറിയുമോ?'' വർദ്ധിച്ച സന്തോഷത്തോടെ അവൾ ചോദിച്ചു.
"അറിയുമോന്നോ, ഞാൻ ചേച്ചീടെ കൈയ്യീന്ന് ഒരു സാരി വാങ്ങീട്ടുണ്ട്. കഴിഞ്ഞ മാസം ഇരുപതാം തീയതി." പെൺകുട്ടി പറഞ്ഞു.
"ഉവ്വോ.. എന്താ മോൾടെ പേര് ?'' കല്യാണി ചോദിച്ചു.
''എൻ്റെ പേര് അമ്പിളി. "
"ധാരാളം ആൾക്കാർ എൻ്റെ കൈയ്യിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങാറുണ്ട്. ഞാൻ ആരേയും ഓർക്കാറില്ല. അത്രയ്ക്കുണ്ട് തിരക്ക്." കല്ല്യാണി അഭിമാനത്തോടെ പറഞ്ഞു.
"ഞാൻ ചേച്ചിയെ ഒന്നു കാണാൻ കാത്തിരിക്കുകയായിരുന്നു."
പെൺകുട്ടി പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോഴേയ്ക്കും കല്യാണിയുടെ ഭർത്താവ് വഴിപാട് നടത്തി അടുത്തെത്തി.
"ഏട്ടാ ദേ നോക്ക്, ഇത് അമ്പിളി. എവിടെപ്പോയാലും കാണും എൻ്റെ കസ്റ്റമേഴ്സ്. എന്നെ ഒന്ന് നേരിട്ട് കാണാൻ
കാത്തിരിക്കുകയാണെന്ന്."
കല്യാണി അൽപ്പം അഹങ്കാരത്തോടെ തന്നെ പറഞ്ഞു.
അയാൾ മൃദുവായി ഒന്നു മന്ദഹസിച്ചു.
"എടാ.. കല്ലൂ .. നമുക്ക് പോകാം."
അയാൾ നടന്നു തുടങ്ങി.
"ചേച്ചീ ഒരു മിനിറ്റ്, ഞാൻ ഒരു കാര്യം പറഞ്ഞോട്ടേ ." പെൺകുട്ടി പറഞ്ഞു.
"എന്താ അമ്പിളീ കാര്യം? എനിക്ക് ടൈം തീരെ കുറവാണ്, വേഗം പറയണേ;" ഓൺലൈൻ കസ്റ്റമറായ അമ്പിളി തൻ്റെ ബിസിനസ്സിനെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നത് കേൾക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇല്ലാത്ത തിരക്കു കാട്ടി തെല്ല് ഗർവ്വോടെ കല്യാണി പറഞ്ഞു.
" എന്നാലും എൻ്റെ ചേച്ചി, ഇത്രയ്ക്കും വേണ്ടാരുന്നു കേട്ടോ, ഈ അമ്പലപ്പടി കഴിഞ്ഞാൽ കാണാം കുമാരേട്ടൻ്റെ 'പ്രിയദർശിനി ടെക്സ്റ്റൈൽസ്' ഒന്നു കയറിയിട്ടു പോണേ. ചേച്ചി നാലായിരം രൂപയ്ക്ക് എനിക്കു തന്ന സാരിയ്ക്ക് ആ കടയിൽ വെറും 700 രൂപയേ ഉള്ളൂട്ടോ." ഇളിഭ്യയായി നിൽക്കുന്ന കല്യാണിയെ നോക്കാതെ അവൾ നടന്നകന്നു.