മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Uma)

നിന്റെ കൈപിടിച്ച് ഇത്രദൂരം ഈ കടൽക്കര താണ്ടിയിട്ടും നീയെന്നെ തിരിച്ചറിഞ്ഞില്ലെ? ചന്ദനത്തിരിയുടേയും തലയ്ക്കൽ എരിയുന്ന തേങ്ങാമുറിയുടേയും സുഗന്ധവും എന്റെ നെഞ്ചിൽ നിറച്ച റീത്തുകളുടെ ഭാരവും എന്നെ ശ്വാസം മുട്ടിക്കുകയായിരുന്നു. കൂട്ടിക്കെട്ടിയ വിരലുകളിലെ കെട്ടു പൊട്ടിച്ച് പുതപ്പിച്ച വെള്ളത്തുണി വലിച്ചെറിഞ്ഞ് നിന്നിലേക്കെത്താൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു.

പ്രണയം നിറഞ്ഞ കണ്ണുനീരുപ്പു വീണ നിന്റെ ചുടുനിശ്വാസം നെഞ്ചിൽ പതിഞ്ഞ നിമിഷം എന്നിലെ ആത്മാവിന് നിന്നിലേക്കെത്താനുള്ള ദൂരം കുറയുകയായിരുന്നു.

അലങ്കാരങ്ങളില്ലാതെ മനോഹരിയായ ഈ തീരത്ത് അലങ്കാരങ്ങളുടെ മേലങ്കികൾ ഇല്ലാതെ ഞാനും നീയുമായി ആകാശപ്പുതപ്പിനു കീഴിൽ പരസ്പരം ചൂടു പകരാം. നീ എന്താ ഒന്നും മിണ്ടാത്തത്. ഞാൻ നിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടും നീ എന്താ അറിയാത്ത പോലെ നടക്കുന്നത്. എന്താ ഞാൻ പറയുന്നതൊന്നും കേൾക്കാത്തത്?

നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. എന്താ കണ്ണുകൾ കലങ്ങി തൊണ്ടയിൽ ശബ്ദം വിറങ്ങലിച്ചപോലെ?

ഇവിടെയിരിക്കൂ. നിനക്കേറ്റവും ഇഷ്ടം ഇവിടെ ഇരുന്ന് കടലാഴങ്ങളിലേക്ക് കണ്ണ് നട്ട് ഇരിക്കാനാണല്ലോ? ഓരോ തിരയും വരുമ്പോൾ നീ പറഞ്ഞിരുന്നു കടലമ്മ കൊട്ടാരത്തിൽ നിന്നും കരയോടു പ്രണയം പറയാൻ വരുന്നതാണെന്ന്? എത്ര ശക്തിയിലാലിംഗനം ചെയ്താണ് കരയോടുള്ള പ്രണയം പറയുന്നതെന്ന്. കടലിന് കരയോട് എത്ര പറഞ്ഞാലും തീരാത്ത പ്രണയമാണെന്ന്. എന്നിട്ടെന്റെ തോളിൽ ചാഞ്ഞിരുന്നു നീ പറഞ്ഞിരുന്നു നിനക്കെന്നോടുള്ള പ്രണയം ഇതുപോലെയാണെന്ന്.

കടലാഴത്തോളം. കടലല കരയെ പുണരും പോലെ. ആയിരം കൈകളാൽ പുണർന്നാലും മതിവരാതെ. ഒരിക്കലും തീരാത്ത പ്രണയം. ഓരോ തവണ കരയെ പുണർന്നു പോകുമ്പോഴും കരയെയും കൂടെ കൊണ്ടും പോകും പോലെ നമ്മുടെ ആത്മാവുകളൊന്നായി. 

ശരിയായിരുന്നു എന്റെ ആത്മാവു നിന്നോടു ചേർന്നിരിക്കുന്നു. ഒറ്റയ്ക്കൊരു യാത്ര ഇല്ലാതായിരിക്കുന്നു. നിന്റെ കണ്ണുകൾ കലങ്ങിയതെന്നെ കാണാഞ്ഞിട്ടാണെന്നറിയാം. ഞാൻ ഇവിടെ നിന്നോടു ചേർന്നിരിക്കുന്നുണ്ട്..

എനിക്ക് എന്താ സംഭവിച്ചതെന്നറിയേണ്ടെ?

നീ അറിഞ്ഞിട്ടുണ്ടാവും. ഞാനിന്ന് നിന്നെ കാണാൻ വരുന്ന വഴിയായിരുന്നു. ഇവിടേക്ക്... നിന്നോടിതുപോലെ ചേർന്നിരുന്ന് സൂര്യൻ കടലിലൽ മുങ്ങി കടലമ്മയെ ചെമ്പട്ട് പുതപ്പിയ്ക്കും വരെ കഥകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച്, ഇടയ്ക്കൊന്ന് കുറുമ്പു കാട്ടി പിണങ്ങി പിന്നെ കൂടുതൽ വേഗത്തിലിണങ്ങി ഇരിക്കാൻ.

ഇന്നും ഞാനൊരുപാടു കേൾക്കാൻ തയാറായാണ് വന്നത്. ആകാശവും ആകാശത്തിന് താഴെയുള്ളതെല്ലാം നമുക്ക് ചർച്ചാവിഷയമാണല്ലോ? നിനക്കേറെയിഷ്ടം എന്റെ മുഖം നോക്കിയിരുന്ന് എന്നെ കേൾക്കുകയല്ലെ?

നീ പറയും പോലെ സൂര്യൻ ഒളിക്കാനായി കടലിൽ മുങ്ങുന്ന നേരം കടലമ്മ കരയെ എത്രത്തോളം ആവേശത്തോടെയാണ് മുറുകയെ പുണരുന്നത്. സൂര്യൻ മുഖം ഒളിപ്പിക്കുമ്പോഴുള്ള ചൂട് കുറയ്ക്കാനാണ് കരയെ കടൽ ഇത്രയും മുറുകെ പുണരുന്നതെന്ന്.. കരയുടെ സാന്ത്വനം അത്രയ്ക്കേറെയാണെന്ന് അല്ലെ നീ പറയുന്നത്..

നീ പറയുമ്പോഴൊക്കെ എനിക്കും തോന്നി ശരിയാണെന്ന്. ഇവിടെ നിന്നരികിൽ ഇരിക്കുമ്പോൾ എന്റെ ഉള്ളിലെ ആശ്വാസം പറഞ്ഞറിയിക്കാനാകാത്തതാണ്.

നീ എല്ലാം മൂളിക്കേട്ട് ഇടയ്ക്കിടെ എന്നിട്ട് ..പറ.. എന്ന് ചിണുങ്ങുന്നത് കേട്ട്, മിണ്ടാതെ ഞാനിരിക്കുമ്പോൾ എന്നാ പറയണ്ട എന്ന് പറഞ്ഞ് കള്ള പിണക്കം നടിക്കുന്നത് കണ്ട്. അതിന്റെ സുഖം നിനക്കറിയില്ലെന്റെ മണ്ടൂസേ.

അങ്ങനെ വരും വഴിയാണ് ഒരമ്മയും നാലു വയസുമാത്രം പ്രായമായ കുസൃതിക്കുട്ടനും കൂടി റോഡ് ക്രോസ് ചെയ്യാൻ നിന്നത്.

അവന്റെ കയ്യിലിരുന്ന ബലൂൺ പിടിവിട്ട് കാറ്റിൽ പറന്ന് റോഡിലേക്ക്. പിന്നെ എന്താ സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ കഴിയുന്നതിൻ മുൻപ് അവൻ അമ്മയെ വെട്ടിച്ച് റോഡിലേക്ക് ചാടി. ആ റോഡ് ക്രോസ് ചെയ്താൽ എനിക്ക് നിന്റടുത്തെത്താൻ നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നീ ഇവിടെ തിരകളിലേക്കും, തിരിഞ്ഞ് ഞാനെവിടെ എന്നും നോക്കി അക്ഷമയാകുന്നതു മാത്രം കാഴ്ചയിൽ നിറഞ്ഞു നിന്ന ഞാൻ പെട്ടെന്നാണാ കാഴിച കണ്ടത്.

അവനോടുന്നു.. പിന്നെ മറ്റൊന്നും കാഴ്ചയിൽ വന്നില്ല.. 

അവനെയും അവനു നേരെ പാഞ്ഞു വരുന്ന ലോറിയുമല്ലാതെ ഒന്നും കണ്ടില്ല..അവനു പിന്നാലെ ഞാനും. ഒരുനിമിഷം ..എല്ലാം കാഴ്ചയിൽ നിന്ന് മറഞ്ഞു. സമയം ഒരു പടക്കുതിരപോലെ പായുന്നു എന്നല്ലെ നീ പറയാറ്. അതേ നോക്കു ആ നിമിഷം ശരിക്കും സമയം പടക്കുതിരയെപ്പോലെ ആയിരുന്നു.

നിഴൽ പോലും കാണാൻ സാധിക്കാത്ത സ്പീഡിൽപറക്കുന്ന കുതിര. പിന്നെ എന്റെ വെള്ള ബെഡ്ഷീറ്റ് മൂടിയ രൂപത്തിനു ചുറ്റും ആരൊക്കെയോ കൂടി നിന്ന് കഷ്ടമായിപ്പോയി എന്നു പറഞ്ഞ് പരിതപിക്കുന്നതാണ് കണ്ടത്.

ഇതെന്താണിങ്ങനെ എന്നാലോചിക്കുമ്പോഴാണ് മനസ്സിലായത് ഞാൻ ഇപ്പോൾ പേരില്ലാത്ത ഒരു ശരീരം മാത്രമാണ് മറ്റുള്ളവർക്കെന്ന്..

ആരെങ്കിലും വന്നോ ബോഡി ഏറ്റു വാങ്ങാൻ? 

ആരും വന്നില്ലെങ്കിൽ മോർച്ചറിയിലേക്ക് മാറ്റാം എന്നൊക്കെ.

ഡീ അതിനിടയിൽ ഞാൻ ആ മോർച്ചറിയുടെ തണുപ്പും അറിഞ്ഞു. അസ്ഥിവരെ ഫ്രീസ് ആകുന്ന തണുപ്പ്. അവിടെ നിന്നും പുറത്തുകടക്കാൻ ഞാൻ ആഗ്രഹിച്ചു പോയി. പല ശരീരങ്ങളും അനാഥമായി കിടക്കുന്ന കാഴിച.

പലരും പറയുന്നതു കേട്ടു സ്നേഹം, ബന്ധം ഇതൊക്കെ നാട്യങ്ങളാണെന്ന്. ആത്മാവുകളുടെ രോദനം എന്നെ വല്ലാതെ സങ്കടപ്പെടുത്തി.  പലരും പറഞ്ഞു കൂടെ നിന്ന് ചതിച്ചവരെക്കുറിച്ച്, സ്നേഹം പറഞ്ഞ് ഒ്റപ്പെടുത്തിയവരെക്കുറിച്ച്, പൊള്ളയായ ബന്ധങ്ങളെക്കുറിച്ച്, പ്രണയം എന്ന മാന്ത്രികതയിൽ കുടുങ്ങി സ്വയം കൊന്നവരും കൊലചെയ്യപ്പെട്ടവരും. അപ്പോഴാണ് ഞാൻ ശരിക്കും തിരിച്ചറിഞ്ഞത് നമ്മളെക്കുറിച്ച്. 

പ്രണയം ചതിക്കാനോ സമയം കൊല്ലാനോ അല്ലായിരുന്നു എന്ന സത്യം. നീയും ഞാനുമെന്ന സത്യത്തെക്കുറിച്ച്. കണ്ണാടിപോലെ സുതാര്യമായ നമ്മുടെ ബന്ധത്തെക്കുറിച്ച്, നമ്മുടെ ഇഷ്ടങ്ങളെക്കുറിച്ച്..

അവിടെ നിന്ന് എന്റെ കാഴ്ചകളെ പിറകിലേക്ക് നടത്തിയപ്പോൾ എല്ലാം വ്യക്തമായി. ഡീീ.. ഏറ്റവും രസകരമായത് ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ കഥകൾ മെനയുന്നത് കണ്ടപ്പോഴാണ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഞാനെന്നും, എന്റെ അശ്രദ്ധകൊണ്ട് കുഞ്ഞു കൈവിട്ടോടിയെന്നും. ഞാൻ ഉറക്കെ ചിരിച്ചു പോയി. ഒരു കൂട്ടർ പറഞ്ഞു അവൻ ഒരു മണ്ടനായിട്ടല്ലെ സ്വന്തം ജീവിതം ലോറിക്കടിയിൽ കൊണ്ടു വച്ചതെന്ന്?

ചിർ പറയുന്നത് കേട്ടു. നല്ല തങ്കക്കുടം പോലെ ഒരു ചെറുപ്പക്കാരൻ. അവന്റെ വീട്ടുകാർക്കു പോയി..

ട്രാഫിക്കിൽ നിന്ന പോലീസുകാരൻ അവിടെ വന്നു. അയാൾ പറഞ്ഞാണ് ഞാനും സത്യം അറിഞ്ഞത്. ഞാൻ ആ കുഞ്ഞിന്റെ പിറകെ ഓടിയതേ ഓർമ്മയുണ്ടായിരുന്നുള്ളു. പിന്നെ സംഭവിച്ചത് തിരിച്ചറിയും മുൻപ് ഞാൻ എവിടേയ്ക്കോ മറഞ്ഞു.  

ഡീ.. നീ എന്താ ഒന്നും മിണ്ടാത്തത്.

നിനക്കും തോന്നുന്നുണ്ടോ ഞാൻ ജീവിതം കളഞ്ഞു എന്ന്? നിന്നെ തനിച്ചാക്കാൻ ഇഷ്ടമായിട്ടല്ല. എന്റെ ജീവൻ പോയാലും ആ കുഞ്ഞു ജീവൻ രക്ഷപ്പെട്ടില്ലെ? അവനെ ഞാൻ തള്ളി മാറ്റിയില്ലെ? അതെന്താ നീ ചിന്തിക്കാത്തത്? 

ആ അമ്മയുടെ ആശ്വാസം നിറഞ്ഞ ചിരി. അത് മതിയല്ലോ നിനക്കാശ്വസിക്കാൻ. എങ്കിലും എനിക്കറിയാം നിനക്ക് ഞാനില്ലാതെ ആശ്വസിക്കാനാവില്ലെന്ന്. അതല്ലെ ഞാനോടി വന്നത് നിന്റരികിലേക്ക്.

ഡീീ നീയെന്താണ് മൗനമായിരിക്കുന്നത്.  താ സൂര്യൻ മുങ്ങിത്താഴാൻ തുടങ്ങുന്നു കടലമ്മ കരയെ പുണരാൻ ആവേശത്തോടെ പാഞ്ഞുവരുന്നു. നീ എന്റെ തോളിലേക്ക് ചാഞ്ഞ് നിന്റെ ഹൃദയത്തുടുപ്പുകൾ എന്നിലേക്ക് പകരുന്ന സമയം.

നിനക്കെന്നെ കാണാനാകില്ല അല്ലെ?

എനിക്ക് നിന്നെ കാണാം, തൊടാം കേൾക്കാം.

ഡീീ നിനക്ക് സ്നേഹം കൂടുമ്പോൾ വിളിക്കാറില്ലെ എന്റെ ചക്കരെയെന്ന്. ഒന്നു വിളിക്കൂ. കേൾക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു. ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു.. നീ എന്താണ് ഇവിടെത്തന്നെ ഇരിക്കുന്നത്?ഞാൻ വരാം കൂടെ.  എന്നും വീടുവരെ ഞാൻ വരുന്നതല്ല?

അവൾ എഴന്നേറ്റു. 

നീ ഞാൻ പറഞ്ഞതു കേട്ടു അല്ലെ? 

അവൻ അവളുടെ കൈകളിൽ മുറുകെപ്പിടിച്ചു. അവൾ നേരെ നടന്നത് തിരകളിലേക്കായിരുന്നു. അവൾ തിരകളോടു പറഞ്ഞു.

മണിക്കൂറകൾക്ക് ശേഷം അവളുടെ ശബ്ദം കേട്ടു. 

ഉറച്ച ശബ്ദം.. 

കടലമ്മേ എല്ലാം അറിയാമല്ലോ? 

ഒരിക്കലും എന്നെ തനിച്ചാക്കിപ്പോകില്ല എന്ന് വാക്ക് തന്നതല്ലെ? എന്നിട്ട് എന്നെ കൂട്ടാതെ അവൻ പോയി..

അവനില്ലാതെ ഞാനെങ്ങനെ ഒറ്റയ്ക്ക്..

നിന്റെ കൊട്ടാരത്തിലേക്ക് ഞാനും വരുന്നു..

അവനെ കാണുന്ന ലോകത്തേക്ക് നിനക്കെന്നെ കൊണ്ടുപോകാൻ കഴിയും..

പ്രണയത്തിന്റെ സുഖവും വിരഹത്തിന്റെ നൊമ്പരവും ഏറെ അറിയാവുന്നത് നിനക്കാണ്..

കണ്ണുകളിൽ ഒരു തുള്ളി പോലും പൊടിക്കാതെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ അവൾ നടന്നു കടലാഴങ്ങളിലേക്ക്..

അവൾ കടലമ്മയുടെ പ്രണയകൈകളിലേക്ക് ഒതുങ്ങി നിന്നു.

എന്തായി കാണിക്കുന്നെ..

അവൻ അവളെ ശക്തമായി പിറകോട്ടു വലിച്ചു..

അവന്റെ നിസ്സഹായാവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞു..

 ഒരു ശരീരം അത് വെറും ശരീരമല്ലെന്നും ഈ ആത്മാവിന്റെ ഇരിപ്പിടം ആണെന്നും അവൻ അറിഞ്ഞു.

എന്റെ ശരീരം എപ്പോഴോ ചിതയിലെരിഞ്ഞു കഴിഞ്ഞു. 

ആത്മാവിന് ചെയ്യാൻ ഒന്നുമില്ല.. 

അവളുടെ ആത്മാവിനോട് ചേർത്തു വച്ചതല്ലെ തന്നെ. 

കൈപിടിച്ച് കൂടെ കൂട്ടുക..

 പ്രണയം പറയാൻ വന്ന ഒരു തിരയോടൊപ്പം അവളും ആഴക്കടലിലേക്ക് പോകുമ്പോൾ ആ കൈകൾ അവൻ മുറുകെപിടിച്ചു..

 ആത്മാവിലേക്ക് തന്റെ ആത്മാവിനെ ഒന്നു കൂടി ചേർത്തു വച്ചുകൊണ്ട്..

സൂര്യന്റെ അവസാന കിരണവും കടലിലേക്ക് ഉൾവലിഞ്ഞു അവളോടൊപ്പം.. അവന്റെ ആത്മാവിന് കൂട്ടായി..

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ