മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ചുട്ടു പൊള്ളുന്ന  മീനമാസച്ചൂട് കൂസാതെ, ചൂളം വിളിച്ചും ശബ്ദമുണ്ടാക്കിയും പാളത്തിലൂടെ കിതച്ചുകൊണ്ട് ഓടുകയാണ് ആ തീവണ്ടി. ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് ജീവിതഭാണ്ഡവും പേറി കുറെ മനുഷ്യർ അതിനുള്ളിൽ യാത്ര ചെയ്യുന്നു.

സ്ലീപ്പർ ബോഗി ഏകദേശം നിറഞ്ഞു ആളുകൾ ഉണ്ടായിരുന്നു.. ഉച്ച സമയം ആയതിനാൽ തുറന്ന ജാലകങ്ങളിലൂടെ  ഉഷ്ണക്കാറ്റ് ഉള്ളിലേയ്ക്ക് വീശിയടിയ്ക്കുന്നുണ്ടായിരുന്നു. ആളുകൾ എല്ലാവരും ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആലസ്യത്തിലെന്ന പോലെ തോന്നി.

വലതു വശത്തു ഒരു സ്ത്രീ അവളുടെ ഒന്നര വയസോളം പ്രായമുള്ള കുഞ്ഞിനെ മടിയിൽ ഇരുത്തിയിരിയ്ക്കുന്നു. അവൻ വല്ലാത്ത വാശിയിലാണ്. അടുത്തുള്ള സഞ്ചിയിൽ കുഞ്ഞിനുള്ള ഭക്ഷണസാധനങ്ങൾ ഇരിയ്ക്കുന്നുണ്ടായിരുന്നു.

വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിയ്ക്കാൻ അവൾ പല ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ  എതിർവശത്തിരുന്നു ഏതോ മാഗസിൻ വായിക്കുന്ന അവളുടെ ഭർത്താവിനെ നോക്കുന്നുണ്ട് അവൾ. ഭയമോ നിരാശയോ എന്ന് തിരിച്ചറിയാനാവാത്ത ആ കടാക്ഷങ്ങൾ തന്നെ തഴുകുന്നത് ശ്രദ്ധിയ്ക്കാതെ, അവരുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെ, അയാൾ മാഗസിനിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. ഒരു നെടുവീർപ്പോടെ അവൾ കുഞ്ഞിനെ മാറോടു ചേർത്തു തട്ടുന്നുണ്ട്. അല്ലെങ്കിലും കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ കടമ ആണല്ലോ.

തൊട്ടപ്പുറത്തു ഒരു പയ്യൻ തന്റെ ഫോണിൽ ഏതോ സിനിമ ആസ്വദിച്ചു ഇരിക്കുന്നു. മറ്റൊന്നും അവൻ അറിയുന്നതേയില്ല. ഓരോരുത്തരും അവരവരുടേതായ ലോകത്ത് ആണ്.. തീവണ്ടിയുടെ ആട്ടത്തിനനുസരിച്ച് എല്ലാവരും ചെറുതായി അനങ്ങുന്നുണ്ട്. കുഞ്ഞിന്റെ കരച്ചിൽ അവിടെ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

പൊടുന്നനെ ഒരു ബാലൻ അപ്പുറത്തെ കമ്പാർട്മെന്റിൽ നിന്നു നടന്നു വന്നു. എല്ലാവർക്കും കാണത്തക്ക വിധം അവൻ നടുവിലത്തെ നടവഴിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു നിന്നു.

അവന്റെ കൈയിൽ ഒരു ഒഴിഞ്ഞ തകരപ്പെട്ടി ഉണ്ട്. കുടുക്കു പൊട്ടിയ  അവനെക്കാൾ ഒരുപാട് വലിയ ഷർട്ടിനുള്ളിൽ അസ്ഥിപഞ്ജരം തെളിഞ്ഞു കാണുന്ന ആ കുഞ്ഞുടൽ ദാരിദ്ര്യവും പട്ടിണിയും വിളിച്ചോതുന്നുണ്ട്.

കാറ്റിൽ പാറുന്ന ചെമ്പൻ മുടി ഇടംകൈ കൊണ്ട് ഒതുക്കി, ക്ഷീണം നിറഞ്ഞതെങ്കിലും  ഓമനത്തം തുളുമ്പുന്ന മുഖം തുടച്ചതിനു ശേഷം ആ തിളങ്ങുന്ന കണ്ണുകൾ എല്ലാവരിലും ഒന്ന് ഓടി നടന്നു. അവസാനം അവ വാശി പിടിച്ചു കരയുന്ന കുട്ടിയിൽ നിന്നു. അവന്റെ മുഖം ഏതോ ഓർമയിൽ പ്രകാശിച്ചത് പോലെ തോന്നി. ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു.

തന്റെ കൈയിലുള്ള ആ ചെറിയ തകരപ്പെട്ടിയിൽ അവൻ താളം പിടിച്ചു തുടങ്ങി. അതിമനോഹരമായ ഒരു ഗാനം അവന്റെ കുഞ്ഞു കണ്ഠത്തിലൂടെ ഒഴുകിയിറങ്ങുകയായി. അതൊരു താരാട്ടു പാട്ടായിരുന്നു. നിമിഷങ്ങൾ കൊണ്ട് ആ ബോഗിയിൽ ഉള്ള എല്ലാവരും അവന്റെ ഗാനത്തിനു കാതോർത്തു തുടങ്ങി. അത് വരെ വാശി പിടിച്ചു കരഞ്ഞ കുഞ്ഞൻ തന്റെ കുഞ്ഞിക്കണ്ണു മിഴിച്ചു പാട്ടു കേട്ടിടത്തേയ്ക്ക് ശ്രെദ്ധിയ്ക്കാൻ തുടങ്ങിയിരുന്നു. ആ താരാട്ടുപാട്ടിനനുസരിച്ച് അമ്മ ആ കുഞ്ഞു തുടയിൽ പയ്യെ തട്ടികൊടുത്തു കൊണ്ടിരുന്നു.

നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും നോക്കി പത്തു വയസ്സിനടുത്തു പ്രായം തോന്നിക്കുന്ന ആ കുരുന്നുബാലൻ മനോഹരമായി പാടിക്കൊണ്ടേയിരുന്നു. ഫോണിൽ ഹെഡ്സെറ്റ് വച്ചു ഫിലിം കണ്ടിരുന്ന ചെറുപ്പക്കാരൻ തന്റെ ക്യാമറ ഓൺ ആക്കി ബാലൻ പാടുന്നത് അവൻ അറിയാതെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. വൈറൽ ആയാൽ തനിയ്ക്ക് കിട്ടുന്ന ലൈക്സ് ആയിരുന്നു പയ്യന്റെ മനസ്സിൽ. ആ നാദധാര അവസാനിച്ചപ്പോഴേയ്ക്ക് കുഞ്ഞു ഉറങ്ങിയിരുന്നു. 

പുഞ്ചിരിയോടെ അവൻ തന്റെ ഒഴിഞ്ഞ തകരപ്പെട്ടി എല്ലാവരുടെയും മുൻപിലൂടെ നീട്ടി പിടിച്ചു നടന്നു. അത് വരെ പാട്ടു കേട്ടുകൊണ്ടിരുന്നവർ ഭൂരിഭാഗം പേരും തിരിച്ചു തങ്ങളുടെ ലോകത്തെയ്ക്ക് മടങ്ങിയിരുന്നു.

ചിലർ നാണയതുട്ടുകൾ അവന്റെ പെട്ടിയിൽ ഇട്ടു കൊടുത്തു. ഓരോ വട്ടവും നാണയങ്ങൾ കിട്ടുമ്പോൾ അവൻ നന്ദി പൂർവ്വം അവരെ അഭിവാദ്യം ചെയുന്നുണ്ടായിരുന്നു.

കുഞ്ഞുറങ്ങിയത്കൊണ്ട് സമാധാനിച്ചു ഇരുന്ന ആ സ്ത്രീ അവനു എന്തെങ്കിലും കൊടുക്കണമെന്ന് അതിയായ ആഗ്രഹത്തോടെ തന്റെ ഭർത്താവിനെ പ്രതീക്ഷയോടെ നോക്കി. എന്നാൽ അയാൾ അവളെ മുഖം കൂർപ്പിച്ചു ഒന്ന് നോക്കുകയാണ് ചെയ്തത്. ഹൃദയം നുറുങ്ങുന്ന വേദന തന്റെ നെഞ്ചിൽ നിറയുന്നത് അവൾ അറിഞ്ഞു. അത് നിസ്സഹായതയുടേതായിരുന്നു.

പുഞ്ചിരിയോടെ തന്നെ കടന്നു പോകുന്ന അവനെ നിരാശയോടെ ആ കണ്ണുകൾ പിന്തുടർന്നു. അവസാനം ഒരു സീറ്റിൽ ആളൊഴിഞ്ഞ ഭാഗത്തു ഒതുങ്ങിയിരുന്നു അവൻ ചില്ലറത്തുട്ടുകൾ സൂക്ഷിച്ചു എണ്ണിയെടുത്തു. 

വിശപ്പു പിടി മുറുക്കിയിട്ടോ എന്തോ  ഒരു കൈ കൊണ്ട് തന്റെ ഒട്ടിയ വയറിൽ ഒന്ന് തടവിപ്പോയി. അത് കണ്ട് ആ സ്ത്രീയുടെ മനസ്സിൽ ഒരു വിങ്ങൽ കടന്നു വന്നു. ആഹാരവുമായി വില്പനക്കാർ അതിലെ കടന്നു പോയിട്ടും തന്നെ പ്രതീക്ഷിച്ചു വിശന്നിരിയ്ക്കുന്ന രോഗിയായ അമ്മയുടെയും കുഞ്ഞനിയത്തിയുടെയും മുഖങ്ങൾ ഓർത്തിട്ടാവണം ആ നാണയങ്ങൾ തന്റെ ട്രൗസറിന്റെ പോക്കറ്റിൽ അവൻ നിക്ഷേപിച്ചത്.

വിശപ്പ് വയറ്റിനുള്ളിൽ റെയിൽവണ്ടിയുടെ ചൂളം വിളി പോലെ ചൂളം വിളിക്കുന്നത് ആ പൈതൽ അറിയുന്നുണ്ടായിരുന്നു. അത് പാടെ അവഗണിച്ചു  അടുത്ത കമ്പാർട്ട്മെന്റിലേയ്ക്ക് പോകാനായി എഴുന്നേറ്റു.  കുതിച്ചും കിതച്ചും പായുന്ന ഈ പുകവണ്ടി പോലെ  ജീവിതത്തിൽ ഇനിയും ഒരുപാട് ദൂരം അവനു പോകുവാനുണ്ട്. പെട്ടെന്ന് കൊതിയുണർത്തുന്ന മണമുള്ള ഒരു ചെറിയ സഞ്ചി ആരോ അവന്റെ കൈകളിൽ  ഏല്പിച്ചു നടന്നു പോകുന്നത് അവൻ അറിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോൾആരെയും കണ്ടില്ല.. അത് നെഞ്ചോടടുക്കി അതിൽ നിന്നും ആർത്തിയോടെ ഒരു ബിസ്‌ക്കറ് എടുത്ത്  കഴിച്ചു തുടങ്ങി. 

ഭർത്താവ് വാഷ്റൂമിൽ പോയ തക്കത്തിന് മടിയിൽ ഉറങ്ങുന്ന കുഞ്ഞിനെ തീവണ്ടിയുടെ സീറ്റിൽ അരികു ചേർത്ത് ഭദ്രമായി കിടത്തി കുട്ടിക്ക് കൊടുക്കാനുള്ള ഭക്ഷണത്തിൽ നിന്നു കുറച്ചെടുത്തു ഒരു സഞ്ചിയിലാക്കി  അവന്റെ കൈയിലേൽപ്പിച്ചു വേഗത്തിൽ തിരിച്ചു പോയി സീറ്റിൽ ഇരുന്നതായിരുന്നു അവൾ.

വിശന്നു കരയുന്ന മകന് പാലൂട്ടിയ അതേ നിർവൃതിയോടെ ആ മാതൃഹൃദയം തീവണ്ടിയുടെ ശബ്ദതാളം പോലെ മിടിയ്ക്കുന്നുണ്ടായിരുന്നു. എന്തിനോ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ