നീണ്ട ഏഴുവർഷങ്ങൾ. ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിച്ചുകൊണ്ടാണ് നാടുവിട്ടത്. എന്നിട്ടും ഇതാ താൻ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ബന്ധങ്ങളുടേയും കടപ്പാടുകളുടേയും ചങ്ങലകെട്ടുകളെ അറുത്തുമുറിച്ചുകൊണ്ട്, ജന്മം നൽകി പോറ്റിവളർത്തിയ മാതാപിതാക്കളേയും, ജനിച്ചുവളർന്ന നാടിനേയും വിട്ടുകൊണ്ട് കാമുകിയുടെ കൈയും പിടിച്ചുകൊണ്ടു നാടുവിട്ടുപോയിട്ട് വർഷങ്ങൾ ഏഴു കഴിഞ്ഞിരിക്കുന്നു.
ബാപ്പയേയും, ഉമ്മയേയും എങ്ങനെ അഭിമുഖീകരിക്കും.? ഒരിക്കൽ അവരുടെ മുഖത്താകെ കരിവാരിത്തേച്ചുകൊണ്ട് ആത്മദുഃഖത്തിന്റെ പടുകുഴിയിലേക്ക് അവരെ തള്ളിവിട്ടുകൊണ്ട് ഓടിപ്പോയ താനിനി എങ്ങനെ അവരുടെ മുന്നിൽച്ചെന്നു നിൽക്കും? എന്ത് പറഞ്ഞവരെ ആശ്വസിപ്പിക്കും? ഈ ചിന്തകളാണ് ജീവിതവഴിത്താരയിൽ ഒറ്റക്കായിട്ടും വീട്ടിലേക്കുള്ള തിരിച്ചുവരവ് വൈകിച്ചത്.
എല്ലാത്തിനും കാരണം താനൊരാൾ മാത്രം. തന്റെ എടുത്തുചാട്ടം. തന്റെ വഴിവിട്ട പ്രണയം.
ആബിദ, തന്റെ അയൽക്കാരി. ചെറുപ്പത്തിലേ ആക്സിഡന്റിൽ പെട്ടു പിതാവ് മരിച്ചതോടെ അനാഥയായവൾ. കൂലിപ്പണിക്കാരിയായ ഉമ്മയുടെ രണ്ടു പെൺമക്കളിൽ മൂത്തവൾ. ഒരുകാലത്തു താനവളെ ഒരുപാട് സ്നേഹിച്ചിരുന്നു. ഇല്ല ...അങ്ങനെ പറയാൻ തനിക്ക് അവകാശമില്ല. അങ്ങനെ പറഞ്ഞാൽ അള്ളാഹു, തന്നോട് ക്ഷമിക്കില്ല. താനെന്നും അവളെ സ്നേഹിക്കുന്നതായി അഭിനയിക്കുകയായിരുന്നില്ലേ? ആ അഭിനയത്തിലൂടെ താൻ അവൾക്ക് വിലപ്പെട്ടതെല്ലാം കവർന്നെടുക്കുക ആയിരുന്നില്ലേ? അതെ, അതാണ് സത്യം. തനിക്ക് ആബിദയോടുള്ള സ്നേഹം വെറും നേരംപോക്ക് മാത്രമായിരുന്നു. തന്റെ മനസ്സിൽ അവളുമായുള്ള ബന്ധത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ -കാമം. അനാഥയായ ഒരുപെണ്ണിന്റെ നിസ്സഹായത സ്നേഹംനടിച്ചു മുതലെടുക്കുകയായിരുന്നു താൻ.
പക്ഷേ, അവൾക്കോ? അവൾക്ക് തനോടുള്ളത് ആത്മാർത്ഥ സ്നേഹം മാത്രമായിരുന്നു .അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം മറ്റെന്തിനേക്കാളും വലുയതായിരുന്നു. അത് മനസ്സിലാക്കിയിട്ടും താൻ കണ്ടില്ലെന്ന് നടിച്ചു. മനപ്പൂർവം അവളെ അവഗണിച്ചു.
പാവം ആബിദ, ഹൃദയത്തിലെ നീറ്റൽ കണ്ണുനീരായി കവിളിലൂടെ ഒഴുകിയിറങ്ങാൻ തുടങ്ങിയതും മുണ്ടിന്റെതുമ്പുകൊണ്ടു കവിൾ തുടച്ചു ഞാൻ. നെൽപ്പാടങ്ങളെ തഴുകിയെത്തിയ തണുത്തകാറ്റ് ജനാലവഴി മുറിയിലേക്ക് കടന്നപ്പോൾ പൊള്ളുന്നചൂടിൽനിന്നും ശരീരത്തിനല്പം ആശ്വാസം പകർന്നെങ്കിലും മനസ്സ് ചുട്ടുനീറുക തന്നെ ചെയ്തുകൊണ്ടിരുന്നു.
പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയത്തിനൊരുങ്ങുന്ന സൂര്യന്റെ മനോഹാരിത കാണുമ്പോൾ കഴിഞ്ഞകാല ഓർമ്മകൾ മനസ്സിലേക്ക് ചിറകുവിരിച്ചെത്തുന്നു.
സൂര്യാസ്തമയങ്ങൾക്ക് തന്റെ കഴിഞ്ഞകാലവുമായി ഒഴിവാക്കാനാവാത്ത ബന്ധമുണ്ട്. ഓരോ അസ്തമയങ്ങളും ആബിദയെക്കുറിച്ചുള്ള ഓർമ്മകൾ തന്റെ മനസ്സിലേക്ക് തള്ളിവിടുന്നു.
ചെറുപ്പകാലത്ത് എത്രയോ തവണ ആബിദയുമൊത്തു ഭൂതക്കുഴിത്തോടിന്റെ കരയിൽച്ചെന്നിരുന്നു താൻ അസ്തമയ സൂര്യന്റെ ഭംഗി കണ്ട് ആസ്വദിച്ചുട്ടുണ്ട്. വൈകുന്നേരം ആകുന്നതിനു വേണ്ടി കാത്തിരുന്ന നാളുകൾ. അന്നൊക്കെ ആ കാഴ്ച മനസ്സിന് വല്ലാത്ത ആനന്ദം പകർന്നെങ്കിൽ... ഇന്ന് ആ കാഴ്ച വല്ലാത്ത വേദനയാണ് പകരുന്നത്.
ആബിദ തന്റെ അയൽക്കാരിയായി വന്നതുമുതൽ അവളുടെ പിന്നാലെയായിരുന്നില്ലേ താൻ .? അതെ, അവൾക്കുപിന്നാലെ ഒരു നിഴലുപോലെ താനെപ്പോഴും ഉണ്ടായിരുന്നു.അ വളുടെ ആ സാമീപ്യം തനിക്കെന്നും ഒരു ഹരമായിരുന്നു. എന്തിനും ഏതിനും അവൾ കൂടെയുള്ളത് തനിക്കൊരു ധൈര്യമായിരുന്നു. സ്‌കൂളിലും, മദ്രസയിലുമെല്ലാം പോകുമ്പോൾ അവൾ എന്നും കൂട്ടിനുണ്ടായിരുന്നു. എന്നിട്ടും...താൻ. ആ ഓർമ്മകൾ ഒരിക്കൽകൂടി മനസ്സിൽ നോവുപടർത്തി.
വളർന്നുവലുതായിട്ടും ആബിദയുമായുള്ള ബന്ധം വിടാൻ താൻ തയ്യാറായില്ല. അവൾ യവ്വനത്തിന്റെ പൂർണതയിലേക്ക് കടന്നുകൊണ്ട് എല്ലാംതികഞ്ഞൊരു പെണ്ണായിമാറിയതും തന്റെ സഹൃദത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ആബിദയെ അതുവരെ സ്നേഹത്തോടെ കണ്ടിരുന്ന തന്റെ മിഴിയും, മനസ്സും അവളെ തെറ്റായ കണ്ണുകളോടെ കാണാൻ തുടങ്ങി. അവസരം കിട്ടുമ്പോഴെല്ലാം താനത് അവളോട് പ്രകടിപ്പിക്കുകയും ചെയ്തു.
പലപ്പോഴും അവളുമൊത്തു തൊട്ടുരുമ്മി കളിതമാശകൾ പറഞ്ഞുനടക്കുന്നതു കാണുമ്പോൾ അവളുടെ ഉമ്മാ, ഒരു താക്കീത് എന്നവണ്ണം അവളെ കുറ്റപ്പെടുത്തുന്നതു താനും കേട്ടിട്ടുണ്ട്.
"നിങ്ങൾ ഇന്ന് കൊച്ചുകുട്ടികളല്ല. കളിപ്രായമൊക്കെ കഴിഞ്ഞുപോയി രണ്ടാൾക്കും. കുറച്ച് അടക്കവും ഒതുക്കവുമൊക്കെ ഉണ്ടാകേണ്ടുന്ന സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു." അന്ന് ഉമ്മയെനോക്കി ആബിദ പറയുമായിരുന്നു.
"അബ്‌ദുക്ക, നമ്മുടെ സ്വന്തമല്ലേ ഉമ്മാ. എന്നായാലും ഞാൻ ഇക്കായുടെ സ്വന്തമാകേണ്ടവളല്ലേ? ബാപ്പ ഉണ്ടായിരുന്ന കാലത്തേ ഇരു വീട്ടുകാരും അത് പറഞ്ഞുറപ്പിച്ചിട്ടുള്ളതല്ലേ?"
"അതൊക്കെ ശരിയാണ്. എന്നാലും പറയേണ്ടത് എന്റെ കടമയാണ്. ഞാനൊരു ഉമ്മയല്ലേ?" അന്ന് അവളുടെ ഉമ്മാ പറഞ്ഞ വാക്കുകൾ മനസ്സിലൊരു നീറ്റലായി അവശേഷിക്കുന്നു.
ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയ കാലം. മോഹങ്ങൾ അതിരുകടന്ന സമയം .പ്രണയത്തിനും കാമുകീ സങ്കല്പങ്ങൾകും പുതുപുത്തൻ മാനം കണ്ടെത്തിയ സമയം .ആ സമയത്താണ് അവൾ ...'രാധിക' തന്റെ മനസ്സിലേക്ക് കടന്നുവന്നത് .ഡിഗ്രി അവസാനവർഷം പഠിക്കുന്ന സമയം .അവളുമായി പ്രണയത്തിലായതും താൻ സർവ്വതും മറന്നു .തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ആബിദയെ മറന്നു .തന്റെ വീട്ടുകാരെ മറന്നു .
താൻ പുതിയ പ്രണയബന്ധത്തിലേർപ്പെട്ടതും ആബിദയ്ക്ക് തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി .അവൾ തന്നോട് സംസാരിക്കുന്നത് വളരെ കുറച്ചുമാത്രമായി .മുഖത്തെപ്പോഴും ഒരു വിഷാദഭാവം .എന്തൊക്കെയോ ചിന്തയിൽ മുഴുകിയെന്നവണ്ണമുള്ള നടത്തം .ഇതെല്ലാം മനസ്സിലാക്കിയെങ്കിലും ഞാൻ അറിയാത്തഭാവം നടിച്ചു .കഴിവതും അവളുടെ കണ്ണിൽപ്പെടാതെ ഒഴിഞ്ഞുമാറി നടന്നു .അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി .
ഒരുദിവസം വീട്ടിലാരും ഇല്ലാത്ത സമയം .രാധികയുമൊത്തുള്ള നിമിഷങ്ങൾ മനസ്സിൽ സൊപ്നംകണ്ടുകിടന്നിരുന്ന എന്റെ അരികിലേക്ക് ആബിദ കടന്നുവന്നു. അവളുടെ കണ്ണുകൾ കരഞ്ഞിട്ടെന്നവണ്ണം ചുവന്നിരുന്നു. കാർകൂന്തൽ പാറിക്കിടന്ന മുഖത്തു വല്ലാത്ത വിഷാദഭാവം തങ്ങിനിന്നു.
"അബ്‌ദു ..." എന്റെ മിഴികളിലേക്ക് നോക്കിയവൾ പതർച്ചയോടെ വിളിച്ചു. എന്നിട്ടെന്നെനോക്കി നിറമിഴികളുമായി കട്ടിലിനു ചാരെ അവൾ നിന്നു.
"എന്താ ആബിദാ ...ഇത്? എന്തിനാണ് നീ കരയുന്നെ? അതിനുമാത്രം എന്തുണ്ടായി?" കൃത്രിമ സ്നേഹംനടിച്ചുകൊണ്ട് അവളെനോക്കി ഞാൻ ചോദിച്ചു .
"അബ്ദു ...നീ എന്നെ ഉപേക്ഷിക്കുമോ? ഉപേക്ഷിച്ചാൽ പിന്നെ ഞാനുണ്ടാവില്ല." പറഞ്ഞിട്ടവൾ എന്നെനോക്കി പൊട്ടിക്കരഞ്ഞു .
"എന്താ ...ഈ പറയുന്നേ? നിന്നെ ഉപേക്ഷിക്കാനോ? അതിന് എനിക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.? നീയല്ലേ എനിക്ക് മറ്റെന്തിനേക്കാളും വലുത് ."
"ഇല്ല ...അബ്ദു എന്നെ ഉപേക്ഷിക്കും .എനിക്കറിയാം ...അബ്‌ദുവിന് എന്നോട് സ്നേഹമില്ല .ഈ കാണിക്കുന്നതൊക്കെ വെറും അഭിനയമാണ് .കോളേജിൽ, രാധികയുമൊത്തുള്ള പ്രണയവും, നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതുമൊക്കെ ഞാൻ അറിയുന്നുണ്ട്." വീണ്ടും അവൾ തേങ്ങിക്കരഞ്ഞു.
അടുത്തനിമിഷം കട്ടിലിൽനിന്നും എഴുന്നേറ്റുകൊണ്ട് ഞാൻ ആബിദയെ വാരിപ്പുണർന്നു. തുടർന്നവളുടെ കണ്ണുനീർ വീണു നനഞ്ഞ കവിളിലും മറ്റും ചുണ്ടുകൾ കൊണ്ടു തുടരെ മുദ്രണങ്ങൾ തീർത്തു.
"നിന്നെ ഞാൻ സ്നേഹിക്കുന്നു ആബിദാ ... നിന്നെ ഉപേക്ഷിക്കാൻ എനിക്കാവില്ല. നീയെന്നും എന്റെ സ്വന്തമായിരിക്കും." കട്ടിലിൽ അവളെ പുണർന്നുകിടക്കുമ്പോൾ ...അവളുടെ കാതിൽ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ഒടുവിൽ എല്ലാംകഴിഞ്ഞു പോകാൻനേരം എന്നെനോക്കി കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
"അബ്ദു ...നിന്നെ ഞാൻ സ്നേഹിക്കുന്നു .ഈ ഭൂമിയിലുള്ള മറ്റെന്തിനേക്കാളും .നീയും എന്നെ അതുപോലെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു .ആ വിശ്വാസത്തിലാണ് ഞാനിത്രനാൾ ജീവിച്ചതും ... നിനക്കുമുന്നിൽ എന്റെ വിലപ്പെട്ടതെല്ലാം കാഴ്ചവെച്ചതും .ഇനി എന്നെ നീ ഉപേക്ഷിച്ചാൽ, എന്നെ ഒഴിവാക്കിക്കൊണ്ട് നീ മറ്റൊരു പെണ്ണിന്റെ കൈ പിടിച്ചാൽ ....ഞാൻ പിന്നെ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല ." അത്രയും പറഞ്ഞിട്ടവൾ വേഗം മുറിവിട്ടിറങ്ങിപ്പോയി.
ദിവസങ്ങൾ കഴിയവേ രാധികയുമായുള്ള തന്റെ പ്രണയം വളർന്നുപന്തലിച്ചു. തമ്മിൽ പിരിയാനാവാത്ത അവസ്ഥ. വീട്ടിലറിഞ്ഞപ്പോൾ വീട്ടുകാർ ശക്തമായി എതിർത്തു. അവർക്കിഷ്ടം താൻ യത്തീമായ ആബിദയെ വിവാഹം കഴിക്കുന്നതായിരുന്നു. ആബിദയുടെ വീട്ടുകാർക്ക് കൊടുത്ത വാക്കായിരുന്നു. ഒടുവിൽ താൻ വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ, തനിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആബിദയെ മറന്നുകൊണ്ട് ,അവൾക്കു കൊടുത്ത വാക്കു മറന്നുകൊണ്ട് ... രാധികയേയും കൂട്ടി നാടുവിട്ടുപോയി.
നാടുവിട്ടതിന്റെ പിറ്റേദിവസമാണ് എന്നെനടുക്കിക്കൊണ്ട് സുഹൃത്തിന്റെ ആ ഫോൺ കോൾ എന്നെത്തേടിയെത്തിയത് .
ഞാനും രാധികയും നാടുവിട്ടതിന്റെ അന്ന് വൈകുന്നേരം മുതൽ ആബിദയെ കാണാതായി. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സന്ധ്യയോടെ അതുകണ്ടെത്തിയത് .ഭൂതക്കുഴിത്തോടിന്റെ ആഴമുള്ള കയത്തിൽ ആബിദയുടെ ജീവനറ്റ ശരീരം. അവൾ വാക്കുപാലിച്ചുരിക്കുന്നു. താൻ മറ്റൊരാളുടെ കൈപിടിച്ചതിൽ മനംനൊന്ത് അവൾ ആത്മഹത്യ ചെയ്തിരിക്കുന്നു.
ഇപ്പോൾ വർഷം ഏഴു കഴിഞ്ഞിരിക്കുന്നു. താനിതാ പരാജിതനായിക്കൊണ്ട് വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. സർവ്വരെയും വെറുപ്പിച്ചുകൊണ്ട് താൻ കൈപിടിച്ചു കൂടെക്കൂട്ടിയ രാധിക, തന്നെ ഉപേക്ഷിച്ചുകൊണ്ട് മറ്റുകൂട്ടുകൾ തേടിപോയിരിക്കുന്നു.
ഞാൻ വീട്ടിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞതും എന്നെക്കാണാനായി ആത്മാർത്ഥ സുഹൃത്തായ 'അപ്പുണ്ണി' ബൈക്കിൽ പാഞ്ഞെത്തി. വീട്ടിലെ വീർപ്പുമുട്ടുന്ന അന്തരീക്ഷത്തിൽ നിന്നും അവന്റെ വരവ് എനിക്ക് വല്ലാത്ത ആശ്വാസം പകർന്നു.
"നീ വന്നിട്ടുണ്ടെന്ന് കവലയിൽ വെച്ചു പീടികക്കാരനാണ് പറഞ്ഞത്. അപ്പോൾത്തന്നെ ഞാനിങ്ങോട്ടു തിരിച്ചു. എത്രകാലമായി നിന്നെ കണ്ടിട്ട് .?"അവൻ സ്നേഹത്തോടെ എന്നെനോക്കി പറഞ്ഞു .
"നിനക്ക് എന്നോട് വെറുപ്പുണ്ടോ അപ്പുണ്ണീ?" ഞാൻ സുഹൃത്തിനെനോക്കി കുറ്റബോധത്തോടെ ചോദിച്ചു .
"എന്തിന്?" അവൻ എന്നെനോക്കി പുഞ്ചിരിച്ചു.
"കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് എന്നോട് മിണ്ടാൻ നിനക്ക് എങ്ങനെ കഴുയുന്നു. എന്റെവീട്ടുകാർപോലും എന്നെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഈ അവസരത്തിൽ .? നീയും എന്നെ പലപ്രാവശ്യം വിലക്കിയതല്ലേ .? ഉപദേശിച്ചതല്ലേ .? ആബിദയെ ഉപേക്ഷിച്ചുകൊണ്ട് രാധികയുടെ പിന്നാലെ പോകരുതെന്ന്. എന്നിട്ടും ഞാൻ ..."
"നീ കഴിഞ്ഞുപോയതൊക്കെ മറന്നുകള .ഇനിയും അതൊക്കെ ഓർത്തു മനസ്സുനീറ്റിയിട്ടെന്തു ഫലം .? നഷ്ടപ്പെട്ടതൊന്നും ഇനി തിരിച്ചുകിട്ടില്ലല്ലോ .?" അവൻ എന്നെ ആശ്വസിപ്പിച്ചു .
"നീ ഒരുപാട് കാലംകൂടി വന്നതല്ലേ .വീട്ടിൽത്തന്നെ ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കാതെ പുറത്തേക്കൊക്കെ ഒന്നിറങ്ങ് .പഴയ നാടും ,നാട്ടുകാരേയുമൊക്കെ ഒന്നു കാണണ്ടേ .?"അപ്പുണ്ണി എനിക്ക് ആവേശം പകർന്നു .
"അതുവേണോ .?"ഞാൻ മടിച്ചുകൊണ്ട് അവനെനോക്കി .
"വേണം .നീ വേഗം റെഡിയായി ഇറങ്ങ് .ഞാൻ പുറത്തുണ്ടാവും ..."പറഞ്ഞിട്ട് അവൻ മുറിവിട്ടിറങ്ങി .
"ആബിദ മരിച്ചതിൽ പിന്നെ ആ വീട്ടിൽ ആരാണ് താമസം .?"
ബൈക്കിന്റെ പിന്നിലുരുന്നുകൊണ്ട് ടൗണിലേക്ക് യാത്ര ചെയ്യവേ ആബിദയുടെ വീടിനുമുന്നിലെത്തിയപ്പോൾ ഞാൻ അപ്പുണ്ണിയോട് ആകാംക്ഷയോടെ ചോദിച്ചു .
"ആരുമില്ല .ആബിദയുടെ ഉമ്മയും ,സഹോദരിയും ദൂരെയുള്ള ഇളയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയതോടെ വീട് അടഞ്ഞുകിടക്കുകയാണ് .ആകെ കാടുപിടിച്ചു .ഇടയ്ക്കൊക്കെ ആ ഉമ്മാ ,വന്നു വൃത്തിയാക്കിയിടുമായിരുന്നു .ഇപ്പോൾ കുറച്ചുകാലമായി അവരേയും കാണുന്നില്ല ."അപ്പുണ്ണിയുടെ ശബ്ദം എന്റെ കാതിൽ വന്നുപതിച്ചുകൊണ്ടിരുന്നു.
"ആബിദ പാവമായിരുന്നു. നിഷ്കളങ്ക മനസ്സിന്റെ ഉടമ. എല്ലാരേയും സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ. അതുകൊണ്ടാണല്ലോ? നിന്റെ വഞ്ചനയിൽ മനംനൊന്ത് അവൾ ആത്മഹത്യാ ചെയ്തത് .ആബിദയുടെ ആത്മഹത്യാ അവളുടെ കുടുംബത്തിനൊരു ഷോക്കായിരുന്നു .അവളുടെ മരണത്തോടെ ഒറ്റപ്പെട്ട ആ പാവം ഉമ്മയും ,സഹോദരിയും ആകെ തകർന്നുപോയി." അപ്പുണ്ണി നിരാശയോടെ പറഞ്ഞുനിർത്തി .
ഞാനൊന്നും മിണ്ടിയില്ല. കുറ്റബോധത്താൽ നീറുന്ന മനസ്സുമായി ബൈക്കിനുപിന്നിൽ നിരാശനായി തലകുനിച്ചിരുന്നു. ടൗണിലെ ചുറ്റിത്തിരിയലെല്ലാം അവസാനിപ്പിച്ചുകൊണ്ട് രാത്രി ഒൻപതുമണിയോടെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
"എന്നെ ഇവിടെ ഇറക്കിയാൽ മതി. ഞാനിവിടെനിന്നും നടന്നുപോയ്ക്കൊള്ളാം." തിരികെവരുന്നവഴി ആബിദയുടെ വീടിനടുത്തുള്ള ഭൂതക്കുഴി തോടിന്റെ കടവിന് മുന്നിലെത്തിയതും ഞാൻ സുഹൃത്തിനെ നോക്കി പറഞ്ഞു.
"എന്തിനാ ഇവിടെ ഇറങ്ങുന്നേ? ഞാൻ വീട്ടിൽ കൊണ്ടുവിടാം" പറഞ്ഞിട്ട് അപ്പുണ്ണി എന്നെ ആശ്ചര്യത്തോടെ നോക്കി.
"വേണ്ട ...ഞാനൽപ്പം നടക്കട്ടെ ." സുഹൃത്തിനെ നോക്കിപറഞ്ഞിട്ടു ഞാൻ ബൈകിൽനിന്നും ഇറങ്ങി.
"എങ്കിൽ ...നിന്റെ ഇഷ്ടം പോലെയാവട്ടെ. നാളെക്കാണാം " എന്നെനോക്കി പറഞ്ഞിട്ട് വീട് ലക്ഷ്യമാക്കി അവൻ ബൈക്കോടിച്ചുപോയി.
അപ്പുണ്ണിയുടെ ബൈക്ക് കണ്മുന്നിൽ നിന്നും മറഞ്ഞതും ഞാൻ മെല്ലെ ഭൂതക്കുഴിത്തോടിന്റെ കുളപ്പടവ് ലക്ഷ്യമാക്കി ചുവടുകൾ വെച്ചു. തോടിന്റെ ഇടിഞ്ഞുപൊളിഞ്ഞ കൽപ്പടവുകളിറങ്ങി തണുത്ത ജലത്തിലേക്ക് കാലെടുത്തുവെച്ചതും ആബിദ ഒരു സുന്ദര സ്വപ്നമായി എന്റെ കൺമുന്നിൽ വന്നുനിറഞ്ഞു.
ആബിദയും താനും എത്രയോ സായാഹ്നങ്ങളിൽ ഈ കൽപടവുകളിലിരുന്നുകൊണ്ട് തോട്ടിലെ മീനുകളേയും കുഞ്ഞോളങ്ങളേയും നോക്കി ആസ്വദിച്ചിട്ടുണ്ട്. എത്രയോ തവണ അവളുടെ മടിയിൽ തലചായ്ചുകിടന്നിട്ടുണ്ട്. അവളുടെ പാദങ്ങൾ പതിഞ്ഞ കൽപ്പടവുകൾ. അവളുടെ ശരീരം അവസാനമായി നീരാടിയ സ്ഥലം. അവൾ ജീവിതംഹോമിച്ച ചുഴികൾ എല്ലാംകൂടി തന്നെ, അവളുടെ അടുക്കലേക്ക് വിളിക്കുന്നതായി എനിക്ക് തോന്നി.
നിലാവിന്റെ പ്രഭയേറ്റു കയത്തിലെ ജലം തെളിഞ്ഞുനിന്നു. ആ ജലത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയ എന്റെ പ്രിയതമയുടെ ആത്മാവിനരികിലെത്താൻ എന്റെ മനസ്സ് വെമ്പൽകൊണ്ടു.
"അബ്‌ദു... " ആരോതന്നെ വിളിക്കുന്നു.
"ആരാണത്? ആബിദയാണോ?"
"അതെ", ആ ശബ്ദം ആബിദയുടേതുതന്നെ. ജലത്തിന്റെ ഓളപ്പരപ്പിൽ നിന്നുമാണ് ആ ശബ്ദം ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി. ഓളപ്പരപ്പുകൾക്കുമുകളിൽ നിന്നും ആ ശബ്ദം ജലത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നു. അവൾ തന്നെ വിളിക്കുകയാണ്. അവളുടെ അടുക്കലേക്ക്.
ഇനിയും കാത്തുനിൽക്കാൻ കഴിയുന്നില്ല. എത്രയുംവേഗം ആ കയറ്റത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങികൊണ്ട് എന്നെവിട്ടുപോയ ആബിദയുടെ അടുക്കലെത്താൻ ഞാൻ തയാറെടുത്തു. അപ്പോൾ ഒരിക്കൽകൂടി കേട്ടു ആ ശബ്ദം .
"അബ്‌ദു ...എന്റെ പ്രിയതമാ ...വരൂ. മരണത്തിലൂടെയെങ്കിലും എന്നോടൊത്തുചേരൂ ...!"