mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സായാഹ്നം. ഇരുകല്ലും പാറയുടെ മുകളിൽ നിറയെ സന്ദർശകരാണ്. ഒഴിവുദിനം ആഘോഷപൂർണമാക്കാൻ എത്തിച്ചേർന്ന ചെറുപ്പക്കാരന് ഏറെയും.

അവരുടെ കലപില വർത്തമാനങ്ങൾ, പൊട്ടിച്ചിരികൾ, കയ്യടികൾ കൂക്കിവിളികൾ എല്ലാം കൂടി അന്തരീക്ഷത്തിന് പുതിയൊരു മാനം നൽകി. എങ്കിലും,  അപൂർവ്വം ചിലർ ഇതിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് ദൂരെ അതിവിശാലമായ പ്രകൃതിഭംഗിയിലേയ്ക്ക് മിഴികൾ നട്ടിരുന്ന് കാഴ്ചകൾ കാണുകയും, ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.

ഈ സമയം പരസ്പരം കൈ കോർത്തുപിടിച്ചുകൊണ്ട് അവർ ഇരുവരും പാറയുടെ മുകളിലെത്തി... ഒഴിഞ്ഞ ഒരു കോണിൽ ചെന്ന് ഇരുപ്പ് ഉറപ്പിച്ചു. ഈ സമയം താഴ്വാരങ്ങളെ തഴുകിക്കൊണ്ട് ഒരു ഇളം കാറ്റ് അവർക്ക് സ്വീകരണം നൽകിക്കൊണ്ട് എന്നവണ്ണം വീശി കടന്നുപോയി.

അന്നയും, അബ്‌ദുവും അവർ പരസ്പരം കൈ പിടിച്ചുകൊണ്ട് മിഴികളിലേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു. നിശബ്ദമായി മിഴികൾകൊണ്ട് അവർ ഒരുപാട് സംസാരിച്ചു. ഇടയ്ക്ക് ഇരുവരും പുഞ്ചിരി തൂകി. ചിലപ്പോഴെല്ലാം അവരുടെ മിഴികൾ നിറഞ്ഞു തൂവി. ഇളം കാറ്റിൽ അന്നയുടെ കാർകൂന്തലുകൾ പാറിപറന്നുകൊണ്ടിരുന്നു.

കൂട്ടക്സ് ഇട്ട് ചുവപ്പിച്ച അന്നയുടെ കൈവിരലുകൾ കവർന്നെടുത്ത് ചുണ്ടോടുചേർത്ത് ചുംബിച്ചിട്ട് അവളുടെ മിഴികളിലേയ്ക്ക് നോക്കി അവൻ ചോദിച്ചു.

"അന്നാ ,നമ്മൾ എടുത്ത തീരുമാനം തെറ്റാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?"

ഒരുമാത്ര അവൾ സ്നേഹത്തിൽ പൊതിഞ്ഞ ഒരു ചിരി വിടർത്തി. അവളുടെ കരിംകൂവള മിഴികളിൽ സന്തോഷത്തിന്റെ നീർത്തിളക്കം. അവൾ മെല്ലെ പറഞ്ഞു.

"ഇല്ല ,അബ്‌ദു... നമ്മുടെ തീരുമാനം തന്നെയാണ് ശരി. ഇഷ്ടമുള്ള ഒരാളോടൊപ്പമുള്ള ജീവിതം ഉപേക്ഷിച്ചുകൊണ്ട് മതത്തിന്റെ മാത്രം പേരും പറഞ്ഞുകൊണ്ട് ഒരു അപരിചിതനൊപ്പം... ജീവിതകാലം ജീവിച്ചു തീർക്കുന്നതിലും നല്ലത് നമ്മൾ ഇപ്പോൾ എടുത്ത തീരുമാനം തന്നെയാണ് നല്ലതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

അവൾ ഓർക്കുകയായിരുന്നു കഴിഞ്ഞുപോയ ദിനങ്ങളെ കുറിച്ച്. ആ മധുരിക്കും ഓർമ്മകൾ അവളെ ലഹരി പിടിപ്പിച്ചു. കുട്ടിക്കാലവും അയൽവാസിയായ കളി കൂട്ടുകാരനുമൊത്തു കൈകോർത്തുപിടിച്ചു മഴ നനഞ്ഞുകൊണ്ട് സ്‌കൂളിലേക്ക് പോയതുമെല്ലാം. ഓർമ്മകൾക്കൊപ്പം കാലവും കടന്നുപോയപ്പോഴോ അറിയാതെ ഇരു മനസ്സുകളിലും പ്രണയവും മൊട്ടിട്ടുവന്നു.

കോളേജ് പഠനകാലം. എത്ര മനോഹരമായ ദിനങ്ങൾ... അവയുടെ ഭംഗികൾ. സദാ പ്രണയത്തിന്റെ വിത്തുപാകിക്കൊണ്ട് പെയ്തിറങ്ങുന്ന കാലവർഷം. സായാഹ്നങ്ങളിൽ തോട്ടുവക്കിലൂടെ പരസ്പരം തൊട്ടുരുമ്മി ഹൃദയങ്ങൾ പങ്കുവെച്ചു നടന്ന ദിനങ്ങൾ. ഇരുകല്ലും പാറയുടെ മുകളിൽ ഇരിക്കവേ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറയുമ്പോൾ  രാത്രി പറന്നെത്തുമ്പോൾ ...പരസ്പരം കാണാനായി പുലരിക്കായി കാത്തിരുന്ന നാളുകൾ .

പ്രണയം ഹൃദയത്തിൽ വേരാഴ്ത്തിയ സമയങ്ങളിലെല്ലാം മതപരവും സാമൂഹിക പരവുമായ ചിന്തകൾ മനസ്സിൽ നിറഞ്ഞു നിന്നു. എന്നിട്ടും ഒരുമാത്ര പോലും അകലാൻ കഴിഞ്ഞില്ല.

"അന്നാ ,നീ ഒന്നും ഓർത്ത് ആകുലത പെടേണ്ട. സമയമാകുമ്പോൾ ...എല്ലാം ശരിയാകും ."അന്ന് അതായിരുന്നു തന്റെ മനസ്സ് തന്നോട്‌ പറഞ്ഞത്. ഒരുമാത്ര അവളുടെ മിഴികൾ ഈറനണിഞ്ഞു.

സാരിയുടെ തുമ്പുകൊണ്ട് മിഴികൾ തുടച്ച് അവൾ കരച്ചിലടക്കി. ഒരിക്കൽക്കൂടി ഇളം കാറ്റ് കുളിരുപകർന്നുകൊണ്ട് അവരെ തഴുകി കടന്നുപോയി.

പെട്ടെന്ന് ആയിരുന്നല്ലോ അത് സംഭവിച്ചത്. ഒരുപാടുകാലത്തെ മോഹങ്ങൾക്ക് സ്വപ്നങ്ങൾക്ക് എല്ലാം മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് അപ്രതീക്ഷിതമായി  വിവാഹാലോചനയുടെ രൂപത്തിൽ വിധി തന്നെ വേട്ടയാടിയത്.

കോടീശ്വരനായ ഒരു യുവാവിന്റെ വിവാഹാലോചന. വിദേശത്തു ജോലി. അവധിയ്ക്ക് നാട്ടിൽ വന്നിരിക്കുകയാണ്. അച്ഛന്റെ പഴയ സുഹൃത്തിന്റെ മകൻ .അച്ഛനും, അമ്മയ്ക്കുമെല്ലാം നൂറുവട്ടം സമ്മതം. രാത്രി കോളേജിലെ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മ , ആഹ്ലാദത്തോടെ ഈ വിവരം അറിയിക്കുന്നത് .

ഒരുമാത്ര ഞെട്ടിപ്പോയെങ്കിലും ...ഒടുവിൽ നിറമിഴികളോടെ എല്ലാം താൻ തുറന്നുപറഞ്ഞു. താൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അബ്‌ദുവിനെ അല്ലാതെ മറ്റൊരാളെ ഈ ജന്മം വിവാഹം കഴിക്കാൻ കഴിയില്ല.

അച്ഛനും അമ്മയ്ക്കുമെല്ലാം അബ്‌ദുവിനെ ഇഷ്ടമാണ്. എന്നിട്ടും അവർ ഈ ബന്ധത്തെ ശക്തമായി എതിർത്തു. കാരണം ഇന്നത്തെ സാമൂഹിക പരമായ പ്രശ്നങ്ങൾ തന്നെയായിരുന്നു. രണ്ട് മതസ്ഥർ തമ്മിൽ വിവാഹം കഴിച്ചാൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകൾ ...അതിന്റെ പേരിൽ ഉടലെടുക്കാവുന്ന പ്രതികാരങ്ങൾ ...പ്രകമ്പനങ്ങൾ .എല്ലാം അവരെ ഈ ബന്ധത്തിൽ  നിന്ന് പിന്തിരിപ്പിച്ചു .

"മോളെ ,എന്താണിത് കൊച്ചുകുട്ടികളെപ്പോലെ? കുറച്ചുകൂടി പക്വതയോടെ ചിന്തിക്കൂ... നിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാവും. അബ്‌ദു നല്ലവനാണ്. പക്ഷേ ,ജാതിയും മതവും മറന്നുകൊണ്ടുള്ള ബന്ധം ഇന്നത്തെ കാലത്ത് നന്നല്ല. അത് ജീവിതാവസാനം വരെ നിങ്ങളെ പലവിധ പ്രശ്നങ്ങളുടെ രൂപത്തിൽ അലട്ടിക്കൊണ്ടിരിക്കും. ഒരിക്കൽപോലും നിങ്ങൾക്ക് മനസ്സമാധാനം ഉണ്ടാവില്ല. കുടുംബാന്ഗങ്ങൾ കയ്യൊഴിയും. എന്തിന്, നിങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികൾ പോലും സമൂഹത്തിൽ ഒറ്റപ്പെടും. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് അബ്‌ദുവിനെ മറക്കാൻ. ഇപ്പോൾ വന്നിരിക്കുന്ന ആലോചന നിന്റെ ഭാഗ്യമാണ്. വെറും ഭാഗ്യമല്ല മഹാ ഭാഗ്യം. ഒരു അന്യ മതക്കാരനുമായുള്ള ഇഷ്ടത്തിന്റെ പേരിൽ നീ ഇത് വേണ്ടെന്നു വെയ്ക്കരുത്. "അച്ഛൻ ഇടർച്ചയോടെ പറഞ്ഞു നിറുത്തി.

ആ സമയം തനിക്ക് ഒന്നു മാത്രമേ ചോദിക്കുവാനുണ്ടായിരുന്നുള്ളൂ ...ചേച്ചി, ഒരു അന്യമതക്കാരനെ പ്രണയിച്ചപ്പോഴും അച്ഛനും അമ്മയ്ക്കും ഇതുതന്നെയല്ലേ പറയുവാനുണ്ടായിരുന്നുള്ളൂ ...നിർബന്ധിച്ച്‌ സ്വന്തം മതത്തിൽ പെട്ട ഒരു സമ്പന്നനെകൊണ്ട് ചേച്ചിയെ വിവാഹം കഴിപ്പിച്ചു. എന്നിട്ടോ .?കുടുംബജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം മനസ്സിന്റെ ഐക്യത്തിനല്ലേ? അത് മനസ്സിലാക്കാതെ പോയതുകൊണ്ട് പറ്റിയ തെറ്റ്.

ഭർത്താവിന്റെ കുടുംബമഹിമ കൊണ്ട്,സമ്പന്നതകൊണ്ട്, മത പൊരുത്തം കൊണ്ട് ചേച്ചിക്ക് എന്ത് കിട്ടി. കുറേ വേദനകളും ,കണ്ണുനീരും മാത്രം. ഭർത്താവെന്ന വേഷത്തിൽ ചേച്ചിയുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത് സ്ത്രീലമ്പടനും, മദ്യപാനിയുമായ ഒരുവനായിരുന്നില്ലേ. ഒരു കുഞ്ഞുപോലും ഇല്ലാതെ ഇന്നും ഭർത്താവിന്റെ ആട്ടും തുപ്പും ഏറ്റുവാങ്ങി ഒരു വേലക്കാരിയെ പോലെ ചേച്ചി വലിയ വീട്ടിൽ കഴിയുന്നു.

"എല്ലാം മോളുടെ നന്മയ്ക്ക് വേണ്ടിയാണ് ഞങ്ങൾ പറയുന്നത്. നിന്റെ സുഖത്തിനുവേണ്ടി. അതിലുപരി സമൂഹത്തിൽ സ്വസ്ഥമായി ജീവിക്കാൻ വേണ്ടി. ഇനിയും ഞങ്ങളുടെ മുഖത്ത് കരി വാരി തേയ്ച്ചുകൊണ്ട് നാശത്തിലേയ്ക്ക് എടുത്തു ചാടാനാണ് മോളുടെ പുറപ്പാടെങ്കിൽ പിന്നെ ഞങ്ങൾക്ക് ഒന്നും പറയാനില്ല. "അച്ഛൻ അമ്മയേയും കൂട്ടി നിറമിഴികളോടെ മുറിവിട്ട് ഇറങ്ങിപ്പോയി.

മാതാപിതാക്കളുടെ, ആ സമീപനം .അവരുടെ വാക്കുകൾ ...അതിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം ,വാത്സല്യം ,കരുതൽ അതെല്ലാമാണ് തന്നെ തളർത്തിയത്. ഒരു പക്ഷേ ,അച്ഛനും അമ്മയും തന്നെ എതിർത്തിരുന്നുവെങ്കിൽ ...തന്റെ ബന്ധത്തിന് എതിരേ ഭീഷണി മുഴക്കിയെങ്കിൽ ...താൻ ഇങ്ങനൊരു തീരുമാനത്തിൽ എത്തുകയില്ലായിരുന്നു. മറിച്ച് താൻ അബ്‌ദുവിനൊപ്പം നാടുവിട്ടു പോയേനെ.

പക്ഷേ ,ഇത് ഒന്നിക്കാനും... പിരിയാനും കഴിയാത്ത അവസ്ഥ. എന്തുതന്നെ ആയാലും അബ്‌ദുവിനെ പിരിയാൻ തനിക്ക് ആകുമായിരുന്നില്ല. അബ്‌ദുവിന് തന്നെയും. അച്ഛൻ, അമ്മ, സമൂഹം എന്നീ ദൗർബല്യങ്ങളാണ് തന്നെ പരാജയപ്പെടുത്തിയത്. ഒന്നിച്ചു ജീവിക്കാൻ സമൂഹം അനുവദിക്കുകയില്ലെങ്കിൽ പിന്നെ ...രക്ഷപെടാനുള്ള ഏക മാർഗം ...ആത്മ പീഡനങ്ങളിൽ നിന്ന് മോചനം കിട്ടാനുള്ള ഏക വഴി.

"അന്നാ, നീ എന്താണ് ചിന്തിക്കുന്നത്?" അവളുടെ മിഴികളിലേയ്ക്ക് നോക്കി അബ്‌ദു ചോദിച്ചു.

"ഒന്നുമില്ല, വെറുതേ ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.

അന്നയുടെ തലമുടിയിൽ കുത്തിയിരുന്ന മുല്ലപ്പൂക്കളിൽ നിന്നുള്ള പരിമളം അവിടെയാകെ പരന്നുകൊണ്ടിരുന്നു. ഇളം കാറ്റിൽ അവളുടെ സാരി പാറിക്കളിച്ചു. കണ്മഷിയെഴുതിയ നയനങ്ങളിലേയ്ക്ക് ഒരിക്കൽക്കൂടി സ്നേഹത്തോടെ നോക്കി അവളുടെ കാർകൂന്തലുകളെ മാടി ഒതുക്കിക്കൊണ്ട് ആ കവിളുകളിൽ തന്റെ ചുണ്ട് ചേർത്തു അവൻ.

"അന്നാ, നമുക്ക് യാത്രയാവാം ...?" അവന്റെ കണ്ണുകൾ നീരണിഞ്ഞു. ശബ്ദം ഇടറി.

ഇരുകല്ലും പാറ വിജനമായിരിക്കുന്നു. സായാഹ്നം ആസ്വദിക്കാൻ വന്നെത്തിയ സന്ദർശകർ ഏറെയും പോയ്കഴിഞ്ഞിരിക്കുന്നു. കിളികൾ കൂടണയാനായി പാറിപ്പറന്നു നടക്കുന്നു. അതാ ജീവിതത്തിലെ അവസാന അസ്തമയം ...സൂര്യൻ മറയുകയാണ് .ഇനിയൊരു പ്രഭാതം കാണാൻ തങ്ങൾ ഉണ്ടാവില്ല .ഇരുവരും പരസ്പരം കൈകോർത്തുപിടിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു.

"അബ്‌ദു, ഇനിയുള്ളകാലം യഥാർത്ഥ പ്രണയത്തിന് ...പ്രണയിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമൂഹത്തിൽ സ്ഥാനമില്ല. ഒരുകാലത്ത് നന്മയുടെ പ്രതീകമായിരുന്ന ഭാരതത്തിലെ മനുഷ്യഹൃദയങ്ങൾ മത വിഷത്താൽ മലിനമായിരിക്കുന്നു. പ്രണയം എന്നത് നശിച്ചുകഴിഞ്ഞു. ഇപ്പോൾ മതമാണ് എല്ലാത്തിനും മേലെ. മതം മനസ്സിൽ മദമാകുമ്പോൾ ഒരിക്കലും പ്രണയത്തിന് മതിപ്പുണ്ടാകില്ല ."അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.

"അതെ ,അന്നാ ...പ്രണയം എന്നത് ജാതി മത വർഗ വർണ്ണങ്ങൾക്കും അപ്പുറമാണ്. അത് തിരിച്ചറിയാൻ ഇനിയുള്ളകാലം സമൂഹത്തിന് കഴിയുമോ എന്നറിയില്ല. എക്കാലത്തേയും നഷ്ടപ്രണയത്തിന്റെ ഓർമ്മയ്ക്കായി ഇരുകല്ലും പാറയിൽ നമുക്ക് രക്തസാക്ഷികളാവാം."

ഇരുവരും മുഖത്തോടുമുഖം നോക്കി. പരസ്പരം പുണർന്നു ചുംബിച്ചു. കൈകൾ കോർത്തുപിടിച്ചു. പിന്നെ ഒട്ടും വൈകിച്ചില്ല. എല്ലാം മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ ...

പാറയുടെ മുകളിൽ നിന്ന് താഴ്വാരങ്ങളിലേയ്ക്ക് കൈകോർത്തുപിടിച്ചുകൊണ്ട് രണ്ട് ഇണപ്രാവുകളെപ്പോലെ ഒരിക്കലും മരിക്കാത്ത പ്രണയം പേറിയ മനസ്സുമായി അവർ പറന്നിറങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ