ആൽമരച്ചോട്ടിലെ ശീതളച്ഛായയി-
ലല്പമിരുന്നിടാനാശയേറി!
ചെമ്മാനം പൂക്കുന്ന ശാരദ സന്ധ്യയി-
ലവശനായച്ഛൻ തളർന്നിരുന്നു!
മലയോര നാടിൻ ചരിവിലൂടൊഴുകു-
ന്നൊരരുവിയുമെന്തേ ചിരിച്ചതില്ല?
ചുമലിലെ ഭാരങ്ങളേറുന്നു നിത്യവും
സ്വേദകണങ്ങളായ് മതിബ്ഭ്രമങ്ങൾ!
മൂത്തവൾക്കേകിയ സ്ത്രീധന ബാദ്ധ്യത,
തീരാക്കടങ്ങളായ് ബാക്കി നിൽക്കേ...
സ്വപ്നവിഹായസ്സിലേറിയിളയവൾ,
കല്യാണപ്പന്തൽ ചമച്ചിടുന്നു!
മംഗലനാളിങ്ങരികിലായെത്തവേ,
പണം കായ്ക്കും മരമൊന്നും കണ്ടതില്ലാ...
ഉൾത്താപമുരുകിയ കണ്ണീർക്കണങ്ങളും
നൊമ്പരച്ചാലുകൾ തീർത്തിടുന്നു!
തലനരച്ചാ,ളിന്റെ കൈപിടിച്ചീടുവാൻ
വിമ്മിട്ടത്തോടൊട്ടു സമ്മതിച്ചാൾ!
മൂകം വിതുമ്പിടും തനയയ്ക്കു നാൾക്കു-
നാളല്ലലില്ലാതുള്ള വാഴ്ചയാവാൻ;
പൊന്നിൻതിളക്കം നിരസിച്ചുവെങ്കിലും
തങ്കനൂലിത്തിരി ചാർത്തിടേണ്ടേ?
പ്രകൃതിദുരന്തത്തിൽ ശേഷിച്ചില്ലൊന്നുമേ...
കർഷക, നീ ഭൂവിൽ ശാപഗ്രസ്തൻ!
പഴയ സതീർത്ഥ്യരെ കാണുവാൻ
പോയതാണല്‌പസഹായം ലഭിച്ചെങ്കിലോ!
പിഞ്ചിപ്പഴകിയ കാലൻകുടയുമായ്
തേഞ്ഞ ചെരുപ്പിൽ നിസ്സാരനായി!
ഹൃദയം മറന്നവരാട്ടിയകറ്റവേ,
നൊന്തു പിടഞ്ഞഭിമാനമാകെ!
വിടരാതടരുമീ, കരളിൻ കലികകൾ;
വേരറ്റുവീണിടാൻ കാലമായോ!