രാവേറെയായിക്കഴിഞ്ഞു നിശാഗന്ധി
പോലുമുറങ്ങിക്കഴിഞ്ഞു
തോരാതെ പെയ്യുന്ന വർഷമേഘങ്ങളെ
വീണുറങ്ങീടാത്തതെന്തേ?
വേദന മെല്ലെക്കഴുകുന്നു നിന്നശ്രു
ശീകര മംഗുലീ ജാലം.
വാതിൽപ്പഴുതിലൂടെത്തുന്നു നിൻ ശീത
സാന്ത്വന മർമ്മര ഗീതം.
ചാരുവാമീ ജനൽപ്പാളിയിൽ വീഴുന്ന
ഓരോ മഴത്തുള്ളിപോലും
സ്നേഹാംബരത്തിന്നിഴകൾ നെയ്‌തെന്നിലേ-
ക്കോടി അണഞ്ഞിടുന്നല്ലോ.
ചാരുകസാലപ്പടിയിലലസമായ്
താളം കുറിച്ചു ഞാൻ പോകെ
ഏതോ വിഷാദരാഗത്തിന്നിഴകളായ്
നീ പെയ്തിടുന്നെന്നിൽ വീണ്ടും.
സാന്ദ്രമീ നിശ്ചല മൂർത്തങ്ങൾ ചുറ്റിലും
ശാന്തമായ് നിദ്രയെപ്പുൽകെ
നീ ചലനാത്മകം, ജംഗമം, സംഗീത
കാല്യം, നിരാമയം, നിത്യം.