(T V Sreedevi )
തമസ്സിലാണ്ടുപോയ
ജീവിത വീഥികളിൽ,
വെളിച്ചം പകരാനായൊരു
വാല്മീകത്തിന്നുള്ളിൽ,
എത്രയോ ഘോരമായ
തപസ്സിൽ മുഴുകിയാ-
കാട്ടാളനാം രത്നാകരൻ
ജ്ഞാനത്തെ സിദ്ധിക്കുവാൻ.
മാമുനിമാർ നൽകിയ
വാല്മീകിയെന്ന നാമം,
എന്നെന്നും നിലനിൽക്കും
ഭൂമിയിലെക്കാലവും.
മാനവ ഹൃദയങ്ങളിൽ
വെളിച്ചം പകരുന്ന,
'രാമായണ'മെന്നുള്ള
ഭാരതയിതിഹാസം,
ചമച്ച വാല്മീകിയെന്ന
മാമുനി മഹാശ്രേഷ്ഠൻ,
വിശ്രുതനായിത്തീർന്നൂ
ഭൂഗോളം മുഴുവനും.
വെളിച്ചം പകർന്നു തന്ന
എത്രയോ എഴുത്തുകാർ
മറഞ്ഞൂ കാലം തീർത്ത
മായാ യവനികയ്ക്കുള്ളിൽ.
എങ്കിലുമോർക്കുന്നു നാം
അവർ നമുക്കായിത്തന്ന
വെളിച്ചം നിറഞ്ഞുള്ള
ധന്യമാം വായനകൾ.
എഴുത്തച്ഛൻ, ചെറുശ്ശേരി,
കുഞ്ചൻ നമ്പ്യാരും ചേർന്ന
പ്രാചീന കവിത്രയം
സൃഷ്ടിച്ച മഹാദ്‌ഭുതം.
ആശാനും വള്ളത്തോളും,
ഉള്ളൂരും പകർന്നേകീ-
യാശയ ഗംഭീരമാം ഉജ്ജ്വല
ഘോഷങ്ങളും ശബ്ദ സൗന്ദര്യങ്ങളും.
എത്രയോ ശ്രേഷ്ഠമായ
രചനാപൈതൃകത്തിൻ,
പിന്തുടർച്ചക്കാരാണു
നമ്മളെന്നോർമ്മിക്കുക.
വായിക്കാനോർമ്മിക്കുവാൻ
വെളിച്ചം പകരുവാൻ,
ശാന്തിതൻ സന്ദേശങ്ങളെ-
മ്പാടും പരത്തുവാൻ,
ആകട്ടെ കാവ്യസൃഷ്ടി-
ക്കെല്ലാക്കാലവും,
കീർത്തിയാവോളം
പരക്കട്ടെ ധരയിൽ മുഴുവനും.