ഇനിയുമിതുവഴി നടക്കാന്‍കഴിയുമോ
ഇന്നലെയുച്ചനേരം കണ്ടല്ലോ മിഴികളില്‍
ഇത്രയും ഘോരരുപമെന്നുള്ളില്‍ പതിയവെ
ഇടറും നെഞ്ചകത്തിലിടിവാള്‍ മിന്നുംപോലെ
വലിയതല കീഴെ ശോഷിച്ചോരുടലുമായ്
വഴിയില്‍ കിടപ്പാണു കദനകാഴ്ചയായ
പൊള്ളുന്ന വെയിലത്തു വാടിയമുഖത്തോടെ
പൊട്ടക്കണ്ണാൾ, മുന്നില്‍ വികൃതബാലരുപം
വഴികള്‍ തിങ്ങിത്തിങ്ങിയാളുകള്‍ നടപ്പുണ്ട്
വെറുതെ മിഴിനട്ടു കടന്നുപോകുന്നവര്‍
കദനകാഴ്ചകളില്‍ നോവില്ല കരളില്ലാ-
കണ്ണില്ലാ മനുഷ്യരായ് നില്‍ക്കുക നിങ്ങളൊക്കെ!
പൊള്ളുന്ന ചൂടുംകൊണ്ട് ശിലപ്പോലിരിപ്പാണ്
പൊട്ടിയ പിഞ്ഞാണത്തിലില്ലൊരു തുട്ടുപോലും
കദനകാഴ്ച കണ്ടു മിഴികള്‍ നിറയവേ
കരുണയോടെയുടന്‍ കീശയില്‍ പരതി ഞാന്‍
''പോക്കറ്റ''യെനിക്കില്ലയോട്ടയാണെന്‍റെ കീശ
പൊഴിക്കാം വിലയില്ലായെൻ്റെയീ കണ്ണീർത്തുള്ളി
ഈ വഴി നടക്കുമ്പോളിനിയും കാണും ഘോര-
മിതിലും നടുക്കുന്ന കഠിന ചിത്രങ്ങളെ
ഇതുപോലിരിക്കേണ്ടി വന്നാലോ? ദുഃഖചിന്ത!
ഇങ്ങിനെ തോന്നിച്ചിടാനെന്താകും കാര്യമാവോ?
ഇനിയും കഠിനമാം വഴികള്‍ താണ്ടിടുമ്പോള്‍
ഈ വഴിയാര്‍ക്കെന്നുമറിയാനാവില്ലല്ലോ!