എല്ലും തൊലിയുമായ് മെലിഞ്ഞ നിൻ
ഏകലോല മുലഞെട്ടിൽ പുരട്ടിയ കൈപ്പു
കുടിച്ചു കരഞ്ഞൊരെന്നെ, മാറിലണച്ചു പകർന്ന
ലാളനയിൽ സർവം മറന്നു ചേർന്നു നിന്ന നിൻ
ഉടലരികുവിട്ട്, മിഴിനീരുകൊണ്ടെന്റ യാത്ര
വിലക്കാതിരിക്കുവാൻ, നിൻ ശാന്ത നിദ്രതൻ
ഓരത്തുനിന്ന്,
ഘനമൗനനിശയിൽ യാത്രതുടങ്ങി ഞാൻ!
തീരാക്കടക്കെണി, പട്ടിണി, ദുരന്തരംഗം
ആടിത്തളർന്നകാലനിദ്ര പ്രാപിച്ച
അച്ഛനെരിഞ്ഞ മണ്ണുവിട്ട്,
അന്വേഷിയായ് ഇനി ജീവിതവണ്ടിയേറാം.
കാണുന്നു കൂരിരുൾ മുന്നിലനന്തമായി
കാണാതെപോയി മിന്നാമിനുങ്ങു തെളിച്ച പ്രകാശരശ്മി.
കാണുന്നുനാം കനക സ്വപ്നങ്ങളായിരുട്ടിൽ
കാലം കലഹിച്ചവ തകർന്നിടുന്നു.
സദ്വചനാമൃതധാരയിൽ, ആനന്ദയാത്രയിൽ
കുതിർത്തിറങ്ങി മറഞ്ഞു ഗുരുക്കളാദ്യം.
പിന്നേ സഹയാത്രിക പകർന്നുതന്ന
പ്രണയചഷകം മധുരം നുണഞ്ഞിറക്കി.
പിരിഞ്ഞു പോകേ പ്രണയിനി പൊഴിച്ച ഹാസം
ചെന്നിനായകം പുരണ്ടിരുന്നെന്നറിഞ്ഞു
തകർന്നു പോയി.
സഖാവരികത്തിരുന്നു കഴുത്തിലെറിഞ്ഞ
സന്ത്വനക്കരം കവർന്നു
പ്രാതലിനായ് കരുതിയ ചില്ലിനാണയങ്ങളൊക്കെ.
ശകടം ഇളകിക്കുലുങ്ങി ഗമിച്ചിട്ടെ,
ശകലം കഴിഞ്ഞാൽ കിനാവുകണ്ട തീരമെത്തും!
സഹിച്ചിടാം ദുരന്തദൂരമല്പം
ക്ഷമിച്ചിടാം ചതിയെഴാക്കവലയണഞ്ഞിടാനായ്.
സഹധർണിക്കൊപ്പം വിഭാര്യനായി
പൊറുത്ത സഹനം പൊതിഞ്ഞുമൂടി
ഒരുത്തനരുകിൽ വന്നിരുന്ന്
പിറുപിറുക്കുനെന്തോ അലക്ഷ്യമായി.
പിന്നിലേക്കോടി മറയുന്നു വഴിയോര ഭംഗികൾ!
ഉയർത്തി നോക്കാം ജാലകശീലയല്പം,
ഇരുകണ്ണിലും തീക്കൊള്ളി കൊണ്ടുവോ?
നായകൾക്കൊപ്പം എച്ചിലിലയിൽ,
തപ്പിവാരുന്നൊരു തെരുവു ബാല്യം.
ജനസംഖ്യയിൽ പ്പെടാതൊരുകുടുബം,
പ്ളാസ്റ്റിക്കു കൂരയിൽ കാണാമരികിലിപ്പോൾ.
പിന്നെയും കാണുന്നു ദൂരങ്ങളിൽ
മറകെട്ടിപ്പാർക്കുന്ന ജീവിതങ്ങൾ.
കരയാത്രികർക്കു കണ്ടാനന്ദിപ്പാൻ
ആരുനിർമിച്ചീക്കാഴ്ചബംഗ്ലാവുകൾ!
അഗതിമന്ദിരത്തിന്റെ കല്പടവിൽ നരബാധിത
വിഷാദ ശില്പങ്ങൾ, പണിതതാര്?
രാവണലങ്കാപുരിപോൽ എഴുന്നൊരാ
വാണിഭസമുച്ചയരമ്യതയ്ക്കപ്പുറം
പിടഞ്ഞൊടുങ്ങാനായ് മടിച്ചു,
പീടികത്തട്ടിലൊരു ചിമ്മിനിച്ചുണ്ടൽ
വിറച്ചു തേങ്ങുന്നതിൻ സ്വപ്ന നാളം.
പറങ്കിമാവിന്റെ ചില്ലയൊന്നിൽ
ദേഹാഹുതിക്കു കുരുക്കൊരുക്കി,
മോഹവിത്തുവിതക്കുന്ന കർഷക
വർണ്ണചിത്രം കാണുന്നു മങ്ങിയാ
വിജനമൈതാനത്തിനപ്പുറം,
പുലരി മഞ്ഞിൽ അതാ...
മോഹങ്ങളൊക്കെ പുറന്തോടു മാത്രം,
അകക്കാമ്പത്രയും ദു:ഖമത്രേ"
പറഞ്ഞു, മറഞ്ഞാരോ സമാധി അടഞ്ഞപോൽ,
പുറംകഴ്ച കണ്ടു മരവിവച്ചിരുന്നിടാം!