ഓമനിക്കാനായ് മാത്രമെന്തേ നിനപ്പു നിൻ
കോമള മേനിതൻ രൂപം കാൺകെ
വർണ്ണാഭമാം പട്ടുചേലയുടുത്തു -
കൊണ്ടെന്റെയുമ്മറത്തിരിപ്പതല്ലേ
ആ മൃദുചുണ്ടുകൾ കൊണ്ടതിലേറ്റം
ഭംഗിയായ് ചീകിയ തൂവലല്ലേ
ആ കിളികൊഞ്ചലിൽ ഉള്ളിന്റെയുള്ളിലെ
പേമാരിയൊട്ടൊക്കെ പെയ്തു തീർന്നേ.
ആ മന്ദഹാസത്തിൻ നറുനിലാ -
പ്പൊയ്കയിൽ നീന്തിത്തുടിക്കുന്ന മാനസമോ,
പ്രേമാർദ്രമാം നിന്റെ കള്ളനോട്ടങ്ങളിൽ
വശ്യതയോടെ വിവശമായേ.
അല്ലലില്ലാതീവിധം ജീവിതത്തോണിയിൽ
ഇണ്ടലില്ലാതെ കഴിഞ്ഞു പോകെ
പെട്ടെന്നൊരു ദിനം പുഞ്ചവയലിലെ
പഞ്ചവർണപ്പെണ്ണ് വിരുന്നുവന്നേ
ബന്ധനസ്ഥയാം സഹ തോഴിയെ കണ്ടവൾ
മൂക്കിന്റെ തുമ്പിൽ വിരലു വച്ചേ
ഉണ്ടൊരു ലോകമീ കൂടിന്നു വെളിയിലായ്,
കാണേണ്ട കാഴ്ചകളാണതെന്നും
കൊത്തിയും ചിക്കിയും കൂട്ടുകൂടിക്കൊണ്ട്
വാനിൻ നെറുകയിൽ വാഴാമെന്നും
കൊത്തിയെടുത്തു കൊണ്ടാ
മണിത്തട്ടിലെ കുറ്റങ്ങളെല്ലാം പറഞ്ഞൊഴികെ,
പൊത്തിപ്പിടിച്ചു മൽക്കാതുകളക്ഷണം
ഞെട്ടിത്തരിച്ചു കിളിപ്പെണ്ണു പോലും.
കേൾക്കേണ്ടതില്ലെനിക്കീ
യാപ്തവാക്യങ്ങളെന്നു
റക്കെച്ചിലച്ചും കൊണ്ടുൾവലിഞ്ഞു.
കൂടൊരുക്കിയും കൂട്ടൊരുക്കിയും
മൽചുണ്ടുകൾ വിണ്ടു വിളറിയാലും
കൂടിനുള്ളിലായ് മണ്ടി മണ്ടി പൊൻ
തൂവലാകെയും കൊഴിഞ്ഞിടീലും
തായയാണെന്നൊരാൾ,
ദേവിയാണെന്നൊരാൾ
താരാട്ടു പാടി നടത്തുവോളം,
'അകത്തമ്മ' യെന്നുള്ള വാഴ്ത്തുപാട്ടിൽ
സ്വയം സംപ്രീതയായി നടിക്കുവോളം
ചിത്രപ്പണിയുള്ള കൊച്ചു കൂടാരത്തിൻ
കിന്നരിവാതിൽ തുറന്നിട്ടാലും
പാറിപ്പറന്നു നീ പാവനമാം നിന്റെ
ജൻമ സാഫല്യം നേടീടുവാൻ ,
ഇല്ലില്ല സമ്മതം മൂളില്ല നിന്നുടൽ
വീശിയടിച്ചു പറന്നിടില്ല.