(ഷൈലാ ബാബു_
ദുര മൂത്ത മർത്യന്റെ
ആർത്തിക്കളത്തിലി-
ന്നൊഴുകുന്നു നിർദോഷ
രക്തപ്പുഴകളായ്!
ദാഹവിശപ്പിനാൽ
തളരുന്നു രാപകൽ;
കണ്ണീർക്കയത്തിലെ
നിർഭാഗ്യ സോദരർ!
മോഹന കതിർമണി
സ്വപ്നങ്ങളായിരം;
ചിത്രവർണങ്ങളാൽ
ശയ്യകൾ തീർക്കവേ...
മലയാള നാടിന്റെ
വിജ്ഞാന സ്രോതസ്സും
കുരുതിക്കളത്തിലെ
വെടിയൊച്ച ഭീതിയിൽ!
ധൂളിപ്പടലമായുയരുന്നു
സർവതും വാനിലായ്;
നാശം വിതക്കുമീ,
യുദ്ധക്കൊഴുപ്പിനാൽ!
ചിതറിത്തെറിക്കുന്നു
മർത്ത്യ ശിരസ്സുകൾ;
കത്തുന്നു ദേശങ്ങൾ
തീഗോളമായതാ!
ഇന്നീ രണഭൂവിലങ്കം
ജയിക്കുവാനിരുവരും,
അധികാര ഗർവിന്റെ
കനൽ വാരിയെറിയുന്നു!
മിടിക്കുന്ന ഹൃദയങ്ങൾ
ഞരങ്ങുന്നു ഭീതിയി-
ലണയാൻ വിതുമ്പുന്ന
തിരിനാളം പോലവേ!
ആകാംക്ഷ മുറ്റിയ
സുന്ദര വദനങ്ങളിലി-
ന്നാശങ്ക മാത്രമായ്;
മറഞ്ഞൂ ചിരികളും!
ഭിഷഗ്വരനാകുവാൻ
കൊതിച്ചൊരു പുത്രനു;
പ്രാണൻ ത്യജിക്കേണ്ടി
വന്നതു, ശിക്ഷയോ?
നുറുങ്ങും മനസ്സുകൾ-
ക്കാശ്വാസമായിടും
രക്ഷക ദൗത്യങ്ങൾ
പ്രതിബന്ധക്കുരുക്കിലോ?
തിരികെയെത്തീടട്ടെ
സുരക്ഷിതരായവർ;
ആശ്വാസതീരത്തിൻ
വായു ശ്വസിക്കട്ടെ!