ഓരോ നിമിഷങ്ങൾ വിടവാങ്ങിയകലുമ്പോൾ
ഒഴുകുന്നു കണ്ണുനീരെൻ ജീവിതപാതയിൽ
അനുഭവജ്ഞാനത്തിൻ നനവുകളൂറുന്നു
ഓർമ്മകളാകുമീ നിമിഷമെന്നറിയുന്നു
കളങ്കമില്ലാത്തൊരാ സൗഹൃദവലയങ്ങൾ,
കണ്ണികളകലുന്നു അക്ഷരതെറ്റുകൾപോൽ
തിരക്കിന്റെ പാതയിൽ പിരിഞ്ഞൊരാ ബന്ധങ്ങൾ
ഉണർത്തുന്നു നഷ്ടബോധത്തിന്റെ ജല്പനങ്ങൾ
തെരുവുവീഥിയിൽ മരച്ചുവട്ടിലെപ്പൊഴോ ഞാൻ,
തമ്മിൽ ചെവികോർക്കും ഹൃദയങ്ങളേ കണ്ടൂ
ആ മരച്ചുവടില്ല കുശലങ്ങളുമില്ല
ശൂന്യത സ്നേഹത്തെ അലയടിച്ചകറ്റുന്നു
ആയുസ്സേ, നീയൊരു ജലകണമായീടുമോ
പ്രതീക്ഷകളെന്നപോൽ നീയെന്നിലലിയുമോ
നോവിന്റെ കണ്ണുനീർ കണങ്ങളെ തുടയ്ക്കുമോ
ഇനിയും എനിക്കൊരല്പം ജീവനേകീടാമോ
തിരശ്ശീലവീഴ്ത്തിയിന്നീ കാലം എനിക്കെല്ലാം
അന്യമാക്കീടുന്നു, അകലേയ്ക്കയച്ചീടുന്നു
ഒറ്റപ്പെടലെന്ന അനന്തസത്യങ്ങളിന്ന്
കേഴുന്നു എൻ മനമെല്ലാ നഷ്ടങ്ങളോർത്തതും
അറിയുന്നു ഞാൻ, ഒരു ജന്മമെടുത്തെങ്കിലാ-
രുമീ ഭൂവിലെ ജീവിതസത്വമറിയേണം
കാലമോതീടുമ്പോഴാ ദേഹി ദേഹത്തെ ത്യജി-
ച്ചീടുമേകനായീ മണ്ണുവിട്ടകന്നീടുന്നു