കണ്ടറിഞ്ഞതിനു പിറകേ
കേൾക്കാൻ ബാക്കിയുള്ളതന്വേഷിച്ചു നടപ്പവൻ ദൃക്‌സാക്ഷി.
കണ്ടതുരിയാടാതൊരുനാൾ
കയ്യിൽ ഗാന്ധിയെ നിറച്ചതു-
മതു കീശയിലാഴ്ത്തിയതുമവൻ
ദൃക്‌സാക്ഷി.
മണ്ണിനെ പൊന്നാക്കി മാറ്റി
വിണ്ണിൽ വിഷപടലം സൃഷ്ടി-
ച്ചൊടുവിലാ മാലിന്യത്തിലന്നം തേടി
ഉയിരാശം പുലർത്തുന്നവൻ
ദൃക്‌സാക്ഷി.
എന്റെ മിഴി കാണുവതിലപ്പുറ-
മെന്തു സത്യമെന്നോതി പാപ
കറയിലുരുണ്ടു കറുത്തവൻ
വണ്ടിയിൽ നിന്നവളെത്തള്ളി, പിന്നെ
കാമാന്ധനായവനെക്കണ്ടവൻ
ഒന്നുമുരിയാടാതെ മറയുമ്പോൾ
ഒരു നീതി കഴുമരമേറുന്നത് കണ്ട
ഞാനൊരു ദൃക്‌സാക്ഷി.
വിയർപ്പൂറ്റിയൊരു സഹസ്രനോട്ടു
വിളയിച്ച,തൊരു പുലരിയിലന്യമായതും
പിന്നെയതിന്നു വന്യതമേലടിയറവ്
പറയുന്നത് കണ്ടതുമിവൻ.
കാന്തന്റെ കാമം കരിഞ്ഞൊരു നേരം
കല്ലൊന്നു കൊണ്ടു വീഴ്ത്തിയവളെ
കാലനുകൊടുത്തതും കണ്ടതിവൻ.
മതമെന്റെ രക്തമെന്നോത്തിയന്ന്യനെ
മൃതമാക്കിയൊരു തീ നിർമി,ച്ചതിൽ
സർവ്വസഹോദര്യം പാടുന്ന
കൗശലം കണ്ടതുമിവൻ.
എല്ലാം കണ്ടതിലവസാന മൊന്നു
മുരിയാതെ, പറയാതെ,മൗനത്തിലായി
സ്വഭവനത്തിലേ,ത്തീകാഞ്ഞു ഞാനോതും
ദുഷിച്ച ലോകം. നശിച്ച ലോകംഇവിടെ ഞാനൊരു ദൃക്‌സാക്ഷിയെക്കാൾ
പ്രതി തന്നെ, കൂട്ടു പ്രതി.