പെയ്തിട്ടും മോഹങ്ങളാറാതെ മേഘങ്ങൾ,
പിന്നെയും പിന്നെയും പെയ്തുവന്ന്.
മഴ നോറ്റിരുന്നവർ മതിയെന്നു ചൊല്ലീട്ടും
മേഘങ്ങൾ തെല്ലും കനിഞ്ഞതില്ല.
മഴയുടെ ഭാവങ്ങൾ മാറിമറിഞ്ഞു,
കവികളിൽ ഭാവന ദൂരേ മറഞ്ഞു.
മഴയുടെ കുളിരേറ്റ് വിറകൊണ്ട ഭൂമി,
കതിരോന്റെ ചൂടേൽക്കുവാനായ് തുടിച്ചു.
തുള്ളികൾ പെരുകിപ്പെരുകിയൊഴുകവെ,
പാതകൾ പുഴയായി പരിണമിച്ചു.
പുഴകൾ വഴിമാറിയൊഴുകിയ വേളയിൽ,
ഭവനങ്ങളൊന്നായ് മുങ്ങിനിവർന്നു.
പാതയാം പുഴയിലൂടെ തുഴഞ്ഞെത്തി,
കടലിൻ മക്കളാം നല്ലൊരു കൂട്ടർ.
കാലൊന്നൂന്നുവാൻ മുതുക് വിടർത്തിയോൻ,
മാനവഹൃദയത്തി,ലീശനായി!
ഉരഗങ്ങൾ, തവളകൾ മാളങ്ങൾ വിട്ടു,
ഭവനങ്ങളിൽ നാഥനായി വിലസി.
കേൾവിയിൽ മാത്രം നിറഞ്ഞൊരാ നാളുകൾ,
കൺമുന്നിൽ ദുരിതങ്ങളേറെത്തീർത്തൂ.