mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
വർണ ചിറകുകൾ കിനാവ് കാണവെ
ഒട്ടും നിനയ്ക്കാത്ത നേരത്ത്
തിളച്ച വെള്ളത്തിലേക്കെറിയപ്പെട്ട
പുഴുക്കളുടെ, തൊണ്ടയിൽ
തടഞ്ഞു പോയ കരച്ചിലുകളാണ്
ഓരോ പട്ടുടയാടയുടെയും
മനം മയക്കുന്ന തിളക്കത്തിലൊളിച്ചിരിക്കുന്നത്.
ഇലത്തണുപ്പിലെ അലസമായ
കിടപ്പിനിടയിൽ, അകക്കണ്ണിൽ
പറന്നു തീർത്തതെത്രയോ 
സുഗന്ധമൊളിപ്പിച്ച പകലുകൾ.
ഓരോ പൂവിനെയും ഉമ്മവെച്ചുണർത്തി
ചാറ്റൽ മഴയിലലിഞ്ഞ കുഞ്ഞു പറക്കലുകൾ.
അതിരില്ലാ ആനന്ദമറിഞ്ഞ്
വെയിൽ കോരിക്കുടിച്ച നട്ടുച്ചകൾ .
ദിവസ ചിത്രങ്ങൾ വേവിച്ചുണ്ടാക്കിയ
മൃദുല നൂലുകളിൽ അഭിരമിക്കുമ്പോൾ
വെന്ത് മരിച്ച മോഹങ്ങളെക്കുറിച്ച്
ഒരു നിമിഷമെങ്കിലും
ആരും ഓർത്തിരിക്കാനിടയില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ