(രാമചന്ദ്രൻ, ഉദയനാപുരം )
ദുഃഖത്തിൻ കരാളഹസ്തങ്ങൾ മനസ്സിൽ,
തീക്കനലായി ജ്വലിക്കുമ്പോഴും...
മാനസം തുറന്നൊന്നു ചിരിക്കാനായി,
മോഹിക്കുന്നുണ്ടാകുമെല്ലാവരും!
ശാപം കിട്ടിയപോലെ ജീവിതമാകെ,
ഹോമകുണ്ഡം കണക്കെരിയുമ്പോൾ...
ആശ്വാസവാക്കുകൾ കേൾക്കുവാനായിട്ടു,
കാതോർത്തിരിക്കാത്തവർ കാണുമോ?
സാന്ത്വനമേകുവാനാരെങ്കിലും മുന്നിൽ,
സന്നദ്ധത പ്രകടിപ്പിക്കുകിൽ...
കിട്ടില്ലേ നമുക്കാശ്വാസം തെല്ലെങ്കിലും,
ഉള്ളം തുറന്നൊന്നു ചിരിക്കാനും!
കാഠിന്യമേറിടുന്ന കൊടും വേനലിൽ,
മാരിയൊന്നു പെയ്യുകയാണെങ്കിൽ...
ദാഹത്തിനൊരൽപം ശമനം കിട്ടുകിൽ,
ഭൂമിദേവിയും സന്തോഷിക്കില്ലേ!